
ജീവന് തുല്യം സ്നേഹിച്ച 11 പശുക്കളെയാണ് കോട്ടയം തീക്കോയിയിലെ അനിൽകുമാറിന് കഴിഞ്ഞ ദിവസങ്ങളിലെ മിന്നൽ പ്രളയത്തിൽ നഷ്ടമായത്. പൊടുന്നനെ ഉയർന്ന നിലയില്ലാ വെള്ളത്തിൽ നിന്നും തന്റെ ഉപജീവനമാർഗമായ ആ മിണ്ടാപ്രാണികളെ രക്ഷിക്കാൻ ആ കർഷകന് സാധിച്ചില്ല. ആകെയുണ്ടായിരുന്ന 17 പശുക്കളിൽ മൂന്ന് കിടാങ്ങളടക്കം 11 എണ്ണം വെള്ളത്തിൽ ശ്വാസം മുട്ടി ചത്തത് കാണേണ്ടി വന്ന അനിൽകുമാറിന്റെ കണ്ണീർ, കേരളത്തിൽ പെയ്യുന്ന കനത്ത മഴയിലും മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും കർഷകർ അനുഭവിക്കുന്ന ദുരന്തത്തിന്റെ പ്രതീകമാണ്. ദുരന്തത്തിൽ സർവ്വസ്വവും തകർന്ന അനിൽകുമാറിന് ആശ്വാസവുമായി സർക്കാരും വിവിധ സന്നദ്ധ സംഘടനകളും മൃഗസ്നേഹികളും ഇതിനോടകം മുന്നോട്ടുവന്നിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യരുടെ അടിയന്തര പുനരധിവാസത്തിനും സുരക്ഷയ്ക്കും സ്വാഭാവികമായി ആദ്യ മുൻഗണന നൽകപ്പെടുമ്പോൾ, പലപ്പോഴും വിസ്മരിക്കപ്പെടുകയോ അല്ലെങ്കിൽ രണ്ടാമതായി മാത്രം പരിഗണിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് കന്നുകാലികളും മറ്റു വളർത്തുമൃഗങ്ങളും അടങ്ങുന്ന മിണ്ടാപ്രാണികളുടെ ലോകം. ദുരന്തങ്ങളിൽ അകപ്പെട്ട് മൃഗങ്ങളുടെ പെട്ടെന്നുള്ള മരണവും, പരിപാലനകേന്ദ്രങ്ങൾക്കുണ്ടാവുന്ന നാശനഷ്ടങ്ങളും അനിൽകുമാറിനെപ്പോലുള്ള അനേകം ഗ്രാമീണ കർഷകരുടെ ഉപജീവനത്തെയും സാമ്പത്തിക അടിത്തറയെയുമാണ് ബാധിക്കുന്നത്. ഇത്തരം വലിയ ആഘാതങ്ങളിൽ നിന്ന് കർഷകരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുപോകാൻ അടിയന്തര സഹായങ്ങൾക്കൊപ്പം ശാസ്ത്രീയമായ പ്രളയാനന്തര പുനരധിവാസവും അത്യന്താപേക്ഷിതമാണ്.
ഉറപ്പാക്കാം മിണ്ടാപ്രാണികളുടെ സുരക്ഷയും
പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി കണക്കിലെടുത്ത് മിണ്ടാപ്രാണികളുടെ സുരക്ഷ ഉറപ്പാക്കാൻ കർഷകർ പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കന്നുകാലികളെ മുൻകൂട്ടി ഉയർന്നതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം. അടിയന്തര സാഹചര്യത്തിൽ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കെട്ടഴിച്ചുവിടുന്നത് അവയ്ക്ക് സ്വയം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ സഹായിക്കും. വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ മൃഗങ്ങളെ കെട്ടിയിടരുത്. തൊഴുത്തിനുള്ളിലെ വൈദ്യുതി വയറുകളും ഉപകരണങ്ങളും സുരക്ഷിതമായി ക്രമീകരിക്കുകയും അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന വയറുകൾ ഒഴിവാക്കുകയും വേണം. മഴയുള്ള സമയത്തും ശക്തമായ തണുത്ത കാറ്റ് വീശുന്ന സാഹചര്യങ്ങളിലും പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. കൂടാതെ തൊഴുത്ത് ഉറപ്പുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമാണെന്ന് ഉറപ്പാക്കണം. ബലക്ഷയമുള്ളതോ തകർച്ചാ സാധ്യതയുള്ളതോ ആയ മേൽക്കൂരകൾക്കടിയിൽ കന്നുകാലികളെ പാർപ്പിക്കാതിരിക്കുന്നതും ദുരന്തസമയത്തെ അപകടസാധ്യത ഗണ്യമായി കുറയ്ക്കും.
മൃഗങ്ങളുടെ മൃതശരീരങ്ങൾ സുരക്ഷിതമായി സംസ്കരിക്കൽ
കാലവർഷക്കെടുതിയിലും പ്രളയത്തിലും ജീവഹാനി സംഭവിച്ച് വെള്ളമിറങ്ങുമ്പോഴും ചളിയിലും കരയിലടിയുന്നതുമായി കണ്ടെത്തുന്ന വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും മൃതശരീരങ്ങൾ ഏറ്റവും വേഗത്തിലും സുരക്ഷിതമായും സംസ്കരിക്കേണ്ടത് സാംക്രമികരോഗങ്ങൾ പടരാതിരിക്കാനും കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതിരിക്കാനും അത്യന്താപേക്ഷിതമാണ്. ദിവസങ്ങളോളം മണ്ണിലും വെള്ളത്തിലും കിടന്ന മൃതശരീരങ്ങൾ രോഗാണുക്കളുടെ സജീവസ്രോതസ്സായതിനാൽ അവ കൈകാര്യം ചെയ്യുന്നവർ മുഖാവരണം, ഹെവി ഡ്യൂട്ടി കൈയുറകൾ, ഗംബൂട്ടുകൾ തുടങ്ങിയ വ്യക്തിസുരക്ഷാ മാർഗ്ഗങ്ങൾ നിർബന്ധമായും പാലിക്കുകയും മൃതശരീരങ്ങൾ തറയിലൂടെ വലിച്ചിഴക്കാതെ പ്ലാസ്റ്റിക് ഷീറ്റിലോ ചാക്കിലോ ശേഖരിച്ച് മാറ്റുകയും വേണം. ഇൻഷുറൻസ് തുകയോ നഷ്ടപരിഹാരമോ ലഭിക്കുന്നതിനായി ഉടമസ്ഥരെ തിരിച്ചറിയുന്ന വിവരങ്ങളും ഫോട്ടോകളും സൂക്ഷിക്കുന്നതിനോടൊപ്പം സാധ്യമെങ്കിൽ ഇയർടാഗ് വേർപെടുത്തി വെക്കേണ്ടതാണ്. കുടിവെള്ളസ്രോതസ്സുകളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെ, വെള്ളക്കെട്ടില്ലാത്തതും ഭൂഗർഭജലനിരപ്പിൽ നിന്ന് 4 അടിയെങ്കിലും മുകളിലുമുള്ള സ്ഥലത്ത് ഭൂപ്രകൃതിക്കനുസരിച്ച് ആറടി (2-2.5 മീറ്റർ) ആഴത്തിൽ കുഴിയെടുത്ത് മണ്ണിൽ സംസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം (സാഹചര്യമില്ലെങ്കിൽ മാത്രം കത്തിക്കാം). കുഴിയിൽ ആദ്യം കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറി മണ്ണിട്ട ശേഷം അതിനു മുകളിൽ മൃതശരീരം ഇറക്കിവെച്ച് വീണ്ടും കുമ്മായവും മണ്ണും മേൽക്കുമേൽ ഇട്ട് മൂടണം. തെരുവ് നായക്കളോ മറ്റ് ജീവികളോ കുഴി മാന്താതിരിക്കാൻ കുഴിക്ക് മുകളിൽ തറനിരപ്പിൽ നിന്ന് രണ്ടടി ഉയരത്തിൽ മൺകൂന കൂട്ടി കല്ലുകൾ പാകുകയോ മണ്ണെണ്ണ, ഫിനോൾ എന്നിവ തളിക്കുകയോ ചെയ്യുകയും, മഴവെള്ളം ഇറങ്ങാത്ത രീതിയിൽ ചുറ്റും തടങ്ങൾ ഒരുക്കുകയും വേണം, സംസ്കരണത്തിന് ശേഷം പങ്കെടുത്തവർ സോപ്പും അണുനാശിനികളും ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകി വൃത്തിയാക്കേണ്ടതുമാണ്.
സാമ്പത്തിക പുനരധിവാസവും നഷ്ടപരിഹാരവും
പ്രകൃതിദുരന്തത്തിൽ വളർത്തുമൃഗങ്ങൾ മരണപ്പെടുകയാണെങ്കിൽ, അവ ഇൻഷുറൻസ് പരിരക്ഷയുള്ളവയാണെങ്കിൽ പൂർണ്ണമായ ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. സർക്കാർ പദ്ധതികൾ മുഖേനയോ സ്വന്തം നിലയിലോ മൃഗങ്ങളെ ഇൻഷൂർ ചെയ്തവർ, നാശനഷ്ടങ്ങൾ സംഭവിച്ച ഉടൻതന്നെ വിവരങ്ങൾ പ്രദേശത്തെ വെറ്ററിനറി ഡോക്ടറെയും ബന്ധപ്പെട്ട ഇൻഷുറൻസ് സ്ഥാപനങ്ങളെയും കൃത്യമായി അറിയിക്കേണ്ടതാണ്. മൃഗങ്ങളുടെ ചെവിയിൽ പതിപ്പിച്ചിരിക്കുന്ന തിരിച്ചറിയൽ അടയാളമായ 'ഇയർ ടാഗ്' (Ear tag) നഷ്ടപ്പെടാതെ സൂക്ഷിക്കുകയും, മൃഗങ്ങളുടെയും ടാഗിന്റെയും ഫോട്ടോകൾ എടുത്തുവെക്കുകയും വേണം. സാധാരണയായി ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇയർ ടാഗും നിർബന്ധമാണെങ്കിലും, പ്രകൃതിദുരന്തങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ നടപടിക്രമങ്ങളിൽ ഇളവുകൾ അനുവദിക്കാറുണ്ട്. എന്നിരുന്നാലും, ബന്ധപ്പെട്ട അധികാരികളെ വിവരങ്ങൾ കൃത്യമായി ധരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദുരന്തത്തിൽ ഇൻഷുറൻസ് രേഖകൾ നഷ്ടപ്പെട്ടവർക്കായി കമ്പനികൾ ഉദാരമായ സമീപനം സ്വീകരിക്കുകയും ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യും. ഇനി ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കന്നുകാലികളോ പക്ഷികളോ മരണപ്പെടുകയാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ദുരന്തബാധിതർക്ക് സർക്കാർ തലത്തിൽ ലഭ്യമാകുന്ന ധനസഹായത്തിനും നഷ്ടപരിഹാരത്തിനുമായി, നാശനഷ്ടങ്ങളുടെ വിവരങ്ങൾ യഥാസമയം തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദുരന്താനന്തര പരിചരണത്തിലും വേണം ജാഗ്രത
ദുരന്തമുഖങ്ങളിൽ നിന്ന് അടിയന്തരമായി രക്ഷപ്പെടുത്തി താൽക്കാലിക അഭയകേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമീപമുള്ള ഷെൽട്ടറുകളിലും പാർപ്പിച്ചിരിക്കുന്ന അനവധി വളർത്തുമൃഗങ്ങളുണ്ട്. എന്നാൽ കേവല രക്ഷാപ്രവർത്തനം കൊണ്ട് മാത്രം ഇവയുടെ സംരക്ഷണം പൂർണ്ണമാകുന്നില്ല. ദുരന്തത്തെ അതിജീവിച്ചെത്തുന്ന ഇത്തരം മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ഇനിവരുന്ന നാളുകളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെയും വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക കേന്ദ്രങ്ങളിൽ, സ്വന്തം തൊഴുത്തുകൾ വീണ്ടും വാസയോഗ്യമാകുന്നതുവരെ കർഷകർ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിർബന്ധമായും പാർപ്പിക്കുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും വേണം. മൃഗങ്ങൾക്ക് കുടിക്കാൻ ക്ലോറിൻ ചേർത്ത് ശുദ്ധീകരിച്ച ജലം (1000 ലിറ്റർ വെള്ളത്തിന് 4 ഗ്രാം ബ്ലീച്ചിംഗ് പൗഡർ അല്ലെങ്കിൽ ആവശ്യത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്തത്) മാത്രം നൽകാൻ ശ്രദ്ധിക്കുക. വെള്ളപ്പൊക്കത്തിൽ നനഞ്ഞു കുതിർന്ന പുല്ലോ, വൈക്കോലോ, കാറ്റിൽ ഈർപ്പം തട്ടിയ കാലിത്തീറ്റകളോ യാതൊരു കാരണവശാലും നൽകരുത്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇവയിൽ എളുപ്പത്തിൽ പ്രജനനം നടത്തുന്ന പൂപ്പലുകൾ വഴി 'അഫ്ലാടോക്സിൻ' പോലുള്ള മാരകമായ വിഷാംശം മൃഗങ്ങളുടെ ശരീരത്തിലെത്തും. അതുപോലെതന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ബാക്കിവരുന്ന ചോറും കഞ്ഞിയും അധികമായി പശുക്കൾക്കും ആടുകൾക്കും നൽകുന്ന പ്രവണത ഒഴിവാക്കണം. ഇത് മൃഗങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും, ആമാശയത്തിൽ വലിയ തോതിൽ ലാക്ടിക് അമ്ലം ഉത്പാദിപ്പിക്കപ്പെട്ട് 'അമ്ലവിഷബാധ ' അടക്കമുള്ള ഉപാപചയ രോഗങ്ങൾക്കും പെട്ടെന്നുള്ള മരണത്തിനും വഴിവെക്കുകയും ചെയ്യും.
പ്രകൃതി ദുരന്തം സൃഷ്ടിക്കുന്ന കടുത്ത ശാരീരിക-മാനസിക സമ്മർദ്ദം മൃഗങ്ങളുടെ ശരീരത്തിൽ സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുത്തനെ കൂട്ടുകയും സ്വാഭാവിക രോഗപ്രതിരോധശേഷിയെ തകിടം മറിക്കുകയും ചെയ്യും. തൽഫലമായി ന്യുമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾ, അകിടുവീക്കം, ബാഹ്യ-ആന്തരിക പരാദബാധകൾ എന്നിവ വ്യാപകമാകാൻ സാധ്യതയേറെയാണ്. കന്നുകാലികളിൽ കുരലടപ്പൻ, കുളമ്പുരോഗം, ബബീസിയോസിസ്, തൈലേറിയോസിസ് എന്നിവയും ആടുകളിൽ ആടുവസന്ത, ടെറ്റനസ് തുടങ്ങിയ രോഗങ്ങളും വേഗത്തിൽ പടർന്നുപിടിച്ചേക്കാം. കൂടാതെ വെള്ളമിറങ്ങുന്ന സമയങ്ങളിൽ പാമ്പുകടിയേൽക്കാനും സാധ്യത കൂടുതലാണ്. രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയുക എന്നതാണ് പ്രധാനം. പനി, വിറയൽ, ശ്വാസതടസ്സം, മൂക്കൊലിപ്പ്, തീറ്റമടുപ്പ്, വയറിളക്കം, മൂത്രത്തിന്റെ നിറം മാറ്റം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ഗർഭിണികളായ മൃഗങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക മുൻഗണന നൽകി സംരക്ഷിക്കേണ്ടതുണ്ട്.
വെള്ളമിറങ്ങിയ ശേഷം സ്വന്തം തൊഴുത്തുകളിലേക്ക് മൃഗങ്ങളുമായി മടങ്ങിയെത്തുമ്പോഴും സുരക്ഷ ഉറപ്പാക്കണം. തൊഴുത്ത് അപകടകരമായ അവസ്ഥയിലല്ലെന്നും കെട്ടിടത്തിന് തകർച്ചയില്ലെന്നും വൈദ്യുതബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമേ അകത്തുകയറാവൂ. വൃത്തിയാക്കാനിറങ്ങുമ്പോൾ മാസ്ക്, കട്ടികൂടിയ കയ്യുറകൾ, ഗംബൂട്ടുകൾ എന്നിവ ധരിക്കണം. തൊഴുത്തിലെ ചെളിയും മാലിന്യങ്ങളും നീക്കിയ ശേഷം 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 3 ടീസ്പൂൺ അലക്കു കാരവും ചേർത്ത് തറ കഴുകാം. കൂടാതെ അര കിലോഗ്രാം കുമ്മായം 4 ലിറ്റർ വെള്ളത്തിൽ കലക്കിയും അണുനശീകരണം നടത്താം. തറയിലെ വഴുക്കൽ മാറ്റാൻ കുമ്മായമോ ബ്ലീച്ചിംഗ് പൗഡറോ വിതറി 4 - 6 മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. തൊഴുത്തും തീറ്റത്തൊട്ടികളും പൂർണ്ണമായി ഉണങ്ങിയ ശേഷം കുമ്മായം പൂശി റബ്ബർ മാറ്റുകൾ വിരിച്ച് മാത്രമേ മൃഗങ്ങളെ പ്രവേശിപ്പിക്കാവൂ.
എലിപ്പനിയെ സൂക്ഷിക്കാം
വെള്ളപ്പൊക്കത്തിനും പ്രകൃതിദുരന്തങ്ങൾക്കും ശേഷം പടർന്നുപിടിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാന ജന്തുജന്യ രോഗങ്ങളിലൊന്നാണ് എലിപ്പനി .എലികളുടെയും രോഗബാധിതരായ മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന 'ലെപ്റ്റോസ്പൈറ' ബാക്ടീരിയകൾ കെട്ടിക്കിടക്കുന്ന പ്രളയജലത്തിലും ചെളിയിലും കലർന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. ശരീരത്തിലെ ചെറിയ മുറിവുകൾ, പോറലുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലെ ശ്ലേഷ്മചർമ്മം എന്നിവ വഴിയാണ് ഈ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണ് ചുവക്കൽ, കഠിനമായ പേശി വേദന , തലവേദന, വിറയൽ എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം തീവ്രമായാൽ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയൽ, രക്തസ്രാവം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. പ്രളയജലത്തിലോ ചെളിയിലോ ഇറങ്ങേണ്ടിവരുന്നവരും, തൊഴുത്തും പരിസരവും ശുചീകരിക്കുന്ന കർഷകരും നിർബന്ധമായും ഗംബൂട്ടുകളും കട്ടികൂടിയ കൈയ്യുറകളും ധരിക്കണം. അതോടൊപ്പം, ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിൽ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ' (Doxycycline) ഗുളിക കഴിക്കാൻ മറക്കരുത്.
പാമ്പുകടി: കരുതലും ജാഗ്രതയും
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പാമ്പുകളുടെ സ്വാഭാവിക വാസസ്ഥലങ്ങളും പൊത്തുകളും വെള്ളത്തിനടിയിലാകുന്നതോടെ, സുരക്ഷിത താവളങ്ങൾ തേടി അവ മനുഷ്യവാസ മേഖലകളിലേക്കും, തൊഴുത്തുകൾ, വിറകുപുരകൾ, വീട്ടുപറമ്പുകൾ എന്നിവിടങ്ങളിലേക്കും അഭയം പ്രാപിക്കുന്നത് പതിവാണ്. അതിനാൽ ശുചീകരണ സമയത്തും വീടുകളിലും തൊഴുത്തുകളിലും കയറുമ്പോഴും പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളക്കെട്ടുകൾ ഇറങ്ങിയതിന് ശേഷം വീടും പരിസരവും ശുചീകരിക്കുമ്പോൾ ഗംബൂട്ട്, കട്ടിയുള്ള ഗ്ലൗസുകൾ എന്നിവ ധരിക്കുകയും വിറകുപുരകൾ, പഴയ സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പൊടുന്നനെ കൈയോ കാലോ ഇടാതെ ഒരു വടിയുപയോഗിച്ച് തട്ടി ശബ്ദമുണ്ടാക്കിയ ശേഷം മാത്രം ഇടപെടുകയും ചെയ്യുക. രാത്രികാലങ്ങളിലോ ഇരുട്ടുള്ള മുറികളിലോ വെളിച്ചം ഉപയോഗിക്കാനും, പുറത്തുവെച്ചിരിക്കുന്ന ഷൂസോ ചെരുപ്പോ ധരിക്കുന്നതിന് മുമ്പ് അതിനുള്ളിൽ പാമ്പോ മറ്റു വിഷജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്താനും പ്രത്യേകം ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾക്കോ മനുഷ്യർക്കോ പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ രോഗിയെ മാനസികമായി ധൈര്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്, കാരണം ഭയപ്പെടുന്നത് രക്തഓട്ടം കൂട്ടുകയും വിഷം ശരീരത്തിൽ വേഗത്തിൽ പടരാൻ ഇടയാക്കുകയും ചെയ്യും. കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മോതിരം, വള, പാദസരം, വാച്ച്, മുറുക്കമുള്ള വസ്ത്രങ്ങൾ എന്നിവ ഉടൻതന്നെ അഴിച്ചുമാറ്റേണ്ടതാണ്. ആ ഭാഗം കഴിയുന്നത്ര അനക്കാതെ വെക്കുകയും, മുറിവേറ്റ ഭാഗത്തിന് മുകളിൽ കയറോ തുണിയോ ഉപയോഗിച്ച് മുറുകെ കെട്ടുന്നത് ഒഴിവാക്കുകയും വേണം. വിഷം പുറത്തുകളയാൻ എന്ന പേരിൽ മുറിവേറ്റ ഭാഗത്ത് കത്തി ഉപയോഗിച്ച് കീറാനോ, രക്തം വലിച്ചെടുക്കാനോ, പച്ചമരുന്നുകളും ഐസും പുരട്ടാനോ പാടില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രാഥമിക ചികിത്സകൾ രോഗിയുടെ ജീവന് തന്നെ ആപത്താണ്. സമയം കളയാതെയും കടിച്ച പാമ്പിനെ പിടിക്കാൻ ശ്രമിക്കാതെയും, കടിയേറ്റയാളെ ഉടൻതന്നെ 'ആന്റി സ്നേക് വെനം' ലഭ്യമായ അടുത്തുള്ള സർക്കാർ/സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വളർത്തുമൃഗങ്ങൾക്കാണ് പാമ്പുകടിയേൽക്കുന്നതെങ്കിൽ എത്രയും വേഗം വെറ്ററിനറി ഡോക്ടറുടെ സേവനം തേടേണ്ടതാണ്. പാമ്പുകടിക്ക് ഏക ശാസ്ത്രീയ പ്രതിവിധി ആന്റി സ്നേക് വെനം മാത്രമാണെന്നും, ശരിയായ പ്രാഥമിക ശുശ്രൂഷയും സമയബന്ധിതമായ വൈദ്യസഹായവും നൽകിയാൽ ഏത് പാമ്പുകടിയേയും അതിജീവിക്കാൻ സാധിക്കുമെന്നും ഓർക്കുക.
Content Highlights: Protect your livestock during floods with expert tips on safety, carcass disposal, and post-disaster care.
Published: 07 Aug 2026, 01:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented