ആലപ്പുഴ: സംസ്ഥാനത്ത് അനധികൃതമായി നികത്തിയ 440.91 ഹെക്ടർ നെൽവയൽ പഴയപടിയാക്കും. ഇതിനുവേണ്ടിവരുന്ന പണം എത്രയെന്നറിയിക്കാൻ ഓരോ ജില്ലയിലെയും റവന്യൂ അധികൃതരോട് ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് നിർദേശിച്ചു. രണ്ടുകോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്.
കേസുകൾ തീർപ്പാക്കി കളക്ടർമാർ ഉത്തരവായ ഭൂമിയാണ് പഴയ സ്ഥിതിയിലാക്കുന്നത്. ഹൈക്കോടതി ഇടപെട്ടതും ജില്ലാതലത്തിൽ തീർപ്പാക്കിയതുമായ കേസുകൾ ഇതിലുണ്ട്. എല്ലാ ജില്ലകളിലുമായി 1,218 കേസുകൾ തീർപ്പാക്കിയതു പ്രകാരം 440.91 ഹെക്ടർ ഭൂമിയാണ് കൃഷിയോഗ്യമാക്കേണ്ടത്.
നെൽവയൽ-തണ്ണീർത്തട നിയമം ലംഘിച്ച കേസുകളിൽ ഏറ്റവും കൂടുതൽ ഭൂമി പഴയപടിയാക്കേണ്ടത് തിരുവനന്തപുരം ജില്ലയിലാണ്. 31 കേസുകളിലായി 238.28 ഹെക്ടർ ഭൂമിയാണുള്ളത്. രണ്ടാമത് ആലപ്പുഴയിലാണ്. 238 കേസുകളിലായി 78 ഹെക്ടർ.
മുൻപ് ഇതിനാവശ്യമായ ചെലവ് വില്ലേജ് ഓഫീസർമാർ സ്വന്തംനിലയിൽ കണ്ടെത്തണമായിരുന്നു. നടപടിയെടുത്തശേഷം നികത്തിയിട്ടുള്ളയാളിൽനിന്ന് തുക ഈടാക്കാനായിരുന്നു നിർദേശം. മണ്ണുമാന്തിയന്ത്ര വാടക, തൊഴിലാളികളുടെ കൂലി എന്നിവ മാത്രമല്ല എടുക്കുന്ന മണ്ണ് സൂക്ഷിക്കുന്നതിനുള്ള സ്ഥലവാടകയും കൂടി കണ്ടെത്തണമായിരുന്നു.
ഇതിനു പുറമേ നടപടിയെടുക്കാതിരിക്കാൻ പ്രാദേശികമായി സമ്മർദവുമുണ്ടാകും. ഇതെല്ലാം മറികടന്ന് നിലം പഴയ സ്ഥിതിയിലാക്കാൻ പല വില്ലേജ് ഓഫീസർമാരും മടിച്ചു. ഈ സാഹചര്യത്തിലാണ് പണം അനുവദിച്ചത്.
ഓരോ വില്ലേജോഫീസറും നിലം പഴയപടിയാക്കാൻ എത്ര തുക ആവശ്യമാണെന്ന വിവരം മേലധികാരികളെ അറിയിക്കണം. ഇതു വിനിയോഗിച്ച് നടപടി സ്വീകരിച്ചശേഷം തുക നികത്തിയ ഭൂവുടമയിൽനിന്ന് ഈടാക്കി സർക്കാരിലേക്ക് അടയ്ക്കണം.
Content Highlights: 441 hectares of reclaimed land will be restored
Published: 06 Aug 2024, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented