കണ്ണൂർ: രാജ്യത്തെ മുതിർന്നവരിൽ 50 ശതമാനത്തോളം ആളുകളിലും ജീവിതശൈലീരോഗങ്ങൾ! പകർച്ചയിതര രോഗങ്ങൾ ഇത്തരത്തിൽ വർധിക്കുന്നത് ആരോഗ്യരംഗത്ത് വലിയ ബാധ്യതയായി മാറുന്നതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പുതിയ സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 1.4 ലക്ഷം കുടുംബങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 2025-ലാണ് സർവേ നടത്തിയത്. 2018-ലെ സർവേയിൽ 31 ശതമാനം ആളുകളിലാണ് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തിയിരുന്നത്.

To advertise here,

ഹൃദയം, ധമനികളെ ബാധിക്കുന്ന രോഗങ്ങൾ, പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾ എന്നിവയാണ് ജീവിതശൈലീരോഗങ്ങളിൽ പ്രധാനം. 45 വയസ്സ് കഴിഞ്ഞവരിലാണ് പകർച്ചയിതര രോഗങ്ങൾ കൂടുതൽ. ഇതോടൊപ്പം പകർച്ചവ്യാധികളുടെ തോത് കുറഞ്ഞുവരുന്നതായും സർവേയിൽ പറയുന്നു. 2018-ൽ 32 ശതമാനം ഉണ്ടായിരുന്നത് 15 ശതമാനമായി കുറഞ്ഞു. എന്നാൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ പകർച്ചവ്യാധികളുടെ തോത് ഇപ്പോഴും ഉയർന്ന നിലയിലാണ്.

പ്രധാന കണ്ടെത്തലുകൾ

  • ഹൃദയം, ധമനികൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ 16.7 ശതമാനത്തിൽനിന്ന് 25.6 ശതമാനമായി.
  • പ്രമേഹം പോലുള്ള ഉപാപചയ അസുഖങ്ങൾ 15-ൽ നിന്ന് 24.2 ശതമാനമായി.
  • 30 വയസ്സുമുതൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നു
  • വയറിളക്കം, മഞ്ഞപ്പിത്തം, പനി പോലുള്ള പകർച്ചവ്യാധികൾ 32-ൽ നിന്ന് 15 ശതമാനമായി കുറഞ്ഞു
  • ദീർഘകാല ജീവിതശൈലീരോഗങ്ങൾ കാരണം ചികിത്സച്ചെലവ് 70 ശതമാനംവരെ കൂടി.
  • സർവേ നടത്തുന്ന കാലയളവിൽ 13.1 ശതമാനമാളുകളിലും എന്തെങ്കിലും അസുഖങ്ങളുണ്ടായിരുന്നു.
  • സ്ത്രീകളിലാണ് രോഗങ്ങൾ കൂടുതൽ കണ്ടെത്തിയത്
  • 60 വയസ്സ് കഴിഞ്ഞവരിൽ 43.9 ശതമാനത്തിനും അസുഖങ്ങളുണ്ട്
  • കിടത്തിച്ചികിത്സയ്ക്കുള്ള ചെലവ് വലിയതോതിൽ കൂടി
  • രോഗങ്ങൾ തിരിച്ചറിയാൻ വൈകുന്നു