മഴ പതിയെ മാറിത്തുടങ്ങിയതോടെ വയനാട് ജില്ലയില്‍ പാവല്‍ക്കൃഷി സജീവമാകുന്നു. ചുരുങ്ങിയ കാലംകൊണ്ട് മികച്ചവരുമാനം ലഭിക്കുമെന്നതിനാല്‍ ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും പാവല്‍ക്കൃഷിയില്‍ ചുവടുറപ്പിക്കുകയാണ്. പലയിടങ്ങളിലും കുരങ്ങുശല്യം കാരണം വാഴ, ഇഞ്ചി തുടങ്ങിയവ കൃഷിചെയ്യാന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പാവല്‍ക്കൃഷി കുരങ്ങുകള്‍ നശിപ്പിക്കുന്നത് വളരെ കുറവാണെന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.

To advertise here,

പാവല്‍ക്കൃഷിക്ക് കൃഷിവകുപ്പിന്റെ സാമ്പത്തികസഹായവും ലഭിക്കുന്നത് കര്‍ഷകര്‍ക്ക് തുണയാകുന്നുണ്ട്. ശ്രദ്ധിച്ചാല്‍ മികച്ചവിളവും ഉയര്‍ന്നവിലയും ലഭിക്കുമെന്നത് പാവല്‍ക്കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നു. കച്ചവടക്കാര്‍ കര്‍ഷകരുടെ തോട്ടത്തിലെത്തി പാവല്‍ വാങ്ങുമെന്നതിനാല്‍ വിപണനത്തിനായി ബുദ്ധിമുട്ടേണ്ടതില്ല എന്നതും കര്‍ഷകര്‍ക്ക് പാവല്‍ക്കൃഷിയോട് താത്പര്യം വര്‍ധിക്കുന്നുണ്ട്.

placeholder
പേര്യയിലെ പാവല്‍ക്കൃഷി

ഒറ്റമാസംകൊണ്ട് വിളവെടുക്കാം

കൃഷിയിറക്കി ഒരുമാസംകൊണ്ടുതന്നെ വിളവെടുപ്പ് തുടങ്ങാന്‍ കഴിയുമെന്നതാണ് പാവല്‍ക്കൃഷിയുടെ പ്രത്യേകത. വ്യക്തികളെ കൂടാതെ സ്വാശ്രയസംഘങ്ങള്‍, കര്‍ഷകസമിതികള്‍ എന്നിവയുടെ നേതൃത്വത്തിലും പാവല്‍ക്കൃഷി ചെയ്യുന്നുണ്ട്. വയനാടിന്റെ കാലാവസ്ഥ പൊതുവെ പാവല്‍ക്കൃഷിക്ക് അനുയോജ്യമായത് കര്‍ഷകര്‍ക്ക് അനുഗ്രഹമാകുകയാണ്. കൃഷിയിറക്കി നാലുമാസം പൂര്‍ത്തിയാകുമ്പോഴേക്കും പാവല്‍ക്കൃഷിയുടെ വിളവെടുപ്പ് അവസാനിക്കും. ആഴ്ചയില്‍ രണ്ടുതവണയാണ് പാവല്‍ വിളവെടുക്കുന്നത്. 100 ചുവട് പാവലിന് ശരാശരി ഒരാഴ്ചയില്‍ അഞ്ചുമുതല്‍ ഏഴ് ക്വിന്റല്‍വരെ വിളവ് ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

നിലവില്‍ 30 രൂപയിലധികമാണ് ഒരു കിലോഗ്രാം പാവലിന്റെ വില. വിളവെടുപ്പ് കാലമാകുമ്പോഴേക്കും ഇനിയും വിലവര്‍ധിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇവിടെ വിളവെടുക്കുന്ന പാവല്‍ മറ്റു ജില്ലകളിലെ പച്ചക്കറിവിപണിയിലേക്കാണ് കൂടുതലും കൊണ്ടുപോകുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുംവരെ വയനാട്ടിലെ പാവല്‍ കയറ്റുമതിചെയ്യുന്നുണ്ട്.