കോഴിക്കോട്: 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32,900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ. മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില.
1994-നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3.29 ലക്ഷം ഹെക്ടർ പാടമാണ്. നെൽവയൽ തണ്ണീർത്തടനിയമം നിലവിൽവന്ന 2008-നുശേഷം മാത്രം നികത്തിയതാണ് ഇതിൽ 60,650 ഹെക്ടറും. ഒരുഹെക്ടർ നെൽപ്പാടത്തിന് ശരാശരി 10 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാനാകുമെന്നാണ് കണക്ക്.
മലയോരമേഖലകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളംതാങ്ങാൻ, നെൽപ്പാടങ്ങൾ നശിച്ചതോടെ കഴിയാതെവന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.
പാടംപോയ കാലം
( കേരളത്തിലെ നെൽപ്പാടങ്ങളുടെ വിസ്തൃതിയിലുണ്ടായ കുറവ്- ഹെക്ടറിൽ)
| 1994-95 | 5,03,300 |
| 1999-2000 | 3,49,774 |
| 2004-05 | 2,89,974 |
| 2009-10 | 2,34,013 |
| 2019-20 | 2,02,267 |
| 2023-24 | 1,73,465 |
ഉപയോഗിക്കപ്പെടാതെ ജലാശയങ്ങൾ
ജലാശയങ്ങളിൽ വലിയൊരു പങ്കും ഉപേയാഗിക്കാനാകാത്തതും വെള്ളപ്പൊക്കപ്രശ്നങ്ങൾക്ക് ആക്കംകൂട്ടുന്നു. സംസ്ഥാനത്താകെ 55,734 ജലാശയങ്ങളുണ്ടെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്. ഇതിൽ 51,007 എണ്ണവും കുളങ്ങളാണ്. 9,184 ജലാശയങ്ങൾ പലകാരണങ്ങളാൽ നിലവിൽ ഉപയോഗത്തിലില്ല. വറ്റിപ്പോയതും എക്കൽ അടിഞ്ഞതും നന്നാക്കാൻ കഴിയാത്തവിധം നശിച്ചതുമൊക്കെ ഇതിൽപ്പെടും.
പ്രകൃതിദത്ത പ്രതിരോധം ഇല്ലാതായി
മലയോരത്തുനിന്ന് വരുന്ന വെള്ളം അതിനോടുചേർന്നുള്ള മരങ്ങളും ചെറുകാടുകളും ആദ്യം തടഞ്ഞുനിർത്തും. കുറേ വലിച്ചെടുക്കും. ബാക്കി താഴ്വാരത്തെത്തുന്ന വെള്ളം വയലുകളും തണ്ണീർത്തടങ്ങളും പുഴകളും ശേഖരിച്ചുനിർത്തും. പിന്നെയുള്ളവ ഒഴുകി പുഴയിലും കായലിലും കടലിലുമെത്തും. വനനശീകരണം, വയലുകൾ ഇല്ലാതായത്, പുഴകൾ മെലിഞ്ഞത്, കായൽ കൈയേറ്റങ്ങൾ ഇവയെല്ലാം ചേർന്നതോടെ ഈ പ്രകൃതിദത്ത പ്രളയനിയന്ത്രണ സംവിധാനം തകർന്നു -ശ്രീധർ രാധാകൃഷ്ണൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ
ഓടകൾപോലും അശാസ്ത്രീയം
കുറഞ്ഞസമയത്ത് കൂടുതൽ മഴപെയ്യുന്നതാണ് ഇപ്പോൾ നമ്മൾനേരിടുന്ന വലിയ പ്രശ്നം. ഒറ്റയടിക്കെത്തുന്ന വെള്ളം തടഞ്ഞുനിർത്താനും സ്വാംശീകരിക്കാനും കഴിയുന്ന മേഖലകൾ കുറഞ്ഞുവരുകയാണ്. ഓടകൾ കോൺക്രീറ്റ് ചെയ്യുന്നതോടെ വെള്ളം മണ്ണിലേക്കിറങ്ങാതെ വരും. -എം.വി. ശശിലാൽ, റിട്ട. സ്പെഷ്യലിസ്റ്റ്, ഹൈേഡ്രാജിയോളജി, ഭൂവിനിയോഗ വകുപ്പ്
Content Highlights: Kerala has lost 3.29 lakh hectares of paddy fields since 1994, worsening flood risks.
Published: 07 Aug 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented