
കണ്ണൂർ: ജില്ലയിൽ കുളമ്പുരോഗം വീണ്ടും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കരുതൽ നടപടികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. മാതമംഗലത്താണ് പുതുതായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം ഡിസംബർ അവസാനവും ജനുവരി ആരംഭത്തിലും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം നടപ്പാക്കിയിരുന്നു. കാമ്പയിൻ വീണ്ടും ആരംഭിക്കുമ്പോൾ ഉരുക്കൾക്ക് കുത്തിവെപ്പ് നൽകണമെന്ന് അധികൃതർ അറിയിച്ചു.
ആറുമാസം കൂടുമ്പോഴാണ് കുളമ്പുരോഗ കുത്തിവെപ്പ് നൽകുന്നത്. നാല് മാസത്തിൽതാഴെ പ്രായമുള്ള കന്നുകുട്ടികളെയും ആറുമാസം തികഞ്ഞ ഗർഭിണിയായ പശുക്കളെയും ഒഴികെ ബാക്കിയെല്ലാ ഉരുക്കൾക്കും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നൽകണം.
ശ്രദ്ധിക്കണം ചർമമുഴ രോഗത്തെയും
കുളമ്പുരോഗം കൂടാതെ ചർമമുഴയ്ക്ക് എതിരായ കുത്തിവെപ്പ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലാണ് ചർമമുഴയ്ക്ക് എതിരായ കുത്തിവെപ്പ് നൽകുക. നാല് മാസത്തിൽ താഴെ പ്രായമായ കന്നുകുട്ടികൾ ഒഴികെ ഉരുക്കൾക്ക് കുത്തിവെപ്പ് നൽകാം.
മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ട കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെയും രണ്ടാംഘട്ട ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത് അധ്യക്ഷനായി.
ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ്, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ മേഖലാ രോഗ നിർണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.കെ. പ്രീത, കണ്ണൂർ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ ഡോ. പി.ടി. സന്തോഷ് കുമാർ, ഡോ. ആരമ്യ തോമസ് എന്നിവർ സംസാരിച്ചു.
Content Highlights: Animal Husbandry Department caution for Foot-and-mouth disease
Published: 06 Aug 2024, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented