സംസ്ഥാത്തനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും കാര്‍ഷിക സര്‍വ്വകലാശാല നേതൃത്വം കൊടുക്കുന്ന വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനം ഭക്ഷ്യ സുരക്ഷാ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രസമൂഹം കൃഷിയുമായി നേരിട്ട് മണ്ണിലിറങ്ങി കൃഷിക്കാര്‍ക്ക് ഉത്തേജനമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൈറ്റ്‌സ് ഫൗണ്ടേഷന്റെ  നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ചുവടു പിടിച്ചു ആവിഷ്‌കരിച്ച പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി 'കേരളത്തിലെ ഭക്ഷ്യമേഖല: സ്വയം പര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സുഭിക്ഷ കേരളം' പദ്ധതി ഭക്ഷ്യസുരക്ഷയും സുരക്ഷിതമായ ഭക്ഷണ ലഭ്യതയുമാണ് ഉന്നംവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല വിപുലീകരിക്കുകയും കൃഷി അനുബന്ധ മേഖലകളില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ തുറന്നിടും വികസനത്തിന്റെ അടിത്തറയാക്കി മാറ്റുകയുമാണ് ഇത്തരം പദ്ധതികള്‍ ലക്ഷ്യമിടുന്നത്. പാലുത്പാദനത്തില്‍ 90 ശതമാനത്തോളം സ്വയം പര്യാപ്തത കൈവരിക്കുകയും ആവശ്യമായ പാലിനേക്കാള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാവുന്ന നിലയിലേക്ക് സംസ്ഥാനം വളര്‍ന്നു കൊണ്ടിരിക്കുകയുമാണ്. പച്ചക്കറി ഉല്പാദനരംഗത്ത് 60 ശതമാനത്തോളം സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞു. പഴവര്‍ഗങ്ങളുടെ ഉല്പാദനത്തില്‍ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഉല്പാദനക്ഷമത വര്‍ധിപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ രംഗത്തും ഘട്ടം ഘട്ടമായി നമ്മള്‍ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചേരാനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പാദന ക്ഷമതയുള്ള നെല്ലിനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. കേരളത്തിന്റെ പ്രകൃതി, മണ്ണ്, ആവാസവ്യവസ്ഥ, മഴ തുടങ്ങിയവ അനുകൂലമായതുകൊണ്ടു തന്നെ ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മൂല്യവര്‍ദ്ധിത ഉത്പാദനരംഗത്ത് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റുകള്‍ പോലുള്ള സംവിധാനങ്ങള്‍ കൃഷി വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റു വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നും കാര്‍ഷികമന്ത്രി കൂട്ടിച്ചേര്‍ത്തു.

'പ്രകൃതിദുരന്തങ്ങള്‍ക്കുള്ള കേരളത്തിന്റെ അപകടസാധ്യത'യെ കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ ഡോ. ശേഖര്‍ ലുക്കോ കുര്യാക്കോസ് സംസാരിച്ചു. സംസ്ഥാനത്തെ ദുരന്തങ്ങളുടെ ആഘാതവും തീവ്രതയും വര്‍ധിപ്പിക്കുന്നതിന് നിര്‍ണായക ഘടകം കേരളത്തിന്റെ ഭൂവിനിയോഗശൈലികളാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തിക്കുവേണ്ടി ഉപയോഗിക്കേണ്ട ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ വര്ധിപ്പിക്കുന്നതിനോ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഭൂമിയുടെ സ്വാഭാവികമായ ദുരന്ത സാധ്യത ലഘൂകരണ സ്വഭാവത്തെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യ സുരക്ഷയും' എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിന്റെ സ്ഥാപക ഡയറക്ടറായ ഡോ.ജി എസ് എല്‍ എച് വി പ്രസാദ റാവു, 'ഭക്ഷ്യമേഖല സ്വയം പര്യാപ്തത: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ മേധാവി ഡോ. ഇന്ദിരാദേവി, 'അതിജീവനക്ഷമതയുള്ള കേരളം' എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡയറക്ടര്‍ ഓഫ് എക്സ്റ്റങ്ങ്ഷന്‍ ഡോ. ജിജു പി അലക്‌സ്, 'പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഭക്ഷ്യ സുരക്ഷയിലും ചെലുത്തിയ ആഘാതത്തെ കുറിച്ച്' കേരള കാര്‍ഷിക സര്‍വകലാശാലയിലെ സയന്റിഫിക് ഓഫീസറായ ഡോ. ഗോപകുമാര്‍ ചോലയില്‍, 'കേരളത്തിലുണ്ടായ ഭൂവിനിയോഗ വ്യതിയാനങ്ങളെയും, നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക രീതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും' എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. സി.ആര്‍ നീലകണ്ഠന്‍, കൈറ്റ്‌സ് ഫൗണ്ടേഷന്‍ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഗോപിക സുരേഷ്, ആന്റണി പോള്‍ എന്നിവര്‍ സംസാരിച്ചു.

Content highlights : agriculture minister v.s. sunilkumar said 152 block panchayaths would be set up knowldge centers