ചെറുവയൽ രാമൻ
പദ്മശ്രീ ചെറുവയല്‍ രാമന്റെ വീട് മണ്ണിനേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്ന ഏതൊരു മനുഷ്യന്റെയും വീടാണ്. ലോകത്തിന്റെ പലകോണില്‍ നിന്നും ഇവിടെ സഞ്ചാരികളെത്താറുണ്ട്. കേരളത്തിന്റെ മഹത്തായ കാര്‍ഷിക പൈതൃകത്തില്‍ ഈ വീടിന്റെ വിലാസവും എന്നോ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ തണലിലേക്കും കൃഷിയിടത്തിലേക്കും യാത്രപോയവര്‍ക്കും പറയാനുണ്ട് ഹൃദയം നിറയുന്ന അനുഭവങ്ങള്‍..
കാലത്തിനൊപ്പം സഞ്ചരിച്ച വയനാടന്‍ വയലുകള്‍ കാഴ്ചകള്‍ ചുരുക്കുന്നു. വിശാലമായ പച്ചപ്പുകള്‍ ചിലയിടങ്ങളില്‍ മാത്രാം കാണാം. പത്തായക്കണക്കിന് നെല്ല് കൊയ്തു കയറ്റിയ വയലുകള്‍ പലതും തരം മാറിപോയിരിക്കുന്നു. വാഴയും കവുങ്ങുമാണ് കാഴ്ചകളെയെല്ലാം തകര്‍ത്ത് കളഞ്ഞത്. നഞ്ച കൊയ്‌ത്തൊഴിഞ്ഞ വയലില്‍ അതിരാവിലെ മഞ്ഞുവീഴുന്നതായിരുന്നു പണ്ടുള്ള കാഴ്ചകള്‍. പുല്‍നാമ്പുകളിലെല്ലാം മഞ്ഞുതുള്ളികള്‍ തൂങ്ങി നില്‍ക്കും. വെയില്‍ പരക്കുന്നതോടെ ആവി പറത്തി പരക്കുന്ന മഞ്ഞുപുകകള്‍ വയലിന്റെ വിദൂരതയിലേക്ക് കൈകള്‍ നീട്ടും. പിന്നെ കന്നുകാലികള്‍ വയലാകെ നിരന്നിരിക്കും. കാര്‍ഷിക വയനാടിന്റെ സമ്പന്നമായ ഇന്നലകളാണ് ഓര്‍മ്മകളില്‍ നിന്നും അടര്‍ന്നുവന്നത്.
മാനന്തവാടി നിന്നും രണ്ടു കിലോ മീറ്ററോളം പിന്നിട്ട് വള്ളിയൂര്‍ക്കാവിന് മുന്നിലെ ചെറിയ പാലം കടന്നു. കമ്മനയെന്ന ദേശത്തിലെ ചെറുവയലെന്ന തനിനാടന്‍ ഗ്രാമങ്ങളിലേക്കാണ് നേരെ ചെന്നെത്തിയത്. വയലുകളും പുഞ്ച കൃഷിയുമെല്ലാം ഇപ്പോഴുമുള്ള ഒരു ഗ്രാമം. പതിറ്റാണ്ടുകളുടെ പിന്നിലെ വയനാടന്‍ കാഴ്ചകള്‍ അല്‍പ്പമെങ്കിലും ഇവിടെ ശേഷിച്ചിരിക്കുന്നു. ഒരു ഭാഗത്ത് കിഴക്കിന്റെ ദിശ തേടി ഒഴുകിപ്പായുന്ന മാനന്തവാടി പുഴ. മറുഭാഗത്ത് കൃഷിയെ ജീവിതമാക്കിയ കര്‍ഷകരുടെയും നാട്. ചെറുവയല്‍ ഇന്നൊരു നാടല്ല. ഒരു രാജ്യമാണ്. ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരത്തില്‍ പരാമര്‍ശിക്കപ്പെട്ടയിടം. ചെറുവയല്‍ രാമനെന്ന പൈതൃക നെല്‍വിത്ത് കര്‍ഷകന്‍ പേരിനൊപ്പം പദ്മശ്രീ കൂടി എഴുതിചേര്‍ക്കുന്നു. നാടെങ്ങും പുരസ്‌കാര വാര്‍ത്ത പരന്നപ്പോഴും ആര്‍ക്കും ആശ്ചര്യങ്ങളേതുമില്ല. ഇത് പ്രതീക്ഷിച്ചതും അര്‍ഹിച്ചതുമാണ്. പക്ഷേ എന്ന് കിട്ടുമെന്ന് മാത്രമായിരുന്നു ചോദ്യം. അതിനാണിപ്പോള്‍ ഉത്തരമായത്. സമീപ ഗ്രമവാസിയും ഫോട്ടോഗ്രാഫറുമായ ചാക്കോച്ചേട്ടന്‍ പറഞ്ഞു.
.jpg?$p=b54d164&&q=0.8)
അങ്ങു ദൂരെ നിന്നേ കാണാം പച്ചപ്പുകള്‍ കട ചൂടിയ രാമേട്ടന്റെ കൃഷിയിടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവുകളും മാവുകളും വന്‍ മരങ്ങളുമെല്ലാം ശിഖരങ്ങള്‍ ആവോളം പടര്‍ത്തി യഥേഷ്ടം വളരുന്ന ഇടം. തണല്‍ വിടര്‍ത്തിയ ഇതിനിടയിലെ കുളിരുനുള്ളിലാണ് കുലീനതയുടെ പുണ്യമായ പുല്ലുപുരകളുള്ളത്. ചെറിയ മുറ്റവും ചുറ്റിലും വഴികളെല്ലാമായി കാലത്തെ തോല്‍പ്പിക്കുന്ന വീട്. ഏപ്പോള്‍ പോകുമ്പോഴും ഈ ഇറയത്ത് രാമേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലുമൊക്കെയുണ്ടാകും. അങ്ങ് ജെ.എന്‍.യു കാമ്പസില്‍ നിന്നും ഇവിടേക്കായി മാത്രം എത്തിയ ഗവേഷക വിദ്യാര്‍ത്ഥികള്‍ മുതല്‍ തൊട്ടടുത്ത വിദ്യാലയത്തിലെ ചെറിയ കുട്ടികള്‍ വരെയും രാമേട്ടന്റെ അതിഥികളാണ്. എല്ലാവര്‍ക്കും ഒരു പാഠശാലയുമാണ് ഈ കൃഷിയിടം. ഇത്തവണത്തെ വരവിന് പ്രത്യേകതയുണ്ട്. രാമന്റെ ഈ കൃഷിയിടത്തിന് പദ്മശ്രീയുടെ തിളക്കമുണ്ട്. പ്രതീക്ഷിച്ചത് പോലെ വീട്ടുമുറ്റത്ത് രാമേട്ടന്‍ തിരക്കിലാണ്. നിരവധി പേര്‍ അഭിന്ദനങ്ങളറിയിക്കാന്‍ നേരിട്ടെത്തിയിരിക്കുന്നു. എല്ലാവരോടും പതിവ് സൗഹൃദങ്ങളും ഊഷ്മളതയോടും കൂടി സന്തോഷം പങ്കിടുകയാണ് ഈ പൈതൃക കര്‍ഷകന്‍. വയനാടന്‍ ഗന്ധകശാലയുടെ സുഗന്ധം വിതറി അരിപ്പായസവുമായി എല്ലാവരെയും സ്വീകരിക്കുന്നതിന്റെയും തിരക്കിലാണ് കുടുംബമെല്ലാം. വീട്ട് മുറ്റത്തെത്തുന്ന എല്ലാവര്‍ക്കും തനിവയനാടന്‍ കാപ്പി നല്‍കുന്നതായിരുന്നു ചെറുവയലിന്റെ ശീലം. ഇത്തവണ അത് പായസമാക്കി. വൈകിയെങ്കിലും അര്‍ഹതപ്പെട്ട അംഗീകാരം തേടിയെത്തിയതില്‍ അഭിമാനമുണ്ട്. ഇത് മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന എല്ലാവര്‍ക്കുമായുള്ളതാണ് രാമന്‍ പറഞ്ഞു. ഇത്തവണത്തെ നഞ്ച കൃഷി കഴിഞ്ഞ് വയലെല്ലാം വിശാലമായി കിടക്കുന്നു. ഇതിനിടയിലാണ് പുരസ്‌കാരവുമെത്തുന്നത്.
സഞ്ചാരികളുടെ ഹോം ടൂര്‍
ഇറതാണ പുല്ലുമേഞ്ഞ വീടുകള്‍. നാലു പതിറ്റാണ്ട് മുമ്പ് വരെ ഗ്രാമവഴിയില്‍ സാധാരണമായ ഒരു കാഴ്ചയായിരുന്നു ഇതെങ്കില്‍ ഇന്നിവ കാണുന്നത് വളരെ ചുരുക്കം മാത്രം. സിനിമ സെറ്റുകളിലും മറ്റും പ്രാചീനമായ കേരളത്തെ പുനസൃഷ്ടിക്കുമ്പോള്‍ ഇവ താല്‍ക്കാലികമായി നിര്‍മ്മിക്കുന്നതൊഴിച്ചാല്‍ ഇത്തരം വീടുകള്‍ വെറും ഓര്‍മ്മചിത്രം മാത്രമായി ഒതുങ്ങും. ഇവിടെയാണ് കമ്മനയിലെ ചെറുവയല്‍ രാമന്‍ എന്ന പൈതൃക നെല്‍വിത്ത് കര്‍ഷകന്റെ പ്രസക്തി. കാലം പലതവണ കണ്‍മുന്നിലൂടെ മാറി മാറി ഒഴുകിയപ്പോഴും തന്റെ പൈതൃകത്തെ കൈക്കുമ്പിളില്‍ കാത്തുവെക്കുകയാണ് ആദിവാസിയും കൃഷിയുടെ ഉപാസകനുമായ ചെറുവയല്‍ രാമന്‍. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പുല്ലുമേഞ്ഞ വീടിനുള്ളിലാണ് ഇപ്പോഴും രാമന്റെ കുടുംബം കഴിയുന്നത്. വര്‍ഷാവര്‍ഷം മഴക്കാലം വരുന്നതിന് തൊട്ടുമുമ്പേ വീട് വരിച്ചിലുകളെല്ലാം പുതുക്കി നീളം കൂടിയ പുതിയ പുല്ലുമേഞ്ഞ് ഒരുക്കും. അഞ്ചും ആറും മുറികളുള്ള ഒന്നിലധികം വീടുകളാണ് ഒന്നിനൊന്ന് അഭിമുഖമായി ചെറുവയല്‍ തറവാട്ടിലുള്ളത്. എല്ലാം പുല്ലുമേഞ്ഞവ തന്നെയാണ്. ആറേക്കറോളം വയലും അത്രതന്നെ കരഭൂമിയുമെല്ലാമുള്ള രാമന്‍ ഇന്നും ഈ പുല്ലുമേഞ്ഞ വീട്ടില്‍ അന്തിയുറങ്ങുന്നതിന് കാരണം എന്തായിരിക്കണം. ആഡംബരത്തിന്റെ വലിയ സൗധങ്ങള്‍ വേണ്ട. ഈ ഭൂമിയില്‍ ഏറ്റവും ലളിതമായി മാത്രം മതിയെന്ന് ചിന്തിച്ചാല്‍ അങ്ങിനെയും ജീവിക്കാം. അത്യാഗ്രഹങ്ങളില്ലാത്തതും പ്രകൃതിയെ നോവിക്കാത്തതുമായ തന്റെ സ്വന്തം കാര്‍ഷിക ജീവിതം കൊണ്ടാണ് ഇതിനുത്തരം രാമന്‍ പറയുക. പരമ്പരാഗതമായി കൈമാറി കിട്ടിയതാണ് ഈ തറവാടും അതോടൊപ്പം വയനാടിന്റെ നാല്‍പ്പതോളം വരുന്ന അതിപുരാതനമായ നെല്‍വിത്തുകളും. വയനാട്ടില്‍ നിന്നും അന്യമായി പോയ 150ല്‍പ്പരം നെല്‍വിത്തുകളില്‍ നിന്നാണ് രാമന്‍ നാല്‍പ്പതിനങ്ങളെ കൊല്ലം തോറും കൃഷിയിറക്കി സംരക്ഷിക്കുന്നത്. വീടിന്റെ കുളിര്‍മ്മയുള്ള അകത്തളങ്ങളില്‍ കാലത്തെ തോല്‍പ്പിച്ചാണ് ഈ പൈതൃകം സംരക്ഷിക്കപ്പെടുന്നത്.

ചാണകം മെഴുകിയ വീട്
ഗ്രാനൈറ്റിനെക്കുറിച്ചും മാര്‍ബിളിനെക്കുറിച്ചുമെല്ലാം പുതിയ കാലം സംസാരിക്കുമ്പോള്‍ ചാണകം മെഴുകിയ തറയും മണ്‍ചുവരുമൊക്കെയുള്ള തന്റെ വീടിനെക്കുറിച്ചാണ് രാമന്‍ വാചാലനാവുക. വരയിട്ട് തളിച്ച മുറ്റത്തിനരികിലായി ഇറയത്തേക്ക് കാല്‍ നീട്ടിവെച്ച് പോയകാലത്തിന്റെ സമൃദ്ധിയെക്കുറിച്ചും വയനാടിന്റെ കൃഷി താളത്തെക്കുറിച്ചുമെല്ലാം രാമന്‍ സംസാരിക്കുമ്പോള്‍ ഇദ്ദേഹം വെറുമൊരു പഴഞ്ചനാണ് എന്നാരും കരുതേണ്ട. ഈയടുത്ത് കേരള ഗവര്‍ണര്‍ പി.സദാശിവമടക്കം രാജ്ഭവനിലേക്ക് അതിഥിയായി ക്ഷണിച്ച് ആദരിച്ച കര്‍ഷകനാണ് ഇയാള്‍. ഇന്ത്യയിലെ നിരവധി വേദികളില്‍ നിന്നും പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ശാസ്ത്ര കോണ്‍ഗ്രസ്സിലടക്കം തന്റെ ജീവിതമാകുന്ന പ്രബന്ധവും രാമന്‍ വള്ളിപുള്ളി വിടാതെ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വന്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന ജൈവമേഖലയിലെ സുഖശീതളിമയുള്ള ഈ ഇറയത്ത് അതിഥികള്‍ വരാത്ത ദിവസമില്ല. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയംഗങ്ങളും ഈ വീടിന്റെ ഇറയത്തിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒന്നാന്തരം വയനാടന്‍ കുത്തരിയുടെ പായസവും സദ്യയ്‌ക്കൊപ്പം രാമന്‍ ഇവര്‍ക്ക് വിളമ്പി. ഏത് വേനലിലും പെരുമഴയത്തുമെല്ലാം ഒരേ പോലയുള്ള ചൂടും തണുപ്പുമാണ് ഈ വീടിനുള്ളിലുള്ളത്. ഇറ തലമുട്ടും വിധം താഴ്ന്നതായതിനാല്‍ ഒരു കനത്ത കാറ്റും ഇതിനുള്ളിലേക്ക് അടിച്ചു കയറില്ല. നിലത്ത് മന്ദിരപായ വിരിച്ച് അതിഥികളെ അവിടെയാണ് ഇരുത്തുക. രാമനോടൊപ്പം ചമ്രം പടിഞ്ഞിരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരിക്കാനും ഈ വീട്ടുമുറ്റത്ത് നാട്ടിലെ പഴമക്കാരെല്ലാം ഇപ്പോഴും എത്താറുണ്ട്.രാമന്റെ സമനാതകളില്ലാത്ത ഈ ജീവിതം പ്രശസ്ത സംവിധായകന്‍ അവിര റിബേക്ക നികലുകള്‍ എന്ന പേരില്‍ സിനിമയുമാക്കി. രാമന്റെ വീട്ടില്‍ നിന്നു തന്നെ ചിത്രീകരിച്ച സിനിമയില്‍ മനോജ് കെ ജയനാണ് രാമനായി അഭിനയിച്ചത്. ഇങ്ങനെ അനേകം ഡോക്യുമെന്ററികളിലും ഹൃസ്വചിത്രങ്ങലിലുമായെല്ലാം ഈ വീടിന്റെ ഖ്യാതി പുറം ലോകത്താകെ പടര്‍ന്നിട്ടുണ്ട്.
വേറിട്ടൊരു ജൈവലോകം
ജൈവകൃഷിയോടൊപ്പം പഴമകളെ പരിപാലിക്കുന്ന കുറിച്യസമുദായത്തില്‍പ്പെട്ട രാമന് ഈ പുല്ലുമേഞ്ഞ വീടും പൈതൃക നെല്‍വിത്തുകളുമെല്ലാം എത്രാകാലം സൂക്ഷിക്കാന്‍ കഴിയുമെന്ന് നിശ്ചയമില്ല. എങ്കിലും പ്രകൃതിയോടിണങ്ങിയ ഇങ്ങനെയൊരു കാലവും വീടുമെല്ലാം ഈ നാട്ടിലുണ്ടായിരുന്നു എന്ന് പതുതുതലമുറയോട് പറയാന്‍ തന്റെ ജീവിതം കൊണ്ട് കഴിഞ്ഞു എന്നതിലാണ് അഭിമാനം. വീടിന്റെ മുകളില്‍ പുല്ലുമേയാന്‍ വീടിന്റെ മേല്‍ക്കൂരയിലെ വരിച്ചിലിടല്‍ മുതല്‍ മണ്‍കട്ട ചുട്ടെടുത്ത് ചുമരുകെട്ടാന്‍ വരെയും മറ്റാരെയും ആശ്രയിക്കേണ്ടതായിരുന്നില്ല പഴയകാലം. ഇതലെല്ലാം ചെയ്യാന്‍ വീട്ടുകാര്‍ക്ക് തന്നെ കഴിയും. ഇതിനായി കുടംബം ഒന്നാകെ ഇറങ്ങിതിരിക്കണം എന്നുമാത്രം. മരത്തിന്റെ കാതല്‍ ചെത്തിയുരുട്ടി ഉത്തരവും മുളകഴുക്കോലുകളും കാട്ടുവള്ളികളില്‍ കൂട്ടിക്കെട്ടിയാണ് മേല്‍ക്കൂരയും നിര്‍മ്മിക്കുക. പൊടിയും നുറക്കുകളുമെല്ലാം മാററി കുടഞ്ഞൊരുക്കി നീളം കൂടിയ വൈക്കോലിനെ ക്രമംതെറ്റാതെ ഓരോ പിടിയായി ഒന്നിനൊന്ന് ചേര്‍ത്തുവെച്ചാണ് പുരമേയുക. മഞ്ഞുകഴിഞ്ഞാല്‍ അതിരാവിലെ മഞ്ഞത്ത മേല്‍ക്കൂര വലിയ തോട്ടിവടികൊണ്ട് അടിച്ചൊതുക്കി കഴിയുന്നതോടെ മഴയും വെയിലും ഏല്‍ക്കാതെ ഒരാണ്ടു കഴിയാനുള്ള വീട് റെഡിയായി. ഇത്രമാത്രമായിരുന്നു ഒരു വീട് എന്ന സങ്കല്‍പ്പം പഴമക്കാരുടെ മനസ്സില്‍ ഒതുങ്ങി നിന്നത്. ആഢംബരത്തിന്റെയും ദൂര്‍ത്തിന്റെയും പുതിയ വില്ലകളില്‍ നിന്നും രാമന്റെ വിശേഷങ്ങളറിയാന്‍ എത്തുന്ന പുതിയ തലമുറയിലെ കുട്ടികളോടെല്ലാം ഇക്കഥകള്‍ രാമന്‍ തന്റെ വീടിന്റെ വരാന്തയിലുരുന്ന് പങ്കുവെക്കും. കാലം ഏറെ മാറി. ഈ വീടുകള്‍ നിര്‍മ്മിക്കാനും പുരമേയാനും അിറയുന്നവര്‍ പോലും അരങ്ങൊഴിഞ്ഞു പോകുന്നു. ഇക്കാലത്തിന്റെ അവസനാകാഴ്ചയായി ഈ പുല്ല് മേഞ്ഞ തറവാടിനെയും കാണാം.
.jpg?$p=a379b75&&q=0.8)
എല്ലാവരും അതിഥികള്‍
വര്‍ഷത്തില്‍ പതിനായിരത്തോളം സന്ദര്‍ശകര്‍ വന്നുപോകുന്ന ഒരു വീട് വേറെ എവിടെയാണുണ്ടാവുക. അതിരാവിലെ മുതല്‍ രാമന്റെ പുല്ല് വീട്ടിലേക്ക് സന്ദര്‍ശകരെത്തി തുടങ്ങും. ഇന്നും ഇന്നലെയുമല്ല. എത്രയോ കാലങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ് ഈ വിരുന്നുകള്‍. കൃഷിയിടത്തില്‍ തിരക്കിലാവുമ്പോഴും അവിടെ നിന്നും സന്ദര്‍ശകരോട് രാമന്‍ ജീവിതം പറയും. ഇതിനിടയില്‍ കോളേജുകളില്‍ നിന്നും സ്‌കൂളില്‍ നിന്നുമെല്ലാം രാമനൊപ്പം ചെളിയിലിറങ്ങി കൃഷി ചെയ്യാനും കുട്ടികളെത്തും. മണ്ണിനെ അറിയാന്‍ പ്രകൃതിയെ അറിയാന്‍ ഈ യാത്രയെല്ലാം വെറുതെയാവില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ രാമനുണ്ട്. അഞ്ചാം തരം വരെ മാത്രമാണ് പഠിച്ചെതെങ്കിലും ജീവിതമെന്ന വലിയ പാഠശാലയില്‍ നിന്നും ആര്‍ജ്ജിച്ചതാണ് എല്ലാം. പൈതൃകമായ സമ്പാദിച്ചതാണ് എല്ലാ അറിവുകളും. വയനാടിന്റെ സ്വഭാവികതയില്‍ മുള പൊട്ടി വളര്‍ന്ന തനത് നെല്‍വിത്തുകള്‍ പോലെ തന്നെ മണ്ണില്‍ വേരാഴ്ത്തി വളര്‍ന്നതാണ് ഈ ജീവിതവും. പുതിയ കാലം വെറും മണ്ണില്‍ വളരുന്നവരുടേത് കൂടിയാണെന്ന് രാമന്‍ പറയും. ഇത് തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം. പുല്ല് വീട്ടില്‍ വിളക്ക് തെളിഞ്ഞു. ചെറുവയലില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ നേരമിരുട്ടി. ഒരായുഷ്‌ക്കാലം പൈതൃകങ്ങളുടെ കാവലാളായിനിന്ന ഒരു കര്‍ഷകനും ഈ ചെറിയ ലോകവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ പുല്ല് വീട്ടില്‍ ഏറ്റവും അര്‍ഹതയുള്ള കരങ്ങളിലേക്ക് ഏറ്റവും വലിയ ആദരം.
Content Highlights: cheruvayal raman home wayanad travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..