മഴക്കാലം ക്ഷീരമേഖലയ്ക്ക് പൊതുവെ സമൃദ്ധിയുടെ കാലമാണ്. പച്ചപ്പുല്ലിന്റെ ലഭ്യത വർധിക്കുന്നതും അന്തരീക്ഷ താപനില കുറയുന്നതും പശുക്കളുടെ തീറ്റയെടുപ്പും ആരോഗ്യനിലയും മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഫലമായി പാലുത്പാദനം വർധിക്കുകയും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ, അനുകൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും പരിപാലനത്തിൽ ചെറിയ പിഴവുകൾ സംഭവിച്ചാൽ മഴക്കാലം ക്ഷീര കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയാകും. അതിനാൽ ഈ കാലയളവിൽ ശാസ്ത്രീയമായ പരിപാലന രീതികൾ സ്വീകരിക്കുകയും രോഗപ്രതിരോധ നടപടികൾ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

To advertise here,

1. തൊഴുത്തിലെ ശുചിത്വം ഉറപ്പാക്കുക

മഴക്കാല പരിപാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തൊഴുത്തിലെ പൂർണ ശുചിത്വമാണ്. തൊഴുത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കണം. തറയിലെ കുഴികളും വിള്ളലുകളും കോൺക്രീറ്റ് ചെയ്ത് നികത്തി വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്തശേഷം അണുനാശിനികൾ ഉപയോഗിച്ച് തൊഴുത്ത് കഴുകി വൃത്തിയാക്കണം. ഇതിനായി ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ള അണുനാശിനികൾ ഉപയോഗിക്കാവുന്നതാണ്. ബ്ലീച്ചിങ് പൗഡറോ കുമ്മായമോ വിതറിയശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കൽ കുറയ്ക്കുന്നതിനും രോഗാണുക്കളുടെ വളർച്ച നിയന്ത്രിക്കുന്നതിനും സഹായകരമാണ്.

2. വെള്ളക്കെട്ടും എലിപ്പനി ഭീഷണിയും

തൊഴുത്തിലും പരിസരത്തും വളക്കുഴികളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കും. അതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കണം. മഴക്കാലത്ത് എലിപ്പനി ഉൾപ്പെടെയുള്ള ജന്തുജന്യ രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലായതിനാൽ തൊഴുത്തിലും പുൽക്കൃഷിയിടങ്ങളിലും മറ്റ് കാർഷിക ജോലികളിലും ഏർപ്പെടുമ്പോൾ ഗംബൂട്ട് ധരിക്കുന്നത് സുരക്ഷിതമാണ്. കൂടാതെ, തീറ്റത്തൊട്ടികളിൽ കാലിത്തീറ്റയുടെ അവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ അവശേഷിക്കുന്നത് എലികളെ ആകർഷിക്കാൻ ഇടയാക്കും. അതിനാൽ തീറ്റത്തൊട്ടികൾ ദിവസേന വൃത്തിയാക്കി അവശിഷ്ടങ്ങളില്ലാതെ സൂക്ഷിക്കണം.

3. വൈദ്യുത സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല

വൈദ്യുതിബന്ധങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലെ അശ്രദ്ധ പശുക്കൾക്കും ക്ഷീരകർഷകർക്കും ഒരുപോലെ അപകടസാധ്യത സൃഷ്ടിക്കും. മഴക്കാലത്ത് വൈദ്യുതാപകടങ്ങളുടെ സാധ്യത സാധാരണയേക്കാൾ കൂടുതലാണ്. അതിനാൽ തൊഴുത്തിലെ എല്ലാ വൈദ്യുതിബന്ധങ്ങളും ഇടയ്ക്കിടെ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഗുണനിലവാരമില്ലാത്തതോ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ രീതിയിൽ വൈദ്യുത കണക്ഷനുകൾ സ്ഥാപിക്കരുത്. വീടുകളിൽനിന്ന് താൽക്കാലികമായി വയർ വലിച്ച് തൊഴുത്തിന്റെ മേൽക്കൂരയിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന രീതി പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വൈദ്യുതി വയറുകളുടെ ഇൻസുലേഷൻ കേടുപാടുകളില്ലാത്തതാണെന്നും കണക്ഷൻ വയറുകളുടെ വഹനശേഷി ആവശ്യത്തിനാണെന്നും ഉറപ്പാക്കണം. കൂടാതെ, എർത്തിങ് സംവിധാനവും ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ELCB/RCCB) പോലുള്ള സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നത് വൈദ്യുതാപകടങ്ങൾ തടയാൻ സഹായിക്കും.

4. അകിടുവീക്കം തടയാം

മഴക്കാലത്ത് കറവപ്പശുക്കളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് അകിടുവീക്കം. രോഗസാധ്യത കുറയ്ക്കുന്നതിനായി പാൽ അകിടിൽ കെട്ടിക്കിടക്കാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ പൂർണമായും കറന്നെടുക്കണം. കറവയ്ക്ക് മുമ്പ് അകിടും മുലക്കാമ്പുകളും നേർപ്പിച്ച പൊട്ടാസ്യം പെർമാങ്കനേറ്റ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് പൊട്ടാസ്യം പെർമാങ്കനേറ്റ് പൊടി) ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷം വൃത്തിയുള്ള ടവ്വലോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് നനവ് പൂർണമായി തുടച്ചുനീക്കണം. പൂർണകറവയ്ക്ക് ശേഷം മുലക്കാമ്പുകൾ നേർപ്പിക്കാത്ത പൊവിഡോൺ അയഡിൻ ലായനിയിൽ ഏകദേശം 20 സെക്കൻഡ് നേരം മുക്കി ടീറ്റ് ഡിപ്പിങ് നൽകുന്നത് അകിടുവീക്ക സാധ്യത ഗണ്യമായി കുറയ്ക്കും. അകിടിലുണ്ടാകുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും അവഗണിക്കാതെ കൃത്യമായി ചികിത്സിക്കണം. കൂടാതെ, കറവയ്ക്കിടെ പാൽ തറയിൽ പരന്നൊഴുകാതിരിക്കാനും ശ്രദ്ധിക്കണം.

5. കുളമ്പ് സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ

പരുപരുത്തതും നനഞ്ഞതും ചെളി നിറഞ്ഞതുമായ തറയിൽ നിൽക്കുന്നത് കുളമ്പുകൾക്ക് ക്ഷതമേൽക്കുന്നതിനും പിന്നീട് അണുബാധ മൂലം കുളമ്പുചീയൽ (Foot Rot) അല്ലെങ്കിൽ കുളമ്പിന്റെ അടിഭാഗത്തെ പഴുപ്പ് (Sole Abscess) പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. നടക്കാനുള്ള ബുദ്ധിമുട്ട്, കുളമ്പിലെ വീക്കം, പഴുപ്പ്, ദുർഗന്ധം എന്നിവ കുളമ്പുചീയലിന്റെ പ്രധാന ലക്ഷണങ്ങളാണ്. കുളമ്പിലെ മുറിവുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാങ്കനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷം ആവശ്യമായ ആന്റിബയോട്ടിക് ലേപനങ്ങൾ പുരട്ടണം. ആഴ്ചയിൽ മൂന്നു തവണയെങ്കിലും 5% തുരിശ് (Copper Sulphate) ലായനിയിലോ 2% ഫോർമാലിൻ ലായനിയിലോ 20 മിനിറ്റ് നേരം കുളമ്പുകൾ മുക്കിവെച്ച് ഫൂട്ട് ഡിപ്പ് നൽകുന്നത് കുളമ്പ് രോഗങ്ങൾ തടയാൻ സഹായിക്കും. കുളമ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ധാതുക്കളും പോഷകഘടകങ്ങളും തീറ്റയിൽ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്.

6. കിടാങ്ങളുടെ പരിപാലനം

മഴക്കാലത്ത് കിടാങ്ങൾക്ക് രോഗബാധയ്ക്കും തണുപ്പിനും സാധ്യത കൂടുതലായതിനാൽ പ്രത്യേക പരിചരണം ആവശ്യമാണ്. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണങ്ങിയ നിലയിൽ സൂക്ഷിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ ഇൻകാൻഡസന്റ് അല്ലെങ്കിൽ ഇൻഫ്രാറെഡ് ബൾബുകൾ ഉപയോഗിച്ച് മതിയായ ചൂട് ഉറപ്പാക്കാം. കൂടുകളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം, എന്നാൽ, തണുത്ത കാറ്റും മഴയും നേരിട്ട് അടിക്കാതിരിക്കാനും ശ്രദ്ധിക്കണം. കിടാക്കളെ കൂട്ടമായി പാർപ്പിക്കുന്നുവെങ്കിൽ അവയെ തിങ്ങിനിറയ്ക്കാതെ ആവശ്യമായ ഇടവിട്ട് പാർപ്പിക്കണം. ഇത് രോഗവ്യാപനം കുറയ്ക്കാനും വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും.

7. തീറ്റ നൽകുമ്പോൾ

മഴക്കാലത്തിന്റെ തുടക്കത്തിൽ ധാരാളമായി ലഭിക്കുന്ന ഇളം പച്ചപ്പുല്ല് അമിതമായി നൽകുന്നത് വയറിളക്കം, ദഹനക്കേട്, വയർപെരുപ്പ് (Bloat) തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇളംപുല്ലിൽ നാരിന്റെ അളവ് കുറവായതും ജലാംശവും അന്നജവും കൂടുതലായതുമാണ് ഇതിന് കാരണം. അതിനാൽ ഇളംപുല്ല് ഒന്നോ രണ്ടോ മണിക്കൂർ വെയിലത്ത് ഉണക്കിയശേഷമോ വൈക്കോലിനൊപ്പം കലർത്തിയോ നൽകുന്നതാണ് ഉചിതം. മഴക്കാലത്ത് സൂക്ഷിച്ചുവച്ച തീറ്റകളിൽ പൂപ്പൽബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദുർഗന്ധം, കട്ടകെട്ടൽ, നിറത്തിലും രൂപത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ, തീറ്റയുടെ ഉപരിതലത്തിൽ വെള്ളയോ പച്ചയോ നിറത്തിലുള്ള പൂപ്പൽ കോളനികൾ കാണപ്പെടുന്നത് എന്നിവ പൂപ്പൽബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. നനഞ്ഞതോ പൂപ്പൽ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകൾ ഒരു കാരണവശാലും പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് നൽകാൻ പാടില്ല. കാലിത്തീറ്റയും വൈക്കോലും തറയിൽനിന്ന് കുറഞ്ഞത് ഒരടി ഉയരത്തിലും ഭിത്തിയിൽനിന്ന് ഒന്നരയടി അകലത്തുമായി മരപ്പലകകളുടെയോ പ്ലാസ്റ്റിക് ട്രേകളുടെയോ മുകളിൽ സൂക്ഷിക്കുന്നത് ഈർപ്പവും പൂപ്പൽബാധയും കുറയ്ക്കാൻ സഹായിക്കും.

8. പരാദ നിയന്ത്രണത്തിന് പ്രാധാന്യം

ബാഹ്യ-ആന്തര പരാദങ്ങൾ പെരുകാൻ ഏറ്റവും അനുകൂലമായ കാലമാണ് മഴക്കാലം. അതിനാൽ മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ ഡോക്ടറുടെ നിർദേശപ്രകാരം വിരാമരുന്നുകൾ നൽകണം. വെള്ളക്കെട്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിലോ വയൽപ്രദേശങ്ങൾക്ക് സമീപമോ പശു വളർത്തുന്നുണ്ടെങ്കിൽ പണ്ടപ്പുഴു ബാധ തടയുന്നതിനുള്ള പ്രത്യേക മരുന്നുകളും നൽകേണ്ടതാണ്. ഈച്ചകൾ, ചെള്ളുകൾ, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനായി അനുയോജ്യമായ ലേപനങ്ങളോ സ്പ്രേകളോ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പ്രയോഗിക്കണം. വളക്കുഴികളിലും ചുറ്റുപാടുകളിലും കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേർത്ത മിശ്രിതം വിതറുന്നത് ബാഹ്യപരാദങ്ങളുടെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കും. ഇതിനായി ഒരു കിലോഗ്രാം കുമ്മായത്തിൽ 250 ഗ്രാം ബ്ലീച്ചിങ് പൗഡർ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

9. സാംക്രമിക രോഗങ്ങൾക്കെതിരെ ജാഗ്രത

തണുപ്പും ഉയർന്ന ഈർപ്പവും നിറഞ്ഞ മഴക്കാല അന്തരീക്ഷം രോഗാണുക്കളുടെ വളർച്ചയ്ക്കും വ്യാപനത്തിനും ഏറെ അനുകൂലമാണ്. ഈ കാലയളവിൽ കുരലടപ്പൻ, മുടന്തൻപനി, തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കിടാക്കളിൽ ന്യൂമോണിയ, കോക്സീഡിയ രോഗാണു മൂലമുണ്ടാകുന്ന രക്താതിസാരം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന പ്രധാന രോഗങ്ങൾ. പാലുത്പാദനത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ്, തീറ്റയെടുക്കാനുള്ള വിമുഖത, പനി, എഴുന്നേൽക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട്, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടി രോഗനിർണയവും ചികിത്സയും ഉറപ്പാക്കണം. കൂടാതെ, സമയബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കുന്നതും രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.

10. പ്രതിരോധശേഷി വർധിപ്പിക്കാൻ

മഴക്കാലത്ത് പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരൾ ഉത്തേജക മിശ്രിതങ്ങൾ, ധാതു-ജീവക മിശ്രിതങ്ങൾ, ആവശ്യമായ പ്രോബയോട്ടിക്കുകൾ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. സമീകൃത പോഷണം ലഭ്യമാക്കുന്നതിലൂടെ രോഗപ്രതിരോധശേഷിയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താൻ കഴിയും. കൂടാതെ, മഴയോ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റോ ഉള്ള സമയങ്ങളിൽ പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയ്ക്കുന്നത് ഒഴിവാക്കണം. മിന്നലേൽക്കൽ, തണുപ്പടിക്കൽ, മറ്റ് കാലാവസ്ഥാ സമ്മർദ്ദങ്ങൾ എന്നിവ ഒഴിവാക്കാൻ സുരക്ഷിതമായ തൊഴുത്തിൽ പാർപ്പിക്കുന്നതാണ് ഉചിതം.