
ഉണങ്ങിയ കുറുന്തോട്ടി | File Photo: Mathrubhumi
കുറുന്തോട്ടിക്കും വാതമോ എന്ന പഴഞ്ചൊല്ലിൽ തന്നെ കുറുന്തോട്ടിയുടെ വാതരോഗശമന സ്വഭാവം വെളിവാകുന്നുണ്ട്. വാതഹര ഔഷധങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന കുറുന്തോട്ടി ആയുർവേദ ചികിത്സകളിലെയും ഔഷധയോഗങ്ങളിലെയും ഒരു പ്രധാന ഘടകമാണ്. സിഡ കോർഡിഫോളിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുറുന്തോട്ടി മാൽവേസീ എന്ന സസ്യകുടുംബത്തിൽപെടുന്നു. ബല, വാട്യാലഃ, മഹാസമംഗാ എന്നീ പേരുകളിൽ ആയുർവേദത്തിൽ ഇതിനെ പരാമർശിച്ചിരിക്കുന്നു.
കുറുന്തോട്ടി സമൂലമായി ഔഷധയോഗ്യമാണ്. ഇതിന് ധാതുപുഷ്ടിയും ലൈംഗികശേഷിയും വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഗർഭിണികളിൽ സുഖപ്രസവത്തിനും പലതരം വാതരോഗങ്ങളെയും വേദനകളെയും ശമിപ്പിക്കാനും കഴിവുണ്ട്. നാഡിസംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ എന്നിവ ശമിപ്പിക്കാനും കുറുന്തോട്ടിക്ക് കഴിവുണ്ട്.
കുറുന്തോട്ടി ചേരുവയായിട്ടില്ലാത്ത വാതരോഗ ശമനമായ ഔഷധയോഗങ്ങൾ വളരെ വിരളമാണ്. ക്ഷീരബല, ധന്വന്തരം തൈലം, മഹാരാസ്‌നാദി കഷായം, രാസ്‌നേരണ്ഡാദി കഷായം, ബലാരിഷ്ടം, അഷ്ടവർഗ്ഗം കഷായം, നയോപായം കഷായം, ഇവകുറുന്തോട്ടി ചേരുവയായുള്ള ചില ഔഷധയോഗങ്ങളാണ്. ഇതിന്റെ രാസഘടകങ്ങളിൽ എഫ്രിഡിൻ, സ്യൂഡോ എഫ്രിഡിൻ, ഫാറ്റി ആസിഡുകൾ, സ്റ്റിറോയ്ഡ്‌സ്, ഫ്‌ലാവനോയ്ഡ്‌സ് കൂടാതെ സാപോനിൻ, മ്യൂസിൻ, പൊട്ടാസ്യം നൈട്രേറ്റ്, സ്റ്റെർക്യൂലിക് ആസിഡ്, മാൽവാലിക് ആസിഡ്, കൊറോനാറിക് ആസിഡ് ഇവ ഉൾപ്പെടുന്നു.
കേരളത്തിലുടനീളം ഈ ചെടി കണ്ടുവരുന്നു. ഒന്നരമീറ്റർ ഉയരെവരെ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണിത്. ചെടിയിലുടനീളം രോമങ്ങൾ ഉണ്ടാകും. ഇലകൾ ഞെരടിയാൽ വഴുവഴുപ്പ് ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള ഒറ്റയായ പൂക്കൾ ചെടിയിലുടനീളം കാണപ്പെടുന്നു. എല്ലാവിധ ഭൂപ്രദേശങ്ങളിലും എളുപ്പത്തിൽ വളരുന്ന കുറുന്തോട്ടി വളരെ വേഗം പടർന്നു വളരും.
എളുപ്പത്തിൽ കൃഷി ചെയ്യാൻ വിത്ത് വഴിയും തണ്ട് മുറിച്ചുനട്ടും പ്രജനനം നടത്താം. ഒരു ചെടിയിൽനിന്നും ഏകദേശം 11600 വരെ വിത്തുകൾ ഉണ്ടാക്കാം. 24 മണിക്കൂർ കുതിർത്തുവച്ച ശേഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ പോളിബാഗുകളിൽ വിത്തുകൾ നടാം. 7-14 ദിവസം പ്രായമായ തൈകൾ കൃഷിയിടങ്ങളിൽ നടാം. തണ്ട് മുറിച്ച് നടുകയാണെങ്കിൽ 15-20 സെമീ നീളവും 3-4 നോഡുകളുമുള്ള തണ്ടുകൾ പോളീബാഗുകളിൽ നട്ട് 20-30 ദിവസത്തിന് ശേഷം മാറ്റി കുഴിച്ചിടാം.
നന്നായി ഉഴുതുമറിച്ച നിലത്ത് 75-85 സെീ അകലത്തിൽ നട്ടി പിടിപ്പിക്കാം. ജൈവവളവും ഇട്ടുകൊടുക്കാം. മഴക്കാലത്ത് നനയുടെ ആവശ്യമില്ല. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടുതവണ നനയ്ക്കാം. അഞ്ച്-ആറു മാസം കൊണ്ട് ചെടികൾ നന്നായി പച്ചപിടിക്കും. നല്ല വെയിൽ ലഭിക്കുകയാണെങ്കിൽ നട്ട് എട്ടുമാസത്തിന് ശേഷം വിളവെടുക്കാം. വേരടക്കം പിഴുതെടത്ത് കഴുകി ഉണക്കി വിപണിയിലെത്തിക്കാം. കിലോയ്ക്ക് 90-120 രൂപ വരെ വിപണിയിൽ വില ലഭിക്കാറുണ്ട്.
Content Highlights: Learn easy Kurunthotti farming. Discover its medicinal uses, cultivation tips, and market price up to ₹120/kg. Boost your income with this valuable herb!
Published: 28 Nov 2025, 10:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented