
കൊല്ലം: പാൽ, മുട്ട, മാംസം എന്നിവയുടെ ഉപയോഗത്തിലൂടെ വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ആന്റിബയോട്ടിക് എത്തുന്നതിലുള്ള പ്രതിരോധ നടപടികൾക്ക് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ കൈകോർക്കുന്നു. രോഗം ബാധിച്ച വളർത്തുമൃഗങ്ങൾക്ക് ആന്റിബയോട്ടിക് നൽകി, നിശ്ചിതദിവസം കഴിഞ്ഞേ പാലും മാംസവും മുട്ടയും ഉപയോഗിക്കാവൂയെന്ന നിർദേശം പാലിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ബോധവത്കരണം വ്യാപകമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൃഗങ്ങളിലാണ്. കന്നുകാലികൾക്കു മരുന്ന് നൽകിയാൽ നിശ്ചിതദിവസങ്ങൾക്കുശേഷമേ, പാൽ കറക്കുകയോ അവയുടെ മാംസം ഭക്ഷിക്കുകയോ പക്ഷികളുടെ മുട്ട ശേഖരിക്കുകയോ ചെയ്യാൻ പാടുള്ളൂവെന്ന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ പറയുന്നു. എന്നാൽ ഇതു പാലിക്കാതെ, മരുന്നുനൽകുന്ന ദിവസംമുതൽ പാൽ കറക്കുകയും മുട്ട ശേഖരിച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്. കാലികളിൽ രോഗലക്ഷണം കാണുമ്പോൾത്തന്നെ ഡോക്ടർമാരുടെ നിർദേശം കൂടാതെ, മുൻപ് വാങ്ങിയ മരുന്നുകൾ നൽകുന്ന പ്രവണതയുമുണ്ട്. ഇത്തരം മരുന്നുകൾ നൽകുന്നതുമൂലം പാലിന് രുചിവ്യത്യാസമോ മണമോ ഉണ്ടാകുന്നുമില്ല.
വളർത്തുമൃഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നത് വ്യാപകമായതോടെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ വെറ്റ്ബയോട്ടിക്‘ എന്നപേരിൽ സംസ്ഥാനത്തുടനീളം പരിശോധന നടത്തി തുടർനടപടി സ്വീകരിച്ചിരുന്നു. മൃഗസംരക്ഷണവകുപ്പ് ഒരുമാസം നീളുന്ന പ്രചാരണപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ നേതൃത്വത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കും അവബോധമൊരുക്കാൻ ലഘുലേഖകളും തയ്യാറാക്കിയിട്ടുണ്ട്.
മൃഗാശുപത്രികളിൽ ഹസാർഡ് ബോക്സുകൾ വരും
കാലാവധി കഴിഞ്ഞ മരുന്നുകൾ നിക്ഷേപിക്കുന്നതിന് മൃഗാശുപത്രികളിൽ ഹസാർഡ് ബോക്സുകൾ സ്ഥാപിക്കാൻ മൃഗസംരക്ഷണവകുപ്പ് നടപടി തുടങ്ങി. ഉപയോഗശൂന്യമായ മരുന്നുകൾ ക്ഷീരകർഷകർക്ക് ഇതിൽ നിക്ഷേപിക്കാം.
Content Highlights: Learn about safe consumption of milk, eggs, and meat after animals receive antibiotics. Understand withdrawal periods and public health guidelines.
Published: 25 Nov 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented