ആറ്റിങ്ങൽ: രണ്ടു പതിറ്റാണ്ടിലധികം തരിശ്ശുകിടന്ന 60 ഏക്കറോളം പാടം രണ്ടു പൂവും നെല്ലുവിളയുന്ന സമൃദ്ധിയുടെ കേദാരമായി മാറി മുദാക്കൽ പഞ്ചായത്തിലെ പിരപ്പമൺകാടെന്ന ചെറുഗ്രാമം. നാടിന്റെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ പാടശേഖരം. ഓണക്കാലത്ത് ഈ ഗ്രാമത്തിലേക്കെത്തിയ സന്ദർശകരുടെ എണ്ണം വ്യക്തമാക്കുന്നത് അതാണ്. കാണാനും പഠിക്കാനും പകർത്താനുമായി ധാരാളം പേർ ഓരോ ദിവസവും ഇവിടെ എത്തിക്കൊണ്ടേയിരിക്കുന്നു. കൃഷിയിൽനിന്ന് വിനോദ സഞ്ചാരത്തിലേക്കും അനുബന്ധമേഖലകളിലേക്കും കടക്കാനുള്ള ഒരുക്കത്തിലാണ് ഈ ഗ്രാമം.
പിരപ്പമൺകാടിന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിലേക്കായി മാതൃഭൂമിയും പാടശേഖരസമിതിയും സൗഹൃദസംഘവും ചേർന്ന് ‘വയൽവസന്തം’ എന്ന പേരിൽ കാർഷിക-ടൂറിസം വികസന സെമിനാർ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന സെമിനാറിൽ നാടിന്റെ വികസനസ്വപ്‌നങ്ങൾ ജനങ്ങൾ പങ്കുവെയ്ക്കും. ഈ ഗ്രാമത്തിന്റെ ആവശ്യങ്ങൾ സർക്കാരിന് മുന്നിലവതരിപ്പിക്കുന്നതിനും തുടർനടപടികൾക്ക് തുടക്കമിടുന്നതിനും സെമിനാർ വഴിയൊരുക്കും.
കൃഷിയെയും അനുബന്ധക്കാഴ്ചകളെയും ചരിത്രസ്മാരകങ്ങളെയും കോർത്തിണക്കിക്കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുകയും അതിലൂടെ നാടിന്റെ വികസനത്തിന് പുത്തൻ നാഴികക്കല്ലാവുകയും ചെയ്യുകയെന്നതാണ് സൗഹൃദസംഘത്തിന്റെ ലക്ഷ്യം.
വയലിൽ കൃഷിയിറക്കിയതിൽ തങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിക്കാൻ ഈ പിരപ്പമൺകാടുകാർ തയ്യാറായില്ല. നാടിന്റെ വളർച്ചയിലേക്ക് ഏകാഭിപ്രായക്കാരായി എല്ലാവരും ഒത്തുകൂടുകയാണ്. നിത്യജീവിതാനുഭവങ്ങളെ വയലനുഭവങ്ങളുമായി കൂട്ടിയിണക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രായ-ലിംഗ-തൊഴിൽ-രാഷ്ട്രീയ ഭേദമൊന്നുമില്ലാതെ എല്ലാവരും ഒരുമനസ്സോടെ ഇവിടെ ഒരുമിക്കുകയാണ്.
വയൽനടത്തം, വയൽക്കരുതൽ, വയലറിവ്, വയലിമ്പം, വയൽശ്രീ എന്നുതുടങ്ങി കർഷകരെ ഡിജിറ്റൽ സാക്ഷരരാക്കുന്ന ഡിജിഫാർമർ പദ്ധതിവരെ ഇതുവരെ നടപ്പാക്കി. വയൽസദ്യ, വയലിഫ്താർ, വയൽപ്പാപ്പ എന്നിങ്ങനെ ഓണവും പെരുന്നാളും ക്രിസ്‌മസുമെല്ലാം പാടവരമ്പിലേക്ക് കൊണ്ടുവന്നു. ക്ഷേത്രങ്ങൾ, പള്ളി, ക്ലബ്ബുകൾ, റെസിഡെൻസ് അസോസിയേഷനുകൾ തുടങ്ങി 23 കൂട്ടായ്മകൾ നെൽക്കൃഷിക്കായി ഈ പാടശേഖരത്തിലേക്കെത്തി.
പിരപ്പമൺകാടിന്റെ വളർച്ചയുടെ പാതയിലെ വലിയൊരധ്യായമായി മാറുന്നതിനുള്ള ആദ്യപടിയാവുകയാണ് തിങ്കളാഴ്ച മാതൃഭൂമിയും പാടശേഖരസമിതിയും ചേർന്ന് നടത്തുന്ന സെമിനാർ.
Content Highlights: A Kerala village transforms 60 acres of barren land into a flourishing rice paddy,
Published: 14 Sept 2025, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented