വയനാട്ടില്‍ ഒരു വിപ്ലവം നടക്കുന്നുണ്ട്. അത് ഇഞ്ചിക്കൃഷിയിലാണ്. നാടുവിട്ടവര്‍ തിരിച്ചുവരികയാണ്.. സ്വന്തം വീട്ടിലേക്ക്, സ്വന്തം തൊടിയിലേക്ക്. കുടകിലെ ക്ഷീണകാലത്തിന് വിട. സ്വന്തം നാട്ടില്‍ ഉറ്റവര്‍ക്കൊപ്പം കഴിയാന്‍ എല്ലാവരും വീണ്ടും സ്വപ്നം കാണുന്നു. കയ്യില്‍ ഒരു കവറുമായി അവര്‍ വരുന്നു. കുട്ടിക്കാലം ചെലവിട്ട സ്വന്തം പറമ്പിലെ മണ്ണ് അതില്‍ നിറയ്ക്കുന്നു. പിന്നെ അതില്‍ ഇഞ്ചി നടന്നു. മണ്ണിന്റെ അടിയിലെ വിളര്‍ത്ത തൊലിയില്‍ വീണ്ടും സ്വര്‍ഗ്ഗം വിളയുന്നു. നാവെരിയുന്നു.. മണം പരക്കുന്നു.. മനസ്സ് നിറയുകയായി. പഴയ കര്‍ഷകര്‍ക്ക് പണ്ട് ഒന്നാം ക്ലാസില്‍ പഠിച്ച പാട്ട് ഓര്‍മ്മ വരികയായി... 

To advertise here,

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ
അഞ്ചാമന്‍ പഞ്ചാരക്കുഞ്ചുവാണേ
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചൂ...

പെരിക്കല്ലൂരില്‍ ഗ്രോ ബാഗു കാലം

പുല്‍പ്പള്ളിക്കടുത്താണ് പെരിക്കല്ലൂര്‍. കബനീ നദിയോട് ചേര്‍ന്ന് കിടക്കുന്ന നാട്. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകത്തിലേക്ക് പോകുന്ന കടവ് തൊട്ടടുത്താണ്. ബൈരക്കുപ്പയിലേക്കുള്ള വഞ്ചികള്‍  തോണിക്കടവിലുണ്ട്, തിരിച്ചു വരുന്നവയും. ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുണ്ട്. പണ്ട് കുടിയേറ്റ കാലത്ത് വന്നവരുടെ പിന്മുറക്കാര്‍ അതുവഴി ഇന്നും നാടിനെ തൊടുന്നു. ആനവണ്ടികള്‍ക്ക് നിര്‍ത്തിയിടാന്‍ നാട്ടുകാരും പള്ളിയും സൗകര്യം ചെയ്യുന്നു. സൗമ്യമായി നാട് മുന്നോട്ട് പോകുന്നു.

ബോബി സ്റ്റീഫന്‍ നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുന്നു. കയ്യില്‍ ഗ്രോ ബാഗുമായി. ഇനി ബോബി പറയും.. 'പതിനഞ്ചു കൊല്ലമായി കര്‍ണ്ണാടകത്തിലായിരുന്നു. അവിടെ ഇഞ്ചിക്കൃഷി തന്നെ. പണ്ടത്തെ പോലെ അല്ല ഇപ്പോള്‍. പാട്ടം ഒരു ലക്ഷം തൊട്ട് ഒന്നര ലക്ഷം രൂപ വരെയായി. ഇറക്കുന്ന മുതല്‍ കിട്ടാന്‍ പാടായി. പാട്ടത്തിന് പുറമേ കൂലിച്ചെലവ് സഹിക്കാന്‍ പറ്റാതായി. തൊഴിലാളികളെ കിട്ടാനുമില്ല. അവിടത്തുകാരുമായി ഇപ്പോള്‍ പഴയപോലെ നല്ല ബന്ധം ഇല്ലാതാവുകയാണ്. പിന്നെ യാത്രയും പ്രശ്നമാണ്. വലിയ നഷ്ടത്തിലേക്ക് നീങ്ങുകയാണ് എല്ലാവരും. അങ്ങനെ ഇതൊക്കെ ഒഴിവാക്കി കേരളത്തിലേക്ക് തിരിച്ചു വരാന്‍ പറ്റുമോ എന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ പുതിയ രീതി പരീക്ഷിക്കുന്നത്.'

ആ പുതിയ ശ്രമത്തിന്റെ കഥ പറയും മുമ്പേ നില്‍ക്കുന്ന പറമ്പിന്റെ ചുറ്റും കാണണം. തെങ്ങുകളുണ്ട്. മണ്ട പക്ഷേ ചൂലു പോലെ. തേങ്ങ പോയിട്ട് എന്തിന് ഓല പോലുമില്ല. കുരുമുളക് പഴയ ഓര്‍മ്മകള്‍ മാത്രം ബാക്കി. റബ്ബറിന്റെ കാര്യം പറയാത്തതാവും ഭംഗി. കാപ്പി വിളവ് ഇല്ലാതായി. കവുങ്ങ് ഇപ്പോഴും ഉണ്ട്. പക്ഷേ കാര്യായി ഫലമില്ല. മുമ്പ് ചെയ്ത കൃഷികളുടെ എല്ലാം അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന തൊടി. 'ഓരോ കൊല്ലം കഴിയും തോറും ഓരോന്നായി ഇല്ലാതാവുന്നു. പുതിയ രോഗങ്ങള്‍ വന്നു. ആദ്യം തൊട്ടേ രോഗങ്ങള്‍ക്ക് മരുന്നു നിര്‍ദേശിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണം എന്ന് അറിഞ്ഞിരുന്നുമില്ല. പതുക്കെ ഇവിടം വിട്ടു. അതോടെ ബാക്കിയും പോയി. ഇനി എല്ലാം ആദ്യം തൊട്ടേ തുടങ്ങണം.' ആ തുടക്കം ഇഞ്ചിയിലാണ്. 

placeholder
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി (image: mbtv screengrab)
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി 

ഇഞ്ചിത്തോട്ടം സ്വന്തം വീട്ടില്‍

തറവാടിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ സ്ഥലം. തികച്ചും ശാസ്ത്രീയമായാണ് ഇഞ്ചി കൃഷി. പറമ്പില്‍ നിന്ന് തന്നെ മണ്ണ് എടുക്കുന്നു. പതിനെട്ട് ഗ്രോ ബാഗിലാണ് മണ്ണ് നിറയ്ക്കുന്നത്. അതിനും മുമ്പായി മണ്ണിന്റെ പിഎച് പരിശോധിക്കണം. ഏതൊക്കെ മൂലകങ്ങള്‍ കുറവുണ്ടെന്നും അഭാവമുള്ളവ ചേര്‍ക്കണമെന്നും ബോബി നിര്‍ദേശിക്കുന്നു. കര്‍ഷകര്‍ തന്നെ ഉണ്ടാക്കുന്ന വളം ആണിപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത്. ആട്ടിന്‍ കാട്ടവും ചാണകവും കോഴിവളവും പതിനൊന്നു മൂലകങ്ങളും ചേര്‍ത്തുള്ള വളമാണിത്.

ആദ്യം പകുതി ഭാഗത്തോളം മണ്ണ് നിറയ്ക്കും. എന്നിട്ട് ഒരു ഇഞ്ചി വിത്ത് വയ്ക്കും. വീണ്ടും വിത്ത് നന്നായി വളരാന്‍ അല്‍പം കൂടി മണ്ണും കരിയിലയും ഇടും. അതിനുംമുമ്പായി ആദ്യം തന്നെ നിലം ഷീറ്റ് വിരിച്ചു കള തടയും. മല്‍ച്ചിംഗിനും ഡ്രിപ് ഇറിഗേഷനും നിലമൊരുക്കലിനും ഗ്രോ ബാഗിനും ഒക്കെയായി ഏക്കറിന് ആറുലക്ഷം രൂപയാണ് ഇത്തവണ ചെലവു വന്നത്. ഇത് കിണറുകുഴിച്ചത് അടക്കമാണ്. എന്നാലും ബോബി ഹാപ്പിയാണ്. കുടകിലായിരുന്നു എങ്കില്‍ ഈ ചെലവു എട്ടു ലക്ഷത്തിന് മീതേ പോകുമായിരുന്നു. മാത്രമല്ലാ വരും വര്‍ഷങ്ങളില്‍ ഇതിന്റെ പകുതി ചെലവു മാത്രമേ വരൂ.

മണ്ണിന്റെ മൈക്രോ ന്യൂട്രിയന്റ്സ് പരിശോധിച്ച് വേണ്ടതെല്ലാം കൊടുത്താണ് കൃഷി. ഡ്രിപ് ഇറിഗേഷനിലൂടെ ഇത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാനാവും. ഡ്രിപ് ഇറിഗേഷന്‍ അടക്കം എല്ലാം ചെയ്തത് ബോബി ഒറ്റയ്ക്കാണ്. 'കുടകില്‍ 18 മുതല്‍ 24 മാസം വരെ പാട്ടത്തിനെടുത്താണ് കൃഷി. വില കുറവാണെങ്കില്‍ വിളവെടുപ്പ് നീട്ടി വയ്ക്കും. ഒരേ സ്ഥലത്ത് രണ്ടു വട്ടം കൃഷി പറ്റില്ല. ഇവിടെ ഇതേ വിധത്തില്‍ എത്ര വര്‍ഷം വരെ വേണമെങ്കിലും കൃഷി ചെയ്യാം. കള എടുക്കുന്ന കൂലിച്ചെലവില്ല.. ഒറ്റയ്ക്ക് ചെയ്യാവുന്നതേയുള്ളൂ'

എൻഎഫ് പിഒ എന്ന കര്‍ഷക കൂട്ടായ്മയിലാണ് പരീക്ഷണങ്ങള്‍. കര്‍ഷകര്‍ കൈകോര്‍ത്തു പിടിച്ചാണ് മുന്നേറ്റം. ആയിരം പേരുടെ കൂട്ടായ്മ. സ്വന്തമായി കൃഷി ശാസ്ത്രജ്ഞരുണ്ട്. ആ വിധത്തില്‍ രോഗങ്ങളെ  തടയാനാവും. മണ്ണില്ലാതെ ചകിരിച്ചോറും കരിയിലയും മറ്റുമായി കൃഷി എത്രത്തോളം എന്ന പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നതാണ്. അത് വിജയിച്ചാല്‍ അടുത്ത വര്‍ഷം മണ്ണില്ലാ കൃഷിയുമായി മണ്ണിലിറങ്ങാനാണ് ബോബിയുടെ പദ്ധതി. എല്ലാ കൃഷിക്കും കാലാവസ്ഥാ മാറ്റം ഭീഷണിയാവുകയാണ്. മഴ പെയ്താല്‍  ഗ്രോബാഗില്‍ വെള്ളം നിറയും ഇഞ്ചി ചീയും. പ്രത്യേകം കരുതിയിരിക്കണം. ബോബി മുന്നറിയിപ്പ് നല്‍കുന്നു. 

placeholder
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി (image: mbtv screengrab)
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി

ആവേശം അസ്തമിച്ച് കുടകിലെ ഇഞ്ചിക്കൃഷി

കുടകിലെ ഇഞ്ചിക്കൃഷിക്ക് ഇപ്പോള്‍ പഴയ ആവേശമില്ലെന്ന് ബോബി. നേരത്തേ പറഞ്ഞ പോലെ മണ്ണിന്റെ ഫുലപുഷ്ടി നഷ്ടമായി. ഇത് കൃഷിച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. എത്ര വളം ചെയ്താലും രണ്ടാം തവണ അതേ മണ്ണില്‍ കൃഷി ഇറക്കാനാവില്ല. കൂലിച്ചെലവ് വല്ലാതെ കൂടി. വിലയിലെ അസ്ഥിരത കാര്യം കൂടുതല്‍ വഷളാക്കുന്നു. 'ഇഞ്ചി കടയില്‍ നിന്ന് കിട്ടുമ്പോള്‍ ഉള്ള വില കര്‍ഷകന് കിട്ടില്ല. പരമദയനീയമാണ് അവസ്ഥ. പോകുന്നവരില്‍ ഒന്നോ രണ്ടോ പേരേ രക്ഷപ്പെടുന്നുള്ളൂ. അവരുടെ വിജയഗാഥ കണ്ട് എല്ലാവരും പുറപ്പെടും. വന്‍ നഷ്ടത്തിലേക്ക് വീഴുകയും ചെയ്യും,' ബോബി പറയുന്നു.  

'പലരും തിരിച്ചു വരാന്‍ ആവാത്ത അവസ്ഥയിലാണ്. മടങ്ങി വന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും മുഖത്തു നോക്കുന്നത് ആലോചിച്ച് തുടരുകയാണ്. കാര്‍ഷിക വായ്പയുടെ ഊരാക്കുടുക്കിലാണ് കര്‍ഷകര്‍. ചിലര്‍ ആത്മഹത്യുടെ വക്കിലാണ്,' ബോബി പറഞ്ഞുനിര്‍ത്തി. എന്തായാലും നിരവധി കര്‍ഷകര്‍ ഇപ്പോള്‍ ബോബിയുടെ തോട്ടം കാണാനെത്തുകയാണ്. ഇത് വിജയം കണ്ടാല്‍ ഒരു പക്ഷേ എല്ലാവരും തിരിച്ചെത്തും.. സ്വന്തം നാട്ടിലേക്ക്.. സ്വന്തം മണ്ണിലേക്ക്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ബോബിയുമായി ബന്ധപ്പെടാം: ബോബി സ്റ്റീഫന്‍ - 9847381025.   

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)