ഇന്ത്യയിൽ വനപ്രദേശങ്ങളിൽ ധാരാളം കണ്ടുവരുന്ന പ്ലാശ് വനജ്ജ്വാല എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള പൂക്കളാൽ അലങ്കരിക്കപ്പെടുന്ന പ്ലാശിനെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പെട്ടെന്ന് തിരിച്ചറിയപ്പെടാൻ സഹായിക്കുന്നു. സാംസ്‌കാരിക സന്ദർഭങ്ങളിലും മതപരമായ ചടങ്ങുകളിലും പ്രാധാന്യമുള്ള പ്ലാശിന് മഹത്തായ ഔഷധഗുണങ്ങളുണ്ട്. കിംശുക, രക്തപുഷ്പക, പലാശം, ബ്രഹ്‌മവൃക്ഷം എന്നീ പേരുകളിൽ സംസ്‌കൃതത്തിൽ വ്യവഹരിക്കുന്ന പ്ലാശിന്റെ ശാസ്ത്രീയ നാമം ബ്യൂട്ടിയ ഫ്രൻഡോസ എന്നാണ്. ഫാബേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.

To advertise here,

പ്ലാശിന്റെ ഇല, പൂവ്, കായ, തൊലി എന്നിവയെല്ലാം ഔഷധയോഗ്യഭാഗങ്ങളായി ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു. കഫ വാത സംബന്ധമായ രോഗങ്ങളിലും രക്തസ്രാവത്തിനും ഇത് നല്ലതാണ്. ഉദരകൃമികളെ നശിപ്പിക്കുന്നതിനും ശരീരശക്തി വർധിപ്പിക്കുന്നതിനും ശുക്ലസംബന്ധമായ ദോഷങ്ങളെ അകറ്റാനും നല്ലതാണ്. ചൊറിച്ചിലിന് ശമനം നൽകാനും പ്ലാശിന് കവിവുണ്ട്. പ്ലാശിൻതോൽ കഷായം വൈദ്യനിർദേശപ്രകാരം കഴിക്കുന്നതുക്കൊണ്ട് സ്ത്രീകളിലെ രക്തസ്രാവം, ശ്വേതപ്രദരം ഇവ ശമിക്കും. പലാശാദി കഷായം, വിഴാൽവേരാദി കഷായം, ചന്ദ്രശൂരാദി കഷായം, അസനാദി കഷായം ഇവ പ്ലാശിൻതോൽ ചേർന്നിട്ടുള്ള ചില ഔഷധയോഗങ്ങളാണ്.

ഇതിലെ രാസഘടകങ്ങളിൽ ഫ്ലാവനോയ്ഡ്‌സും ഗ്ലൈക്കോസൈഡ്‌സും ഉൾപ്പെടുന്നു. കൂടാതെ ഗാലിക് ആസിഡ്, ടാനിൻസ്, അമിനോ ആസിഡ്‌സ്, ഫാറ്റി ആസിഡുകൾ എന്നിവ ഉൾപ്പെടുന്നു. 15 മുതൽ 20 മീറ്റർ ഉയരം വരെ വളരുന്ന ഒരു വൃക്ഷമാണിത്. വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്നതിനാൽ ഇതിനെ റെഡ് ലിസ്റ്റഡ് സ്പീഷീസായി തരംതിരിച്ചിരിക്കുന്നു. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഈ വൃക്ഷം വരൾച്ചയെ അതിജിവിക്കുന്നു. 10 വർഷം കൊണ്ട് 3-5 മീറ്റർ ഉയരത്തിലും തടിഭാഗം 15-20 സെമീ വണ്ണത്തിലും വളർച്ച പ്രാപിക്കും.

വിത്തുകൾ പാകിയാണ് പ്രജനനം നടത്തേണ്ടത്. പോട്ടിങ് ബാഗുകളിലും വിത്ത് പാകാം. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് മുള പൊട്ടും. 2-3 ഇലകൾ വന്നതിന് ശേഷം സ്ഥിരംസ്ഥലത്തേക്ക് മാറ്റി നടാം. നനവുള്ളതും എന്നാൽ വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്തും ആണ് നടേണ്ടത്. ആദ്യത്തെ 6-8 മാസം കൊണ്ട് 2 മീറ്റർ വരെ ഉയരം വെക്കും.

ശൈത്യകാലത്തിന്റെ അവസാനത്തിലോ വേനലിന്റെ ആരംഭത്തിലോ പൂക്കൾ ഉണ്ടാകും. ഇതിന്റെ ഇലകൾ പ്ലേറ്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ബയോഡീഗ്രേഡബിൾ വേസ്റ്റ് മാനേജ്‌മെന്റിന് ഇത് പര്യാപ്തമാകാറുണ്ട്. തൊലി ചെത്തിയെടുത്ത് ഉണക്കിവിപണിയിലെത്തിക്കാം. ഉണങ്ങിയ തൊലിക്ക് ഔഷധവിപണിയിൽ കിലോയ്ക്ക് 90 മുതൽ 120 രൂപ വരെ വില ലഭിക്കാറുണ്ട്.