ക്ഷീരമേഖലയിൽ വിജയകരമായ സംരംഭകത്വം ലക്ഷ്യം വെക്കുന്നവർക്ക് മാതൃകയാണ് വയനാട് മാനന്തവാടിക്കടുത്ത് തവിഞ്ഞാൽ യവനാർക്കുളത്ത് പ്രവർത്തിക്കുന്ന പി.ഐ. തങ്കച്ചന്റെ പുൽപ്പറമ്പിൽ ഡെയറി ഫാം. വോളിബോൾ താരവും പരിശീലകനുമാണ്‌ തങ്കച്ചൻ. കറവപ്പശുക്കളും കിടാരികളുമൊക്കെയായി നാല്പതോളം പശുക്കൾ ഫാമിലുണ്ട്. ഐ.എസ്.ഒ. അംഗീകാരം ലഭിച്ച ഫാം കൂടിയാണിത്.

To advertise here,

സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള മൃഗസംരക്ഷണവകുപ്പിന്റെ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയതിന്റെ കാരണവും തൂവെള്ളത്തിളക്കമുള്ള പാൽമികവ് തന്നെ.

കുറഞ്ഞ പശുക്കൾ, റെക്കോഡ് ഉത്‌പാദനം

മികച്ച ഉത്‌പാദനക്ഷമതയുള്ള സങ്കര ഇനത്തിൽപ്പെട്ട ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളാണ് കരുത്ത്. നിലവിൽ ഇരുപതോളം കറവപ്പശുക്കളിൽനിന്ന് ദിവസേന അഞ്ഞൂറ് ലിറ്ററിലധികം പാൽ കിട്ടും. അതായത്, ശരാശരി ഒരു പശുവിൽനിന്ന് 25 ലിറ്റർ പാൽ. റെക്കോഡ് തിളക്കവുമായി പ്രതിദിനം 40 മുതൽ 48 ലിറ്റർവരെ പാൽ ചുരത്തുന്ന അത്യുത്‌പാദന ശേഷിയുള്ള പശുക്കളും ഫാമിലുണ്ട്.

അത്യുത്‌പാദന ശേഷിയുള്ള ഈ പശുക്കളെയൊന്നും പുറമേനിന്ന് വാങ്ങിയതല്ല. കേരള ലൈവ് സ്റ്റോക്ക് ഡിവലപ്‌മെന്റ് ബോർഡിന്റെ പ്രീമിയം ബീജമാത്രകൾ ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തി, തന്റെ ഫാമിൽ ജനിച്ച കിടാക്കളെ ശാസ്ത്രീയമായി വളർത്തിയെടുക്കുകയായിരുന്നു.

ജനിതകമേന്മയുള്ള കിടാക്കൾക്ക് ഏറ്റവും മികച്ച തീറ്റക്രമവും ശാസ്ത്രീയമായ പരിപാലനവും നൽകി വളർത്തിയതോടെ അവ മികച്ച ഉത്‌പാദനക്ഷമതയുള്ള പശുക്കളായി മാറി. മാത്രമല്ല, അത്യുത്‌പാദനശേഷിയുള്ള പശുക്കൾക്ക് അനുയോജ്യമായ തൊഴുത്തും സംവിധാനങ്ങളുമൊക്കെ ഒരുക്കിയതോടെ അവ നന്നായി പാൽ തരുന്നുണ്ട്.

ഫാമിന്റെ വിജയത്തിൽ പ്രധാനം പശുക്കളുടെ എണ്ണത്തെക്കാൾ അവിടെയുള്ള പശുക്കളുടെ ഉത്പാദനക്ഷമതയാണെന്ന് തങ്കച്ചൻ പറയുന്നു. ഉത്‌പാദനക്ഷമത കൂടിയ, കുറഞ്ഞ എണ്ണം പശുക്കളെ വളർത്തി, പാൽ ഉത്‌പാദനം കൂട്ടി, ജോലിഭാരം കുറയ്ക്കാനും ലാഭം കൂട്ടാനുമുള്ള ശ്രമമാണ് സംരംഭകർ നടത്തേണ്ടതെന്ന് അദ്ദേഹം പറയുന്നു.

കിടാക്കൾ ഫിക്സഡ് ഡിപ്പോസിറ്റ്

ഇതരസംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കൊണ്ടുവന്ന് ഫാമുകളെ ലാഭത്തിലാക്കാൻ കഴിയില്ലെന്നാണ് തങ്കച്ചന്റെ അനുഭവം. കേട്ടുകേൾവിയില്ലാത്ത പല രോഗങ്ങളും ഫാമിലെത്തുന്നത് ഇത്തരം പശുക്കളിലൂടെയാണ്. മാത്രമല്ല, ഇവയുടെ ആയുസ്സിലോ ഉത്‌പാദനക്ഷമതയിലോ ഒരു ഉറപ്പും നൽകാൻ ആർക്കും കഴിയില്ല. ഫാമിൽ ജനിക്കുന്ന മേന്മയുള്ള കിടാക്കളെ മികച്ചപശുക്കളാക്കി മാറ്റാനാണ് കർഷകർ ശ്രമിക്കേണ്ടത്.

കിടാക്കൾ ക്ഷീരസംരംഭത്തിന്റെ ഭാവിയിലേക്കുള്ള ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കിടാക്കൾ ജനിച്ച ദിവസം അവയെ തള്ളപ്പശുക്കളിൽനിന്നു മാറ്റി പ്രത്യേക കൂടുകളിൽ പാർപ്പിക്കും. പാൽ കറന്നെടുത്ത്, കിടാക്കളുടെ ഭാരം അനുസരിച്ച് അളന്ന് പാൽക്കുപ്പികളിലൂടെ നൽകുന്നതാണ് രീതി.

ആദ്യമാസം തൂക്കമനുസരിച്ച് ദിവസേന ആറുമുതൽ എട്ട് ലിറ്റർവരെ പാൽ നൽകുന്നു. രണ്ടാം മാസത്തിൽ ഇത് നാലുമുതൽ ആറ് ലിറ്ററായും മൂന്നാംമാസത്തിൽ രണ്ടുമുതൽ മൂന്നുലിറ്ററായും ക്രമേണ കുറച്ച്, മൂന്നാംമാസം അവസാനിക്കുമ്പോൾ പാൽ നൽകുന്നത് നിർത്തും.

സാമ്പത്തികമായി നോക്കിയാൽ കിടാപരിപാലനവും കിടാക്കളെ പശുവാക്കിമാറ്റലും ചെലവേറിയ കാര്യമാണ്. എന്നാൽ, ഈ കിടാക്കൾ നല്ല പശുക്കളായി മാറിയാൽ അവയുടെ രണ്ടോ മൂന്നോ പ്രസവങ്ങളിലൂടെ ഈ മുടക്കുമുതൽ രണ്ടോ മൂന്നോ ഇരട്ടിയായി തിരിച്ചുപിടിക്കാം. പശുക്കൾക്ക് കൊമ്പുകൾ ആവശ്യമില്ല എന്ന പക്ഷക്കാരനാണ് തങ്കച്ചൻ.

കൊമ്പുള്ള പശുക്കളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രയാസമാണെന്ന് മാത്രമല്ല, അവയെ അഴിച്ചുവിട്ട് ‘ലൂസ് ഫാമിങ്’ രീതിയിൽ വളർത്തുന്നതിനും തടസ്സങ്ങളുണ്ട്. രണ്ടാഴ്ച പ്രായമെത്തുമ്പോൾ പശുക്കിടാക്കളുടെ കൊമ്പുകൾ കരിച്ചുകളയുന്നത് ഇവിടെ പതിവാണ്.

ഡെയറി ഫാമിങ്ങിലെ സ്‌പോർട്സ്‌മാൻ സ്പിരിറ്റ്

ശാസ്ത്രീയതയും സ്ഥിരോത്സാഹവും ഒത്തുചേർന്നാൽ, ഒരു ചെറുകിട ഡെയറിഫാം പോലും ഉയർന്ന ഉത്‌പാദനശേഷിയുള്ള ലാഭകരമായ സംരംഭമാക്കി മാറ്റാമെന്നതിന്റെ തെളിവാണ് ഈ മാതൃകാ ഫാം. ഫാമിൽ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ ഭൂരിഭാഗവും പ്രദേശത്തെ കാട്ടിമൂല ക്ഷീരസഹകരണ സംഘത്തിലാണ് അളക്കുന്നത്. കൂടാതെ, പ്രതിദിനം 50 ലിറ്ററോളം പാലിൽനിന്ന് തൈര്, നെയ്യ് തുടങ്ങിയ മൂല്യവർധിത ഉത്‌പന്നങ്ങളും നിർമിക്കുന്നു. ചാണകം ഉണക്കി വിൽക്കുന്നതിനൊപ്പം ബയോഗ്യാസ് പ്ലാന്റും ഉണ്ട്.

തൊഴുത്തിൽ പശുക്കളെ കുളിപ്പിക്കുന്ന വെള്ളമടക്കം ശേഖരിച്ച് കൃഷിത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നതിലൂടെ, പുറന്തള്ളാൻ മാലിന്യമില്ലാത്ത ഒരു ഹരിതസംരംഭമാക്കി ഫാമിനെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. കേരള വെറ്ററിനറി സർവകലാശാലയുടെ ‘ഫാം സ്കൂൾ’ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. പൂർണ പിന്തുണയുമായി ജീവിതപങ്കാളി ബീനയും മക്കളും ഒപ്പമുണ്ട്.

ഫാം എൻജിനിയറിങ്ങിലെ പരീക്ഷണങ്ങൾ

പശുവളർത്തലിലും സ്പോർട്സിലും എന്നപോലെ ഫാം എൻജിനിയറിങ്ങിലും തങ്കച്ചൻ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഫാമിന് താഴെയുള്ള പറമ്പിലെ തീറ്റപ്പുൽത്തോട്ടത്തിൽനിന്ന് പുല്ല് നേരിട്ട് ഫാമിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ ‘ഗ്രാസ് റോപ്പ് വേ’ സംവിധാനം ഇതിന് തെളിവാണ്. റോപ്പ് വേയിൽ ക്രമീകരിച്ച തട്ടിൽ പുല്ലുനിറച്ച് മറുതലയ്ക്കൽ സ്വിച്ച് ഓൺചെയ്താൽ പുല്ല് നേരേ ഫാമിലെത്തും.

ദൈനംദിന പ്രവർത്തനങ്ങൾക്കായി സ്വന്തമായി നിർമിച്ച വീൽ ബാരോയും ഉപയോഗിക്കുന്നുണ്ട്. പശുക്കൾക്ക് തൊഴുത്തിൽ സുഖകരമായ അന്തരീക്ഷം ഒരുക്കാൻ വെറ്ററിനറി സർവകലാശാലയുടെ ‘ആശ്വാസ’ എന്ന ടെമ്പറേച്ചർ കൺട്രോൾ യൂണിറ്റ്, ഏറ്റവും ശുദ്ധമായ ജലം ഉറപ്പാക്കുന്ന വാട്ടർ ഫിൽട്ടർ യൂണിറ്റ്, വീണുപോകുന്ന പശുക്കളെ ഉയർത്താൻ സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, ഹിപ് ലോക്ക് സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

തൊഴുത്തിൽ ശല്യമായ ഈച്ചകളെ കെണിയിലാക്കാൻ പച്ച പ്ലാസ്റ്റിക് കുടത്തിന്റെ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഫാമിനകത്ത് തൂക്കിയ കുടത്തിൽ ലൈറ്റിട്ട് കുടത്തിന് പുറമേ ആവണക്കെണ്ണ തേച്ചുപിടിപ്പിക്കും. വെളിച്ചംകണ്ട് പറന്നെത്തുന്ന ഈച്ചകൾ കുടത്തിനു പുറമേയുള്ള ആവണക്കെണ്ണയിൽ പറ്റിപ്പിടിക്കും. പിന്നെ അവയ്ക്ക് പറക്കാനാവില്ല. ഈച്ചശല്യം കുറയുന്നതോടെ പശുക്കളുടെ സമ്മർദം കുറയുകയും അവ കൂടുതൽ താത്‌പര്യത്തോടെ തീറ്റയെടുക്കുകയും ചെയ്യും. ഇത് സ്വാഭാവികമായും പാലിന്റെ അളവ് വർധിപ്പിക്കാനും ഉത്‌പാദനക്ഷമത കൂട്ടാനും സഹായിക്കും.

ഫാം ഡിസൈനിങ്ങിനായുള്ള കൺസൾട്ടൻസി സർവീസും തങ്കച്ചൻ നൽകുന്നുണ്ട്. ക്ഷീരമേഖലയെ കേവലം ഒരു ഉപജീവനമാർഗമായി കാണാതെ, മികച്ച ലാഭംനേടുന്ന ഒരു പ്രൊഫഷണൽ ബിസിനസായി ഉയർത്തുകയാണ്‌ തങ്കച്ചൻ. പുതിയ സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്ന കരുത്തുറ്റ മാതൃകയാണ് ഈ പാൽവിപ്ലവം. വിവരങ്ങൾക്ക്: 9605500595.