ആദൂർ: ഗാളിമുഖം കുണ്ടാറിലെ കശുമാവ് സന്തതി തോട്ടം പുറത്തിറക്കുന്ന ജൈവകുരുമുളകും കുരുമുളക് പൊടിയും ഓൺലൈൻ വിപണിരംഗത്ത് തരംഗമാകാൻ ഒരുങ്ങുന്നു. ജൈവരീതിയിൽ കൃഷിചെയ്ത ഉന്നത ഗുണനിലവാരമുള്ള രണ്ട് ഉത്പന്നങ്ങളും ആദ്യഘട്ടത്തിൽ ആമസോൺ വഴിയും തുടർന്ന് മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ്‌ വിപണിയിലെത്തിക്കുക.

To advertise here,

സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന കേരള ഗ്രോ ബ്രാൻഡിങ്ങോടെയാണ് കുരുമുളകും കുരുമുളക് പൊടിയും വിപണി കീഴടക്കാൻ എത്തുന്നത്. ഇതിനൊപ്പം ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന ഓർഗാനിക് സർട്ടിഫിക്കേഷനും ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രണ്ടാഴ്ചയ്ക്കകം ഓൺലൈൻ വിപണിയിലെത്തുന്ന ഉത്പന്നങ്ങൾ നിലവിൽ കുണ്ടാറിലെ കശുമാവ് സന്തതി തോട്ടത്തിൽ നേരിട്ടും വിൽപ്പന നടത്തുന്നുണ്ട്. 100 ഗ്രാം, 250 ഗ്രാം പായ്ക്കറ്റുകളിലാണ് കുരുമുളകും കുരുമുളക് പൊടിയും ലഭ്യമാകുക. സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഫാമാണ് കുണ്ടാറിലെ കശുമാവ് സന്തതി തോട്ടം ആദൂർ ഗാളിമുഖം. ഫാമിന്റെ ഉത്പാദനവും മാനേജ്മെന്റും തൊഴിലാളികളെ നിയന്ത്രിക്കുന്നതും ആദൂർ ഗാളിമുഖ സബ് ഡിവിഷന്റെ ചുമതലയുള്ള കൃഷി ഓഫീസറായ വി. സൂരജാണ്.

വിൽപ്പനയും വാങ്ങലും വികസനപദ്ധതികളുടെ നടപ്പാക്കലും കശുമാവ് വികസന ഓഫീസർ മനു നരേന്ദ്രന്റ നേതൃത്വത്തിൽ നടക്കുന്നു. കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആൻഡ് കൊക്കോ ഡിവലപ്പ്‌മെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷൻ കേരളത്തിൽ ആദ്യമായി ലഭിച്ച സർക്കാർ ഫാം എന്ന നേട്ടവും കശുമാവ് സന്തതി തോട്ടത്തിനുണ്ട്.

കഴിഞ്ഞവർഷം ഒരു കോടി രൂപയുടെ റെക്കോഡ്‌ വിറ്റുവരവാണ് ഫാമിൽ രേഖപ്പെടുത്തിയത്. സങ്കരയിനം കശുമാവിൻ തൈകൾക്കൊപ്പം കുരുമുളക്, മാവിൻ ഒട്ടുതൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിവിധയിനം നടീൽവസ്തുക്കൾ, മുന്തിയയിനം ചക്കകളും മാങ്ങകളും ഉൾപ്പെടെ വൈവിധ്യമാർന്ന കാർഷിക ഉത്പന്നങ്ങൾ ഫാമിൽ ലഭ്യമാണ്.