പങ്കുവെക്കാൻ ചരിത്രപെരുമയും പ്രൗഢിയും ഏറെയുള്ള സുൽത്താൻ ബത്തേരി നഗരം ഇന്ന് കേരളത്തിൻറെ ക്ഷീരമേഖലയിൽ നിർണായക സംഭാവനകൾ നൽകുന്ന നാടു കൂടിയാണ്. സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ക്ഷീര സഹകരണ സംഘം പ്രവർത്തിക്കുന്നത് സുൽത്താൻ ബത്തേരിയുടെ മണ്ണിലാണ്. പ്രതിദിനം 20,000 ലിറ്ററോളം പാൽ സംഭരിക്കുന്ന സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘം കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത (നോൺ ആപ്‌കോസ് ) ക്ഷീര സംഘമാണ്. കഴിഞ്ഞവർഷം വജ്രജൂബിലി ആഘോഷിച്ച സംഘം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പരമ്പരാഗത ക്ഷീരസഹകരണസംഘവുമാണ്.

To advertise here,

പരമ്പരാഗത ക്ഷീര സഹകരണ പ്രസ്ഥാനമാണെങ്കിലും എല്ലാ പരമ്പരാഗത കാഴ്ചപ്പാടുകളിൽനിന്നു മാറി നവീന ആശയങ്ങളുമായി മുന്നേറുന്ന സഹകരണ കൂട്ടായ്മയാണ് ബത്തേരി ക്ഷീരസംഘം. വടക്കൻ മലബാറിലെങ്ങും പേരും പെരുമയും ഉള്ള വയനാട് മിൽക്ക് എന്ന ബ്രാൻഡ് നെയിം മാത്രം മതി സുൽത്താൻ ബത്തേരി സംഘത്തിന്റെ പാൽപ്പൊലിമയെ അടയാളപ്പെടുത്താൻ. ബത്തേരി ക്ഷീരസഹകരണ സംഘം ഉല്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്ന പാലിന്റെയും മറ്റു പാലുൽപന്നങ്ങളുടെയും ബ്രാൻഡാണ് വയനാട് മിൽക്ക്.

14 ലിറ്റർ സംഭരിച്ച് തുടക്കം; ഇന്ന് വയനാടൻ ക്ഷീരഗാഥ 

ആറു പതിറ്റാണ്ടുകൾക്ക് മുൻപ് 1963 മാർച്ച് 31-നാണ് സുൽത്താൻ ബത്തേരി പരസ്പര സഹായ പാൽ വിതരണ സഹകരണ സംഘം ലിമിറ്റഡ് എന്ന പേരിൽ ബത്തേരി പുത്തൻകുന്ന് പ്രദേശത്താണ് സംഘം പ്രവർത്തനമാരംഭിച്ചത്. അന്ന് പ്രതിദിനം കേവലം പതിനാല് ലിറ്റർ മാത്രമായിരുന്നു സംഘത്തിൽ പാലിൻറെ അളവ്. എന്നാൽ കാലം ബത്തേരിയുടെ മണ്ണിൽ പാൽവിപ്ലവം തീർത്ത് കുതിച്ചപ്പോൾ സഹകരണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം ആറായിരത്തിയഞ്ഞൂറിൽ അധികമായി വർധിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, നൂൽപ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന സംഘത്തിന്റെ പ്രവർത്തനപരിധിയിൽ നിന്നായി ക്ഷീരകർഷകർ പ്രതിദിനം 20,000 ലിറ്ററിൽ ഏറെ പാൽ ബത്തേരി ക്ഷീരസംഘത്തിൽ അളക്കുന്നു.

അയ്യായിരത്തോളം ലിറ്റർ പാൽ സംഘം പ്രാദേശിക വിപണനം നടത്തുകയും ബാക്കി സംസ്കരിച്ച് വയനാട് മിൽക്ക് എന്ന ബ്രാൻഡിൽ വൈവിധ്യമാർന്ന പാലുല്പന്നങ്ങളുമാക്കി വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു. പ്രതിവർഷം 79 കോടി രൂപയോളമാണ് സംഘത്തിന്റെ വിറ്റുവരവ്, കൂടാതെ ഏഴു കോടിയോളം മതിപ്പുവിലയുള്ള ആസ്തിയുമുണ്ട്. പതിനാല് ലിറ്റർ പാലിൽനിന്നു ദിവസേന പതിനായിരക്കണക്കിന് ലിറ്റർ പാൽ കൈകാര്യം ചെയ്യുന്ന, കോടികൾ വിറ്റുവരവുള്ള ക്ഷീരസംഘമായി ബത്തേരി സംഘം വളർന്നതിന് പിന്നിൽ പതിറ്റാണ്ടുകളുടെ കൂട്ടായ പ്രയത്നമുണ്ട്. തുടക്കകാലം മുതൽ തന്നെ പാലുത്പാദനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകിയാണ് സംഘം പ്രവർത്തിച്ചത്.

പാൽ സംഭരണത്തിലും സംസ്കരണത്തിലും സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ സുൽത്താൻ ബത്തേരി സംഘത്തിൽ ആരംഭിച്ചു. 1200 ലിറ്റർ പാൽ ശീതീകരണശേഷിയുള്ള മിൽക്ക് കൂളർ സംഘത്തിൽ സ്ഥാപിക്കുന്നത് 1990-ലാണ്. ക്ഷീര കർഷകരുടെ സൗകര്യത്തിനനുസരിച്ച് പാൽ സംഭരിക്കുന്നതിനും കർഷകർക്ക് ഏറ്റവും എളുപ്പത്തിൽ പണമിടപാടുകൾ നടത്തുന്നതിനും, കാലിത്തീറ്റ വാങ്ങുന്നതിനും ആവശ്യമായ ബ്രാഞ്ച് ഓഫീസുകളും വിവിധ പ്രദേശങ്ങളിൽ ഡിപ്പോകളും ആവശ്യമായ സ്ഥലങ്ങളിലെല്ലാം പാൽ സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കാനും സംഘം തുടക്കമിട്ടു.

ക്ഷീരോത്പാദനമേഖലയിൽ വരുമാനം കൂട്ടണമെങ്കിൽ പാൽ മൂല്യവർധന കൂടാതെ കഴിയില്ലന്ന വസ്തുത തിരിച്ചറിഞ്ഞ് മുന്നൊരുക്കങ്ങൾ തുടങ്ങിയ സംഘമാണ് ബത്തേരി. ദിവസവും സംഭരിക്കുന്ന പാൽ ഉപയോഗിച്ച് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് മിൽക്ക് ബൈ പ്രൊഡക്ട് യൂണിറ്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് 1995-ലാണ്. പ്രാരംഭഘട്ടത്തിൽ പായ്ക്കിങ് മെഷീൻ, ക്രീം സെപ്പറേറ്റർ തുടങ്ങിയവ സ്ഥാപിച്ച് ബത്തേരി മിൽക്ക് എന്ന പേരിലാണ് പാൽ, തൈര്, സംഭാരം, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങൾ സംഘം നിർമ്മിച്ച് വിപണിയിലെത്തിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഡിജിറ്റൽവത്കരണം നടപ്പാക്കിയ സംഘങ്ങളിലൊന്നും സുൽത്താൻ ബത്തേരിയാണ്.

പാലുൽപ്പാദനം വർധിച്ചതോടെയാണ് പ്രാദേശികമായി സംഭരിക്കുന്ന പാൽ തണുപ്പിച്ച് സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കാൻ സംഘം ആലോചന തുടങ്ങിയത്. ഇതിനായി 2005-ൽ ക്ഷീര വികസന വകുപ്പിൻറെ സഹായത്തോടുകൂടി രാഷ്ട്രീയ സംവികാസ് യോജനപദ്ധതി പ്രകാരം 40 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കി ബത്തേരി നമ്പിക്കൊല്ലിയിൽ 20000 ലിറ്റർ സംഭരണ ശേഷിയുളള പാൽ ശീതീകരണ കേന്ദ്രം/ ചില്ലിങ് പ്ലാൻറ് സ്ഥാപിക്കാൻ തുടക്കം കുറിച്ചു. മൂന്ന് കൊല്ലം കൊണ്ട് ചില്ലിങ് പ്ലാൻ്റ് പ്രവർത്തന സജ്ജമാക്കാൻ സംഘത്തിനായി.

ചില്ലിങ് പ്ലാൻറ് സ്ഥാപിക്കുമ്പോൾ തന്നെ പാൽ ശീതികരണത്തിൽ മാത്രം ഒതുങ്ങാതെ ഭാവിയിൽ പാൽ സംസ്ക്കരണ കേന്ദ്രവും ഉപോല്പ്പന്ന നിർമ്മാണ യൂണിറ്റും അനുബന്ധമായി സ്ഥാപിച്ച് പ്ലാൻ്റിനെ ഒരു സമ്പൂർണ്ണ ഡയറി പ്ലാൻ്റാക്കി മാറ്റണമെന്ന സ്വപ്നം സംഘത്തിനുണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ചില്ലിങ് പ്ലാൻറിൻറെ കെട്ടിടം രൂപകല്പന ചെയ്തത്. 2008-ൽ ക്ഷീരവികസന വകുപ്പിൻറെ സഹായത്തോടുകൂടി ഒരു കോടി രൂപ കേന്ദ്ര സർക്കാർ ധനസഹായം ലഭ്യമാക്കി അഞ്ചു കോടി രൂപ മൊത്തം ചെലവുമുള്ള ഡയറി പ്ലാൻറിന് സംഘം തുടക്കം കുറിച്ചു.

ഡയറി പ്ലാൻ്റിൻ്റെ വരവാണ് സുൽത്താൻ ബത്തേരി സംഘത്തിൻ്റെ മുഖച്ഛായ മാറ്റിമറിച്ചത്. പാസ്ചറൈസേഷൻ ഉൾപ്പെടെ നടത്തി പാൽ സംസ്ക്കരിക്കുന്നതിനും ക്ഷീരോത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഒരുക്കിയ പ്ലാൻ്റ് പ്രവർത്തന സജ്ജമായതോടെ പാലുൽപ്പന്നങ്ങളുടെ നിർമാണവും വിതരണവും എളുപ്പമായി. 2010 മാർച്ചിൽ വയനാട് മിൽക്ക് എന്ന വാണിജ്യനാമത്തിൽ സുൽത്താൻ ബത്തേരി സംഘത്തിന്റെ പാസ്ചുറൈസ്ഡ് പാൽ വിപണിയിലെത്തി.

ഘട്ടംഘട്ടമായി മൂല്യവർധിത പാൽ ഉല്പന്നങ്ങളായ തൈര്, സംഭാരം, നെയ്യ്, പേഡ മുതലായവ സംഘം വിപണിയിലെത്തിച്ചു. പാൽ ശാസ്ത്രീയമായി പ്രൊസസ് ചെയ്ത് ടോൺഡ് മിൽക്ക്, ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക്, ഡബിൾ ടോൺഡ് മിൽക്ക് എന്നിവ അര ലിറ്റർ പായ്ക്കറ്റുകളിലാക്കി മാർക്കറ്റിലെത്തിക്കുകയാണ് പ്രൊസസിങ് പ്ലാൻറിൻറെ മുഖ്യപ്രവർത്തനം. ആദ്യം വയനാട് ജില്ലയിലെ മാത്രമായിരുന്നു വിപണിയെങ്കിൽ ക്രമേണ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പാൽ വിപണിയിലും സംഘത്തിന്റെ ഉത്പന്നങ്ങൾ എത്തി. ഇന്ന് ഉത്തര മലബാറിലാകെ വയനാട് മിൽക്ക് ഉത്പനങ്ങൾക്ക് വിപണിയുണ്ട്.

പ്രതിദിനം 30,000 ലിറ്റർ പാൽ സംഭരിക്കാനും പാൽ ഉല്പന്നങ്ങൾ നിർമ്മിക്കാനും ശേഷി സംഘത്തിൻ്റെ പാൽ ഫാക്ടറിക്കുണ്ട്. നിലവിൽ കർഷകരിൽനിന്നു സംഭരിച്ച് പ്ലാൻറിൽ സംസ്കരിക്കുന്ന മുഴുവൻ പാലും വിവിധ തരം പാലും പാൽ ഉല്പന്നങ്ങളും ആക്കി മാറ്റി വില്പന നടത്താൻ സംഘത്തിന് സാധിക്കുന്നുണ്ട്. ഐസ്ക്രീം, സിപ്-അപ്പ്, കപ്പ് തൈര് തുടങ്ങി കൂടുതൽ പാലുല്പന്നങ്ങൾ കൂടി വിപണിയിൽ എത്തിക്കാനും ബത്തേരി സംഘം സജ്ജമാണ്.

സ്വന്തമായി മെഡിക്കൽ സ്റ്റോർ, വെറ്ററിനറി ഡോക്ടർ, ചികിത്സാസഹായം, ഇൻഷുറൻസ് 

ക്ഷീരകർഷകർക്ക് കൈത്താങ്ങായി മുന്നോട്ട്

 

ബത്തേരി മുതൽ നൂൽപ്പുഴ വരെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ വ്യാപിച്ച് കിടക്കുന്ന സംഘത്തിൻറെ പ്രവർത്തന മേഖലയിൽനിന്നു ദിവസവും രണ്ടുനേരം പാൽ സംഭരണവും വിതരണവും നടത്താൻ വിപുലമായ രീതിയിൽ 43 പാൽ സംഭരണ റൂട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. ബത്തേരി ടൗണിൽ പാൽ വിതരണത്തിനു മാത്രമായി അഞ്ച് റൂട്ടുകൾ പ്രവർത്തിക്കുന്നു. റൂട്ടുകളിൽ സമയാസമയങ്ങളിൽ സംഘം നിയമിച്ച ജീവനക്കാർ കർഷകരിൽനിന്നു നറുംപാൽ ശേഖരിക്കാനായെത്തും.

സംഘത്തിലെ ക്ഷീരകർഷകർക്ക് ഏറ്റവും എളുപ്പത്തിൽ പാൽ വില, കാലിത്തീറ്റ തുടങ്ങിയ ഇടപാടുകൾ നടത്തുന്നതിനായി സംഘത്തിൻറെ പ്രവർത്തന പരിധിയിൽ ഏഴ് ബ്രാഞ്ചുകളും രണ്ട് ഡിപ്പോകളും പ്രവർത്തിച്ചുവരുന്നു. സംഘത്തിലെ ക്ഷീരകർഷകരിൽനിന്നു സംഭരിക്കുന്ന പാലിൻറെ അളവ്, ഗുണമേന്മ, വില മുതലായവ മൊബൈൽ എസ്.എം.എസ്. മുഖേന ക്ഷീരകർഷകരെ അതാത് ദിവസം അറിയിക്കുന്ന സംവിധാനമാണ് സംഘത്തിലുള്ളത്.

ക്ഷീര കർഷകർക്ക് അവർ അളക്കുന്ന പാലിൻറെ 90% തുകയും 10 ദിവസം കൂടുമ്പോൾ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കുന്ന ക്രമീകരണമാണുള്ളത്. ക്ഷീര കർഷകർക്കു വേണ്ടി സംഘം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ക്ഷീര കർഷകർ നല്കുന്ന പാലിൻറെ അളവ്, റീഡിംഗ്, ഫാറ്റ്, എസ്.എൻ.എഫ്, ലിറ്ററിന് ലഭിക്കുന്ന വില, ആകെ തുക, എന്നിങ്ങനെ രണ്ടു നേരവും മൊബൈൽ ആപ്പ് വഴി കർഷകർക്ക് ലഭ്യമാവും. കൂടാതെ സംഘത്തിൽനിന്നു വാങ്ങുന്ന കാലിത്തീറ്റയുടെ വില, ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന തുക സംബന്ധിച്ച വിവരങ്ങളും സംഘത്തിൽനിന്നു ബാക്കി ലഭിക്കാനുള്ള തുക തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രതിദിന, പ്രതിമാസ ബില്ലുകൾ മുതലായവയും ആപ്പ് വഴി എല്ലാ ദിവസവും കർഷകർക്ക് ലഭ്യമാക്കുന്നു.

സംഘത്തിൻ്റെ ലാഭവിഹിതം വിവിധ സഹായ പദ്ധതികൾ ആസൂത്രണം ചെയ്ത് ക്ഷീര കർഷകരിലേക്ക് എത്തിക്കുന്ന മാതൃക ബത്തേരി ക്ഷീരസംഘത്തിലുണ്ട്. പശു ഒന്നിന്ന് 1000 രൂപ സബ്സിഡി നല്കിക്കൊണ്ട് സംഘം സ്വന്തം നിലയിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. എല്ലാ വർഷവും മാർച്ച് മാസത്തിൽ ഉല്പാദകരുടെ പശുക്കളെ ഇൻഷൂർ ചെയ്യുന്ന രീതിയിലാണ് സ്കീം നടപ്പിലാക്കുന്നത്. 2023-24 വർഷത്തിൽ മാത്രം പത്തു ലക്ഷത്തിലധികം രൂപയാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ സബ്സിഡിയായി നല്കിയത്.

ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ പശുക്കൾ മരണപ്പെട്ടാൽ കർഷകർക്ക് സഹായം നൽകുന്നതിനായി കാലിമരണനിധി എന്നൊരു പദ്ധതിയും സംഘത്തിനുണ്ട്. സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ ഉല്പാദകരുടെയും പശുക്കളുടെ ചികിത്സക്ക് ആവശ്യമായി വരുന്ന ചിലവിൽ ഒരു വിഹിതം ചികിത്സാസഹായമായി ലഭ്യമാക്കുന്നതിനും സംഘം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കർഷകർ അളക്കുന്ന പാലിൻറെ അടിസ്ഥാനത്തിൽ 3000 മുതൽ 15000 രൂപ വരെ ചികിത്സ ചിലവ് സംഘത്തിൽ നിന്നും നല്കുന്നതാണ് പദ്ധതി. മാത്രമല്ല, സംഘത്തിന് കീഴിൽ ക്ഷീര മെഡിക്കൽസ് എന്ന പേരിൽ ഒരു വെറ്ററിനറി മെഡിക്കൽ സ്റ്റോർ സുൽത്താൻ ബത്തേരിയിലെ കോട്ടക്കുന്നിൽ കഴിഞ്ഞ നാലരവർഷമായി പ്രവർത്തിക്കുന്നുണ്ട്.

സംഘത്തിൽ പാൽ അളക്കുന്ന ക്ഷീരകർഷകർ പാൽ അളക്കുന്ന പാസ് ബുക്കും ഡോക്ടറുടെ പ്രസ്ക്രിപ്ഷനുമായി മെഡിക്കൽ സ്റ്റോറിൽ ചെന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ 3000 രൂപ വരെ വിലവരുന്ന മരുന്നുകൾ തികച്ചും സൗജന്യമായി ലഭിക്കും. 2023-24 കാലയളവിൽ 20 ലക്ഷത്തോളം രൂപയാണ് മെഡിക്കൽ എയ്ഡ് ഇനത്തിൽ സംഘത്തിലെ കർഷകർക്ക് നല്കിയത്. കർഷകർക്ക് ആശ്വാസമെന്ന നിലയിൽ സംഘത്തിലെ ക്ഷീരകർഷരുടെ കന്നുകാലികളെ ചികിത്സിച്ച് സുഖപ്പടുത്തുന്നതിന് ഒരു വെറ്ററിനറി ഡോക്ടറെ പ്രത്യേകമായും സംഘം നിയമിച്ചിട്ടുണ്ട്. 200 രൂപ മാത്രം നൽകി കർഷകർക്ക് സേവനം പ്രയോജനപ്പെടുത്താം.

കർഷകരുടെ വ്യക്തിഗത ചികിത്സയ്ക്കാവശ്യമായ ചെലവുകൾ ലഭിക്കുന്നതിന് നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് മെഡിക്കൽ റി ഇമ്പേഴ്സ്മെൻറ് ഇൻഷുറൻസ് പദ്ധതിയും സംഘത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ള തൊഴുത്തുകൾ അണുഗുണനിലവാരമുള്ള പാൽ ഉൽപ്പാദനത്തിന് അനിവാര്യമാണ്. കർഷകർക്ക് മികച്ച തൊഴുത്തുകൾ പണി കഴിപ്പിക്കാൻ ധനസഹായം, പാലുൽപ്പാദന ചെലവ് കുറയ്ക്കാൻ കാലിത്തീറ്റ സബ്സിഡി, പാലിന് അധിക പ്രോത്സാഹനവില തുടങ്ങിയ പദ്ധതികളും സംഘത്തിലുണ്ട്. 2023-24 വർഷത്തിൽ ക്ഷീരകർഷകർക്ക് അധിക വിലയായി 3.30 കോടി രൂപയാണ് നൽകിയത്. കൂടാതെ ക്ഷീര കർഷക ക്ഷേമനിധി അടക്കം ക്ഷീര വികസനവകുപ്പിന്റെ കർഷക സഹായപദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംഘം കൂടിയാണ് ബത്തേരി.

സമാനതകളില്ലാത്ത ക്ഷീരസഹകരണമാതൃക

കേരളത്തിലെയെന്നല്ല രാജ്യത്തെ തന്നെ ഏതൊരു പരമ്പരാഗത ക്ഷീര സഹകരണ കൂട്ടായ്മക്കും അനുകരിക്കാവുന്ന മാതൃകയാണ് ബത്തേരി സംഘത്തിൻ്റെ മികവും മുന്നേറ്റവും. ഉത്പന്നവൈവിധ്യവത്കരണം, ബ്രാൻഡിങ്, മാർക്കറ്റിംഗ് മികവ്, കർഷകരെ ചേർത്തുപിടിച്ചുകൊണ്ടുള്ള പദ്ധതികൾ തുടങ്ങി എടുത്തുപറയാവുന്ന മേന്മകൾ ഒരുപാടുണ്ട്. സംഘത്തിന്റെ വളർച്ചയിലും കുതിപ്പിലും സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ വലിയ പിന്തുണയും പ്രോത്സാഹനവുമുണ്ട്. 46 സ്ഥിരം ജീവനക്കാരും 35 കമ്മീഷൻ ഏജൻറുമാരും, 44 ദിവസവേതനത്തൊഴിലാളികളും നിലവിൽ സംഘത്തിൽ സേവനം ചെയ്യുന്നു.

പി. വിജയൻ സെക്രട്ടറിയും കെ.കെ. പൗലോസ് പ്രസിഡന്റുമായ എട്ടംഗ ഭരണസമിതിയാണ് സംഘത്തെ നയിക്കുന്നത്. ഏറ്റവും മികച്ച പരമ്പരാഗത ക്ഷീര സംഘത്തിനുള്ള ക്ഷീര വികസന വകുപ്പിന്റെ പ്രഥമ ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം ലഭിച്ചത് 2016-ൽ ബത്തേരി സംഘത്തിനായിരുന്നു. വീണ്ടും 2023-ൽ പ്രസ്തുത പുരസ്‌കാരം സുൽത്താൻ ബത്തേരി ക്ഷീര സഹകരണ സംഘത്തിന്റെ പാൽമികവിനെ തേടിയെത്തിയത് തുടർച്ചയായി മികവ് നിലനിർത്തി മുന്നേറുന്നതിനുള്ള അംഗീകാരമായിട്ടായിരുന്നു.