ഏഴരയേക്കര്‍ പറമ്പ് വാങ്ങി അതിലുള്ള കാപ്പിയൊക്കെ വെട്ടിക്കളയുന്നതു കണ്ടപ്പോള്‍ ചുറ്റുവട്ടത്തുള്ളവരെല്ലാം ശശീന്ദ്രനെ പരിഹസിച്ചിട്ടുണ്ട്. വലിയ കായ്ഫലമില്ലാത്ത കവുങ്ങും തെങ്ങും പിഴുതുമാറ്റി അവിടെയൊരു കുളം കുഴിച്ചതോടെ കണ്ടുനിന്നവരെല്ലാം ഉറപ്പിച്ചു, ഈ മനുഷ്യന് 'വട്ട് ' തന്നെ. ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ശശീന്ദ്രന്റെ ആ ഭ്രാന്ത് അടങ്ങിയിട്ടൊന്നുമില്ല. പക്ഷേ, നാട്ടുകാരുടെ ഭാഷയില്‍ അന്ന് വെട്ടിനിരത്തിയ പറമ്പിന് ഇന്നൊരു പേരു വീണിട്ടുണ്ടെന്ന് മാത്രം. 'കേരളത്തിന്റെ ജൈവ വൈവിധ്യ പാഠശാല.'

To advertise here,

വയനാടന്‍ ചുരം കയറി വൈത്തിരിയിലെ മഴപ്പെയ്ത്തില്‍ നനഞ്ഞ് നാട്ടുവഴികളിലൂടെ വെങ്ങപ്പള്ളിയിലേക്ക് വണ്ടിയോടിച്ചാല്‍ ശശീന്ദ്രന്റെ ആ പാഠശാലയിലെത്താം. രണ്ടായിരത്തിലധികം വ്യത്യസ്ത മരങ്ങള്‍, 1600 ഇനം ഔഷധച്ചെടികള്‍, പന്ത്രണ്ട് കുളങ്ങള്‍, അതില്‍ നിറയെ നീന്തിക്കളിക്കുന്ന മീനുകളും. മയിലും വേഴാമ്പലും തുടങ്ങി എപ്പോഴും ഒച്ചവെക്കുന്ന നൂറുകണക്കിന് പക്ഷികള്‍, അപൂര്‍വ ജനുസ്സിലുള്ള പശുക്കള്‍ തുടങ്ങി ഭൂമിയുടെ അവകാശികളെല്ലാം സന്തോഷത്തോടെ സഹവസിക്കുന്നുണ്ട് ആ പഴയ കാപ്പിത്തോട്ടത്തില്‍. അന്നത്തെ തെങ്ങും കവുങ്ങും കാപ്പിയും മാത്രം നിലനിര്‍ത്തി മുന്നോട്ട് പോയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന വരുമാനത്തിന്റെ നാലഞ്ചിരട്ടി കാശും ഇപ്പോള്‍ ശശീന്ദ്രന് കിട്ടുന്നുണ്ട്. ഭൂമിയെ കണ്ടറിഞ്ഞ് സ്നേഹിച്ച കര്‍ഷകന് പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ വരുമാനമാണിതെന്ന് നിസ്സംശയം പറയാം.

വേലിപ്പൂക്കള്‍ അലങ്കാരപ്പണി ചെയ്തുവെച്ച ഗേറ്റു കടന്ന് മഴയില്‍ വഴുക്കുന്ന വഴിയിലൂടെ അകത്തെത്തിയാല്‍ ശശീന്ദ്രന്റെ ഫാം ഹൗസിലെ കാഴ്ചകള്‍ തുടങ്ങുകയായി. ജന്മനക്ഷത്ര സസ്യങ്ങളുടെ ഗുണഗണങ്ങള്‍ വിവരിക്കുന്ന പലകകളും സസ്യവൈവിധ്യങ്ങളുടെ പുതുനാമ്പുകള്‍ മുളച്ചിരിക്കുന്ന ഫാമും അരികിലൊരു കൊച്ചുവീടുമാണ് ശ്യാം ഫാം ഹൗസിന്റെ മുറ്റത്തെ കാഴ്ചകള്‍. അരികില്‍ ചെറിയൊരു ഓഫീസുണ്ട്. ജൈവവൈവിധ്യം കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രിയില്‍ നിന്നടക്കം കിട്ടിയ പുരസ്‌കാരങ്ങള്‍ നിരത്തി വെച്ച ചെറുകൂര. മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സര്‍ട്ടിഫിക്കറ്റ്. ആ വീടിന് അരികിലൂടെ താഴേക്ക് ഇറങ്ങിയാല്‍ പെട്ടെന്ന് മറ്റൊരു ഭൂമുഖത്ത് കാലെടുത്തുവെക്കുന്ന പോലെ തോന്നും. എങ്ങും തണലും പൂക്കളും പഴങ്ങളും തണുപ്പും മാത്രം.

'ജൈവകൃഷി നിലനില്‍ക്കണമെങ്കില്‍ നാടന്‍ പശുക്കള്‍ നിര്‍ബന്ധമാണ്. അതിന്റെ മൂത്രവും ചാണകവും കൂടിയേ തീരൂ. അതിന് വേണ്ടിയാണ് ഗുജറാത്തിലെ ഗീര്‍, കാസര്‍കോട് കുള്ളന്‍ തുടങ്ങിയവയൊക്കെ വളര്‍ത്തുന്നത്.' ശശീന്ദ്രന്‍ തന്റെ ആലയിലേക്ക് വിരല്‍ചൂണ്ടി. 

placeholder
ചിത്രം: ഉള്ള്യേരിക്കാരൻ

കര്‍ഷകന്‍ ജനിക്കുന്നു

നിറയുന്ന പച്ചപ്പും ഇടയ്ക്കിടെ ഊതിയെത്തുന്ന കുളിര്‍കാറ്റുമുള്ള ഈ കൃഷിയിടം ഇപ്പോള്‍ സഞ്ചാരികളുടെ പറുദീസയായി മാറാന്‍ കുറെ കാരണങ്ങളുണ്ട്. പ്രകൃതിയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് അറിവുതേടി ചെല്ലാനുള്ള ഏറ്റവും മികച്ച പാഠശാലയെന്നതുതന്നെ ഒന്നാമത്തെ കാരണം. ശാന്തമായൊരു ഇടം തേടുന്ന സഞ്ചാരികള്‍ക്കാവട്ടെ മനസ്സമാധാനത്തോടെ വന്നിരിക്കാന്‍ പറ്റിയ സ്ഥലവും ഇതുതന്നെ.

'കഴിഞ്ഞ ദിവസം കുറെ വിദ്യാര്‍ഥികള്‍ വന്നിരുന്നു. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് നാലഞ്ച് ചെടിവെച്ചാല്‍ മതിയെന്നാണ് അവരുടെയൊക്കെ ധാരണ. അതുപോര എന്നാണ് ഞാന്‍ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത്. ചെടികള്‍ നട്ടുനനച്ചു വളര്‍ത്തി സഹോദരങ്ങളെപ്പോലെ കൂടെനില്‍ക്കണം. അങ്ങനെ അവയെ സംരക്ഷിച്ചാലേ നമ്മുടെ കടമ പൂര്‍ത്തിയാവൂ. ഞാനും ഇപ്പോള്‍ ആ ചിന്തയിലാണ്. പുതിയ ചെടികള്‍ വെക്കുന്നതിന് പകരം ഇവിടെ ഉള്ളതൊക്കെ സംരക്ഷിച്ച് നിലനിര്‍ത്തി കൊണ്ടുപോവാനാണ് ശ്രമം.' അദ്ദേഹം അരികിലുള്ള കൃഷ്ണനാലിനെ ഒന്ന് തലോടി.

കഴിഞ്ഞ വര്‍ഷമാണ് അപൂര്‍വമായ ഈ സസ്യം ശശീന്ദ്രന്റെ കുടുംബാംഗമായത്. മറ്റെങ്ങുമില്ലാത്ത മരങ്ങളുടെ കലവറയാണിത്. ഒരു വര്‍ഗത്തില്‍പെട്ട ഒരുപാട് തരം ചെടികള്‍ കണ്ടെത്തി വളര്‍ത്തുന്നതാണ് ശശീന്ദ്രന്റെ രീതി. നാരങ്ങയാണെങ്കില്‍ മധുരനാരങ്ങ, വടുകപ്പുളി നാരങ്ങ, കയ്പന്‍നാരങ്ങ, ഒടിച്ചുകുത്തി, സര്‍ബത്ത് നാരങ്ങ, ചെറുനാരങ്ങ...  അങ്ങനെ ഒരുവിധമെല്ലാം ഈ തോട്ടത്തിലുണ്ട്. പാല മരമാണെങ്കില്‍ ഗന്ധപ്പാല, കൊടുകപ്പാല, തീപ്പാല തുടങ്ങി ജാതികള്‍ നീളും. 24 ഇനം മുളകളുണ്ട്. ബുദ്ധ, ഗോള്‍ഡന്‍ ബാംബു, പെന്‍സില്‍ ബാംബു, ബ്ലാക്ക് ബാംബു തുടങ്ങി പേരുകളങ്ങനെ മുള പോലെ നീളും. അധികമാളുകള്‍ കാണാത്തതും നല്ല വിലയുള്ളതുമായ ഇനങ്ങളാണ് പലതും. അതിനൊക്കെ ആവശ്യക്കാരുണ്ട്. ഇങ്ങനെ ഓരോ മരത്തിന്റെയും കുറെ വര്‍ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് ജൈവവൈവിധ്യത്തിന്റെ പഠനസ്‌കൂളായി ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് ഇവിടം തിരഞ്ഞെടുത്തതും.

സീസണ്‍ കഴിഞ്ഞ് മഴ ആര്‍ത്തു പെയ്തിട്ടും ചക്കയും മാങ്ങയുമെല്ലാം പഴുത്ത് നാണം കുണുങ്ങി നില്‍ക്കുന്നുണ്ട്. ചക്കരക്കുട്ടി മാങ്ങയ്ക്ക് തേനൂറുന്ന മധുരം. മാംഗോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയ പഴങ്ങളും എണ്ണിയാല്‍ തീരില്ല.  'വിദേശികള്‍ക്കൊക്കെ ചക്ക നല്ല ഇഷ്ടമാണ്. 500 രൂപയ്ക്ക് വരെ ഞാന്‍ ചക്ക വിറ്റിട്ടുണ്ട്. ഇവിടുത്തെ കാലാവസ്ഥ മിക്കവര്‍ക്കും ഇഷ്ടമാണ്. മഴ നനയാന്‍ വേണ്ടി വരുന്നവരുണ്ട്. ആ സമയത്ത് പഴങ്ങളൊക്കെ പറിച്ചു തിന്നും. ഇതൊക്ക കണ്ട് പഠിക്കാന്‍ വരുന്നവരുണ്ട്. അവര്‍ക്ക് ഇതെല്ലാം വിവരിച്ചുകൊടുക്കും. അതിന് ഫീസ് വാങ്ങാറുണ്ട്.'

placeholder
ചിത്രം: ഉള്ള്യേരിക്കാരൻ

'ഈ തോട്ടം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല. ഈ പഴങ്ങളൊക്കെ തിന്നാന്‍ ഒരുപാട് കിളികള്‍ വരും. ഒരുവിധം എല്ലാ കിളികളും എന്റെ പറമ്പിലുണ്ട്. അവര്‍ക്ക് വേണ്ടതൊക്കെ ഇവിടെയുണ്ട്. രാവിലെ അഞ്ച് മണിക്ക് അവയുടെ വിളി കേട്ടാണ് ഞാന്‍ ഉണരുന്നതുതന്നെ. പ്രകൃതിയെയും ജീവജാലങ്ങളെയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു കൃഷിയിടമായിരുന്നു പണ്ടേ മനസ്സിലുള്ളത്. അത് സാധിച്ചു എന്നതാണ് വലിയ സന്തോഷം.' ആ പ്രകൃതിസ്നേഹിയില്‍ നിഷ്‌കളങ്കമായ ഒരു ചിരി തെളിഞ്ഞു. 2001 മുതല്‍ അഞ്ചുവര്‍ഷം പഞ്ചായത്ത് അംഗമായിരുന്നു തെക്കുംതറ കൃഷ്ണവിലാസിലെ ശശീന്ദ്രന്‍. കര്‍ഷകരെ സംഘടിപ്പിച്ച് അവര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു ആ കാലത്തെ അദ്ദേഹത്തിന്റെ പരിശ്രമം. അതില്‍നിന്നൊരു കാര്യമുണ്ടായി. മെമ്പര്‍ നല്ല വൃത്തിയായി കൃഷി പഠിച്ചു. അതായിരുന്നു ശശീന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവ്.

'അന്നൊരുപാട് ഫാമുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതേ സമയത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു ശില്‍പശാലയുണ്ടായി. ആ ക്ലാസില്‍നിന്ന് കിട്ടിയ പ്രചോദനത്താലാണ് ഔഷധ സസ്യച്ചെടികള്‍ വളര്‍ത്താനൊരുങ്ങിയത്.' അങ്ങനെ മികച്ചൊരു ഔഷധത്തോട്ടവും ശശീന്ദ്രന് സ്വന്തമായി. 
ഇതിനിടയിലെപ്പോഴോ ഭാവിയില്‍ വയനാട് കാണാന്‍ വരുന്ന സഞ്ചാരികളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. പ്രകൃതിസൗന്ദര്യത്തിന്റെ പല അടയാളങ്ങള്‍ തേടി വരുന്നവര്‍ക്കൊപ്പം വയനാടിന്റെ തനതു ജൈവവൈവിധ്യം കാണാനും ആളുണ്ടാവുമെന്ന് ശശീന്ദ്രന്‍ കണക്കുകൂട്ടി. അങ്ങനെയാണ് ഫാം ടൂറിസത്തില്‍ അധികമാരും ആലോചിച്ചു തുടങ്ങാത്ത കാലത്തുതന്നെ ശശീന്ദ്രന്‍ അതിനുള്ള വിത്തിട്ടത്.

'ആ കാലത്ത് വയനാട്ടില്‍ ഫാം ടൂറിസമെന്ന് കേട്ടാല്‍ ആളുകള്‍ കളിയാക്കുമായിരുന്നു. പണ്ട് ആരോ നട്ട കാപ്പി. കായ പിടിക്കാത്ത കുറച്ച് കവുങ്ങും തെങ്ങും. അതാണ് വയനാട്ടുകാരുടെ കൃഷി. അതില്‍നിന്ന് തീരെ വരുമാനവും കിട്ടില്ല. പലയിടത്തും പോയി കൃഷി കണ്ട് പഠിച്ചതോടെ ഇതിനൊക്കെ ഒരു മാറ്റം വേണമെന്ന് തോന്നി. നേരത്തെ കായ്ക്കുന്ന തെങ്ങുകള്‍, കൊപ്ര കൂടുതല്‍ കിട്ടുന്ന തെങ്ങുകളൊക്കെ നടാന്‍ തുടങ്ങിയത് അങ്ങനെയാണ്. അതിനൊപ്പം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള കൃഷി രീതികളും. ഇതെല്ലാം കാണാന്‍ ആളു വരുമെന്നും അതിലുടെ വരുമാനം കിട്ടുമെന്നും ഉറപ്പായിരുന്നു.' അന്നത്തെ വേറിട്ട ചിന്തയാണ് ഇപ്പോള്‍ സഞ്ചാരികളുടെ കണ്ണിലും മനസ്സിലും കുളിര് നിറയ്ക്കുന്ന കാഴ്ചകളായി മാറിയിരിക്കുന്നത്.

'വരുമാനം മുന്‍കൂട്ടി കണ്ടുകൊണ്ടല്ല ഇതൊന്നും തുടങ്ങിയത്. പതുക്കെ ഇതൊരു വരുമാനമായി വന്നതാണ്. ഫാം ടൂറിസത്തില്‍ ചെടികളും മത്സ്യങ്ങളുമൊക്കെ കാണിച്ചു കൊടുത്തുകൊണ്ടുതന്നെ നമുക്ക് പണമുണ്ടാക്കാം.തൈകള്‍ വില്‍ക്കാം. വിളവെടുക്കുന്ന ഫലങ്ങള്‍ക്കും ആളുണ്ട്. ഒപ്പം മത്സ്യം വളര്‍ത്തി വില്‍ക്കാം. അതിന്റെ കുഞ്ഞുങ്ങളെ നല്‍കാം...' കൃഷിയില്‍ വിജയിക്കാനുള്ള ശശീന്ദ്രന്റെ ആത്മവിശ്വാസത്തിന് ഈ പറമ്പിലെ തേക്കിനേക്കാള്‍ ഉറപ്പുണ്ട്.

ഔഷോധോദ്യാനത്തില്‍ നാല്‍പാമരങ്ങള്‍, ദശപുഷ്പങ്ങള്‍, ദശമൂലികകള്‍, ജന്‍മനക്ഷത്ര ചെടികള്‍, രുദ്രാക്ഷം, ശിംശിപ, കൃഷ്ണനാല്‍ തുടങ്ങിയവയൊക്കെയുണ്ട്. ഒരുഭാഗത്ത് എല്ലാ ചെടികളുടെയും നഴ്സറിയുണ്ട്. ഔഷധസസ്യ ചെടികളുടെ നഴ്സറി വേറെതന്നെയാണ്. നടീല്‍വസ്തുക്കളുണ്ട്. ഇതിന്റെയെല്ലാം സര്‍ക്കാര്‍ അംഗീകൃത വില്‍പന കേന്ദ്രമാണിത്. മത്സ്യക്കുഞ്ഞുങ്ങളെ ബ്രീഡ് ചെയ്തുകൊടുക്കുന്നതും ശശീന്ദ്രന് നല്ല വരുമാനം നേടിക്കൊടുക്കുന്നു. നാടന്‍മത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളുമുണ്ട്. അത് മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. 

placeholder
ശശീന്ദ്രൻ. ചിത്രം: ഉള്ള്യേരിക്കാരൻ

വിരുന്നുവരുന്ന വേഴാമ്പല്‍

ഈ കൃഷിയിടത്തിലെത്തിയ ഓരോ സസ്യങ്ങള്‍ക്കും പറയാനൊരു കഥയുണ്ട്. പല നാടുകളില്‍നിന്നാണ് അവയെല്ലാം വയനാട്ടിലെ ഈ ഭൂമിയിലെത്തി വേരുപിടിച്ചത്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നുമൊക്കെയുള്ള സസ്യങ്ങള്‍ ഇവിടെയുണ്ട്. മിക്ക ചെടികളും ശശീന്ദ്രന്‍ പലയിടത്തുനിന്നും ശേഖരിച്ച് കൊണ്ടുവന്നവയാണ്. വായിച്ചറിഞ്ഞും സുഹൃത്തുക്കള്‍ പറഞ്ഞുകേട്ടുമൊക്കെയാണ് ചെടികളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നത്. ഒരു ചെടിയെക്കുറിച്ച് അറിഞ്ഞാല്‍ അത് കിട്ടുന്ന ഇടംവരെ അന്വേഷിച്ചുപോകുന്നതാണ് ശശീന്ദ്രന്റെ രീതി. 'ഇപ്പോള്‍ എല്ലാ ചെടികള്‍ക്കും മദര്‍ പ്ലാന്റായി. അതില്‍നിന്ന് പുതിയ ചെടികളുണ്ടാക്കി കൊടുക്കാന്‍ പറ്റും. ഏത് ചെടി ചോദിച്ചാലും തത്കാലം ഇല്ലെങ്കിലും ഒരു മാസംകൊണ്ട് ഉണ്ടാക്കി കൊടുക്കാന്‍ പറ്റും... 'അതാണ് ശശീന്ദ്രന്റെ ഗ്യാരണ്ടി. ഇവിടെ താമസിക്കാന്‍ വരുന്നവര്‍ക്കായി അദ്ദേഹമൊരു സര്‍വീസ് വില്ലയും ഒരുക്കിയിട്ടുണ്ട്, അതുവഴിയും വരുമാനം വരുന്നുണ്ട്.

വിലപിടിപ്പുള്ള പെര്‍ഫ്യും ചെടിയാണ് ഊദ്. അതും ഈ തോട്ടത്തില്‍ താമസിക്കുന്നുണ്ട്.. 'ആന്ധ്രയില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്നത് ഊദാണ്. പത്തു വര്‍ഷമാകുമ്പോള്‍ അതിന് ഫംഗല്‍ ബാധയുണ്ടാവും. അപ്പോഴാണ് ഊദ് പാകമാകുന്നത്. പക്ഷേ, കേരളത്തിലെ കാലാവസ്ഥയില്‍ അതങ്ങനെ കേടാവില്ല. ഇവിടെ കൃത്രിമമായി കേടാക്കാന്‍ വേണ്ടി ഇഞ്ചെക്ഷന്‍ കൊടുക്കണം. ഏഴാമത്തെ വര്‍ഷം മുതല്‍ തുടര്‍ച്ചയായി ഇഞ്ചെക്ഷന്‍ കൊടുത്താല്‍ പത്താം വര്‍ഷം ആവുമ്പോഴേക്കും കേടായി കിട്ടും. ഒരു മരം ശരിക്കും പാകമായിക്കിട്ടിയാല്‍ ചുരുങ്ങിയത് ഏഴുലക്ഷം രൂപയ്ക്ക് വില്‍ക്കാം. പത്തിരുപത് മരം വെച്ചിട്ടുണ്ട് ഞാന്‍. ഇക്കൊല്ലം ഇഞ്ചെക്ഷന്‍ ചെയ്യാനായ മരവും ആ കൂട്ടത്തിലുണ്ട്.' ഊദിന്റെ കഥയില്‍നിന്നുതന്നെ ഒരു പ്രത്യേക സൗരഭ്യം പരക്കുന്നു. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പെര്‍ഫ്യും ചെടിയായ ഇലാങ്ങ് ഇലാങ്ങും യാദൃച്ഛികമായി ശശീന്ദ്രന്റെ തോട്ടത്തിലെത്തിയിട്ടുണ്ട്.

'പലയിടത്തുനിന്നും ഞാന്‍ ചെടികള്‍ സംഘടിപ്പിക്കാറുണ്ട്. അങ്ങനെ കിട്ടിയ ഒരു ചെടി വലുതായി മരമായപ്പോള്‍ മുറിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഇവിടം സന്ദര്‍ശിക്കാന്‍ വന്ന ഒരു കാര്‍ഷിക ശാസ്ത്രഞ്ജന്‍ ഇത് ഇലാങ് ഇലാങ്ങാണെന്ന് പറയുന്നത്. ഈ ചെടി സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇലാങ് ഇലാങ് തിരിച്ചറിയാനുള്ള മാര്‍ഗവും അദ്ദേഹം പറഞ്ഞുതന്നു. മരം പൂത്ത് കഴിഞ്ഞാല്‍ നല്ല മണമായിരിക്കുമത്രേ. അതിനു പിന്നാലെ മുന്തിരിക്കുല പോലെ കായ വരും. പാകമാവുമ്പോള്‍ അത് തേടി വലിയ വേഴാമ്പല്‍ എത്തും. എത്ര ദൂരെനിന്നും വേഴാമ്പലിന് ആ ഗന്ധം തിരിച്ചറിയാന്‍ കഴിയും. അടുത്ത സീസണില്‍ അദ്ദേഹം പറഞ്ഞപോലെത്തന്നെ സംഭവിച്ചു. എവിടെനിന്നോ പെട്ടെന്ന് വേഴാമ്പലുകളെത്തി....' ഇലാങ് ഇലാങ്ങിന്റെ ചുവട്ടില്‍ നിന്ന് അതിന്റെ മണം തേടുമ്പോള്‍ അങ്ങകലെനിന്ന് കുറെ മനുഷ്യര്‍ കൂടെ ആ തോട്ടത്തിലേക്ക് വരുന്നത് കണ്ടു. പ്രകൃതിയുടെ സൗരഭ്യം തേടിവരുന്ന വേഴാമ്പലുകളായിരുന്നു അവരും.