ഇത് ഇഞ്ചി നടാനുള്ള കാലം. വിത്ത് നടുന്നതുമുതൽ മുളയ്ക്കുന്നതുവരെ മിതമായ മഴയും വളരുന്ന സമയത്ത് നല്ലമഴയും വിളവെടുപ്പിന് തൊട്ടുമുൻപായി സാമാന്യം വരണ്ട സ്ഥിതിയും ഇഞ്ചിക്ക് ഇഷ്ട കാലാവസ്ഥയാണ്. വെള്ളക്കെട്ടിനെ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തതിനാൽ അതിനൊത്തുവേണം കൃഷിയിടമൊരുക്കാൻ.
മഴവെള്ളം വേണ്ടവിധത്തിൽ വാർന്നുപോവുന്നതിനുവേണ്ടി തടങ്ങൾ അല്പം ഉയർത്തിയെടുക്കണം. സൗകര്യമുള്ള നീളത്തിലും ഒരു മീറ്റർ വീതിയിലും ഏകദേശം 20-25 സെന്റീമീറ്റർ ഉയരമുള്ള തടം ഒരുക്കണം. ഇതിൽ 20-25 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികളെടുത്ത് ചാണകപ്പൊടി വിതറി മുകുളങ്ങൾ മുകളിലേക്ക് വരത്തക്കവണ്ണം ഏതാണ്ട് 15-20 ഗ്രാം തൂക്കം വരുന്ന വിത്തിഞ്ചി നാല്-അഞ്ച് സെന്റീമീറ്റർ താഴ്ചയിൽ നടാം. ഒരു ഏക്കറിന് 600 കിലോഗ്രാം വിത്ത് ആവശ്യമായി വരും. നട്ട ഉടനെ പച്ചിലകൊണ്ട് കനത്തിൽ പുതയിടണം.
മികച്ച ഇനങ്ങൾ
കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.ഐ.എസ്.ആർ.) ഇഞ്ചിയിൽ ഉത്‌പാദനക്ഷമതയും വിപണിക്ക് പ്രിയങ്കരവുമായുള്ള ഏതാനും ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയിൽ അടുത്ത കാലത്തായി വികസിപ്പിച്ചെടുത്ത രണ്ട് മികച്ച ഇഞ്ചി ഇനങ്ങളാണ് സുരസയും വജ്രയും. ഈ രണ്ടിനങ്ങളും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറെ അനുയോജ്യവുമാണ്.
ഇവയെക്കുറിച്ചറിയാം
• സുരസ: പച്ചയിഞ്ചി ആവശ്യങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ ഇനമാണിത്. കോടഞ്ചേരിയിലെ ജോൺ ജോസഫ് എന്ന കർഷകന്റെ ശേഖരത്തിലുണ്ടായിരുന്ന ഇഞ്ചിയിൽനിന്ന് ക്ലോണൽ സെലക്‌ഷനിലൂടെയാണ് ഗവേഷകർ ഇത് വികസിപ്പിച്ചെടുത്തത് .
മറ്റ് ഇനങ്ങളെ അപേക്ഷിച്ച് രുചിയുള്ളതിനാലും സലാഡുകൾക്കും മറ്റു പാചകാവശ്യങ്ങൾക്കും അനുയോജ്യമെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. ഏക്കറിന് ഏകദേശം 10 ടൺ വിളവ് ലഭിക്കും. നട്ട് 220 മുതൽ 240 ദിവസത്തിനുള്ളിൽ വിളവെടുപ്പിനാകും. നാര് (ഫൈബർ) 5.5 ശതമാനവും എസൻഷ്യൽ ഓയിൽ 1.66 ശതമാനവും അടങ്ങിയിരിക്കുന്നു
• വജ്ര: വളരെ വലിയ കഷണങ്ങളായി വളരുന്നുവെന്നതാണ് ഇതിനെ വിപണിയിൽ പ്രിയങ്കരമാക്കുന്നത്. ചുക്കിനും ഇത് യോജിച്ചതാണ്.
ഇതിൽ ഒലിയോറെസിൻ, എസൻഷ്യൻ ഓയിൽ എന്നിവ താരതമ്യേന കൂടുതൽ അടങ്ങിയിരിക്കുന്നു. നട്ട് 240 ദിവസത്തിനുള്ളിൽ വിളവെടുപ്പിനാകും. ഏക്കറിന് 10 ടണ്ണിലേറെ വിളവ് ലഭിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും സംസ്കരണ യൂണിറ്റുകൾക്കും അനുയോജ്യമായ ഇനമാണിത്.
മറ്റു പ്രധാന ഇനങ്ങൾ
ഐ.ഐ.എസ്.ആർ. പുറത്തിറക്കിയ മറ്റു മികച്ച ഇനങ്ങളാണ് വരദ, മഹിമ, രജത എന്നിവ. താരതമ്യേന കുറഞ്ഞ നാരിന്റെ അംശം, ഉയർന്ന ഉത്‌പാദനക്ഷമത, ഉണങ്ങിയാൽ 22 ശതമാനത്തിനടുത്ത റിക്കവറി എന്നിവ ഈയിനങ്ങളെയെല്ലാം കർഷകർക്കിടയിൽ ഏറെ സ്വീകാര്യമാക്കുന്നു. ഇതിൽ വരദ നട്ട് 220 ദിവസം കൊണ്ടും മഹിമ, രജത എന്നിവ 200 ദിവസം കൊണ്ടും വിളവെടുപ്പിനാവും.
ലഭ്യത
വിത്തുകൾ ലഭ്യമാകുന്ന പ്രധാന ഇടങ്ങൾ: 1. അഗ്രിക്കൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ. ഗവേഷണ കേന്ദ്രത്തിലെ പ്രധാന വിപണന വിഭാഗമാണിത്. വിത്തുകളുടെ ലഭ്യത അറിയാനും മുൻകൂട്ടി ബുക്കുചെയ്യാനും ഇവിടെ ബന്ധപ്പെടാം. വിവരങ്ങൾക്ക്: 0495-2731410 | atic.iisr@gmail.com
2. ഗവേഷണകേന്ദ്രത്തിന് കീഴിലുള്ള പെരുവണ്ണാമൂഴിയിലെ കൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.) വഴിയും വിത്തുകൾ വിതരണം ചെയ്യാറുണ്ട്. വിവരങ്ങൾക്ക്: 0496-2966041 | 8547544765 | kvkcalicut@gmail.com
3. ഗവേഷണകേന്ദ്രത്തിലെ സംരംഭകത്വ വിഭാഗമായ ‘SPIISRY’ വഴിയും വിത്തുകളുടെ ഓൺലൈൻ ബുക്കിങ് നടക്കാറുണ്ട്.
വിവരങ്ങൾക്ക്: 9995826799 | www.spiisry.in
ലഭ്യത കുറവായതിനാൽ നേരിട്ട് പോകുന്നതിനുമുൻപ് ഫോൺ വഴി വിത്തുകൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തുക.
Content Highlights: Learn how to cultivate ginger effectively in 2026. Discover high-yield varieties like Surasa and Vajra, planting techniques, and where to source quality seeds.
Published: 05 May 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented