
ഓരോ മാസവും എതെല്ലാം വിളകൾ കൃഷി ചെയ്യാനാണ് അനുയോജ്യമെന്നുംഎന്തെല്ലാം വളപ്രയോഗമാണ് നടത്തേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ സമയത്ത് നടുന്നതും ശരിയായ പരിചരണം നൽകേണ്ടതും അത്യാവശ്യമാണ്. ജൂലായ് മാസത്തെ കൃഷിപരിപാലനം അറിയാം.
നടീൽ ഉത്സവമായി തിരുവാതിര ഞാറ്റുവേല
രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നുപോകാൻ സൂര്യന് വേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. 27 ഞാറ്റുവേലകൾ ഉണ്ട്. അവയ്ക്ക് 27 നക്ഷത്രങ്ങളുടെ (നാളുകളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏതു നക്ഷത്രത്തിന്റെ കൂടെ നിൽക്കുന്നുവോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുന്നത്. കേരളീയർ ഞാറ്റുവേലക്കാലം അനുസരിച്ച് കാർഷികചക്രം രൂപപ്പെടുത്തിയിട്ടുണ്ട്.
തിരുവാതിര ഞാറ്റുവേല ഞാറ്റുവേലകളുടെ രാജാവ് എന്നറിയപ്പെടുന്നു. കൊമ്പൊടിച്ച് കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുള്ള ഒരു പഴമൊഴി. ജൂൺ 22-ന് ആരംഭിച്ച് ജൂലൈ 5 വരെ നീളുന്നതാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലക്കാലം. മഴയും വെയിലും ഒരുപോലെ ലഭിയ്ക്കുന്നതിനാൽ ഏറ്റവും യോജിച്ച നടീൽകാലമായി തിരുവാതിര ഞാറ്റുവേല മാറുന്നു. കൃഷിപ്പണികൾക്കും ഉത്തമമാണ് ഈ ഞാറ്റുവേല. തിരുവാതിര ഞാറ്റുവേലയിൽ തന്നെയാണ് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ വള്ളികൾ നടാൻ ഏറ്റവും അനുയോജ്യമായ കാലവും.
നെല്ലിന് വളം നൽകാം
പൊടിവിത നടത്തിയ പാടങ്ങളിൽ ചിറപ്പ് പൊട്ടുന്നതോടെ കളയെടുപ്പ് പൂർത്തിയാക്കിയതിനുശേഷം മേൽവളം നൽകാം. വളപ്രയോഗം നടത്തുന്നതിന്റെ തലേദിവസം പാടത്തുനിന്നും വെള്ളം വാർത്തുകളയണം. വളം വിതറിയതിന് ശേഷം 14 മണിക്കൂർ കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റാം. ജലലയ വളങ്ങൾ ഇലകളിൽ നേരിട്ട് കൊടുക്കാവുന്നതുമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ രീതി വളരെ ഫലപ്രദമാണ്. വിത കഴിഞ്ഞ കുട്ടനാടൻ പാടങ്ങളിൽ മൂന്നാഴ്ച വരെ കളനിയന്ത്രണത്തിൽ പ്രത്യേക ശ്രദ്ധവേണം. ജൂൺ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളിൽ 30-35 ദിവസത്തിനകം മേൽവളം നൽകണം. പൊക്കാളി പാടങ്ങളിൽ രണ്ടാം വാരത്തോടുകൂടി ഞാറ് പറിച്ച് നടാം. ഹെക്ടർ ഒന്നിന് 500 കിലോ കുമ്മായം ചേർത്തതിന് ശേഷമാണ് ഞാറ് നടേണ്ടത്. കരനെൽകൃഷി ചെയ്ത പാടങ്ങളിൽ കളയെടുപ്പും വളപ്രയോഗവും ഇപ്പോൾ നടത്താം. നെൽകൃഷിയുടെ വളപ്രയോഗം ടേബിളിൽ നൽകുന്നു.
നെൽവളങ്ങൾ ഏക്കർ ഒന്നിന് (കിലോ ഗ്രാമിൽ)
| ഇനം | യൂറിയ | രാജ്ഫോസ് | പൊട്ടാഷ് |
| ഉമ, ജ്യോതി | 80 | 90 | 30 |
| നിലം കൃഷി | 62 | 70 | 24 |
| കര കൃഷി | 52 | 60 | 21 |
| നാടൻ ഇനങ്ങൾ | 30 | 90 | 21 |
| കുട്ടനാട് പൊതുശുപാർശ | 80 | 90 | 30 |
| കോൾനിലം ഹ്രസ്വഇനം | 80 | 70 | 30 |
| കോൾനിലം ഇടത്തരം മൂപ്പ് | 96 | 90 | 30 |
നെല്ലിന്‍റെ പ്രധാന വളർച്ച ഘട്ടങ്ങളായ ഞാറു പരുവത്തിലും ചിനപ്പുപൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്ന് തുല്യ അളവുകളിൽ നൈട്രജൻ പൊട്ടാഷ് ഇവ നൽകണം. ഫോസ്ഫറസ് പൂർണമായും അടിവളമായാണ് നൽകേണ്ടത്. ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ നൽകുന്ന രീതിയും അവലംബിക്കാം. ചിനപ്പ് പൊട്ടുന്ന സമയത്താണ് ഈ രീതി ഏറ്റവും അനുയോജ്യം. ഒരേക്കറിൽ തളിയ്ക്കാൻ ആവശ്യമായ നാനോ യൂറിയയുടെ അളവ് 500 മില്ലി ലിറ്റർ ആണ്. 2 മുതൽ 4 മില്ലി ലിറ്റർ നാനോ യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നെല്ലിന് തളിച്ച് കൊടുക്കാം.
നെൽപ്പാടങ്ങളിൽ സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങൾ അവലംബിയ്ക്കേണ്ടതാണ്. ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് (ട്രൈക്കോഗ്രമ്മ ചിലോണിസ്) ഏറെ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മയുടെ മുട്ടകൾ അടക്കം ചെയ്ത കാർഡുകളാണ് ലഭിയ്ക്കുന്നത്. ഒരേക്കറിന് 40,000 മുട്ടകൾ ഒരു തവണ വേണ്ടി വരും. ഇപ്രകാരം 4-6 തവണ ഒരു കൃഷിക്ക് പ്രയോഗിക്കേണ്ടതാണ്. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പലഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം(50 SP) ഒരേക്കറിന് എന്ന അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് നൽകാം. തണ്ടുതുരപ്പന്റെ പെൺശലഭങ്ങളുടെ ഹോർമോൺ ഉപയോഗിച്ച് അവയുടെ ആൺശലഭങ്ങളെ ആകർഷിച്ച് കെണിയിൽ കുടുക്കി നശിപ്പിക്കാം. ഇപ്രകാരം തണ്ടുതുരപ്പനെ ഫിറമോൺ കെണി ഉപയോഗിച്ച് ഒരു പരിധിവരെ നിയന്ത്രിയ്ക്കാം.
ചിനപ്പ്പൊട്ടുന്നതുമുതൽ അടിക്കണ പരുവം വരെ പോളരോഗത്തിന് സാധ്യത ഏറെയാണ്. പോളരോഗം സ്ഥിരമായി കാണുന്ന പാടങ്ങളിൽ പൊട്ടാഷിന്റെ അളവ് നിർദേശിച്ചതിന്റെ പകുതിക്കൂടി നൽകാം കൂടാതെ ഡ്യൂഡോമോനൊസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിലും സ്പ്രേ ചെയ്യാം. കുഴൽപ്പുഴുവിന്റെ ആക്രമണമുണ്ടായാൽ പാടത്തുനിന്നു വെള്ളം വാർത്തുകളഞ്ഞ് നിയന്ത്രിക്കാം.
നെൽകൃഷി ചെയ്തപാടങ്ങളിൽ ചിതൽ ശല്യമുണ്ടായാൽ മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ പ്രയോഗിക്കാം. ആക്രമണം രൂക്ഷമായാൽ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി 40 മില്ലി ലിറ്റർ ഒരേക്കർ എന്ന അളവിൽ 150 ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാം.
തെങ്ങ്
തെങ്ങിൻ തൈകൾ നടാൻ അനുയോജ്യമായ സമയമാണിത്. കൂടാതെ വളപ്രയോഗം നടത്താത്ത തെങ്ങുകൾക്ക് വളം നൽകാനും ഉത്തമം. നല്ല പരിചരണം നൽകുന്നതും മഴയെ ആശ്രയിക്കുന്നതുമായ തോട്ടങ്ങളിൽ യൂറിയ, രാജ്ഫോസ്, മ്യൂറേജ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-300 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചനം നടത്തുന്ന തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270ഗ്രാം, 275-500 ഗ്രാം വീതവും നൽകും.
തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരിക, അഴുകിയ മണ്ടയിൽ നിന്നും അസഹ്യമായ ദുർഗന്ധം .വമിക്കുക എന്നിവ രോഗ ലക്ഷണങ്ങളാണ്. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിയ്ക്കുക, മുറിപ്പാടിലും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യുക. മൊട്ടുസൂചികൊണ്ട് തുളയിട്ട പായ്ക്കുകളിൽ മാങ്കോസെബ് എന്ന കുമിൾനാശിനി 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ട് താഴെയുള്ള 2-3 ഓലക്കവിളുകളിൽ നൽകാം. മഴക്കാലമായതിനാൽ ഇപ്പോൾ ചെയ്യാവുന്നതാണ്.
ചെന്നീരൊലിപ്പ് രോഗം ബാധിച്ചാൽ തെങ്ങിൻ തടിയുടെ ചുവടുഭാഗത്തുള്ള വിള്ളലുകളിലൂടെ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. കൂടാതെ പുറംഓലകൾ മഞ്ഞളിച്ച് തൂങ്ങുന്നു. കേട് വന്ന ഭാഗങ്ങൾ ചെത്തിമാറ്റി മുറിവിൽ ഹെക്സാകോണസോർ (കോണ്ടാഫ്) 5 മില്ലി ലിറ്റർ 100 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് പുരട്ടി രോഗം നിയന്ത്രിയ്ക്കാം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടകര ചാണകം തടത്തിൽ ഇട്ടുകൊടുക്കുകയുമാവാം..
അതാത് പ്രദേശത്തിന് യോജിച്ച ഇനം തെങ്ങിൻ തൈകൾ വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. അംഗീകൃത നഴ്സറികളിൽനിന്നു ഗുണമേന്മയുള്ള തൈകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. മണൽപ്രദേശത്ത് എടുക്കേണ്ട കുഴിയുടെ വലിപ്പം 75 സെന്റി മീറ്റർ X 75 സെന്റി മീറ്റർ ആണ്. വെട്ടുകല്ല് പ്രദേശങ്ങളിൽ 1.2 സെന്റി മീറ്റർ X 1.2 സെന്റി മീറ്ററും മറ്റ് സ്ഥലങ്ങളിൽ 1മീറ്റർ X 1മീറ്റർ X 1മീറ്റർ എന്നിങ്ങനെയാണ്. കുഴിയുടെ 3/4 ഭാഗം മേൽമണ്ണ്, ഉണക്കച്ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർന്ന മിശ്രിതം നിറച്ചശേഷം പിള്ളക്കുഴിയെടുത്ത് തൈകൾ നടാം.
തെങ്ങിന് കൊമ്പൻചെല്ലിയുടെ ആക്രമണം തടയുന്നതിനായി ക്ലോറാൻ ട്രാനിലിപ്രോൾ 0.4 ജി(ഫെർട്ടറ) 5 ഗ്രാം വീതം പ്ലാസ്റ്റിക് കവറുകളിലാക്കി മൊട്ടുസൂചികൊണ്ട് ചെറിയ ഓട്ടയിട്ട് ഒരു തെങ്ങിന് രണ്ടെണ്ണം എന്ന തോതിൽ കൂമ്പിന് ചുറ്റും വയ്ക്കുക. കൂടാതെ ഫിറോമോൺ കെണികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്ഥാപിക്കാം.
വാഴ
നട്ടവാഴകൾക്ക് വളം നൽകുവാനും വാഴക്കന്നുകൾ നടാനും വളരെ അനുയോജ്യമായ സമയമാണിത്. 50 സെന്റി മീറ്റർ X 50 സെന്റി മീറ്റർ X 50 സെന്റി മീറ്റർ എന്ന അളവിൽ കുഴിയെടുക്കണം. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ 10 കിലോ പ്രകാരം കുഴിയൊന്നിന് നൽകാം. കൂടാതെ 1/5 കിലോഗ്രാം വേപ്പിൻ പിണ്ണാക്കും കന്ന് നടുമ്പോൾ തന്നെ കൊടുക്കണം. ഒരു വാഴയ്ക്ക് നൽകേണ്ട രാസവളപ്രയോഗം (ഗ്രാമിന് ) ചുവടെ ചേർക്കുന്നു.
| വളം നൽകേണ്ട ഘട്ടങ്ങൾ, | യൂറിയ | രാജ്ഫോസ് | മ്യൂറേട്ട് ഓഫ് പൊട്ടാഷ് |
| നട്ട് ഒരു മാസത്തിന് ശേഷം | 87 | 361 | 96 |
| നട്ട് രണ്ട് മാസത്തിന് ശേഷം | 65 | 278 | 100 |
| നട്ട് മൂന്ന് മാസത്തിന് ശേഷം | 65 | 00 | 100 |
| നട്ട് നാല് മാസത്തിന് ശേഷം | 65 | 00 | 60 |
| നട്ട് അഞ്ച് മാസത്തിന് ശേഷം | 65 | 00 | 60 |
| കുലച്ചതിന് ശേഷം (ഉടനെ) | 65 | 00 | 00 |
മഴക്കാലത്ത് വയലുകളിൽ നട്ട വാഴയിലാണ് കടചീയൽ രോഗം കൂടുതലായി കാണുന്നത്. വാഴയിലകൾ മഞ്ഞളിച്ച് ഒടിഞ്ഞുതൂങ്ങുന്നു. വാഴയുടെ മാണവും കന്നുകളും അഴുകിത്തുടങ്ങുന്നു. അവസാനം വാഴത്തട മണ്ണിന് തൊട്ട് മുകളിൽവെച്ച് ഒടിഞ്ഞ് വീഴുന്നു. നീർവാർച്ച ഉറപ്പുവരുത്തുക, സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക എന്നിങ്ങനെ രോഗത്തെ പ്രതിരോധിക്കാം രോഗബാധയുള്ള വാഴയ്ക്ക് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ഇട്ടുകൊടുക്കുക. ആക്രമണം രൂക്ഷമെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് (കൊസെഡ്) രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. സിഗാടോക്ക രോഗം ബാധിച്ച വാഴകൾക്ക് കോണ്ടാഫ്/ടിൽറ്റ് 1 മില്ലി ലിറ്റർ 1 ലിറ്റർ വെള്ളത്തിൽ കലക്കി പശ (സാൻഡോവിറ്റ് 1 മില്ലി ലിറ്റർ 1 ലിറ്റർ ലായനിക്ക്) ചേർത്ത് തളിയ്ക്കുക.
ഓണസമൃദ്ധിക്കായ് പച്ചക്കറികൾ നടാം
കൃത്യമായ പരിചരണം നൽകിയാൽ മികച്ച വിളവെടുപ്പ് ഉറപ്പാക്കാം.പച്ചക്കറി കൃഷിക്കായി നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ച ഉള്ളതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാൻ. കുമ്മായം ഇട്ട് പാകപ്പെടുത്തിയ തടങ്ങളിൽ വേണം പച്ചക്കറി വിത്ത്/തൈകൾ നടാൻ. മണ്ണിൽ ജൈവാംശം നിലനിർത്തുക, ട്രൈക്കോഡർമ്മ ചേർത്ത് സമ്പൂഷ്ടീകരിച്ച ചാണകം ചേർക്കുക, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ തടങ്ങളിൽ ചേർക്കുകഎന്നിവ പ്രധാനമാണ്. ഓണക്കാലമല്ലേ ഒരു ബന്ദിപ്പൂവേലിക്കൂടി ആയാൽ ടു ഇൻ വൺ മെച്ചം. കീടനിയന്ത്രണവും ഒപ്പം പൂക്കളും ഒരുക്കാം.
നടാൻ ഗുണമേന്മയുള്ള വിത്ത്/തൈകൾ വേണം തിരഞ്ഞെടുക്കാൻ. പാവൽ, പടവലം, പയർ, വെള്ളരി തുടങ്ങിയവ വള്ളി വീശി തുടങ്ങുമ്പോഴേയ്ക്കും മേൽവളം നൽകാം. തക്കാളി വർഗ്ഗങ്ങൾക്ക് ഇളക്കിനട്ട് ഒരു മാസം കഴിഞ്ഞ് മേൽവള ശുപാർശയുടെ പകുതിയും അടുത്ത ഒരു മാസത്തിനുശേഷം ബാക്കിയും നൽകാം. ചീരയ്ക്ക് പല തവണകളായി യൂറിയ നൽകാം. വെണ്ട വിത്ത് പാകി ഒരു മാസത്തിനുശേഷമാണ് മേൽവളം നൽകേണ്ടത്.
ജൈവകൃഷി രീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇവ ഓരോ കിലോഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ 5 ദിവസം പുളിപ്പിച്ചശേഷം ഇരട്ടി നേർപ്പിച്ച് ഒരു ലിറ്റർ വീതം ആഴ്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.
കീടനിയന്ത്രണം പ്രധാനം
പുഴു, ഈച്ച, വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറിയിൽ സാധാരണമാണ്. വേപ്പധിഷ്ടിത കീടനാശിനികൾ (അസാഡിറക്റ്റിൻ 1% 3 മില്ലി ലിറ്റർ /1 ലിറ്റർ) വളരെ ഫലപ്രദമായി പ്രയോഗിക്കാം. വെള്ളരി വർഗ്ഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cuelure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ/നീല കെണികൾ സ്ഥാപിക്കുന്നത് കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം. മുളക്, വഴുതന, വെണ്ട, തക്കാളി എന്നിവയിലെ മണ്ടരി ആക്രമണത്തിനെതിരെ ഒബറോൺ (Oberon) 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചുകൊടുക്കുക. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്ളൂബെൻഡയമൈഡ് 480 SC 1 മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. കൂടാതെ, ജൈവ കീടനാശിനിയായ സ്യൂഡോമോണസ്, ബ്യൂവേറിയ ബാസിയാന എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്.
ചീരയ്ക്ക് മഴക്കാലത്ത് ഇലപ്പുള്ളിരോഗം കൂടുതലായി കണ്ടുവരുന്നു. പച്ചച്ചീരയും ചുവപ്പ് ചീരയും ഇടകലർത്തി നടുക, സ്യൂഡോമോണസ് തളിച്ചു കൊടുക്കുക, 4 ഗ്രാം മഞ്ഞൾപ്പൊടിയും 1 ഗ്രാം അലക്കുകാരവും അല്പം കായവും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. എന്നിങ്ങനെ ഇലപ്പുള്ളി രോഗത്തെഫലപ്രദമായി നിയന്ത്രിക്കാം.
പച്ചക്കറി കൃഷിയിലെ ജൈവ, രാസവള പ്രയോഗം (ഒരു സെന്റ്)
| ഇനം | ചാണകപ്പൊടി കിലോ ഗ്രാം | യൂറിയ ഗ്രാം | രാജ്ഫോസ് ഗ്രാം | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് ഗ്രാം | ||
| അടിവളം | അടിവളം | മേൽവളം | അടിവളം | അടിവളം | മേൽവളം | |
| ചീര | 200 | 430 | 400 | 1000 | 330 | |
| വെണ്ട | 50 | 450 | 220 | 160 | 170 | |
| പയർ | 80 | 170 | 85 | 600 | 70 | |
| കത്തിരി | 80 | 650 | 330 | 800 | 170 | 85 |
| വഴുതന | 80 | 650 | 650 | 800 | 170 | 85 |
| തക്കാളി | 80 | 650 | 650 | 800 | 170 | 85 |
| മുളക് | 80 | 650 | 650 | 800 | 170 | 85 |
| വെള്ളരി | 80 | 610 | 300 | 500 | 170 | |
| പടവലം | 80 | 610 | 300 | 500 | 170 | |
കുരുമുളക്
കറുത്ത പൊന്ന് എന്ന് അറിയപ്പെടുന്ന കുരുമുളക് വള്ളികൾ നടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. കഴിവതും വേരു പിടിപ്പിച്ച വള്ളികൾ തന്നെ നടുക. നല്ല നീർവാർച്ചയുള്ള സ്ഥലങ്ങൾ വേണം നടാൻ തിരഞ്ഞെടുക്കാൻ. യാതൊരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. 50X50X50 സെന്റി മീറ്റർ വലിപ്പമുള്ള കുഴികൾ തയ്യാറാക്കി കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം.
ട്രെക്കോഡർമ്മ ചേർത്ത് സമ്പൂഷ്ടീകരിച്ച ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് ഇവ നടുന്നതിനു മുമ്പായി ചേർത്തു കൊടുക്കണം. താങ്ങുകാലിൽ നിന്നും 35-45 സെന്റി മീറ്റർ ദൂരത്തിൽ ആകണം കുഴിയെടുക്കേണ്ടത്. ഒരു കുഴിയിൽ ആരോഗ്യമുള്ള ഒന്നോ രണ്ടോ വള്ളികൾ നടുന്നതാണ് ഉത്തമം. നിലവിലുള്ള ചെടി ഒന്നിന് 108 ഗ്രാം യൂറിയ, 108 ഗ്രാം രാജ്ഫോസ്, 255 ഗ്രാം പൊട്ടാഷ് എന്ന അളവിൽ നൽകണ്ടേതാണ്. ഇത് വർഷത്തിൽ രണ്ടു തവണകളായി നൽകുക. ജൂൺ-ജൂലായ് മാസത്തിലും ഒക്ടോബർ-നവംബർ മാസത്തിലും നൽകുന്നതാണ് ഉത്തമം.
പൊള്ളുവണ്ടിനെതിരെ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം തളിക്കണം. പൊള്ളുരോഗത്തിനെതിരെ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളം / സ്യൂഡോമോണസ് 2 ശതമാനം (20 ഗ്രാം/ലിറ്റർ) എന്ന തോതിലോ തളിക്കണം. തണൽ ക്രമീകരണവും നടത്തേണ്ടതാണ് ദ്രുതവാട്ടം നിയന്ത്രിക്കുന്നതിനായി ബോർഡോ മിശ്രിതം 1% തളിച്ചുകൊടുക്കണം. രോഗബാധ ഗുരുതരമായാൽ ബോർഡോ മിശ്രിതം 1% അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 2% (2 ഗ്രാം/1 ലിറ്റർ) വള്ളികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.
ഇഞ്ചി, മഞ്ഞൾ
ഇപ്പോൾ നടീൽ കഴിഞ്ഞ് ഏകദേശം 45 മുതൽ 60 ദിവസം വരെ ആയേക്കാം. കളയെടുപ്പ്, വളപ്രയോഗം, ചാലുകളിൽ നീർവാർച്ച എന്നിവ ഉറപ്പാക്കുക, ചുവട്ടിൽ മണ്ണ് ഉയർത്തുക, പുതയിടീൽ മുതലായവ കൂടി ചെയ്യണം. നട്ട് 60 ദിവസത്തിനുശേഷം സെന്റ് ഒന്നിന് 325 ഗ്രാം യൂറിയ നൽകാം. മൂടുചീയൽ രോഗത്തിനെ പ്രതിരോധിക്കുവാനായി ട്രൈക്കോഡർമ്മ, ബോർഡോ മിശ്രിതം 1% എന്നിവ തടങ്ങളിൽ നൽകേണ്ടതാണ്.
ഗ്രാമ്പൂ, ജാതി
കളനിയന്ത്രണം, നീർവാർച്ച ഉറപ്പാക്കുക, വളപ്രയോഗം നടത്തുക. കുമിൾ രോഗങ്ങൾക്കെതിരായി ബോർഡോ മിശ്രിതം 1% തളിച്ചുകൊടുക്കുക. ജാതിയിലെ ശൽക്കകീടങ്ങളെ നിയന്ത്രിക്കുന്നതിനായി ഡയമത്തോയേറ്റ് 1-2 മില്ലി ലിറ്റർ /1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കണം.
മാവ്
ഒട്ടുമാവ് തൈകളുടെ ഒട്ടിച്ച ഭാഗത്തിന് താഴെ മുളച്ചുനിൽക്കുന്ന ചിനപ്പുകൾ ശ്രദ്ധയോടെ നീക്കം ചെയ്യണം. മാവുകളുടെ ചില്ലയുണക്കം ബാധിച്ച കൊമ്പുകൾ കേടുവന്ന ഭാഗത്തിന് താഴെ വെച്ച് മുറിച്ചുമാറ്റി മുറിപ്പാടിൽ ബോർഡോ കുഴമ്പ് പുരട്ടിയതിന് ശേഷം മഴക്കാലമായതിനാൽ ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടി വെക്കേണ്ടതാണ്. വളപ്രയോഗവും തുടരാം.
കിഴങ്ങുവർഗ്ഗങ്ങൾ
മരച്ചീനിക്ക് കളകൾ നീക്കം ചെയ്ത് ജൈവവളം ചേർത്ത് ചുവട്ടിൽ മണ്ണ് അടുപ്പിക്കാം. ചേന, ചേമ്പ്, കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ് തുടങ്ങിയ വിളകൾക്ക് വളപ്രയോഗം നടത്തണം. കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ (ബാർസോപ്പ് കൂടി യോജിപ്പിച്ച്) എന്ന തോതിൽ തളിച്ചുകൊടുക്കണം.
ഓർക്കിഡ് കൃഷി
മഴക്കാലമായതിനാൽ ഓർക്കിഡ് ചെടികളിൽ കുമിൾ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രാസവള പ്രയോഗമാണ് ഈ സമയത്ത് കൂടുതൽ അഭികാമ്യം. കുമിൾ ബാധക്കെതിരായി സാഫ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തളിച്ചു കൊടുക്കാം. 19:19:19 രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന അളവിലും നൽകണം.
കൂൺ കൃഷി
കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. പുതുതായി കൃഷിയിലേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് ഇപ്പോൾ കൃഷി ആരംഭിക്കാം. മികച്ച ഉല്പാദനം ലഭിക്കുന്നതിനാൽ സംസ്‌കരിച്ച വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ കൂടി ആരംഭിക്കുക.
മുറ്റത്തും പാടത്തും പൂപ്പാടമൊരുക്കാൻ ചെണ്ടുമല്ലിയും കൂട്ടരും
നമ്മുടെ സ്വന്തം പൂക്കൾകൊണ്ട് അത്തപ്പൂക്കളം ഒരുക്കിയാലോ? ഇനി സമയം പാഴാക്കാനില്ല. ഇപ്പോൾ തുടങ്ങണം, അതും കൃത്യമായ കൃഷി പരിപാലനമുറകൾ അവലംബിച്ചു മാത്രം. എങ്കിൽ, വിളവെടുപ്പു ഗംഭീരമാവും. നല്ല നീർവാർച്ചയും സൂര്യപ്രകാശം ലഭിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും ചെണ്ടുമല്ലി വാടാമുല്ല കോഴി വാലൻ എന്നിവ നന്നായി വളരും. ഒരടി വീതിയും ഒരടി താഴ്ച്ചയുമുള്ള ചാലുകൾ എടുക്കുക. സെന്റ് ഒന്നിന് 2-3 കിലോഗ്രാം കുമ്മായം ചേർത്തു കൊടുക്കണം. പാകപ്പെടുത്തിയ മണ്ണിൽ സമ്പുഷ്ടീകരിച്ച ചാണകം ഒരു സെന്റിന് 100 കിലോഗ്രാം ചേർക്കുക. നഴ്‌സറികളിൽനിന്നു ഗുണമേന്മയുള്ള തൈകൾ നടാൻ തിരഞ്ഞെടുക്കണം. ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങൾ ചെണ്ടുമല്ലി തൈകൾ ലഭ്യമാണ്. ഡബിൾ ഓറഞ്ച്, പൂസനരംഗി, ഗൈന്ത, അർക്ക അഗ്തി, റോയൽ ഓറഞ്ച് എന്നിവ ഓറഞ്ച് നിറത്തിലുള്ള പൂക്കൾ തരുന്ന മികച്ച ഇനങ്ങളാണ്. പൂസ ബസന്തി ഗൈന്ത, അർക്ക ബംഗാറ, ഡബിൾ യെല്ലോ എന്നിവ മഞ്ഞ നിറമുള്ള പൂക്കൾ തരുന്നു. ഫ്രഞ്ച് വാനില ഹൈബ്രിഡ്, എഫ്-2 എന്നിവ മനോഹരമായ വെള്ളപ്പൂക്കൾ നൽകുന്ന ചെണ്ടുമല്ലി ഇനങ്ങളാണ്.
ചാലിൽ ഒന്നര അടി അകലത്തിൽ തൈകൾ നടാം. സെന്റ് ഒന്നിന് 200 മുതൽ 250 വരെ തൈകൾ നടാവുന്നതാണ്. ഒരു സെന്റിൽ ഫാക്ടംഫോസ് 102 കിലോഗ്രാം, യൂറിയ 400 ഗ്രാം, പൊട്ടാഷ് 200 ഗ്രാം എന്നിങ്ങനെ അടിവളമായി കൊടുക്കണം. നട്ട് രണ്ടാഴ്ച്ചയ്ക്കു ശേഷം തലപ്പ് ഒരു സെന്റി മീറ്റർ നീളത്തിൽ നുള്ളിക്കളയണം. നട്ട് ഒരു മാസത്തിനു ശേഷം യൂറിയ ഒരു കിലോഗ്രാം, പൊട്ടാഷ് 200 ഗ്രാം എന്നിങ്ങനെ ഒരു സെന്റിന് കൊടുക്കാം. ഇതേസമയം തന്നെ, ചെടികളുടെ ചുവട്ടിലേക്ക് മണ്ണ് അടുപ്പിച്ചു o നൽകാം. പൂക്കാൻ തുടങ്ങുമ്പോൾ സമീപത്ത് കുറ്റി നാട്ടിനിർത്തണം.
പൂമൊട്ടുകൾ തിന്നുന്ന പുഴുക്കൾ ഉണ്ടെങ്കിൽ 20 ഗ്രാം ബ്യുവേറിയ ബാസിയാന എന്ന മിത്രക്കുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സോപ്പുലായനി കൂടി ചേർത്ത് തളിച്ചു കൊടുക്കുക. പുഴുശല്യം കൂടുതലാണെങ്കിൽ കൊറോജൻ എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പശയും(അര മില്ലി ലിറ്റർ ക്രോപ്‌വിറ്റ് ഒരു ലിറ്റർ വെള്ളത്തിൽ) ചേർത്തു തളിച്ചു നൽകാം. ആവശ്യാനുസരണം ജലസേചനം ഉറപ്പാക്കണം.
തലപ്പ് നുള്ളിയതിനു ശേഷം ഇടയ്ക്ക് 19ഃ19ഃ19ഃ നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കൊടുക്കാവുന്നതാണ്. ചെടികൾ നട്ട് രണ്ടര മാസം വരെ പൂക്കൾ ലഭിക്കും. ചെണ്ടുമല്ലിയോടൊപ്പം വാടാമല്ലിയും കോഴിവാലനും നടാവുന്നതാണ്. പുഷ്പ കൃഷിയിലെ നവാഗതർക്ക് സംശയ നിവാരണത്തിനായി നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ ഇവിടെ വിശദീകരിച്ചിട്ടുണ്ട്
മഴക്കാലമല്ലേ, കൃഷിയിടത്തിലും കരുതൽ വേണം
മഴക്കാലത്ത് കൃഷിയിടങ്ങളിൽ രോഗകീടബാധ താരതമ്യേന കൂടുതലായിരിക്കും. അതിനാൽ കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുക. നീർവാർച്ച സുഗമമാക്കുക, കളനിയന്ത്രണം നടത്തുക. കൃഷിയിടങ്ങളിൽനിന്നു ചപ്പുചവറുകൾ നീക്കം ചെയ്ത് വൃത്തിയായിസൂക്ഷിക്കുക എന്നിവയിൽ ജാഗ്രത പുലർത്തണം. ഒച്ചിന്റെ ശല്യവും രൂക്ഷമായി വന്നേക്കാം. ഉപ്പ്j വിതറിയോ തുരിശ് ലായനി(10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളം) തളിച്ചോ രാത്രി സമയത്ത് ഈർപ്പമുള്ള ചണച്ചാക്കിൽ ക്യാബേജ് കഷണങ്ങൾ ഇട്ട് കെണിയൊരുക്കിയോ ഒച്ചിനെ നശിപ്പിക്കാം.
Content Highlights: Best crops to cultivate in July in Kerala, fertilizer guide, pest control
Published: 02 Jul 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented