
മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള രാമന്റെ കഥ. അത്രമേല്‍ ക്ഷമയോടെ അതിലേറെ പ്രതീക്ഷയോടെ ഒരു വിത്ത് സൂര്യനിലേക്ക് നോക്കുന്നു. വിത്തെന്ന മഹാത്ഭുതത്തെക്കുറിച്ചാണ് പുതിയ പാഠാവലിയില്‍ വയനാട്ടിലെ പത്മശ്രീ അവാര്‍ഡ് ജേതാവായ പൈതൃക നെല്‍ വിത്ത് സംരക്ഷകനെക്കുറിച്ച് ഒരു അധ്യായമുള്ളത്. ഇത് ആദ്യമായാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു പാഠ പുസ്തകത്തില്‍ വയനാട്ടുകാരനായ ഒരു കര്‍ഷകന്‍ ഇടം പിടിക്കുന്നത്.
ചെറുവയല്‍ രാമന്റെ ആത്മകഥയില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് ഇത്തവണ പുതുക്കിയിറങ്ങിയ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയത്. വയനാട്ടില്‍ നിന്നും അന്യം നിന്നുപോയ നൂറില്‍പ്പരം പാരമ്പര്യ നെല്‍വിത്തുകളില്‍ നിന്നും 32 ഇനത്തെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന രാമന്റെ ജീവിതത്തെയും കുട്ടികള്‍ക്ക് ഇതിലൂടെ തൊട്ടറിയാം.
വിത്തുശേഖരണത്തിന്റെ സൂഷ്മതകള്‍, മുളപൊട്ടുന്ന അത്ഭുതങ്ങള്‍, വിത്തിന്റെ മൂപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം രാമന്‍ പാഠാവലിയിലൂടെ കുട്ടികളോട് പറയുന്നു. കൃഷി അന്യമാകുന്ന കാലത്തില്‍ ഇവയെ തിരിച്ചുപിടിക്കാന്‍ പുതിയ തലമുറയില്‍ വിത്തുപാവുകയാണ് ഈ പാഠാവലിയും. കുട്ടികള്‍ പഠിക്കട്ടെ നന്മയുള്ള പുസ്തകങ്ങള്‍. അടിമുടി മാറിയ പുതിയ പാഠപുസ്തകങ്ങളിലെ താളുകള്‍ മറിച്ചു നോക്കി ചെറുവയലിലെ പുല്ലുമേഞ്ഞ വീടിന്റെ ഇറയത്തിരുന്ന് ചെറുവയല്‍രാമന്‍ പറയുന്നു.
വയലില്‍ ചേറിലിറങ്ങി പണിയെടുക്കാന്‍ മനസ്സില്ലാത്ത കാലം വരുമ്പോള്‍ പട്ടിണിയും വരും. വിശക്കുമ്പോള്‍ അന്നം വേണമെങ്കില്‍ എല്ലാം കാലം തിരുത്തണം. കുട്ടികളിലാണ് പുതിയ പ്രതീക്ഷകള്‍. അവര്‍ വളരട്ടെ മണ്ണിന്റെ മണമറിഞ്ഞും. ഇതാണ് പാഠപുസ്തകത്തിലും ഇടം തേടിയ രാമന് കുട്ടികളോടായും പറയാനുള്ളത്. ഒരോ അധ്യയന വര്‍ഷത്തിലും ചെറുവയല്‍ രാമന്റെ പാടത്ത് കൃഷി തുടങ്ങുമ്പോള്‍ പലസ്ഥലങ്ങളില്‍ നിന്നും കുട്ടികളും എത്താറുണ്ട്. ഞാറ്റുപാട്ടിന്റെ അകമ്പടിയില്‍ രാമനൊപ്പം ഞാറ് നട്ടും കണ്ടം ചേറാക്കിയും ഒരു കൃഷിക്കാലത്തെയും സമൃദ്ധമാക്കിയാണ് കുട്ടികളുടെയും മടക്കം.
കാലത്തിന്റെ വിത്തുപുര
കാര്‍ഷിക പെരുമയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത് പോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് വയനാട്ടിലെ മാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് രാമന്‍ ഉത്തരം പറയും. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. രാമന്‍ കാത്തുവെച്ച പൈതൃകങ്ങളുടെ മൂല്യമറിഞ്ഞാണ്
നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പരൃഅറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിചൃത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്. നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കര്‍ഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്‌കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്പരൃകര്‍ഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമന്‍ പറയുന്നത്.
പാരമ്പര്യത്തിന്റെ കാവലാള്‍
ചെറുവയല്‍ തറവാടിനും ഇരുപത്തിരണ്ട് ഏക്കര്‍ വയലും പതിനെട്ട് ഏക്കറോളം കരയുമുണ്ടായിരുന്നു. കൂട്ടുകുടുംബത്തില്‍ നിന്നുള്ള ഓഹരിയായുളളതില്‍ മൂന്നേക്കര്‍ പാടവും മൂന്നേക്കര്‍ കരയുമാണ് ഇപ്പോള്‍ നോക്കി നടത്തുന്നത്. ഇക്കാലം വരെയും വയലൊന്നും തരിശിട്ടില്ല. സമയത്തും കാലത്തും വിത്തിറക്കും. പുതിയ നെല്‍വിത്തുകളൊന്നും വേണ്ട. പഴയമയുടെ മൂല്യങ്ങളെ ചേര്‍ത്തുപിടിച്ചായിരുന്നു ഇക്കലം വരെയുമുള്ള യാത്ര. വയനാടന്‍ ഗന്ധകശാലയും ജീരകശാലയുമെല്ലാം രാമന്റെ കൃഷിയിടത്തിലുണ്ട്. അതിനൊപ്പം അപൂര്‍വ്വമായ മറ്റിനം നെല്‍വിത്തുകളും. ഇതെല്ലാം സി.ആര്‍ (ചെറുവയല്‍ രാമന്‍ ) എന്ന ലേബലെഴുതിയ പ്രത്യേക കണ്ടങ്ങളില്‍ കൃഷി ചെയ്യും. കൊയ്ത്തുകാലമായാല്‍ എല്ലാം പ്രത്യേകം പ്രത്യേകമായി വേര്‍തിരിച്ച് കൊമ്മകളിലും മറ്റുമായി സൂക്ഷിക്കും. ആവശ്യപ്പെടുന്നവര്‍ക്ക് കൃഷി ചെയ്യാനും കെ#ാടുക്കും. കൃഷിയിറക്കി ഈ നെല്ലിനം തിരികെ നല്‍കണമെന്ന് മാത്രമാണ് രാമന്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍.
ചെറുവയല്‍ ഒരു പാഠശാലയാണ്
പൈതൃക നെല്‍വിത്ത് സംരക്ഷകനായ രാമനെ വയനാട്ടുകാര്‍ക്കെന്ന പോലെ മറുന്നാട്ടിലുളളവര്‍ക്കും അറിയും.കേരളത്തിലും പുറത്തുമായി വിവിധ ഏജന്‍സികളും കൃഷിവകുപ്പും സര്‍ക്കാരുമൊക്കെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ചെറുവയല്‍ രാമന്റെ സാന്നിദ്ധ്യമുണ്ട്. പാടത്ത് പണിയെടുക്കുന്നതിന്റെ ഇടവേളകള്‍ മുഴുവനും കൃഷിയറിവുകള്‍ പങ്ക് വെക്കുന്നതിനായി ചെലവഴിക്കുകയാണ്.
കൃഷി ഗവേഷണം നടത്തുന്നവരും ലാന്റ് സ്‌കേപ്പിങ്ങ് എന്‍ജിനീയറിങ്ങ് പഠിക്കുന്നവരും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവരും തുടങ്ങി നിയമസഭയുടെ പബ്‌ളിക്ക് അക്കൗണ്ട്‌സ് കമ്മിററിയും രാമന്റെ കൃഷി പരീഷണങ്ങള്‍ നേരിട്ടറിയാന്‍ ചെറുവയലിലെത്തിയിട്ടുണ്ട്. ഒരു ഗവേഷകന്റെ പരിചയ സമ്പന്നതയോടെയാണ് ഈ കര്‍ഷകന്‍ തന്റെ അറിവുകള്‍ ഇവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.
സമൂഹത്തിന്റെ നാനാമേഖലയിലുളളവര്‍ നാട്ടുവഴികള്‍ താണ്ടി കമ്മനയിലെ ഗ്രാമത്തിലെത്താറുണ്ട്.ചെളിയിലും ചേറിലുമൊക്കെ പണിയെടുക്കാന്‍ ആളില്ലാത്ത കാലത്ത് അങ്ങ് ഡല്‍ഹിയില്‍ ജെ.എന്‍.യു. വിലെ കാമ്പസില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഈ ആദിവാസി കര്‍ഷകന്റെ വീട്ടില്‍ നാട്ടുജീവിത ത്തിന്റെ താളം തേടിയെത്തുന്നു.ഇതെല്ലാം കര്‍ഷകനാടിന് ഒരു പ്രതീക്ഷയാണ്. ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിവരുമ്പോഴും രാമന്‍ സ്വന്തം കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്ന തിരക്കിലാണ്.നെല്‍കൃഷി വേണ്ട എന്നു തീരുമാനിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്.
Content Highlights: kerala state seventh grade malayalam textbook included cheruvayal raman
Published: 13 Jun 2024, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented