
അര മീറ്റർ ഉയരെവരെ പടർന്നും നിവർന്നും വളരുന്ന ചെറൂള മൂത്രാശയ സംബന്ധമായ രോഗശമനത്തിന് വളരെ ഫലപ്രദമാണ്. ഭദ്രിക, ഭദ്ര എന്നീ നാമങ്ങളിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഇതിന്റെ ശാസ്ത്രീയനാമം ഏർവ ലനേറ്റ എന്നാണ്. അമരാന്തേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ചെറൂളയുടെ ഇലകൾ ചെറുതും അഗ്രം കൂർത്തതുമാണ്. പച്ച കലർന്ന വെള്ള നിറമാണ് പൂക്കൾക്ക്. ഇലയാണ് പ്രധാന ഔഷധയോഗ്യമായ ഭാഗം. സമൂലമായും ഉപയോഗിക്കാറുണ്ട്.
മൂത്രാശയക്കല്ലിനെ ദ്രവിപ്പിക്കാൻ ചെറൂളയ്ക്ക് കഴിവുണ്ട്. ഗർഭക്കാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കാൻ ഫലപ്രദമാണ്. ഗർഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാണ്. കൃമി നശിപ്പിക്കാനും പനി കുറയ്ക്കാനും ചെറൂളയ്ക്ക് കഴിവുണ്ട്. ദശപുഷ്പങ്ങളിൽ ഒന്നായ ചെറൂളയെ ബലിപ്പൂവ് എന്നും പറയാറുണ്ട്. ഇതിലെ രാസഘടകങ്ങളിൽ ആൽക്കലോയ്ഡ്‌സ്, ഫ്‌ലാവനോയ്ഡ്‌സ്, സ്റ്റിറോയ്ഡ്‌സ്, ടെർപിനോയ്ഡ്‌സ് ഇവ ഉൾപ്പെടുന്നു.
കാൻതിൻ 6-one ഏർവിട്രിൻ എന്നീ ആൽക്കലോയ്ഡുകൾ, കേംപ്‌ഫെറോൾ, ക്വിർസെറ്റ എന്നീ ഫ്‌ലാവനോയ്ഡുകൾ, ബീറ്റ സീറ്റോസ്റ്റിറോൾ, ഡൗകേസ്റ്റിറോൾ തുടങ്ങിയ സ്റ്റിറോയ്ഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൈക്കോസൈസ്ഡുകൾ, ഫിനോളിക് ആസിഡ് ഇവയും അടങ്ങിയിരിക്കുന്നു. നിശാകതകാദി കഷായം, രജന്യാദി ചൂർണ്ണം, കല്യാണകം കഷായം ഇവയൊക്കെ ചെറൂള അടങ്ങിയിട്ടുള്ള ആയുർവേദ ഔഷധയോഗങ്ങളാണ്.
കേരളത്തിലെ തൊടികളിലും പാഴ്‌നിലങ്ങളിലും സാധാരണയായി കണ്ടുവരുന്ന സസ്യമാണിത്. പ്രത്യേക കൃഷിരീതികളില്ലാതെ സ്വഭാവികമായി വളർന്നുവരുന്നു. ഇതിന്റെ വിത്ത് നട്ടോ ചെടിയുടെ കമ്പുകൾ മുറിച്ചുനട്ടോ എളുപ്പം വളർത്താം. നല്ല നീർവാർച്ചയുള്ള ഏതുമണ്ണിലും ചെറൂള എളുപ്പം വളരും. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുക്കൊണ്ട് മിതമായ നന മതിയാകും. നാല് സെന്റിമീറ്റർ ആഴത്തിൽ കമ്പുകൾ നടാം. ജൈവവളങ്ങൾ ചേർക്കുന്നത് നല്ലതാണ്. മൂപ്പെത്തിയ തൈകൾ സമൂലം പറിച്ചെടുത്ത് കെട്ടുകളാക്കി വിപണിയിലെത്തിക്കാം. ഉണങ്ങിയ ചെറൂളയ്ക്ക് കിലോയ്ക്ക് 65-95 വരെ വില ലഭിക്കാറുണ്ട്.
Content Highlights: Discover the `Balipoov` (Cheroola), a medicinal herb that grows wild & can be cultivated for extra income. Effective for urinary issues, bleeding, and more. Learn cultivation tips!
Published: 04 Nov 2025, 07:10 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented