ഓരോ വീട്ടുവളപ്പിലും അത്യാവശ്യം നട്ടുവളര്‍ത്തേണ്ട ഒരു ചെടിയാണ് കരിനൊച്ചി. വൈറ്റക്‌സ് നെഗുണ്ടോ എന്ന ശാസ്ത്രനാമമുള്ള കരിനൊച്ചി ലാമിനേസി സസ്യകുടുംബത്തിൽപെടുന്നു. ധാരാളം ഔഷധഗുണങ്ങളുള്ള കരിനൊച്ചി നിർഗുണ്ഡി, സിന്ധുവാരം തുടങ്ങിയ സംസ്‌കൃതനാമങ്ങളില്‍ അറിയപ്പെടുന്നു. കരിനൊച്ചി, വെള്ളനൊച്ചി എന്നീ രണ്ടിനങ്ങളാണ് സാധരണയായി കണ്ടുവരുന്നത്. കരിനൊച്ചിയുടെ ഇലയുടെ അടിവശം വയലറ്റ് കലര്‍ന്ന പച്ച നിറമായിരിക്കും. വെള്ളനൊച്ചിക്ക് വയലറ്റ് നിറം ഉണ്ടായിരിക്കില്ല. കരിനൊച്ചിയാണ് ഔഷധമായി ഉപയോഗിച്ചുവരുന്നത്.

To advertise here,

കരിനൊച്ചിയുടെ ഇല, പൂവ്, വേര്, തൊലി ഇവയെല്ലാം ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിലടങ്ങിയിട്ടുള്ള രാസഘടകങ്ങള്‍ക്ക് കാന്‍സര്‍, വൈറസ്, ബാക്ടീരീയ, ഫംഗസ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. കഫ-വാതരോഗങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിന് കഴിവുണ്ട്. ആമവാതം, സന്ധിവാതം എന്നീ വാതരോഗങ്ങളും വാതസംബന്ധമായ നീരും വേദനയും ഇല്ലതാക്കും. മലമ്പനി, ഉദരകൃമി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അപസ്മാരം, നടുവേദന, ഇടയ്ക്കുണ്ടാകുന്ന ഉളുക്കുകള്‍, വ്രണങ്ങള്‍, വായ്പുണ്ണ് എന്നീ അവസ്ഥകളിലും കരിനൊച്ചി നിര്‍ദേശിക്കാറുണ്ട്.

അഷ്ടവര്‍ഗ്ഗം കഷായം, നിർഗുണ്ഡി ഏരണ്ഡം ഇവ കരിനൊച്ചി അടങ്ങിയിട്ടുള്ള ഔഷധയോഗങ്ങളാണ്. ഇതിലെ രാസഘടകങ്ങളില്‍ ഫ്‌ലാവനോയ്ഡുകള്‍, ബാഷ്പശീലതൈലം, ട്രിടര്‍പ്പീന്‍സ്, ഡിറ്റര്‍പിന്‍സ്, സെസ്‌ക്വറ്റര്‍പീന്‍സ്, ലീഗ് നാന്‍സ് ഇവ ഉള്‍പ്പെടുന്നു. ഫ്രിഡലിന്‍, വിറ്റമിന്‍ സി, കരോട്ടീന്‍, കാസ്റ്റിസിന്‍ എന്നീ വിശേഷസംയുക്തങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

നാല് മീറ്റര്‍ ഉയരെവരെ വളരുന്ന ശാഖോപശാഖകളായുള്ള സസ്യമാണിത്. ബംഗാള്‍, കേരളം, തമിഴ്‌നാട്, ബര്‍മ്മ എന്നിവിടങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. വിത്തുകള്‍ മുളപ്പിച്ചാണ് പ്രജനനം നടത്താറുള്ളത്. പെട്ടെന്ന് തന്നെ മുളയുണ്ടാകാറുണ്ട്. മുളച്ച തൈകള്‍ ചെറിയ ഗ്രോബാഗുകളിലാക്കി ആവശ്യത്തിന് വളര്‍ച്ചയെത്തി കഴിഞ്ഞാല്‍ സ്ഥിരം സ്ഥലത്തേക്ക് മാറ്റി നടാം. വളരെ എളുപ്പത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സസ്യമാണിത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പറ്റെ വെട്ടിയെടുത്ത് വീണ്ടും വളരാന്‍ അനുവദിച്ചും കൃഷി നടത്താം. ഉണങ്ങിയ കരിനൊച്ചി വേരിനും തണ്ടിനും കിലോയ്ക്ക് 65 മുതല്‍ 85 വരെ വില ലഭിക്കാറുണ്ട്.