ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അടുക്കള തോട്ടമൊരുക്കാൻ അനുയോജ്യമായ സമയമാണ് ജനുവരി. മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് സമയമാണ്. ജനുവരി പകുതി വരെ തണ്ണിമത്തൻ തൈകൾ നടുകയും ചെയ്യാം. ജനുവരി മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.

To advertise here,

മുണ്ടകൻ നെൽകൃഷി - വിളവെടുപ്പ് ആരംഭിക്കാം

മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് പൂർത്തിയാവുക. ഈ മാസം പ്രധാനമായും ചെയ്യേണ്ട കാർഷിക പ്രവർത്തനങ്ങൾ വിളവെടുപ്പ്, വിത്തുശേഖരണം, തുടർന്നുള്ള നിലമൊരുക്കൽ എന്നിവയാണ്. മുണ്ടകൻ നെൽകൃഷിയിലെ നിർണായകഘട്ടം കൂടിയാണിത്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

1.വിളവെടുപ്പ്: കതിരുകളുടെ 80-85% മഞ്ഞനിറം ആകുമ്പോൾ വിളവെടുപ്പിന് പാകമായതായി അനുമാനിക്കാം. കൂടാതെ നെന്മണികളിൽ അമർത്തിയാൽ കട്ടിയുള്ളതായി അനുഭവപ്പെടും. പാകമാകുന്നതിന് മുമ്പും വൈകിയും കൊയ്ത്ത് നടത്തിയാൽ വിളനഷ്ടത്തിന് ഇടയാകും. വിളവെടുപ്പിന് ഒരാഴ്ച മുമ്പ് പാടത്തെ വെള്ളം വാർത്ത് കളയണം. നിലം അമിതമായി വരണ്ടുപോകരുത്. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടത്തുനിന്നു രണ്ടാഴ്ച മുമ്പെങ്കിലും വരിനെല്ല് ഉണ്ടെങ്കിൽ നീക്കം ചെയ്യണം. വൈകി നട്ട പാടങ്ങളിൽ ആവശ്യമെങ്കിൽ ജലസേചനം, കളനിയന്ത്രണം, കീട-രോഗ നിയന്ത്രണം, വളപ്രയോഗം എന്നിവ നടത്തുക. ജനുവരിയിൽത്തന്നെ അടുത്ത പുഞ്ചകൃഷിക്കുള്ള നിലമൊരുക്കൽ പ്രവർത്തനങ്ങളും ആരംഭിക്കാം.

2. വിത്ത് സംഭരണം: വിത്ത് സംഭരണത്തിനായി നെല്ല് കനത്ത വെയിലിൽ ഉണക്കരുത്. ആദ്യം ഒന്ന് രണ്ട് ദിവസം മിതമായ വെയിലിൽ ഉണക്കണം. നെല്ലിന്റെ ഈർപ്പം 12-14% ആയി കുറയ്ക്കുന്നതാണ് ഉത്തമം. രാത്രിയിൽ നെൽവിത്ത് പുറത്തുവെക്കുന്നത് വിത്തിന്റെ അങ്കുരണശേഷി കുറയ്ക്കാൻ ഇടയാക്കും. ഈർപ്പമില്ലാത്ത വായുസഞ്ചാരമുള്ള മുറിയിലായിരിക്കണം വിത്ത് സംഭരണം.

3. നിലമൊരുക്കൽ: കൊയ്ത്തിനുശേഷം ഈർപ്പമുള്ള പാടങ്ങളിൽ എള്ള്, പയർ എന്നിവ കൃഷി ചെയ്യാം. പാടത്ത് 1-2 ഉഴവുകൾ നടത്തി നിലം ഒരുക്കിയതിനുശേഷം വിത്ത് നേരിട്ട് വിതയ്ക്കാം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. മണ്ണിൽ നൈട്രജൻ കൂട്ടിച്ചേർക്കുന്നതിനും ഇത് സഹായിക്കും

പുഞ്ചകൃഷിയ്ക്കായി കൊയ്ത്തിനുശേഷം 7-10 ദിവസം വയലിൽ വെള്ളം കെട്ടിനിർത്തുന്നതും ഉചിതം. ഇത് തണ്ടുതുരപ്പന്റെ ഉപദ്രവം അടുത്ത കൃഷിയിൽ കുറയുന്നതിന് കാരണമാകും. കൂടാതെ നെല്ലിന്റെ തണ്ട്, വേര്, മറ്റ് കളകൾ എന്നിവ ചീഞ്ഞ് മണ്ണിലേക്ക് ലയിക്കാൻ സഹായിക്കും. വെള്ളം വറ്റിച്ചശേഷം ട്രാക്ടർ, പവർടില്ലർ ഉപയോഗിച്ച് ആഴമുള്ള ആദ്യ ഉഴവ് നടത്തണം. ആദ്യ ഉഴവിന് ശേഷം 7-10 ദിവസം കഴിഞ്ഞ് രണ്ടാം ഉഴവ് നടത്താം. ഈ ഉഴവിനോടൊപ്പം കാലിവളം/ചാണകം/കമ്പോസ്റ്റ് ചേർക്കുന്നത് കൂടുതൽ ഗുണകരമാണ്. തുടർന്ന് വിത്ത് വിതയ്ക്കുന്ന പാടങ്ങൾ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ചു നടുന്ന പാടങ്ങളിൽ ഒപ്പം ഞാറ്റടിയും തയ്യാറാക്കുക.

തെങ്ങ്

ജനുവരി മുതൽ മഴയുടെ അഭാവം തുടരുന്നതിനാൽ ജലസേചനം തുടരണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നന നൽകാം. അതേസമയം, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാം, തെങ്ങിന് ചുറ്റും വൃത്താകൃതിയിൽ തടം തുറന്ന് തെങ്ങോല, കരിയില, മറ്റ് പാഴ് ഇലകൾ എന്നിവ ഉപയോഗിച്ച് പുതയിടൽ നടത്താം. മണ്ണിലെ ഈർപ്പം നിലനിർത്താൻ ഇത് ഏറെ സഹായകമാണ്. ഈ ഘട്ടത്തിലെ ജലസേചനക്കുറവ് പിന്നീട് കായ്ഫലം കുറയാൻ കാരണമാകും. തുള്ളിനന തെങ്ങുകൃഷിയിൽ വളരെ ഫലപ്രദമായി നടപ്പിലാക്കാം.

വിത്ത് തേങ്ങ പാകാം

1. മാതൃവൃക്ഷം തിരഞ്ഞെടുക്കൽ: 20-40 വർഷം പ്രായമുള്ള തെങ്ങുകളാണ് തിരഞ്ഞെടുക്കേണ്ടത്. സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ ഉയർന്ന വിളവും (80-100 തേങ്ങ) ഉള്ള തെങ്ങുകൾ ആയിരിക്കണം. വിടർന്ന 30-ൽ കൂടുതൽ ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞ്ഞെട്ടുകൾ, ഇടത്തരം വലുപ്പമുള്ള തേങ്ങകൾ, കീടരോഗബാധ ഇല്ലാത്തത് തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിന് ഉണ്ടാകണം,

പൂർണമായി പാകമായ കുലകളാണ് വിത്തിനായി തിരഞ്ഞെടുക്കേണ്ടത് (11-12 മാസം മൂപ്പുള്ള തേങ്ങ). വിത്ത് തേങ്ങ തെങ്ങിൽ നിന്നും കയറിൽ കെട്ടിയിറക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഖരിച്ച തേങ്ങ 2-3 മാസം വരെ സൂക്ഷിക്കാം. വിത്ത് തേങ്ങ സൂക്ഷിക്കുന്ന സ്ഥലത്ത് തണലും വായുസഞ്ചാരവും ഉറപ്പാക്കണം. 3 മാസത്തിൽ അധികം സംഭരിച്ച വിത്ത് തേങ്ങകളുടെ അങ്കുരണശേഷി കുറയാം.

സംഭരിച്ച വിത്ത് തേങ്ങ ഏഴ് മുതൽ 10 ദിവസത്തിലൊരിക്കൽ പരിശോധിക്കുക. വിണ്ടുകീറിയതും കുമിൾ രോഗബാധയുള്ളതുമായ വിത്ത് തേങ്ങ മാറ്റിക്കളയുക. വിത്ത് തേങ്ങ അടുക്കുകളായി സൂക്ഷിക്കുന്നെങ്കിൽ മൂന്ന് ഇഞ്ച് കനത്തിൽ മണൽ വിരിച്ച് തേങ്ങയുടെ ഞെട്ടറ്റം മുകളിൽ വരത്തക്കവിധം നിരത്തി ശുദ്ധമായ മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാൻ ഇത് സഹായിയ്ക്കും. ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ മൂന്ന് അടുക്ക് വിത്ത് തേങ്ങ ഇപ്രകാരം സംഭരിച്ച് മുകളിൽ ഉണങ്ങിയ ഓലകൾ വിരിച്ച് സംരക്ഷണം നൽകാം.

കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു എന്നിവയ്ക്കെതിരെ ജാഗ്രതവേണം. ചെമ്പൻചെല്ലിയുടെ ആക്രമണം തടയാൻ മരത്തിൽ മുറിവുകൾ ഉണ്ടാക്കുന്നത് ഒഴിവാക്കുക. പച്ച മടലുകൾ തടിയിൽനിന്നു 120 സെന്റി മീറ്റർ അകലത്തിൽ വെട്ടണം. കൊമ്പൻചെല്ലി മുട്ടയിട്ടു പെരുകുന്ന ചാണകക്കുഴി, കമ്പോസ്റ്റ് കുഴികൾ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. തെങ്ങിന്റെ ഏറ്റവും ഉള്ളിലെ മൂന്ന് ഓലക്കവിളുകളിൽ നാഫ്തലീൻ ഉണ്ടകൾ (12 ഗ്രാം) ഇടുന്നത് കീടാക്രമണം തടയാൻ സഹായിയ്ക്കും.

പുതയിടീൽ എങ്ങനെ

ശരിയായ പുതയിടീൽ മൂലം മണ്ണിൽനിന്ന് ഈർപ്പം നഷ്ടപ്പെടുന്നത് 40-50 ശതമാനം വരെ കുറയ്ക്കുന്നു. കൂടാതെ മണ്ണിന്റെ താപനില സ്ഥിരതയോടെ നിലനിർത്തുകയും ചെയ്യാം. ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിൽ സൂക്ഷ്മാണുക്കളുടെ എണ്ണം വർധിപ്പിക്കുകയും വായുസഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി കളനിയന്ത്രണവും ഒരു പരിധിവരെ സാധ്യമാകുന്നു. തെങ്ങോല, വാഴയില, പുല്ല്, ഉണങ്ങിയ മറ്റ് ഇലകൾ, തൊണ്ട് ഇവയെല്ലാം പുതയിടീലിന് തെങ്ങിൻ തടങ്ങളിൽ ഉപയോഗിക്കാം. 12-15 സെന്റി മീറ്റർ കനമാണ് ഏറ്റവും അഭികാമ്യം. തടിയിൽനിന്നു 30-40 സെന്റി മീറ്റർ അകലത്തിൽ 1.5-2 മീറ്റർ ചുറ്റളവിൽ 8-12 സെന്റി മീറ്റർ ആഴത്തിൽ തടമെടുത്ത് ജൈവവം വിതറിയതിനുശേഷം പുതയിടീൽ നടത്താം. ഇത് നാളികേരത്തിന്റെ ഉത്പാദനം 20-30 % വരെ വർധിക്കുവാൻ സഹായിക്കുന്നു.

വാഴ

വരണ്ട കാലമായതിനാൽ ജലസേചനം ആവശ്യമാണ്. അഞ്ച് മുതൽ ഏഴ് ദിവസത്തിൽ ഒരിക്കൽ നനയ്ക്കണം. പുതയിടീലും വളരെ ഫലപ്രദമാണ്. ഇതു മണ്ണിലെ ഈർപ്പം നിലനിർത്താനും കളവളർച്ച നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ശാസ്ത്രീയ വളപ്രയോഗവും വാഴകൃഷിയിൽ അനിവാര്യമാണ്. ഓരോ വാഴയിലും 1-2 വാഴക്കന്നുകൾ മാത്രം നിലനിർത്തുക. ഉണങ്ങിയതും രോഗബാധിതവുമായ ഇലകൾ മുറിച്ചുമാറ്റുക, കുലച്ച വഴയ്ക്കു താങ്ങുകൾ നാട്ടുക. കുലയിൽ ബഞ്ച് കവർ ഇടുക എന്നിവയിലും ശ്രദ്ധ വേണം. ഒരു വാഴയ്ക്ക് ആവശ്യമായ

രാസവള പ്രയോഗം ഇപ്രകാരമാണ്(വളത്തിന്റെ അളവ് ഗ്രാമിൽ)

മാസംയൂറിയരാജ്‌ഫോസ് മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ഒന്നാം മാസം8736196
രണ്ടാം മാസം65278100
മൂന്നാം മാസം65 100
നാലാം മാസം65 60
അഞ്ചാം മാസം65 60
കുലച്ചതിന് ശേഷം65  

വാഴക്കന്ന്/തൈ നട്ട ശേഷമുള്ള ആദ്യമാസം മഴ ലഭിക്കുന്നില്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നത് വാഴകൃഷിക്ക് ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടീൽകൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.

കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുന്നത് കടചീയൽരോഗത്തെ പ്രതിരോധിക്കും.

പച്ചക്കറികൾക്കു പരിരക്ഷ നൽകാം

നട്ട പച്ചക്കറികൾക്കു നന തുടരാം, മേൽവളം നൽകാം. ജൈവകൃഷിരീതി അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ച് ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ആഴ്ച്ചയിൽ ഒരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.

രാസവളം നൽകേണ്ടത് സെന്റ് ഒന്നിന്(ഗ്രാമിൽ)

ഇനംയൂറിയരാജ്‌ഫോസ് മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ചീര4351100330
വെണ്ട400240200
പയർ17475067

കത്തിരി,വഴുതന,തക്കാളി,മുളക്

652850165
വെള്ളരി, പടവലം600625167

ചീരയ്ക്കു മുകളിൽ പറഞ്ഞതു കൂടാതെ ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ ഇലകളിൽ തളിച്ചുനൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായും യൂറിയ, പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണയും നൽകണം.

കീടനിയന്ത്രണം പ്രധാനം

പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച്(Cue lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യൂവേറി ബാസിയാന, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മിലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. ഇവ കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 എസ് സി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ചു നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം.

ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം (20 ഗ്രാം ഒരു ലിറ്റർ വെള്ളം). കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി, ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.

എല്ലാത്തരം പച്ചക്കറികൾക്കും മത്തി ശർക്കര മിശ്രിതം തളിച്ചകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇത് കീടങ്ങളെ അകറ്റി നിർത്തുന്നതോടൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കും. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 മില്ലി ലിറ്റർ മത്തി ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസം ഇടവിട്ട് തളിക്കാം.

തണ്ണീർമത്തൻ നടീൽ തുടരാം; വേനൽക്കാലത്ത് കൈനിറയെ കാശ്

ജനുവരി മാസം പകുതി വരെ നടീൽ തുടരാം. നട്ട തൈകൾ കൃത്യമായി നനയ്ക്കണം. 25-30 ഡിഗ്രി ആണ് തണ്ണീർമത്തൻ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില. അതേസമയം, നല്ല സൂര്യപ്രകാശം ലഭിക്കുകയും വേണം.30-45 സെന്റി മീറ്റർ ഉയരം, 1.5-2 മീറ്റർ വീതിയുള്ള പണകൾ തയ്യാറാക്കുക. 2 മീറ്റർ അകലത്തിൽ തൈകൾ നടാം. മണ്ണിൽ നീർവാർച്ച ഉറപ്പാക്കുകയും വേണം. തടം ഒന്നിന് 5-6 കിലോ ഗ്രാം ജൈവവളം ചേർത്തു കൊടുക്കാം. കൂടാതെ, വേപ്പിൻപിണ്ണാക്ക് 200-250 ഗ്രാം, മണ്ണിര കമ്പോസ്റ്റ് 1-1.5 കിലോ ഗ്രാം, ട്രൈക്കോഡർമ്മ 20-25 ഗ്രാം എന്നിവയും നടുന്നതിനു മുന്നോടിയായി തടത്തിൽ ചേർത്തു കൊടുക്കാം.

തണ്ണീർമത്തൻ തൈ ഒന്നിന് നൽകേണ്ട വളം ഗ്രാമിൽ

സമയംയൂറിയരാജ്‌ഫോസ്പൊട്ടാഷ്
അടിവളം5-630 
15 ദിവസം കഴിഞ്ഞ്564
30 ദിവസം കഴിഞ്ഞ്672 
45 ദിവസം കഴിഞ്ഞ്672

ഷുഗർ ബേബി, കിരൺ, എഫ്എച്ച്(1030) മഞ്ഞമിറം, വിജെ- ഫോർച്യൂർ എഫ് 1 ഹൈബ്രിഡ് ചുവപ്പുനിറം, എഫ്എച്ച് 1010 എന്നീ ഇനങ്ങൾ കർഷകർക്കു വളരെ പ്രിയമാണ്. വിത്ത് തടത്തിൽ ഇട്ട് 70-80 ദിവസങ്ങൾക്കു ശേഷം വിളവെടുപ്പ് ആരംഭിക്കാം. തണ്ണീമത്തനിൽ സാധാരണയായി കണ്ടുവരുന്ന ചെമ്പൻ മത്തൻ വണ്ട്, കായീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയ്‌ക്കെതിരെ അസാഡിറക്ടിൽ 3-5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചുകൊടുക്കാം. കായയോടു ചേർന്ന തണ്ട് ഉണങ്ങാൻ ആരംഭിക്കുകയും ബ്രൗൺ നിറമാവുകയും ചെയ്താൽ വിളവെടുക്കാൻ പാകമായതായി കണക്കാക്കണം

നല്ലൊരു അടുക്കളത്തോട്ടം എങ്ങനെ തയ്യാറാക്കാം

ആരോഗ്യകരമായ ഭക്ഷണരീതിയും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും ലക്ഷ്യമിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ അടുക്കളത്തോട്ടം അനിവാര്യഘടകമായി മാറിക്കൊണ്ടിരിക്കുന്നു. വീട്ടുവളപ്പിലോ ടെറസിലോ ചെറിയ സ്ഥലമെങ്കിലും ഉപയോഗപ്പെടുത്തി ജൈവകൃഷിരീതികൾ അവലംബിച്ച് സുരക്ഷിത പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ അടുക്കളത്തോട്ടം സഹായിക്കുന്നു. അടുക്കളത്തോട്ടം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയൊക്കെയാണ്.

1. സ്ഥലം തിരഞ്ഞെടുക്കൽ: അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദിവസേന കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ടു സൂര്യപ്രകാശം ലഭിക്കണം. വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ അനായാസം ജലസേചനം നടത്താൻ കഴിയുന്ന സ്ഥലമായിരിക്കണം. ടെറസ് കൃഷിയാണെങ്കിൽ ടെറസിന് സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ക്രമീകരണം നടത്തണം.

2. മണ്ണ് തയ്യാറാക്കൽ: നല്ല വിളവിന് നല്ല മണ്ണ് അത്യാവശ്യമാണ്. വീട്ടുവളപ്പിലാണെങ്കിലും ടെറസിലാണെങ്കിലും കുമ്മായം സെന്റ് ഒന്നിന് 800 ഗ്രാം എന്ന എളവിൽ മണ്ണിൽ ചേർത്തു കൊടുക്കണം. രണ്ടാഴ്ച്ചയ്ക്കു ശേഷം മണ്ണ് പരുവപ്പെട്ടാൽ വിത്ത്/തൈകൾ നടുന്നതിന് അനുയോജ്യമാകും. ഗ്രോബാഗ് കൃഷിക്ക് മേൽമണ്ണ് തന്നെ എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം ജൈവവളം എന്നിവ നന്നായി ഇളക്കിച്ചേർത്തു വേണം പോട്ടിങ് മിശ്രിതം തയ്യാറാക്കാൻ. ജൈവവളമായി ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, പൊടിഞ്ഞ കരിയില എന്നിവ ഉപയോഗിക്കാം. ഇതോടൊപ്പം അൽപ്പം സൂക്ഷ്മമൂലകലളവും ചേർത്തു കൊടുക്കാം. നിലമൊരുക്കുമ്പോൾ ഒരു സെന്റിന് 200 കിലോ ഗ്രാം വരെ ജൈവവളം നൽകാം. ടെറസ് കൃഷിക്കായി എച്ച്ഡിപിഇ ഗ്രോ ബാഗുകളോ ചട്ടികളോ മൺചട്ടികളോ ഉപയോഗിക്കാം. 12 ഇഞ്ച് വ്യാസമുള്ള ചട്ടിയിൽ 8 -10 കിലോഗ്രാം പോട്ടിങ് മിശ്രിതം നിറയ്ക്കാം.

3. വിളകൾ: വീട്ടിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറികൾക്കു മുൻഗണന നൽകണം. ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, പയർ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവ അടുക്കളത്തോട്ടത്തിന് അനുയോജ്യമാണ്. കാലാവസ്ഥയ്ക്കും സ്ഥലത്തിനും യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. വിത്ത്/തൈകൾ: ഗുണമേന്മയുള്ള വിത്തുകൾ അല്ലെങ്കിൽ ആരോഗ്യമുള്ള തൈകൾ തിരഞ്ഞെടുക്കുക. വിത്തുകൾ ആഴത്തിൽ നട്ടാൽ മുളക്കാൻ ബുദ്ധിമുട്ടാകും. ഓരോ ചെടിക്കും ആവശ്യമായ അകലം നൽകുന്നതും വളർച്ചയ്ക്ക് അത്യാവശ്യമാണ്.

5. ജലസേചനം: ചെടികൾക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം നൽകേണ്ടതാണ്. അമിതജലസേചനം ഒഴിവാക്കണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരം നനയ്ക്കുന്നതാണ് ഉത്തമം.

6. ജൈവവളപ്രയോഗം: അടുക്കളത്തോട്ടത്തിൽ ജെവവളം മാത്രം നൽകുന്നതാണ് ഏറ്റവും അഭികാമ്യം. അത് മണ്ണിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ചാണകപ്പൊടി, കമ്പോസ്റ്റ്, ജീവാണുവളങ്ങൽ, വേപ്പിൻപിണ്ണാക്ക് എന്നിവ മാസത്തിൽ തണ്ടു തവണ നൽകാം.

7. കീടരോഗ നിയന്ത്രണം: വേപ്പെണ്ണ, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, പുകയിലക്കഷായം, വേപ്പിൻകുരു സത്ത് എന്നീ ജൈവകീടനാശിനികൾ സുരക്ഷിതമാണ്. കൂടാതെ, സ്യൂഡോമോണസ്, ട്രൈക്കോഡർമ എന്നീ ജൈവനിയന്ത്രണ ഉപാധികളും ബാക്ടീരിയ, കുമിൾ രോഗങ്ങൾക്കെതിരെ ഉപയോഗിക്കാം.

അടുക്കളത്തോട്ടത്തിൽ ദിവസേന ശ്രദ്ധ നൽകണം. കളകൾ നീക്കം ചെയ്യുക, രോഗം-കീടം ബാധിച്ച ഇലകൾ നീക്കം ചെയ്യുക, ചെടിയുടെ വളർച്ച നിരീക്ഷിക്കുക എന്നിവ കൃത്യമായി ചെയ്യണം. ഇതു ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം വരുമാനദായകവും തന്നെ. ചെറിയ ശ്രമവും നല്ല പരിപാലനവും ഉണ്ടെങ്കിൽ ഏതൊരു വീടിനും മനോഹരമായ അടുക്കളത്തോട്ടം തയ്യാറാക്കാം.

കുരുമുളക്

തോട്ടങ്ങളിൽ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. ഉണക്കയില, പച്ചില, വാഴത്തണ്ട് തുടങ്ങിയവ ഉപയോഗിച്ച് വള്ളിയുടെ ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കുരുമുളക് ചെടികൾ മിതമായ തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാൽ അധികം തണൽ നൽകുന്ന താങ്ങുമരങ്ങളുടെ കൊമ്പുകൾ ലഘുവായി വെട്ടിമാറ്റണം. ഇതുവഴി സൂര്യപ്രകാശലഭ്യതയും വായുസഞ്ചാരവും മെച്ചപ്പെടുത്താം. കൂടാതെ, രോഗസാധ്യതയും കുറയുന്നു.

ജൈവവള പ്രയോഗവും ഇപ്പോൾ നടത്താം. ഒരു ചെടിക്ക് 10-15 കിലോഗ്രാം കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് നൽകാം. ഇത് തണ്ടിൽനിന്നും അൽപ്പം അകലം പാലിച്ച് ചുവടിനു ചുറ്റും വിതറി നേരിയ കനത്തിൽ മണ്ണിട്ടു മൂടണം. ട്രൈക്കോഡർമ, സ്യൂഡോമോണസ് എന്നീ ജൈവനിയന്ത്രണ ഉപാധികൾ മണ്ണിൽ ചേർത്ത് നൽകുന്നതു വളരെ ഗുണപ്രദമാണ്.

മൂടുചീയൽ, ഇലപ്പുള്ളിരോഗം, ആന്ത്രോക്‌നോസ് എന്നീ കുമിൾരോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ചെടിയിൽ തളിച്ചും നൽകണം.

മാവിന് ജലസേചനം നിയന്ത്രിക്കാം

ജനുവരി മാസം ജലസേചനം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഈ സമയത്ത് നന അധികം നൽകുന്നത് ശാഖാവളർച്ച കൂട്ടുകയും പൂവിടലിനെ ബാധിക്കുകയും ചെയ്യും. അതിനാൽ നന കുറയ്ക്കുകയോ ഭാഗികമായി ഒഴിവാക്കുകയോ ആണ് ഉത്തമം. തോട്ടം ശുദ്ധീകരണത്തിലും പ്രത്യേകം ശ്രദ്ധ വേണം. വീണുകിടക്കുന്ന ഉണങ്ങിയ ഇലകളും പഴയ പഴങ്ങളും ശേഖരിച്ച് നീക്കം ചെയ്യണം. ഇതുവഴി കീടരോഗങ്ങളുടെ ആവാസകേന്ദ്രങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും. നല്ല പരാഗണത്തിനും കായ്കൾ പിടിക്കുന്നതിനും തേനീച്ചക്കൂടുകൾ തോട്ടത്തിൽ സ്ഥാപിക്കുന്നത് സഹായിക്കും. 1% വീര്യമുള്ള പൊട്ടാസ്യം നൈട്രേറ്റ് ലായനി തളിച്ചു കൊടുക്കുന്നത് മെച്ചപ്പെട്ട പൂവിടലിനു സഹായകരമാവും. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിക്കാം.

ഏലം

ജനുവരി മാസത്തിൽ ഏലം വിളവെടുപ്പ് പൂർത്തിയാക്കി കായ്കൾ സംസ്‌കരിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങാം. തുലാവർഷം മാറിയതോടെ ഇനി ഏലച്ചെടികളുടെ ചുറ്റും പുതയിടൽ നടത്താം. ഇതു മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും ഉർവ്വരത വർധിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു. ചെടികൾക്കു ചുറ്റും മണ്ണിളക്കി കൊടുക്കുന്നതും ചുവട്ടിൽ മണ്ണടിപ്പിച്ചു കൊടുക്കുകയും വേണം. രണ്ടാം വളപ്രയോഗത്തിനു സമയമാണിത്. യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഒഫ് പൊട്ടാഷ് എന്നിവ യഥാക്രമം 35, 75, 50 കിലോ ഗ്രാം ഏക്കറിന് എന്ന അളവിൽ ചുവട്ടിൽനിന്നും ഒന്നരയടി വിട്ട് വിതറി മണ്ണ് കൊത്തിച്ചേർക്കുക. കുമിൾരോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം.

ഇഞ്ചി, മഞ്ഞൾ

മഞ്ഞൾ, ഇഞ്ചി വിളവെടുക്കുന്ന സമയമാണിത്. ഇലകൾ മഞ്ഞനിറമാവുകയും തുടർന്ന് വാടിപ്പോവുകയും ചെയ്താൽ വിളവെടുപ്പിന് പാകമായതായി കണക്കാക്കാം. നല്ല മുഴുപ്പുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ വിത്തുകൾ അടുത്ത നടീലിനായി ശേഖരിക്കാം. ഇഞ്ചി, മഞ്ഞൾ ഇവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കിയും മികച്ച വില ഉറപ്പാക്കാം. മഞ്ഞൾപ്പൊടി, ഇഞ്ചി-മഞ്ഞൾ അച്ചാർ എന്നിവയ്ക്ക് വിപണിയിൽ നല്ല ഡിമാന്റ് ഉണ്ട്.

ജാതിക്കായ വിളവെടുക്കാം

ജനുവരി മാസവും വിളവെടുപ്പ് തുടരാം. ഒപ്പം വളപ്രയോഗവും നടത്താം. 10 വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്കു യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 550, 325, 420 ഗ്രാം എന്ന അളവിൽ നൽകാം. ഒപ്പം മണ്ണിൽ ഈർപ്പം ഉറപ്പാക്കണം കൂടാതെ, 20-25 കിലോ ഗ്രാം ജൈവവളവും നൽകണം. രോഗ-കീടനിയന്ത്രണം മൾച്ചിങ്, പ്രൂണിങ് എന്നിവയും ഇപ്പോൾ നടത്താവുന്നതാണ്.

ട്രൈക്കോഡർമ- സമ്പുഷ്ടികരീച്ച ചാണകം തയ്യാറാക്കുന്ന വിധം

അവശ്യഘടകങ്ങൾ

1. തണലത്ത് ഉണങ്ങിയ ചാണകപ്പൊടി- 90 കിലോ ഗ്രാം

2. വേപ്പിൻ പിണ്ണാക്ക്- 9 കിലോ ഗ്രാം

3. ട്രൈക്കോഡർമ കൾച്ചർ- 1 കിലോ ഗ്രാം

ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും(പൊടിച്ചത്) നന്നായി കലർത്തുക. ചെറിയ ഈർപ്പത്തിൽ വെള്ളം നനയ്ക്കുക(പുട്ടുപൊടി നനയ്ക്കുന്ന പരുവം) ഇതിലേക്ക് ട്രൈക്കോഡർമ കൾച്ചർ നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം തണലുള്ള സ്ഥലത്ത് കൂട്ടിയിട്ട് ചണച്ചാക്ക് ഉപയോഗിച്ച് മൂടുക. 4-5 ദിവസം കൂടുമ്പോൾ ചെറിയ നന നൽകുക. 10-12 ദിവസമാവുമ്പോഴേക്കും ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകം 100 കിലോ ഗ്രാം തയ്യാർ.

സമ്പുഷ്ടികീരച്ച ചാണകം തടത്തിലോ തൈകളുടെ ചുവട്ടിലോ ചേർക്കാം. ചട്ടികളിലും ഗ്രോബാഗുകളിലും ചേർക്കുന്നതു വളരെ ഗുണപ്രദം.

പ്രയോജനങ്ങൾ

1. മണ്ണിലെ ചില കുമിൾരോഗങ്ങളെ തടയും

2. ചെടികളുടെ വളർച്ചയെ സഹായിക്കും

3. ചെടികൾക്ക് രോഗപ്രതിരോധശേഷി വർധിക്കും.