
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയിലും കാറ്റിലും പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. റോഡുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതകമ്പികൾക്കും തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചിലമേഖലകളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കന്നുകാലികളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും കൂടി സുരക്ഷ ഉറപ്പാക്കുക വേണം.
ഉറപ്പാക്കാം മിണ്ടാപ്രാണികളുടെ സുരക്ഷയും
1. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കന്നുകാലികളെ ഉയർന്നതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മുൻകൂട്ടി മാറ്റിപ്പാർപ്പിക്കുക.
2. അപകടമുണ്ടാവുന്ന സാഹചര്യത്തിൽ കെട്ടിയിട്ട മൃഗങ്ങളുണ്ടെങ്കിൽ അവയെ കെട്ടഴിച്ചുവിടുക.
3. വൈദ്യുതി പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും മൃഗങ്ങളെ കെട്ടിയിടരുത്. തൊഴുത്തിനുള്ളിൽ വൈദ്യുതി വയറുകൾ സുരക്ഷിതമായി ക്രമീകരിക്കുക; അലക്ഷ്യമായി തൂങ്ങിക്കിടക്കാൻ അനുവദിക്കരുത്.
4. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുന്നതും മേയ്ക്കുന്നതും ഒഴിവാക്കുക.
5. തൊഴുത്ത് ഉറപ്പുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമാക്കുക. ബലക്ഷയമുള്ളതോ തകർച്ചാ സാധ്യതയുള്ളതോ ആയ മേൽക്കൂരകൾക്കടിയിൽ കന്നുകാലികളെ പാർപ്പിക്കരുത്.
6. കാലിത്തീറ്റയും സൈലേജും വൈക്കോലും നനയാതെയും പൂപ്പൽ പിടിക്കാതെയും സൂക്ഷിക്കുക. ശുദ്ധമായ കുടിവെള്ളം മാത്രം കന്നുകാലികൾക്ക് നൽകുക.
7. അകിടുവീക്കസാധ്യത കുറയ്ക്കാൻ കറവയ്ക്ക് മുൻപായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. പൂർണ്ണകറവയ്ക്കു ശേഷം മുലകാമ്പുകൾ പൊവിഡോൺ അയഡിൻ ലായനിയിൽ 20 സെക്കൻറ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നൽകണം.
8. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും അണുബാധയും വഴുക്കലും കുറയ്ക്കാൻ സഹായിക്കും. പരാദ നാശിനികൾ ഉപയോഗിച്ച് കൊതുക്, ഈച്ച തുടങ്ങിയ രോഗവാഹക കീടങ്ങളെ നിയന്ത്രിക്കുക.
9. മഴക്കെടുതികളിൽ കന്നുകാലികളും പക്ഷികളും മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ നഷ്ടപരിഹാരത്തിനായി തൊട്ടടുത്ത മൃഗാശുപത്രിയിൽ വിവരങ്ങൾ കൃത്യസമയത്ത് തന്നെ അറിയിക്കുക.
Content Highlights: Heavy rains continue in Kerala until the 5th. Follow these expert tips to ensure the safety of your livestock and pets during floods.
Published: 02 Aug 2026, 10:49 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented