കടൽ കടന്നു വന്നു. കേരളം കണ്ടു. മണ്ണിനെ കീഴടക്കി. തോട്ടങ്ങളായി പടർന്നു. നാടിന്റെ സ്വഭാവം തന്നെ മാറ്റി. മനുഷ്യന്റെ ജീവിതവും. കാപ്പിയേയും റബറിനേയും പറ്റിയാണ്. കാപ്പിക്ക് ഇക്കൊല്ലവും നല്ല കാലമാണ്. റബർ മോശമില്ലാതെ കടന്നു പോകുന്നു എന്നേയുള്ളൂ. പഴയ നല്ല കാലം ഓർമ്മ മാത്രം. കാപ്പിയും റബറും പൊതുവേ ഏകവിളത്തോട്ടങ്ങളാണ്. നിലവിലുള്ള തോട്ടങ്ങളിൽ നിന്ന് എങ്ങനെ ഇരട്ടി വരുമാനമുണ്ടാക്കാം?. മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ് നാട് ഇപ്പോൾ.
റബറിന്റെ കഥ
ലോകം വെട്ടിപ്പിടിക്കാൻ യൂറോപ്യന്മാർ തെക്കേ അമേരിക്കയിലെത്തിയ കാലം. അവർ ഒരു കുട്ടിക്കളി കണ്ടു. കാട്ടിലെ മരത്തിൽ മായൻ കുട്ടികൾ മുറിവുണ്ടാക്കുന്നു. അതിലെ കറ ഊറി വരുന്നു. അതു കൊണ്ട് പന്തുണ്ടാക്കുന്നു. കളിക്കുന്നു. ആ കളി കാര്യമായി. വ്യവസായ വിപ്ലവകാലത്ത് റബറിന് ഉപയോഗമേറി. റബർ മരത്തിന്റെ തലവര മാറി. ചാൾസ് ഗുഡ് ഇയർ എന്ന അമേരിക്കക്കാരൻ വൈകാതെ റബ്ബറിനെ സൾഫർ ചേർത്ത് തിളപ്പിച്ചു. വൾക്കനൈസേഷൻ എന്ന വിദ്യ വന്നു. ചൂടും തണുപ്പും റബറിനെ ബാധിക്കാതെയായി.
അപ്പോഴത്തെ പ്രശ്നം റബർ തേടി തെക്കേ അമേരിക്കയിലേക്ക് പോകണം എന്നതായി. സ്പെയിൻകാരും പോർച്ചുഗീസും കോളനികളാക്കിയ നാട്. അവിടെ നിന്ന് ബ്രിട്ടീഷുകാർക്ക് റബർ കിട്ടാൻ പാടായി. അന്നേരം അവർ മലയായിൽ റബർ നട്ടു. അവിടെ നിന്നാണ് റബർ കേരളത്തിൽ എത്തിയത്. ആദ്യം നട്ടത് തട്ടേക്കാട്ടാണ്. പെരിയാറിന്റെ തീരം റബറിന് പിടിച്ചു. പിന്നാലെ ജോൺ മർഫി എന്ന അയർലൻഡുകാരൻ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിൽ ആദ്യ റബർ തോട്ടം ഉണ്ടാക്കി. വർഷങ്ങൾ പോയി. ഇന്ത്യയിലെ റബറിന്റെ 75 ശതമാനവും കേരളത്തിൽ ഉൽപാദിപ്പിക്കാൻ തുടങ്ങി.
കാപ്പിയുടെ കഥ
റബറിനും മുമ്പേ ഓട്ടം തുടങ്ങി കാപ്പി. ഒമ്പതാം നൂറ്റാണ്ടിൽ ഐതിഹ്യം തുടങ്ങുന്നു. ആടു മേയ്ക്കുന്നതിനിടെ ഇടയന്മാർ ആടുകളിലെ ഉന്മേഷം കണ്ടു. കാപ്പിക്കുരു തിന്ന ആടുകൾ ഉത്സാഹികൾ. ആ വിവരം അവർ മഠത്തിൽ അറിയിച്ചു. സന്യാസിമാർ കാപ്പി കുടിക്കാൻ തുടങ്ങി. പിന്നെ അറിവും അധികാരവും ഉള്ളവർ കാപ്പി കുടിച്ചായി ചർച്ചകൾ. കാപ്പിക്കോപ്പകൾ നിറഞ്ഞു, ഒഴിഞ്ഞു. കാപ്പി ജ്ഞാനികളുടെ പാനീയമായി.
അക്കാലത്ത് തുറമുഖങ്ങളിൽ കടുത്ത പരിശോധനയായി. കാപ്പിക്കുരു കടത്തുന്നത് ശിക്ഷാർഹം. ബാബാ ബുഡൻ എന്ന സൂഫി സന്യാസി മക്കയിൽ പോയി. തിരിച്ചുപോരുമ്പോൾ ചിക്കമംഗലുരുവിലെ കുന്നുകളിലേക്ക് കാപ്പിക്കുരു കൊണ്ടു വന്നു. ആരുമറിയാതെ. അത് പിന്നെ നട്ടു വളർത്തി. കുന്നിൻ ചെരുവിൽ കാപ്പി പരന്നു. ആ കുന്നുകൾ അതിമനോഹരമായി. ഇന്ത്യയിലും കാപ്പി ശീലമായി. കോഫീ ഹൗസുകൾ രാഷ്ട്രീയം പറഞ്ഞു. ദൽഹിയിലെ ഇന്ത്യൻ കോഫീ ഹൗസിൽ പ്രധാനമന്ത്രി നെഹ്റു സ്ഥിരക്കാരനായി. അപ്പോഴും കർഷകർക്ക് കാപ്പിക്കുരു സർക്കാരിന് മാത്രം വിൽക്കാം എന്നായിരുന്നു നയം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ എല്ലാം മാറി. കാപ്പിത്തോട്ടങ്ങൾ എല്ലാവർക്കുമായി.
പതനം
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കാലം മാറി. രാജ്യാന്തര കരാറുകൾ വന്നു. കാപ്പിത്തോട്ടങ്ങളിലും റബർ തോട്ടങ്ങളിലും കാറ്റു മാറി. വിപണിയിലേക്ക് പുതിയ കളിക്കാരെത്തി. വിലയിടിഞ്ഞു. റബർ തോട്ടങ്ങളിലെ കാടു വെട്ടാനുള്ള പണിക്കൂലി പോലും ഷീറ്റ് വിറ്റാൽ കിട്ടില്ലെന്നായി. വിലത്തകർച്ച കാപ്പിക്കർഷകരുടേയും നടുവൊടിച്ചു.
ഇപ്പോൾ റബർ വില ഒരു കണക്കിന് തെല്ലൊന്നു പിടിച്ചു നിൽക്കുന്നു. കാപ്പിക്കർഷകന് ആശ്വാസമുണ്ട്. അപ്പോഴും വലിയ ആനന്ദം കിട്ടുന്നുമില്ല. സംസ്ഥാനത്തിന്റെ നട്ടെല്ലായിരുന്ന റബർ തോട്ടങ്ങളുടെ തകർച്ച അവിശ്വസനീയമായിരുന്നു. പലിടത്തും പോറ്റിവളർത്തിയ റബർ മരങ്ങൾ വെട്ടി. മറ്റു മരങ്ങൾ നട്ടു. റബർ തോട്ടത്തിൽ കോഴി വളർത്തലായി.
റോയ് സെലക്ട്
വയനാട്ടിലെ പുൽപ്പള്ളിയിൽ അതിനിടെ റോയിച്ചൻ എന്ന കർഷകൻ ഒന്നു മാറി നടന്നു. റബറിന്റെ തകർച്ച റോയിയെ ഇരുത്തിച്ചിന്തിപ്പിച്ചു. തന്റെ റബർ തോട്ടത്തിൽ അദ്ദേഹം ഇടവിളയായി കാപ്പി നട്ടു. പ്രധാനമായും രണ്ടിനമുണ്ട് കാപ്പി. അറബിക്കയും റോബസ്റ്റയും. അറബിക്കയ്ക്കാണ് വില കൂടുതൽ. എന്നാൽ ഇത് വയനാട്ടിൽ വളർന്നില്ല. നാലഞ്ചു കൊല്ലം കഴിയുമ്പോഴേക്കും ലീഫ് റസ്റ്റ് രോഗം വരും. ഇല കൊഴിയും. മരം ഉണങ്ങും. അറബിക്ക വിജയിച്ചില്ല. എല്ലാവരും റോബസ്റ്റയിലേക്ക് മാറി. റോയി നന്നായി പഠിച്ചു. എന്നിട്ടാണ് കാപ്പി നട്ടത്. മൂന്നു നാലു കാര്യങ്ങൾ പ്രത്യേകം നോക്കണം. റബറിന്റെ ഇടയിൽ വളർത്താവുന്ന കാപ്പിയേത്? ഇലകൊഴിച്ചിൽ വരുത്തുന്ന ഫംഗസിനെ പ്രതിരോധിക്കാൻ കഴിയുന്ന ചെടി എവിടെ കിട്ടും? കൂടുതൽ വിളവു കിട്ടുന്ന കാപ്പി കിട്ടാനുണ്ടോ?
അങ്ങനെ കണ്ടെത്തിയതാണ് റോയ് സെലക്ട് എന്ന ഇനം. സ്വന്തം തോട്ടത്തിൽ തന്നെ മരങ്ങൾക്കിടയിൽ നന്നായി വളരുന്ന ഒരു കാപ്പിച്ചെടി കണ്ടെത്തി. തണലുണ്ടെങ്കിലും നന്നായി കായ്ക്കുന്നത്. അതിനെ തള്ളമരമാക്കി വികസിപ്പിച്ചു. ആ വംശാവലിയെ റബറിനിടയിൽ ധൈര്യമായി നടാം. വേരുപടലമായി റബറിനെ ചുറ്റില്ല. തായ് വേരു താഴേക്കു തന്നെ പോകും. രോഗപ്രതിരോധി ശേഷി കൂടുതൽ. ഒപ്പം നല്ല വിളവും. റബ്ബർ തോട്ടിലെ കാടു വെട്ടേണ്ട. കൊല്ലം തോറുമുള്ള വലിയ കൂലിച്ചെലവ് ഇതോടെ ഇല്ലാതായി. റോയ് പറയുന്നു.
'പോരാത്തതിന് ഈ കാപ്പിച്ചെടികൾ വളരെ മാന്യന്മാർ. ഇതിനിടുന്ന വളം റബ്ബർ വലിക്കും എന്നല്ലാതെ തിരികെ വലിച്ചെടുക്കുന്ന സ്വഭാവമില്ല. വേരുപടലങ്ങൾ തമ്മിൽ വഴക്കില്ലാതെ നന്നായി വളരാൻ തുടങ്ങി. മാന്യന്മാരായതിനാൽ കുറച്ചു വളം കൂടുതൽ വേണം എന്നു മാത്രം'
സാധാരണ കാപ്പിച്ചെടികളെപ്പോലെ റോയ് സെലക്ട് കാപ്പി അധികം വലുതാവില്ല. ചെറിയ ചെടികൾ. അരയാൾപ്പൊക്കം. രണ്ട് ചെടികൾക്കിടയിൽ നാലരയടി അകലം മാത്രം മതി. റബർ മരത്തിൽ നിന്ന് അഞ്ചടി അകലം വിട്ട് നടുന്നു. അപ്പോൾ പത്തടി ടാപ്പിങ് ഏരിയ കിട്ടും. ബാക്കി ഭാഗത്ത് കാടു പിടിച്ച് കിടക്കുന്ന ഏർപ്പാട് ഇല്ലാതായി. കാടു വെട്ടുന്ന ഏർപ്പാട് വേണ്ടല്ലോ. ആ പണം കൊണ്ട് വളം വങ്ങാം. ഫലത്തിൽ പത്തേക്കർ റബറായിരുന്നു പണ്ട്. ഇപ്പോൾ അതേ സ്ഥലത്ത് പത്തേക്കർ കാപ്പിയും പത്തേക്കർ റബറുമായി. റബറിന് കിട്ടുന്ന 150 രൂപ പോലും കർഷകന് സന്തോഷം തരും. കാരണം തോട്ടത്തിലെ ചെലവുകൾ പണ്ടത്തേതിന്റെ പകുതിയില്ല റബറിന്റെ ഇല പൊഴിയുന്ന കാലത്തെ ചെലവും ഇപ്പോൾ ഇല്ല. അത് കാപ്പിക്ക് ഗുണമാണ്.- റോയ് ആന്റണി ചിരിക്കുന്നു.
എവിടേയും പറ്റും
ഉയർന്ന കുന്നിൻ ചെരുവുകളിൽ മാത്രം പറ്റുന്ന ഒന്നാണ് കാപ്പി എന്നാണ് പൊതുവേ വിശ്വാസം. എന്നാൽ ഏത് റബ്ബർ തോട്ടത്തിലും റോയ് സ്വന്തം കാപ്പിച്ചെടികളെ വിജയിപ്പിച്ചു. മലയോരത്തെ കാപ്പി ഇപ്പോൾ ചില കടലോരമേഖലകളിൽ പോലും വിളവെടുക്കുന്നു.
'പലപ്പോഴും നമ്മുടെ കർഷകർ ദയനീയമായി ചതിക്കപ്പെടുന്നു. നിലവാരമില്ലാത്ത തൈകൾ വാങ്ങി വച്ചാൽ നഷ്ടം നിസ്സാരമല്ല. നാലഞ്ചു വർഷം കഴിയണം തൈയുടെ ഗുണ നിലവാരം അറിയാൻ. വിളവെടുപ്പിന്റെ ഘട്ടത്തിൽ ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെങ്കിൽ നഷ്ടം ഭീകരമാണ്. നാലഞ്ചു വർഷത്തെ അധ്വാനവും നിക്ഷേപവും പോകും. അതോടൊപ്പം പിന്നെയും നാലഞ്ചു വർഷം വേണ്ടിവരും അടുത്തത് വളർത്തിയെടുക്കാൻ. ഇരട്ടിച്ചെലവ് എന്നതിനപ്പുറം ഉള്ള ജീവിതം തുലയും. നമ്മൾ തന്നെ ഗുണനിലവാരം ഉറപ്പുള്ള തൈകൾ ഉൽപ്പാദിപ്പിച്ചാൽ ഈ പ്രതിസന്ധി പരിഹരിക്കാം. അതിനായാണ് നഴ്സറി ഒരുക്കിയത്. എവിടെ നിന്ന് ആവശ്യം വന്നാലും തൈകൾ നൽകാനാവും. ആവശ്യക്കാർക്ക് ആദ്യഘട്ടത്തിൽ നേരിട്ടു പോയി നട്ട് പരിപാലിക്കാനുള്ള ഏർപ്പാടുകളും ചെയ്യുന്നുണ്ട്'
മണ്ണിന് പകരം കൊക്കോപിറ്റാണ് മാധ്യമം. അതിനാൽ വേരുകൾ ആരോഗ്യമുള്ളതും ഗുണസമ്പുഷ്ടവും. അതിനാൽ എവിടേയും ഈ തൈകൾ അനുയോജ്യം. ആദ്യ ദിനങ്ങൾക്ക് വേണ്ടിയുള്ള വളവും മൂലകങ്ങളും നൽകും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് നടാൻ നല്ലത്. ചെടികൾ തമ്മിൽ നാലര അടി അകലം. തിരഞ്ഞെടുത്ത കാപ്പിത്തൈകളുമായി ഇപ്പോൾ റോയിച്ചൻ എത്താത്ത സ്ഥലങ്ങളില്ല.
'ഇത് വയനാടാണ് എന്നു പറയുമ്പോഴും സ്ഥലം മുള്ളൻകൊല്ലിയാണ് എന്ന് ഓർക്കണം. ഇവിടെ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുപോലുമുണ്ട് പലപ്പോഴും. ഈ ചൂടിനെ മറികടക്കാൻ കഴിയുന്ന കാപ്പിച്ചെടികൾക്ക് എവിടേയും വളരാം. പുനലൂരിലും എന്തിന് തമിഴ് നാട്ടിലെ മാർത്താണ്ഡത്ത് പോലും കാപ്പിത്തോട്ടം ഞങ്ങൾ ചെയ്തിട്ടുണ്ട്. നാലാം വർഷം വിളെവെടുക്കാം എന്ന ഉറപ്പാണ് പ്രധാനം. നോക്കാൻ ആളില്ലാത്ത തോട്ടങ്ങളിൽ പോയി കൃഷി വിജയിപ്പിച്ച് മടങ്ങിയ ചരിത്രവുമുണ്ട് ഇപ്പോൾ റോയ് സെലക്ടിന് - റോയിച്ചൻ പറഞ്ഞു.
ഒരേക്കർ തോട്ടത്തിൽ റബ്ബർ പോയി നടുമ്പോൾ തയ്യൊന്നിന് 15 രൂപയാണ് ചെലവ്. പുൽപ്പള്ളിയിൽ നിന്ന് കൊണ്ടു പോയി നടണമെങ്കിൽ അതിനുള്ള ചെലവു കൂടി വാങ്ങുന്നു. ഒരേക്കർ സ്ഥലത്ത് റബറിന് ഇടവിളയായി ചെയ്യുമ്പോൾ 1800 കാപ്പിച്ചെടികൾ നടാനാവും. ടാപ്പിങ് ലൈൻ എല്ലാം നല്ല രീതിയിൽ ഒരുക്കിക്കൊണ്ട്. മറ്റ് മരങ്ങൾക്കിടയിലെ തോട്ടമെങ്കിൽ ഒരേക്കറിൽ 2500 ചെടി വരെ നടുന്നു. ഒരേക്കറിൽ നിന്ന് എങ്ങനെ പോയാലും 2000 കിലോ കാപ്പിക്കുരു ഉറപ്പിക്കാം. കാപ്പിക്ക് എപ്പോഴും ഡിമാൻഡുമുണ്ട്. ആഗോളകാപ്പിഭീമന്മാർ പോലും നമ്മുടെ കേരളത്തിലേക്ക് കാപ്പി വാങ്ങാൻ എത്തുകയാണ്.
'ഇനിയുള്ള.കാലത്ത് റബർ കർഷകൻ കരുതിയിരിക്കണം. റബർ കൊണ്ട് മാത്രം മുന്നോട്ടു പോകാനാവില്ല. റബർ കൃഷി എല്ലായിടത്തും വ്യാപിക്കുകയാണ്. വടക്കു കിഴക്കേ ഇന്ത്യയിൽ മാത്രം 15 ലക്ഷം ഹെക്ടർ സ്ഥലത്ത് റബർ പുതുതായി കൃഷി ചെയ്യുന്നു. കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലും മഹാരാഷ്ട്രത്തിലുമായി ആകെ എട്ടരലക്ഷം ഹെക്ടറിലേ റബർ കൃഷിയുള്ളൂ എന്നതു കൂടി ഓർക്കണം. അതിൽ തന്നെ ടാപ്പിങ് നടക്കാത്ത തോട്ടങ്ങളുണ്ട്. റീപ്ലാന്റ് ചെയ്യാത്ത തോട്ടങ്ങളുണ്ട്. പുതുതായി പണി ചെയ്യേണ്ടി വരുമ്പോൾ റബർ വെട്ടിമാറ്റി പുതിയ കൃഷിയിലേക്ക് മാറുന്ന തോട്ടങ്ങളുണ്ട്. ഇതെല്ലാം സംഭവിച്ചിട്ടും റബറിന്റെ വിലയിൽ മാറ്റമുണ്ടാകുന്നില്ല. സിന്തറ്റിക് റബറിനെ ആശ്രയിച്ചാണ് ഇപ്പോൾ റബർവില. മറ്റു സ്ഥലങ്ങളിൽ നിന്ന് റബർ ഇങ്ങോട്ടും വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ ഇനി അധികകാലം റബറിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ല' - റോയ് മുന്നറിയിപ്പു നൽകുകയാണ്.
തോട്ടം ഓർഗാനിക്കാണ്
കാപ്പിക്ക് നല്ല വിളവാണ് റോയിക്ക് കിട്ടുന്നത്. 'നല്ല വിളവു കിട്ടാൻ നല്ല ഭക്ഷണവും കൊടുക്കണം. വളത്തിന് അനുസരിച്ച് ചെടി വിളവു തരും. എന്നാൽ ഓർഗാനിക് ആയാണ് എന്റെ തോട്ടത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. - റോയ് ആന്റണി പറയുന്നു. സാധാരണ രാസവളത്തിന് പകരം ഓർഗാനിക് വളം. അതും ഒറിജിനൽ വേസ്റ്റ് ഡീകമ്പോസർ എന്ന രീതിയിൽ. ഡൽഹിയിലെ കൃഷി വികസന ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മാർഗ്ഗമാണിത്. ഏറ്റവും ചെലവു കുറഞ്ഞ വളപ്രയോഗം. രണ്ടു കിലോ ശർക്കരയും മറ്റ് ചില ഘടകങ്ങളും ചേർത്താൽ തോട്ടത്തിന് മുഴുവൻ ആവശ്യമായ വളം ഉണ്ടാക്കാം. മറ്റ് അവശ്യമൂലകങ്ങൾ പ്രകൃതിയിൽ നിന്നു തന്നെ ഇതിൽ ചേർക്കാനുമാവും.
രാജാക്കന്മാർ കാപ്പി കുടിക്കുന്നു
അബുദാബി രാജകുടുംബാംഗങ്ങളുടെ ഫാം ഹൗസുകൾ അക്ഷരാർത്ഥത്തിൽ ഇസ്രയേൽ മാതൃകയിലാണ്. എല്ലാം ആവശ്യത്തിന് മാത്രം നൽകി ഉയർന്ന വിളവെടുക്കാനുള്ള രീതി. സൂക്ഷ്മകൃഷിയുടെ കൃത്യതയാർന്ന ഇസ്രയേൽ ടെക്നോളജിയാണിത്. ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം കൊട്ടാരത്തിന്റെ ഫാം ഹൗസിൽ തന്നെ തയ്യാറാക്കുന്നു. വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ഉറപ്പാക്കാനാണിത്. എന്നാൽ അധികാരികൾ ഒരു പ്രതിസന്ധി നേരിട്ടു. പ്രിയങ്കരമായ അറബിക്കാ കോഫി വളർത്താനാവുന്നില്ല.
ലോകത്ത് പലയിടത്തും അവർ അന്വേഷണം നടത്തി. ആദ്യകാല പരീക്ഷണങ്ങൾ ഒക്കെ പാളി. ഒടുവിൽ നാലു രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇനം കോഫികളിലേക്ക് എത്തി. പോളണ്ട്, കെനിയ, യുഗാണ്ട, ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള അറബിക്ക കാപ്പിക്ക് പക്ഷേ മുമ്പേ പറഞ്ഞ പ്രശ്നമുണ്ട്. ലീഫ് റസ്റ്റ് എന്ന ഫംഗസ് കൃഷി നശിപ്പിക്കും. ഇലകൾ ദ്രവിച്ചുണങ്ങും. വൈകാതെ ചെടിയും നശിക്കും.
അബുദാബി കൊട്ടാരത്തിന്റെ അന്വേഷണം വൈകാതെ റോയ്സ് സെലക്ടിൽ എത്തി. കൂടിയ ചൂടിനെ പ്രതിരോധിക്കുന്ന അറബിക്കാ വറൈറ്റി വയനാട്ടിൽ നിന്ന്. ഫാം ഹൗസിന്റെ ഭാഗമായ കൊട്ടാരം പ്രതിനിധികൾ വൈകാതെ പുൽപ്പള്ളിയിലെത്തി. തോട്ടം നേരിട്ടു കണ്ടു. അതിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കി. എട്ടു വർഷങ്ങളായി കായ്ച്ചു നിൽക്കുന്ന 2400 കാപ്പിച്ചെടികൾ മൂടോടെ പറിച്ചെടുത്തു. അവ 64 ലോറികളിലേക്ക് കയറ്റി. ആ കാപ്പിച്ചെടികൾ വിമാനം കയറി.അബുദാബിയിലെത്തി. ഇപ്പോൾ ഫാം ഹൗസിന്റെ മുഖ്യ ആകർഷണം. രാജകുടുംബാംഗങ്ങൾ റോയ്സ് സെലക്ട് കാപ്പി കുടിക്കാൻ തുടങ്ങി.
ചരിത്രം ചിലപ്പോൾ അങ്ങനെയാണ്. അറേബ്യൻ തുറമുഖങ്ങളിലൊന്നിൽ നിന്ന് ഒരു സൂഫി സന്യാസി വിലക്കുകളെ മറികടന്ന് കൊണ്ടെത്തിച്ച കാപ്പിക്കുരു, പുതിയ ജനിതകവുമായി ആ ചെടികൾ തിരിച്ചു പറന്നു. ജ്ഞാനികളുടെ പാനീയം ഒരിക്കൽ കൂടി വിശിഷ്ടമായി. അബുദാബി അറബിക്കാക്കാപ്പിയുടെ മണം പിടിച്ചു. രുചി നുണഞ്ഞു. അന്നേരം ബാബാ ബുഡനേയും മർഫി സായിപ്പിനേയും ഒരുമിപ്പിക്കുകയാണ് മുള്ളൻകൊല്ലിയിൽ റോയ് ആന്റണി.
Roy coffee: 94479 07464
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)
Content Highlights: Boost rubber farm profits with Roy Select coffee intercropping.
Published: 07 Jun 2025, 09:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented