ഓർമ്മയില്ലേ ആ പഴഞ്ചൊല്ല്? ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങരുത്. അനാവശ്യ തർക്കത്തിൽ പോയി, കൊടുത്തതിൽ കൂടുതൽ വാങ്ങി സ്വന്തം ജീവിതവും അടുത്തുള്ളവരുടെ ജീവിതവുമൊക്കെ അപകടത്തിലാക്കല്ലേ എന്ന പഴമൊഴിയാണ് ഇത്. കാർഷികമേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇത്തരത്തിൽ നിരവധി പഴഞ്ചൊല്ലുകൾ ഉണ്ടായിരുന്നു. കൃഷി തന്നെ ഇല്ലാതായതോടെ ഇവയും കുറഞ്ഞു തുടങ്ങി. എന്നാൽ കോഴിക്കോട്ട് ഫറോക്ക് ചെറുവണ്ണൂരിലുള്ള ചന്ദ്രേട്ടൻ ഈ പഴഞ്ചൊല്ലിന് പുതിയ ഭാഷ ഉണ്ടാക്കുകയാണ്. ചുണ്ടയിൽ തന്നെ ഉണ്ട് ഇവിടെ വഴുതനയും തക്കാളിയും മുളകും. മട്ടുപ്പാവിൽ എന്തും വിളയിക്കാമെന്ന ബോധ്യപ്പെടുത്തുകയാണ് ചന്ദ്രേട്ടൻ.

To advertise here,

800 സ്വക്വയർ ഫീറ്റേയുള്ളൂ മട്ടുപ്പാവ്. പക്ഷേ ഇല്ലാത്തതൊന്നുമില്ല. വെണ്ട, തക്കാളി, വഴുതന, വൻ പയർ, പല തരം പച്ചമുളകുകൾ, സവോള, ചെറിയ ഉള്ളി, മല്ലി, കൊത്തമര, അമരക്കായ, മല്ലി, എന്നിങ്ങനെ എണ്ണിയാൽ തീരില്ല പച്ചക്കറികൾ. കിഴങ്ങു വർഗ്ഗങ്ങൾ ഇതിന് പുറമേയാണ്. നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ഇദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. വെൽഡിങ് വർക്കുകളും മേൽക്കൂരപ്പണികളും ചെയ്യുന്ന ചന്ദ്രേട്ടൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന നേരത്താണ് വെറുതേയിരിക്കാതെ മട്ടുപ്പാവിൽ കയറുന്നത്.

'ഒട്ടിപ്പോ ചങ്ങാതി'

വീട്ടിന് മുകളിൽ കൃഷി ചെയ്യുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. ആത്മാർത്ഥമായി ചെയ്താൽ അടുക്കളയിലേക്ക് പുറത്തു നിന്ന് ഒന്നും വാങ്ങേണ്ട എന്ന് തെളിയിച്ച നിരവധി പേരെ നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ഈ ചെറുവണ്ണൂരുകാരനെ വ്യത്യസ്തനാക്കുന്നത് ഗ്രാഫ്റ്റിങാണ്. തൃശ്ശൂർ കാർഷിക സർവ്വകലാശാലയിൽ നിന്നാണ് ചന്ദ്രേട്ടൻ ഗ്രാഫ്റ്റിങ് പഠിച്ചത്. അത് പക്ഷേ കൈവിട്ടില്ല. ഏതൊക്കെ ചെടികൾ എങ്ങനെയൊക്കെ ഒട്ടിക്കാം എന്ന് പിന്നീടങ്ങോട്ട് പരീക്ഷണങ്ങളായി. പലതും പരാജയപ്പെട്ടു. എന്നാൽ പിന്നീട് കളി കളറായി. ചന്ദ്രേട്ടൻ അക്ഷരാർത്ഥത്തിൽ സ്വയം ഒരു കാർഷിക സർവ്വകലാശാലയായി. അതിൽ തന്നെ ഏറ്റവും വിജയിച്ചത് ചുണ്ടയിലെ പരീക്ഷണങ്ങളാണ്.

'ചുണ്ടയും വഴുതനയും വെണ്ടയും മുളകും തക്കാളിയുമൊക്കെ ഒരേ കുടുംബക്കാരാണ് എന്നാണ് അനുഭവം. ഇവരൊക്കെ ഗ്രാഫ്റ്റ് ചെയ്താൽ ഗംഭീരമായി വളരും. പ്രത്യേകിച്ച് യാതൊരു അധിക പരിചരണവും ആവശ്യമില്ല. നന്നായി വിളയും. കാലങ്ങളോളം വിളവും തരും' ചന്ദ്രേട്ടൻ പറയുന്നു.

ചുണ്ട എന്ന വിസ്മയം

കുട്ടിക്കാലത്ത് ചുണ്ടങ്ങ കൊണ്ടാട്ടം കൂട്ടി ഊണു കഴിച്ച അനുഭവമേ ചന്ദ്രേട്ടനും ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഗ്രാഫ്റ്റിങ് പഠിച്ച ശേഷം വഴിവക്കിൽ കണ്ട ചുണ്ട കണ്ണിലുടക്കി. അത് പറിച്ച് വീട്ടിലെത്തിച്ചു. കാട്ടുചെടി നേരേ മട്ടുപ്പാവിൽ കയറ്റി. ചട്ടിയിലും ചുണ്ട വളർന്നു. ഒരു കുഴപ്പവും കൂടാതെ. ആ ചുണ്ടയിൽ ആദ്യം വഴുതന വച്ചു. ഒരേ കനത്തിലുള്ള തണ്ടുകൾ. ചുണ്ട ചെരിച്ചു ചെത്തി ബ്ലേഡ് കൊണ്ട് ഒരു ചെറിയ വിടവുണ്ടാക്കി. അതിലേക്ക് അതേ കനമുള്ള വഴുതന രണ്ടറ്റവും ചെത്തികൂർപ്പിച്ച് ഇറക്കിവച്ചു. ടേപ്പുകൊണ്ട് ഒട്ടിച്ചു. ചെറിയ പ്ലാസ്റ്റിക് കവറിങ് നൽകി. നാലു നാൾ കഴിഞ്ഞതോടെ ഫെവിക്വിക്കിന്റെ പരസ്യത്തേക്കാൾ നന്നായി രണ്ടും ചേർന്ന് ഒന്നായി. ചുണ്ടയ്ക്ക് മുകളിലുള്ള വഴുതന വാട്ടം തട്ടാതെ ഉഷാറായി. 'ചെടിയുടെ ചുവട്ടിൽ പതിവുപോലെ തന്നെ വെള്ളം നൽകണം. അതിന് ചെയ്യുന്ന രീതികളിൽ ഒരു മാറ്റവും വേണ്ട. നാലുനാൾ കഴിഞ്ഞ് നോക്കിയാൽ തന്നെ വഴുതന ചുണ്ടയുടെ ശിഖരം പോലെ തന്നെ വളരുന്നതു കാണാം.' അങ്ങനെ വളർന്നതാണ് ആദ്യത്തെ ഒട്ടിപ്പ്. വഴിയിൽ വളർന്നു പോന്ന കാട്ടുചുണ്ടയിൽ വഴുതനയ്ക്ക് പുതിയ തിളക്കം. നിറയെ കായ്ച്ചു. നിലയ്ക്കാതെ കായ്ച്ചു. ആരോഗ്യത്തോടെ കായ്ച്ചു. സ്വാദിഷ്ഠമായ വഴുതനങ്ങകൾ.

ആ ചുണ്ടച്ചെടിയിൽ പിന്നീട് പലതരം വഴുതനകൾ ചന്ദ്രേട്ടൻ ഒട്ടിച്ചു. വെളുത്തതും പച്ച നിറമുള്ളതും നീലനിറമുള്ളതും നീളത്തിലുള്ളതും നാട്ടുവഴുതനങ്ങയുമെല്ലാം. അങ്ങനെയങ്ങനെ ഒറ്റച്ചെടിയിൽ പലതരം വഴുതനങ്ങകൾ നിറഞ്ഞു. ചുണ്ടയുടെ തണ്ടുബലത്തിൽ വഴുതനങ്ങകൾ വീഴാതെ നിന്നു. കനത്തിൽ കായ്ച്ചപ്പോൾ പതുക്കെ ചട്ടിയില്‍ തന്നെ താങ്ങു കൊടുത്തു. ചുണ്ട എന്ന അത്ഭുതച്ചെടി ചന്ദ്രേട്ടന്റെ മട്ടുപ്പാവിലെ മാതൃസസ്യമായി മാറുകയായിരുന്നു.

ചുണ്ടയിൽ വിരിഞ്ഞ തക്കാളി

തക്കാളിച്ചെടിക്ക് ചില കുഴപ്പങ്ങളുണ്ട്. വേഗം ക്ഷീണിക്കും. വേഗം തളർന്നു പോകും. വേഗം രോഗവും പിടി കൂടും. എന്നാൽ ഇതേ തക്കാളിയെ ചുണ്ടയിൽ ഒട്ടിച്ചാലോ? കാര്യം മാറി. കഥയും മാറി. ചുണ്ടത്തണ്ടിൽ വളരുന്ന തക്കാളിക്ക് കരുത്ത് കൂടും. നന്നായി വളരും. നന്നായി വിളയും. ചന്ദ്രേട്ടൻ്റെ മട്ടുപ്പാവിൽ കാണാം, പല തരം തക്കാളികൾ ചുണ്ടയിൽ വിളയുന്നത്. ഒപ്പം മണിത്തക്കാളിയും നന്നായി വളരുന്നു. ചുണ്ടയിൽ ഉണ്ടാകുമ്പോഴുള്ള പ്രധാന ഗുണം കൊമ്പിന് തക്കാളിപ്പഴങ്ങളെ താങ്ങി നിർത്താൻ കെൽപ്പുണ്ട് എന്നതാണ്. ചിലപ്പോഴൊക്കെ കായ്ഫലം പിന്നേയും കൂടും അപ്പോൾ മാത്രമേ താങ്ങ് കൊടുക്കേണ്ടതുള്ളൂ. ഒന്നു കൂടിയുണ്ട്. ചുണ്ടയിൽ വിളയുന്ന തക്കാളിക്ക് വിളവെടുപ്പ് കാലം കൂടുതലാണ്. ചുണ്ടയിൽ മാത്രമല്ല വഴുതനയിലും തക്കാളി ഇതേ പോലെ ഒട്ടിക്കാം. തക്കാളിച്ചെടിയേക്കാൾ കരുത്തന്മാരായതിനാൽ വഴുതനയിലും നന്നായി കായ്ഫലം കിട്ടും. പക്ഷേ ചുണ്ടയുടെ അത്ര രോഗപ്രതിരോധ ശേഷി വഴുതനയ്ക്കില്ല. അതിനാൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

ചുണ്ടയിൽ പച്ചമുളക്

പച്ചമുളക് എത്ര തരമുണ്ട്.? എണ്ണം പറയാൻ നിൽക്കേണ്ട. ഓരോ ദിവസവും എണ്ണം കൂടും. അമ്പരക്കേണ്ട. കാന്താരി തന്നെ അയൽപക്ക മുളകുകളുമായി ചേർന്ന് പലരാവും. പല എരിവ്. പല നിറം. പക്ഷേ അതേ കാന്താരി ഗന്ധം. കാന്താരി മാത്രമല്ല വെളുത്തതും നീലനിറത്തിലുള്ളതും പല വലിപ്പത്തിലുള്ളതുമായി പലതുണ്ട് പച്ചമുളകുകൾ. ബജ്ജി മുളകും ഉടൻകൊല്ലി മുളകും ഉണ്ട്. "മുളക് പുറത്തു നിന്ന് വാങ്ങിയ ഓർമ്മ തന്നെ ഇപ്പോഴില്ല. ഇത് പഴുത്ത് ഉണക്കിപ്പൊടിച്ചാൽ നല്ല മുളകുപൊടിയായി കടയിൽ നിന്ന് വാങ്ങുന്നതും ഇതിൽ നിന്നുള്ളതുമായ വ്യത്യാസം അറിഞ്ഞാൽ പിന്നെ വീട്ടിൽ തന്നെ മുളകുണ്ടാക്കും "- ചന്ദ്രേട്ടൻ പറയുന്നു.

വെണ്ടയിലെ വിസ്മയം

ഒരേ ചെടിയിൽ കൊമ്പനും താമര വെണ്ടയും ഒന്നിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ടോ പച്ചനിറമുള്ള നീളൻ വെണ്ടയും ചുവപ്പു നിറമുള്ള അരുണ വെണ്ടയും ഒന്നിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ടോ? ഈ മട്ടുപ്പാവിൽ വന്നാൽ മതി. വെണ്ട വെണ്ടയിൽ മാത്രമല്ല ചുണ്ടയിലും വഴുതനയിലും നിറച്ചു കായ്ക്കുന്നു. ഇവിടെ വിസ്മയം പക്ഷേ അതല്ല. "ഒരേ വീട്ടിൽ ഒന്നിലധികം പേർക്ക് വരുമാനം ഉണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ മെച്ചമാവില്ലേ? അതു തന്നെയാണ് വെണ്ടയുടെയും കാര്യം. തൊട്ടടുത്തുള്ള രണ്ടു ചെടികൾ തമ്മിൽ തണ്ടുകൾ തന്നെ ഒട്ടിക്കാം. പിന്നെ മുകളിലേക്ക് വരുന്നത് ഇരട്ടി വലിപ്പത്തിലാവും. നിറച്ചും കായ്ക്കും. നിർത്താതെ കായ്ക്കും ". ഇവിടേയും പല തരത്തിലുള്ള വെണ്ടയെങ്കിൽ ഗുണം കൂടും എന്നാണ് അനുഭവം

ചെടികൾക്ക് ജ്യൂസ് കൊടുക്കാം

മണലും ചകിരിച്ചോറും ചേർന്ന മണ്ണാണ് ചട്ടിയിൽ നിറക്കുന്നത്. ചാണകവും പിണ്ണാക്കും കോഴിക്കാട്ടവും അടിവളമാക്കാം. തൈ വളർന്നാൽ പിന്നെ വീട്ടിൽ വേസ്റ്റ് ഉണ്ടാവില്ല. കഞ്ഞി വെള്ളവും ബയോവേസ്റ്റുമൊക്കെ നേർപ്പിച്ച് ചട്ടിയിൽ എത്തും. പഴത്തോലും മറ്റും മിക്സിയിൽ ഇട്ട് നന്നായി ജ്യൂസാക്കി നേർപ്പിക്കും. രാസവളം ഇടുന്ന അതേ ഫലം കാണാമെന്ന് ചന്ദ്രേട്ടൻ പറയുന്നു. വേപ്പെണ്ണയാണ് മിക്കപ്പോഴും കീടനാശിനി . കീടങ്ങൾക്ക് ഇഷ്ടമില്ലാത്ത മണം എന്തും അവയെ അകറ്റി നിർത്തുന്നു എന്നാണ് അനുഭവം.

കറിവേപ്പിലയും മല്ലിച്ചപ്പും

കറിവേപ്പില കടകളിൽ ഇരിക്കുന്നത് കണ്ടിട്ടില്ലേ.. മിടുമിടുക്കരായിട്ടാണ് സ്റ്റാൻഡിൽ ഇരിപ്പ്. മല്ലിച്ചപ്പിനും അതേ ഉഷാർ കാണാം. എന്നാൽ ചെടിയിൽ നിന്ന് അടർത്തിയ കറിവേപ്പില എത്ര നേരം വാടാതിരിക്കും?" അര മണിക്കൂർ കഴിഞ്ഞാൽ ഇലകൾ വാടാൻ തുടങ്ങും. അപ്പോൾ വാട്ടമില്ലാതെ ഇതൊക്കെ എങ്ങനെ വീട്ടിൽ എത്തുന്നു? രണ്ടു ദിവസം മുമ്പെങ്കിലും പൊട്ടിച്ച ഇല വാടാത്തത് എന്തു കൊണ്ടാണ്? കീടനാശിനികളെ എത്രത്തോളം പേടിക്കണം എന്നതിന് മറ്റെന്ത് തെളിവു വേണം?" ചന്ദ്രേട്ടൻ്റെ ചോദ്യം എല്ലാവരോടുമാണ്. അതേ അൽപ്പം സ്ഥലം മതി. അധ്വാനിക്കാൻ മനസ്സും. ആരോഗ്യത്തോടെ ജീവിക്കാം. ആയുർദൈർഘ്യവും നേടാം. അല്ലെങ്കിലും ആശുപത്രിയിൽ ചെലവിടുന്നതിനേക്കാൾ നല്ലതല്ലേ ചെടികളെ ഓമനിക്കുന്നത്?

വിവരങ്ങൾക്ക്: 9744075797