
ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും വളപ്രയോഗവും മറ്റു പരിപാലനരീതികളും അറിഞ്ഞിരിക്കേണ്ടതും കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഓഗസ്റ്റ് മാസത്തെ കൃഷി പരിപാലനം എങ്ങനെയെന്നറിയാം.
നെൽകൃഷി
മുൻകൂട്ടി വിതച്ച പാടങ്ങൾ ഈ മാസം കൊയ്ത്തിനു പരുവമാകും. കൊയ്ത്തിനു രണ്ടാഴ്ച്ച മുമ്പ് വെള്ളം വാർത്തു കളയണം. വിത്തിനുള്ള നെല്ല് പ്രത്യേകം മാറ്റണം.
കരിഞ്ചാഴി ആക്രമണം രൂക്ഷം, ഇല കരിച്ചിലിന് കാരണമായ ബാക്ടീരിയ പടരുന്നു; ജാഗ്രത വേണം
നെൽകർഷകർക്ക് ദുരിതം വിതച്ച് കരിഞ്ചാഴി ആക്രമണം രൂക്ഷമായി കണ്ടുവരുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിലാണ് കൂടുതൽ പ്രകടമായിട്ടുള്ളത്. വിതയ്ക്ക് 25 ദിവസം വരെയുള്ള രണ്ടാം നെൽകൃഷി പാടങ്ങളിലാണ് നീരൂറ്റി കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. വെള്ളം കയറ്റിയിട്ട നിലങ്ങളിൽ ഇലകളിലാണ് ചാഴികൾ ഇരിക്കുക. അല്ലെങ്കിൽ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും ഇവയുടെ വാസം. കരിഞ്ചാഴിയുടെ വദനഭാഗത്ത് ഇരുവശങ്ങളിലെ മുള്ളുകൾകൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകൾ ഉണ്ടാക്കുന്നു. മുറിവുഭാഗത്തുവെച്ച് ഇലകൾ കരിഞ്ഞുപോവുകയും നടുനാമ്പ് വാടിപ്പോവുകയും ചെയ്യും. കീടങ്ങൾ നീരൂറ്റി കുടിച്ചാണ് ഇപ്രകാരം നെൽച്ചെടികളെ നശിപ്പിക്കുന്നത്.
കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയയുടെ വ്യാപനമുണ്ടാവും. ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തിൽ ചെടികളിൽ വളർച്ചാ മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പ് വാട്ടം, ഇലകരിച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. കൂട്ടത്തോടെയാണ് ഇവയുടെ ആക്രമണം.
നിയന്ത്രണമാർഗം
കരിഞ്ചാഴി ആക്രമണം നിയന്ത്രിക്കുന്നതിനായി ചുവടു മുങ്ങുംവിധം വെള്ളം കയറ്റിയിടുക. ഇവയുടെ മുട്ടകൾ നശിക്കുകയും ഒപ്പം മുകളിലേക്കു കയറുന്ന ചാഴികളെ പക്ഷികളും മറ്റു പ്രാണികളും ആഹാരമാക്കുകയും ചെയ്യും. ജൈവകൃഷി രീതികൾ അനുവർത്തിക്കുന്ന പാടങ്ങളിൽ അസാഡിറക്ടിൻ 1500 പിപിഎം ഏക്കറിന് ഒരു ലിറ്റർ എന്ന തോതിൽ തളിക്കണം. മെറ്റാറൈസിയം, ബ്യൂവേറിയ ബാസിയാന, മിത്രനിമാ വിരകൾ എന്നിവ പ്രയോഗിച്ചും കീടത്തെ നിയന്ത്രണവിധേയമാക്കാം.
വളപ്രയോഗം
വൈകി നട്ട വിരിപ്പുപാടങ്ങളിൽ മേൽവളപ്രയോഗം ഇപ്പോൾ നടത്താം. വളപ്രയോഗത്തിനു മുമ്പ് പാടത്തുനിന്നു വെള്ളം വാർത്തു കളയണം. വളപ്രയോഗം കഴിഞ്ഞ് കുറഞ്ഞത് 12 മണിക്കൂറിന് ശേഷം മാത്രമേ വെള്ളം പാടത്ത് കയറ്റാവൂ. അടിക്കണ പരുവത്തിന് ഒരാഴ്ച മുൻപ് അവസാനത്തെ വളപ്രയോഗം നടത്തിയിരിക്കണം. അതായത് 4 മാസം മൂപ്പുള്ള ഇനങ്ങൾ വിതച്ച് 55 ദിവസങ്ങൾക്കുള്ളിലും ഞാറ് നട്ട് 35-40 ദിവസങ്ങൾക്കുള്ളിലോ ആവണം.
മേൽവളം(കിലോ ഗ്രാം ഏക്കറിന്)
| ആദ്യമേൽവളം ചിനപ്പ് പൊട്ടുമ്പോൾ | രണ്ടാം മേൽവളം അടിക്കണ പരുവം | |||||
| വളം | നാടൻ | മൂപ്പ് കുറഞ്ഞത് | മൂപ്പ് കൂടിയത് | നാടൻ | മൂപ്പ് കുറഞ്ഞത് | മൂപ്പ് കൂടിയത് |
| യൂറിയ | 10 | 15 | 20 | 10 | 15 | 20 |
| പൊട്ടാഷ് | 6 | 12.5 | 15 | |||
നെൽപ്പാടങ്ങളിൽ ഓലചുരുട്ടി പുഴുവിന്റെ ആക്രമണത്തിനെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് ഫലപ്രദമാണ്. ഒരേക്കറിന് 40,000 മുട്ടകൾ ഒരു തവണ വേണ്ടിവരും. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പല ഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്ടാപ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം (50sp) ഒരേക്കറിന് എന്ന അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് നൽകാം.
പോളരോഗത്തിനും സാധ്യതയുണ്ട്. അടിക്കണ പരുവം വരെ ശ്രദ്ധവേണം. ഇലപ്പോളകളിൽ വെള്ളം വീണ് പൊള്ളിയതുപോലുള്ള പാടുകൾ പ്രാരംഭത്തിൽ കാണുന്നു. ക്രമേണ പോളകളും ഇലകളും കരിഞ്ഞ് അഴുകിപ്പോകും. ഇതാണ് പോളരോഗത്തിന്റെ ലക്ഷണങ്ങൾ. കതിരോലയിലും അതിന്റെ പോളകളിലും കാണുന്ന പാടുകളും അഴുകലുമാണ് പോള അഴുകൽ. രോഗസാധ്യതയുള്ള പാടങ്ങളിൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്.
നെല്ല് കതിരാവുന്ന സമയത്ത് വരാൻ സാധ്യതയുള്ള മറ്റൊരു രോഗമാണ് ബാക്ടീരിയൽ ഇലകരിച്ചിൽ. രോഗലക്ഷണങ്ങൾ ആദ്യം പറഞ്ഞുവല്ലോ. നിയന്ത്രണമാർഗങ്ങൾ കൂടി പറയാം. പച്ചച്ചാണകം(പുതിയത്) 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അടിയാൻ വെച്ചശേഷം തെളിയൂറ്റി തളിച്ചുകൊടുക്കാം. ഇതുവളരെ ഫലപ്രദമാണ്. ഒരു ഏക്കറിന് 100 ലിറ്റർ വെള്ളം വേണം. രോഗവ്യാപനം തടയുന്നതിനായി ഒരു ഏക്കറിൽ രണ്ട് കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറണം. പിജിപിആർ 2 മിശ്രിതം ഇലകളിൽ തളിച്ചുകൊടുക്കുന്നതും കുമിൾ, ബാക്ടീരിയൽ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്. വെള്ളായണി കാർഷിക കോളജിലെ മൈക്രോ ബയോളജി വിഭാഗവുമായി ബന്ധപ്പെട്ടാൽ ലഭ്യത ഉറപ്പാക്കാം.
കതിർ നിരന്ന് പാൽ പരുവത്തിൽ ചാഴിയുടെ ആക്രമണം ഉണ്ടാവാം. ചാഴിക്കെതിരെ കാന്താരി ഗോമൂത്ര മിശ്രിതം, വേപ്പെണ്ണ, വേപ്പിൻകുരു സത്ത് എന്നീ ജൈവനിയന്ത്രണ മാർഗങ്ങൾ അവലംബിക്കാം.
കരനെൽകൃഷി
കള നിയന്ത്രണത്തിന് പ്രത്യേകം ശ്രദ്ധ നൽകണം. രാസവളം ഉപയോഗിക്കുന്ന പറമ്പിൽ ഹ്രസ്വവിളയുടെ വളപ്രയോഗം നടത്തണം. നട്ട് 50 ദിവസത്തിനകം പ്രായമുള്ള നെല്ലിന് അധികവളർച്ച ഉണ്ടെങ്കിൽ 15 സെന്റി മീറ്റർ നീളത്തിൽ തലപ്പ് അരിഞ്ഞ് കൊടുക്കാവുന്നതാണ്. ഇത് നെല്ല് ചാഞ്ഞുപോവുന്നത് ഒഴിവാക്കും.
മുണ്ടകൻ ഞാറ്റടി
രണ്ടാം വിളയ്ക്ക് മൂപ്പേറിയ വിത്തുകൾ പറിച്ചുനടുകയാണെങ്കിൽ ഇപ്പോൾ ഞാറ്റടി തയ്യാറാക്കേണ്ടതാണ്. പറിച്ചുനടുന്ന പാടത്തിന്റെ പത്തിലൊന്നു ഭാഗം ഞാറ്റടിയൊരുക്കണം. യന്ത്രം ഉപയോഗിച്ചു നടുന്നതിനായി പായ്ഞാറ്റടിയാണു തയ്യാറാക്കുന്നതെങ്കിൽ ഒരേക്കറിന് ഒരു സെന്റ് മതിയാകും. സാധാരണ ഞാറ്റടിക്ക് സെന്റൊന്നിന് 40-50 കിലോ ഗ്രാം ചാണകം വിതറി നിലം ഉഴുത് തവാരണകൾ തയ്യാറാക്കിയതിനു ശേഷം വിത്ത് വിതയ്ക്കാം. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ 10 ദിവസത്തെ ഇടവേളയ്ക്കു ശേഷം മാത്രമേ ഞാറ്റടി ഒരുക്കാവൂ.
രണ്ടാം കൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങളിൽ രണ്ടാം മേൽവിള പ്രയോഗവും സസ്യസംരക്ഷണവും വിദഗ്ധരുടെ നിർദേശപ്രകാരം ചെയ്യാം.
തെങ്ങ്
തെങ്ങിൻതൈകൾ നട്ട് മൂന്നു മാസമായാൽ ജൈവവളം നൽകാം. തൈ ഒന്നിന് അഞ്ച് കിലോ ഗ്രാം എന്ന തോതിലാണ് നൽകേണ്ടത്. ഒപ്പം പിജിപിആർ മിശ്രിതം 100-200 ഗ്രാം വീതം ചേർക്കുന്നത് തൈകളുടെ വേരോട്ടം കൂടുന്നതു സഹായിക്കും. മികച്ച പരിപാലനരീതി അനുസരിച്ച് തൈകൾക്ക് 110 ഗ്രാം, 175 ഗ്രാം, 200 ഗ്രാം വീതവും സങ്കരയിനങ്ങൾക്ക് 210 ഗ്രാം, 275 ഗ്രാം, 360 ഗ്രാം വീതവും യൂറിയ, രാജ്‌ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ യഥാക്രമം ചേർക്കണം. വളം തടത്തിനുള്ളിൽ വിതറി കൊത്തിച്ചേർക്കുകയും കുഴിയുടെ വശങ്ങൾ നേരിയ കനത്തിൽ അരിഞ്ഞിറക്കുകയും വേണം. ഇടവിളകൾക്ക് വളപ്രയോഗവും കളയെടുപ്പും തുടരാം.
ഏപ്രിൽ- മെയ് മാസങ്ങളിൽ തെങ്ങിന് തടങ്ങളിൽ നട്ട പച്ചിലവളച്ചെടികൾ ഇപ്പോൾ പിഴുത് മണ്ണിൽ ചേർക്കണം വലിയ തെങ്ങുകൾക്ക് 500 ഗ്രാം മെഗ്‌നീഷ്യം സൾഫേറ്റ് ഇപ്പോൾ നൽകാം. മണ്ണുപരിശോധനകളുടെ അടിസ്ഥാനത്തിൽ മണ്ണിൽ സൂക്ഷ്മമൂലകങ്ങളുടെ അഭാവം ഉണ്ടെങ്കിൽമാത്രം ശുപാർശപ്രകാരം നൽകേണ്ടതാണ്.
തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരും. അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാകും എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക, മുറിപ്പാടിലും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവറോ, വാഴയിലയോ ഉപയോഗിച്ച് പൊതിയേണ്ടതുമാണ്. മൊട്ടുസൂചികൊണ്ട് തുളയിട്ട പോളിത്തീൻ പായ്ക്കുകളിൽ മാങ്കോസെബ് 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ടുതാഴെയുള്ള 2-3 ഓലകവിളുകളിൽ വെയ്ക്കുന്നതും രോഗനിയന്ത്രണമാർഗമാണ്.
കമുക്
വളപ്രയോഗത്തിന് സമയമായി. ജൈവവളമായി കാലിവളമോ, കമ്പോസ്റ്റോ പച്ചിലവളവോ തടത്തിൽ ചേർക്കാം. കുമ്മായം ചേർത്ത് 10 ദിവസത്തിന് ശേഷം 100 ഗ്രാം യൂറിയ, 100 ഗ്രാം രാജ്ഫോസ്, 120 ഗ്രാം പൊട്ടാഷ് കൂടി നൽകാം. മഹാളിരോഗം കാണുന്ന തോട്ടങ്ങളിൽ 1% വീര്യമുള്ള ബോർഡോമിശ്രിതം തളിക്കണം. രോഗം ബാധിച്ച് കേടായ അടയ്ക്കകൾ ശേഖരിച്ച് കത്തിക്കുക.
കശുമാവ്
ചെറുതൈകളുടെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ ഉയരം വരെ പ്രധാന തണ്ടിലുണ്ടാകുന്ന ചിനപ്പുകൾ മുറിച്ചുമാറ്റണം. മുറിഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി മൂടിവെയ്ക്കണം. തൈകൾ നാടനും അനുയോജ്യമാണ്. കളനിയന്ത്രണവും മറ്റു പരിചരണങ്ങളും തോട്ടത്തിൽ ചെയ്യേണ്ടതാണ്.
വാഴ
ഓണത്തിനു വിളവെടുക്കേണ്ട കുലകൾ പൊതിഞ്ഞു നിർത്തുന്നത് കുലകൾക്ക് കൂടുതൽ ആകർഷണീയത നൽകും. കുലകൾ വാഴയില, ചാക്ക് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞു സംരക്ഷിക്കാവുന്നതാണ്. കുലകൾ മുറിക്കുന്ന തടങ്ങളിൽ 3-4 മാസം പ്രായമായ ആരോഗ്യമുള്ള് ഒന്നു രണ്ട് സൂചിക്കന്നുകൾ നിർത്തണം. കുലയുടെ എതിർദിശയിലുള്ളതാണ് അഭികാമ്യം. ഇളക്കിയെടുക്കുന്ന കന്നുകളുടെ വേരുകൾ നീക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിച്ച ശേഷം പച്ചച്ചാണകം സ്ലറിയിൽ മുക്കി മൂന്നു നാലു ദിവസം വെയിലത്ത് ഉണക്കണം. പിന്നീട് രണ്ടാഴ്ച്ച മഴ നനയാതെ ഉണക്കിയ ശേഷം നടാം. വാഴയ്ക്കു നൽകേണ്ട രാസവളപ്രയോഗം(ഗ്രാമിൽ) ടേബിളിൽ ചേർക്കുന്നു.
| വളം നൽകേണ്ട ഘട്ടങ്ങൾ | യൂറിയ | രാജ്‌ഫോസ് | പൊട്ടാഷ് |
| നട്ട് ഒരു മാസത്തിന് ശേഷം | 87 | 361 | 96 |
| നട്ട് രണ്ട് മാസത്തിന് ശേഷം | 65 | 278 | 100 |
| നട്ട് മൂന്ന് മാസത്തിന് ശേഷം | 65 | 00 | 100 |
| നട്ട് നാല് മാസത്തിന് ശേഷം | 65 | 00 | 60 |
| നട്ട് അഞ്ച് മാസത്തിന് ശേഷം | 65 | 00 | 60 |
| കുലച്ചതിന് ശേഷം(ഉടനെ) | 65 | 00 | 00 |
വാഴ നട്ട് നാലാം മാസം പിണ്ടിപ്പുഴുവിന്റെ ആക്രമണത്തിന് സാധ്യതയുണ്ട്. ഇതിനെതിരെ ബ്യുവേറിയ ബാസിയാന 5 മില്ലി ലിറ്റർ / 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ നന്മ 5% / 50 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ വാഴയുടെ ഇലക്കവിളിൽ സ്പ്രേ ചെയ്തുകൊടുക്കാം. മിത്രകുമിളിനായി അടുത്തുള്ള കൃഷി വിജ്ഞാനകേന്ദ്രത്തിലോ കൃഷി വകുപ്പിന്റെ കീഴിലുള്ള ബയോ കൺട്രോൾ ലാബുമായോ(0487 2374605) ബന്ധപ്പെടുക. ഇലപ്പുള്ളി രോഗം ബാധിച്ച തോട്ടങ്ങളിൽ 1% ബോർഡോ മിശ്രിതം ഫലപ്രദമാണ്. രൂക്ഷമായി രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക.
മഴക്കാലമായതിനാൽ കടചീയൽ രോഗത്തിനും സാധ്യതയുണ്ട്. വാഴത്തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പു വരുത്തുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക. വാഴകൾക്ക് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ചുവട്ടിൽ ഇട്ടുകൊടുക്കുക. രോഗബാധ അതിരൂക്ഷമെങ്കിൽ കോപ്പർ ഹൈഡ്രോക്ലോറൈഡ്(കോസെഡ്) രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. സിഗാടോക്ക രോഗം ബാധിച്ച വാഴകൾക്ക് കോണ്ടാഫ്/ടിൽറ്റ് ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പശ (സാൻഡോവീറ്റ് ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ ലായനിക്ക്) ചേർത്ത് സ്പ്രേ ചെയ്യുക.
ഏലം
വിത്തുശേഖരണത്തിന് പ്രാരംഭനടപടികൾ സ്വീകരിക്കാം. അത്യുത്പാദന ശേഷിയുള്ളതും രോഗബാധയില്ലാത്തതുമായ മാതൃചെടികൾ വിത്തുശേഖരണത്തിന് തിരഞ്ഞെടുക്കണം. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ വിളവെടുക്കുമ്പോൾ ലഭിക്കുന്ന മൂത്തു പഴുത്ത കായ്കളാണ് വിത്തിന് ഏറ്റവും അനുയോജ്യം. രണ്ടാം തവാരണയിലേക്ക് പറിച്ചുനട്ട തൈകളുടെ പരിചരണം ശ്രദ്ധിക്കുക. വിളവെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പുകപ്പുരയുടെ അറ്റകുറ്റപ്പണികൾ നടത്തണം. കാർഡമം ഡ്രയറുകൾ ഉപയോഗിച്ച് ഉണക്കുന്നതാണ് മികച്ച ഗുണനിലവാരം ഉറപ്പാക്കുക. 45- 50 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18-24 മണിക്കൂർ വരെ ഡ്രയറിൽ ഉണക്കാം.
കൈതച്ചക്ക
കളകൾ നീക്കംചെയ്ത് രണ്ടാം ഗഡു രാസവളപ്രയോഗം ചെയ്യാം. ചെടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യാനുസരണം ജൈവവളപ്രയോഗവും നടത്താം. ചാലുകളുടെ ഇരുവശങ്ങളിലും രാസവളം വിതറി അരിക് ചെറുതായി അരിഞ്ഞിറക്കുക. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് സെന്റൊന്നിന് യൂറിയ ഒരു കിലോ ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 700 ഗ്രാമും ചേർക്കണം. നനകൃഷിക്ക് ഇവ യഥാക്രമം 700 ഗ്രാമും 530 ഗ്രാമുമാണ്. ജൈവകൃഷി അവലംബിക്കുന്ന തോട്ടങ്ങളിൽ ആരോഗ്യമുള്ള ഒരു കൈതച്ചക്ക ചെടിക്ക് 10-15 കിലോ ഗ്രാം ജൈവവളം നൽകാവുന്നതാണ്.
കുരുമുളക്
പുതുതായി നട്ട വള്ളികൾ വേരുപിടിച്ച് വളരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വളരുന്ന തലകൾ താങ്ങുകാലുകളിൽ ചേർത്തുകെട്ടി മുകളിലേക്ക് വളരാൻ സഹായിക്കണം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം തൈ ഒന്നിന് 5 കിലോ ഗ്രാം നൽകാം. തടത്തിൽ വൃത്താകൃതിയിൽ 10-15 സെന്റി മീറ്റർ ആഴത്തിൽ മണ്ണ് മാറ്റിയശേഷം വളമിട്ട് മുകളിൽ മണ്ണ് വിതറാം. ദ്രുതവാട്ടത്തിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കി ഇലകളിലും തണ്ടുകളിലും വീഴുംവിധം തളിക്കണം. കായ്ച്ച ചെടികളിലാണെങ്കിൽ തിരികളിൽ പരാഗണം നടന്ന് മുളകുമണി പിടിച്ചശേഷം വേണം മരുന്നുതളി നടത്താൻ. കുരുമുളക് മണിരൂപം കൊണ്ട് തുടങ്ങുന്നതോടെ പൊള്ളുവണ്ടിന്റെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. വേപ്പെണ്ണ, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികൾ ഇതിനെതിരെ ഫലപ്രദമാണ്.
കുരുമുളക് ചെടികൾക്ക് രണ്ടാം ഗഡു രാസവളം ഇപ്പോൾ നൽകാം. 50 ഗ്രാം യൂറിയ, 150 ഗ്രാം രാജ്ഫോസ്, 120 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടുക്കാം. ചെടിയുടെ പ്രധാന തണ്ടിൽനിന്ന് 30 സെന്റി മീറ്റർ അകലത്തിൽ അർധവൃത്താകൃതിയിൽ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ട് മൂടണം.
ഇഞ്ചി, മഞ്ഞൾ
തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കണം. കളയെടുപ്പ്, മണ്ണിടീൽ, പുതയിടൽ എന്നിവ നടത്തണം. അവസാന വളപ്രയോഗവും തുടരാം. ഇഞ്ചി നട്ട് മൂന്ന് മാസത്തിന് ശേഷം സെന്റൊന്നിന് 350 ഗ്രാം യൂറിയ, 500 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. തടങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി ചെടികളുടെ ഇടയിൽ നീളത്തിൽ ആഴംകുറഞ്ഞ ചാലുകീറി വളമിട്ട് മൂടണം. ഇതോടൊപ്പം പച്ചിലപ്പുതയിടുകയും വാരം പിടിപ്പിക്കുകയും വേണം. ഇഞ്ചിയുടെ മൂടുചീയൽ, മഞ്ഞളിന്റെ കടചീയൽ എന്നിവ നിയന്ത്രിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. രോഗം രൂക്ഷമായാൽ ബോർഡോ മിശ്രിതം തടങ്ങളിൽ ഒഴിച്ചുകൊടുക്കണം. കീടങ്ങൾക്കെതിരെ വേപ്പെണ്ണ തളിച്ച് നിയന്ത്രണം ഉറപ്പാക്കാം. ഇതിനായി മഴയില്ലാത്ത സമയം തിരഞ്ഞെടുക്കുക. ഇഞ്ചിക്ക് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂറ്റി ഇലകളിൽ തളിച്ചുകൊടുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ഇത് 15-20 ദിവസത്തിൽ ഒരിക്കൽ ആവർത്തിക്കാവുന്നതാണ്.
ജാതി, ഗ്രാമ്പു
തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധവേണം. ജാതിച്ചെടിയുടെ തടത്തിൽ മണ്ണ് ഉയർത്തി കൊടുക്കുക ജൈവവളങ്ങളായ മണ്ണിരക്കമ്പോസ്റ്റ്, കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയും ചേർത്തുകൊടുക്കാം. ഇവ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും.
ജാതിക്ക് ഈ മാസം രണ്ടാം രാസവളപ്രയോഗം നൽകാം. യൂറിയ, രാജ്ഫോസ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങൾ ഒറു വർഷം പ്രായമായ തൈക്ക് 25:45:45 ഗ്രാം വീതം ചേർക്കുക. രണ്ടുവർഷം പ്രായമായതിന് 50:90:90 ഗ്രാം വീതവും മൂന്നാം വർഷം മുതൽ അളവ് ക്രമമായി കൂട്ടി 15 വർഷം മുതൽ ഇവ യഥാക്രമം 540:625:825 ഗ്രാം വീതവും നൽകാം.
ഗ്രാമ്പൂവിന് ഒരു വർഷം പ്രായമായവയ്ക്ക് 25:45:45 ഗ്രാമും രണ്ടുവർഷം പ്രായമായതിന് 45:70:80 ഗ്രാം വീതവും മൂന്നാം വർഷം മുതൽ വളത്തിന്റെ അളവ് ക്രമമായി ഉയർത്തണം. 15 വർഷം പ്രായമായതിന് യഥാക്രമം 325:625:625 ഗ്രാം വീതവും കൊടുക്കണം. മുതിർന്ന മരങ്ങൾക്ക് ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് വളം ചേർക്കണം. കുമിൾ രോഗത്തിനെതിരെ സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റർ വെള്ളം) അല്ലെങ്കിൽ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കണം.
മാവ്, പ്ലാവ്
തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച് ചാണകം ചെടി ഒന്നിന് 5 കിലോ ഗ്രാം വീതം ചുവട്ടിൽനിന്നു മാറി ഒരു മീറ്റർ ചുറ്റളവിൽ മണ്ണിളക്കി ചേർത്തശേഷം മണ്ണിട്ട് മൂടിക്കൊടുക്കണം. 1-2 വർഷം പ്രായമായ ഒട്ടുമാവിന് യൂറിയ, സൂപ്പർഫോസ്ഫേറ്റ്, മ്യൂറേറ്റ് പൊട്ടാഷ് എന്നിവ 100:200:100 ഗ്രാം വീതം ചേർത്ത് കൊടുക്കണം. ഇവയിലെ കീടനിയന്ത്രണത്തിനായി വേപ്പധിഷ്ടിത കീടനാശിനികൾ ഏറെ ഫലപ്രദമാണ്. പൗഡറിമിൽഡ്യൂ രോഗത്തിനെതിരെ ഹെക്സോകോണസോൾ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ച് കൊടുക്കാം.
കിഴങ്ങ് വർഗങ്ങൾ
ചുവട്ടിൽ മണ്ണടുപ്പിച്ച് കൊടുക്കണം. ഇത് കിഴങ്ങ് ഉല്പാദനത്തെ വളരെ സഹായിക്കും. 45-60 ദിവസം പ്രായമായ മരച്ചീനിക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 40:60:60 ഗ്രാം വീതം നൽകണം. കൂടാതെ ജൈവവളങ്ങൾ 1.5-2 കിലോ ഗ്രാം വരെയും നൽകാം.
പച്ചക്കറികൾ
ഓണ വിളവെടുപ്പിനായി നട്ട പച്ചക്കറികൾക്ക് മേൽവളം നൽകാം. ജൈവകൃഷി രീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇവ ഓരോ കിലോ വീതം 10 ലിറ്റർ വെള്ളത്തിൽ 5 ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ഒരു ലിറ്റർ വീതം തടങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ ഒഴിച്ചുകൊടുക്കുക.
രാസവളം നൽകേണ്ടത് ഒരു സെന്റിന് ഗ്രാമിൽ
| ഇനം | യൂറിയ | രാജ്ഫോസ് | മ്യൂറേറ്റ് ഓഫ് പൊട്ടാഷ് |
| ചീര | 400 | ||
| വെണ്ട | 220 | ||
| പയർ | 85 | ||
| കത്തിരി, വഴുതന, തക്കാളി, മുളക് | 300 | 85 | |
| വെള്ളരി, പടവലം | 300 |
കീട നിയന്ത്രണം പ്രധാനം
പുഴു, ഈച്ച, വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറിയിൽ സാധാരണമാണ്. വേപ്പധിഷ്ടിത കീടനാശിനിയായ അസാഡിറക്റ്റിൻ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫൊറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cuelure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. ജൈവകീടനാശിനികളായ സ്യൂഡോമോണസ്, ബ്യൂവേറിയ ബാസിയാന എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി കീട ആക്രമണത്തിന്റെ പ്രാരംഭദിശയിൽ തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. നിരൂറ്റികുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാവുന്നതാണ്.
മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ മണ്ഡരി ആക്രമണത്തിനെതിരെ ഒബറോൺ (Oberon) 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ മാത്രം ഫ്ലൂബെൻഡയമൈഡ് (480 SC ) 1 മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് കീട നിയന്ത്രണം നടത്താം.
ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരായി സ്യൂഡോമോണസ് തളിച്ചുകൊടുക്കാം. കൂടാതെ 4 ഗ്രാം മഞ്ഞൾപൊടി ഒരു ഗ്രാം അലക്കുകാരം അല്പം കായവും കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഉത്തമമാണ്. ഇത് കീടങ്ങളെ അകറ്റി നിർത്തുന്നതോടൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. ഇതോടൊപ്പം ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ട് ഗ്രാം ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.
ഓർക്കിഡ് കൃഷി പരിപാലനം
ഓർക്കിഡ് ചെടികളിൽ കുമിൾ രോഗബാധ കാണുന്നുവെങ്കിൽ സാഫ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്പ്രേ ചെയ്തു നൽകണം. 19:19:19 രാസവള മിശ്രിതം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചും നൽകാവുന്നതാണ്.
കൂൺകൃഷി
ഇടവിട്ട് മഴ ലഭിക്കുന്നതിനാൽ അന്തരീക്ഷ താപനില ഇപ്പോൾ കൂൺകൃഷിക്ക് അനുകൂലമാണ്. കൂൺ കൃഷിയിലേക്ക് ചുവടുവെയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ കൃഷി ആരംഭിക്കാൻ നല്ല സമയമാണ്. മികച്ച ഉല്പാദനം ഇപ്പോൾ ലഭിക്കുന്നതിനാൽ മിച്ചം വരുന്ന കൂണുകൾ സംസ്‌കരിച്ച് വിവിധ മൂല്യവർധിത ഉല്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കുക.
ചെണ്ടുമല്ലിക്കൃഷി- വളപ്രയോഗം, സംരക്ഷണം
തൈകൾ നട്ട് രണ്ടാഴ്ചക്ക് ശേഷം മണ്ട നുള്ളിയതിനെ തുടർന്ന് ധാരാളം ചിനപ്പുകൾ വരുന്ന സമയമാണിത്. സെന്റൊന്നിന് യൂറിയ 1 കിലോ ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 200 ഗ്രാം എന്നിങ്ങനെ നൽകണം. ഇതേസമയം തന്നെ ചെടിയുടെ ചുവട്ടിലേക്ക് മണ്ണ് അടുപ്പിച്ച് നൽകേണ്ടതാണ്. ചെടികൾ നട്ട് ഒന്നരമാസം ആകുമ്പോഴേയ്ക്കും പൂക്കാൻ തുടങ്ങും. പൂമൊട്ടുകൾ വരാൻ തുടങ്ങുന്നതോടുകൂടി സമീപത്ത് കുറ്റി നാട്ടി കെട്ടിനിർത്തണം. പൂമൊട്ടുകൾ തുരന്നു തിന്നുന്ന പുഴുക്കളുടെ സാന്നിധ്യം കണ്ടാൽ ബ്യൂവറിയ ബാസിയാന എന്നി മിശ്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സോപ്പ് ലായനി കൂടി ചേർത്ത് തളിച്ചു കൊടുത്ത് കീടനിയന്ത്രണം നടപ്പാക്കാം. പുഴുക്കളുടെ ശല്യം രൂക്ഷമായാൽ കൊറോജൻ എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കീടനിയന്ത്രണം ഉറപ്പാക്കാം. ആവശ്യാനുസരണം ജലസേചനം ചെടികൾക്ക് കൃത്യമായി നൽകുക. തലപ്പ് നുള്ളിയശേഷം ഇടയ്ക്ക് 19:19:19 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. ചെടികൾ നട്ട് രണ്ടരമാസം വരെ പൂക്കൾ ലഭിക്കും.
1% വീര്യമുള്ള 10 ലിറ്റർ ബോർഡോ മിശ്രിതം തയ്യാറാക്കുന്ന വിധം
അവശ്യവസ്തുക്കൾ
- തുരിശ്- 100 ഗ്രാം
- ചുണ്ണാമ്പ്- 100 ഗ്രാം
- വെള്ളം- 10 ലിറ്റർ
- പ്ലാസ്റ്റിക് ബക്കറ്റ്- 2 എണ്ണം
ഒരു ബക്കറ്റിൽ 5 ലിറ്റർ വെള്ളമെടുത്ത് തുരിശ് നന്നായി യോജിപ്പിക്കുക. രണ്ടാമത്തെ ബക്കറ്റിൽ 5 ലിറ്റർ വൈള്ളമെടുത്ത് ചുണ്ണാമ്പ് നന്നായി യോജിപ്പിക്കുക. ചുണ്ണാമ്പ് ലായനിയിലേക്ക് കുറേശെയായി തുരിശ് ലായനി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു തെളിച്ചമുള്ള കത്തി മുക്കിയെടുത്താൽ ചെമ്പിന്റെ അംശം പറ്റിയിട്ടുണ്ടെങ്കിൽ ചുണ്ണാമ്പ് ലായനി ലേശം കൂടി ചേർത്ത് പരീക്ഷണം ആവർത്തിച്ച് ചേരുവ കൂടുതലില്ലാത്ത മിശ്രിതം ഉറപ്പാക്കി തളിക്കുക.
നെല്ല്, പച്ചക്കറികൾ എന്നീ വിളകൾക്ക് ബോർഡോ മിശ്രിതം തളിക്കാൻ ശുപാർശയില്ല. ഏതൊക്കെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്നതിന് കൃഷിഭവന്റെ ശുപാർശ സ്വീകരിക്കുക.
Content Highlights: Best crops to cultivate in August in Kerala, fertilizer guide, pest control
Published: 01 Aug 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented