രാജ്യത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെയും കേരളത്തിലെയും വികസന അനുഭവങ്ങളെ താരതമ്യം ചെയ്തുള്ള ചര്‍ച്ചകള്‍ക്ക് ദേശീയ തലത്തില്‍ നടക്കുകയാണ്. സാമ്പത്തിക-വ്യാവസായിക പിന്നാക്കാവസ്ഥയിലും കേരളം നേടിയെടുത്ത മാനവികവികസന രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിന് സമാനമായ നേട്ടം  വിശ്വവിഖ്യാതമാണ്. പോരായ്മകള്‍ നിറഞ്ഞതാണെങ്കില്‍ കൂടി സംസ്ഥാനത്തിന് വന്നു ചേര്‍ന്ന അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ക്കെതിരെ മുഖം തിരിക്കാന്‍ സാദ്ധ്യമല്ല. യു.പിയുടെ വികസനത്തെ ബംഗ്ലാദേശിലെയോ, എത്യോപ്യയിലെയോ വികസന അനുഭവത്തിനു സമാനമാണെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ എണ്ണവും വിരളമല്ല. ചരിത്രപരമായി മാനവികവികസന സൂചികകളില്‍ മുന്നിലുള്ള കേരളത്തിനെപ്പോലെ മുന്നേറാന്‍ സാധിച്ചില്ലെങ്കില്‍ കൂടി, പല മേഖലകളിലും യു.പി അടുത്തിടെയായി വന്‍കുതിച്ചുചാട്ടം നടത്തിയതായി വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. വിഷയം പൊതുജനശ്രദ്ധ നേടിയ സാഹചര്യത്തില്‍, ഈ സംസ്ഥാനങ്ങളിലെ വികസനസൂചികകളിലെ നേട്ടവും വികസന അനുഭവങ്ങളും ഇഴകീറി പരിശോധിക്കുന്നത് വികസന അന്വേഷണത്വരയുള്ള പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.

To advertise here,

വികസനം: മാറുന്ന കാഴ്ചപ്പാടുകള്‍ 

സാമ്പത്തിക വികസനത്തിന്റെ മുഖ്യ ലക്ഷ്യമായി നോക്കിക്കാണുന്നത് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക അവസരങ്ങള്‍ ലഭ്യമാക്കുക, ക്രയശേഷി വര്‍ദ്ധിപ്പിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ്. വികസനത്തെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയാണ് സാമ്പത്തിക വിദഗ്ധര്‍ എക്കാലത്തും വിലയിരുത്തിപ്പോരുന്നത്.  എണ്‍പതുകളില്‍ സാമ്പത്തിക വളര്‍ച്ച മാത്രമായിരുന്നു വികസനം  എന്നായിരുന്നു  ലോക ബാങ്കിന്റെ കാഴ്ചപ്പാട്. തൊണ്ണൂറില്‍ യു.എന്‍ പ്രസിദ്ധീകരിച്ച മാനവിക വികസന റിപ്പോര്‍ട്ട് വ്യവസ്ഥാപിതമായ വികസനത്തിന്റെ നിര്‍വചന കാഴ്ചപ്പാടുകളില്‍ സമൂലമായ മാറ്റം നിര്‍ദേശിച്ചു. ഇത് പ്രകാരം വികസനം  യാഥാര്‍ഥ്യമാകുന്നത് ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും, ആരോഗ്യ സ്ഥിതിയിലും പുരോഗതി ഉറപ്പു വരുത്തുമ്പോഴാണ്. ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഒരു പടികൂടി മുന്‍പോട്ടുകടന്ന്  വികസനമെന്നത് കേവലം സാമ്പത്തിക വളര്‍ച്ചാ നിരക്ക് മാത്രമല്ലെന്നും  മാനവിക വികസന രംഗത്തുള്ള  പുരോഗതി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യുന്നതിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നതാവണം എന്ന ആശയം  ഉയര്‍ത്തിപ്പിടിച്ചു,  

ReadMore :കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നേട്ടം കൊയ്തത് യുപിയോ കേരളമോ? ലേഖന പരമ്പര- 2

ബ്രസീലിനേക്കാൾ, പാകിസ്താനേക്കാൾ ജനങ്ങളുള്ള യുപി

രാജ്യത്തെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനമാണ് യു.പിക്ക്. സംസ്ഥാനത്തെ ഒരു രാജ്യമായി പരിഗണിച്ചാല്‍ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി കണക്കാക്കാമെന്ന് വിശേഷിപ്പിക്കാറുണ്ട്. 2011-ലെ കണക്കുകള്‍ പ്രകാരം ബ്രസീല്‍ (19.1 കോടി), പാകിസ്താന്‍ (18.4 കോടി), ബംഗ്ലാദേശ് (16.4 കോടി) എന്നീ രാജ്യങ്ങളേക്കാള്‍ ജനങ്ങള്‍ സംസ്ഥാനത്ത് ജീവിക്കുന്നു എന്നത് ഒരേ സമയം കൗതുകവും ആശയങ്കയുമുളവാക്കുന്നു. ഇതില്‍ ബംഗ്ലാദേശ് ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക്  യു.പിയേക്കാള്‍ ഭൂപ്രദേശവും കൈവശമുണ്ട് എന്നത് കൂടി ചിന്തിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ വ്യാപ്തി മനസിലാക്കാവുന്നതാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സൂചികകള്‍ വെളിപ്പെടുത്തുന്നതെന്ത്? 

ടെക്‌നിക്കല്‍ ഗ്രൂപ്പിന്റെ (2019) ജനസംഖ്യാ പ്രവചന കണക്കുകള്‍ പ്രകാരം 2022-ല്‍ യു.പിക്ക് (23.4 കോടി) കേരളത്തേക്കാള്‍ (3.56കോടി) 6.5 മടങ്ങ് ജനസംഖ്യയുണ്ട് . ജനസംഖ്യക്ക് ഏകദേശം ആനുപാതികമായ ഭൂപ്രദേശമാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്. പക്ഷെ, ജനസംഖ്യാ വളര്‍ച്ചയില്‍ ഈ സംസ്ഥാനങ്ങള്‍ രണ്ട് തട്ടിലാണ്. 2001-2011 കാലഘട്ടത്തില്‍ കേരളത്തിലെ ശരാശരി വാര്‍ഷിക ജനസംഖ്യ വളര്‍ച്ചാനിരക്ക് (എക്‌സ്‌പോണെന്‍ഷ്യല്‍ ഗ്രോത്ത് റേറ്റ്) 0.48 ശതമാനമായിരുന്നപ്പോള്‍ യു.പിയുടേത് 1.85 ശതമാനമായിരുന്നു. കേരളത്തിലെ  പ്രത്യുത്പാദന നിരക്ക് 1.8 ആകുമ്പോള്‍  യു.പിയുടേത് 2.4 എന്ന  നിലയിലാണ്. സംസ്ഥാനങ്ങളുടെ പ്രത്യുത്പാദന നിരക്കുകളിലുള്ള വ്യതിയാനം ജനസംഖ്യാ വളര്‍ച്ചയെ സ്വാധീനിക്കുന്നു എന്ന് സാരം. കേരളത്തിലെ നാലില്‍ മൂന്ന് പേര്‍ (74.4 ശതമാനം) നഗരപ്രദേശങ്ങളില്‍ വസിക്കുമ്പോള്‍ യു.പിയിലിത് നാലില്‍ ഒരാള്‍ (24 ശതമാനം) മാത്രമായി ഒതുങ്ങുന്നു. ശിശു-മരണ നിരക്കിലും മാതൃ-മരണ നിരക്കിലും കേരളത്തോടൊപ്പം ഓടിയെത്താന്‍ യു.പിക്ക് വര്‍ഷങ്ങളുടെ കഠിനപ്രയത്നം ആവശ്യമായി വരും എന്നാണ് സ്ഥിതിവിവരകണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.    

സൂചികകൾ 

കേരളം 

യു.പി  

ഇന്ത്യ 

പ്രോജക്ടഡ്  ജനസംഖ്യ  (2022)  

3.56 കോടി

23.40 കോടി

138.10 കോടി

പ്രോജക്ടഡ് ജനസാന്ദ്രത (സ്ക്വയർ കിലോ മീറ്ററിന്)(2022)    

917

972

420

നഗരവത്‌കരണം (ശതമാനം)(2022)   

74.43

23.97 

35.05 

പ്രത്യുത്പാദന  നിരക്ക് (2019-21)

1.8

2.4

2.0

ശിശുമരണ നിരക്ക് (ആയിരത്തിന്)(2019-21)

4.4

35.2

50.4

മാതൃ മരണ നിരക്ക് (ഒരു ലക്ഷം അമ്മമാർക്കിടയിൽ)

(2016-18)

43

197

113

               

വികസന/വിദ്യാഭ്യാസ/സാമ്പത്തിക സൂചികകൾ   

മാനവിക  വികസന  സൂചിക (റാങ്ക്/വാല്യൂ) 

1(0.782)

35(0.596)

0.645

നെറ്റ് സ്കൂൾ എൻറോൾമെൻറ് റേഷ്യു (ശതമാനം) (1-10) 

92.07

84.54

87.26

പ്രതിശീർഷ ആഭ്യന്തര  ഉത്പാദനത്തിന്റെ  വാർഷിക  വളർച്ച (Constant price) 

6.93

3.74

5.1

ദാരിദ്ര്യ രേഖയ്ക്ക് താഴേയുള്ളവർ ( ശതമാനം)    

7.05

29.43

21.92

തലയെണ്ണൽ അനുപാതം (ബഹുമുഖ ദാരിദ്ര്യ സൂചിക) (ശതമാനത്തിൽ)     

1.10

40.80

29.90

തൊഴിലില്ലായ്മ  നിരക്ക് (15-59)

10.4

6.2

6.2

തൊഴിൽ പങ്കാളിത്ത  നിരക്ക് (15-59)

55.0

44.4

53.6

ഉത്പാദന മേഖലയിലെ തൊഴിൽ നിരക്ക്(ആകെ തൊഴിലിൽ) 

10.51

11.7

12.07

ഇന്റർനെറ്റ് വരിക്കാർ (100  പേർക്ക്)  

77.47

38.73

55.41

 ഉറവിടങ്ങള്‍ : ടെക്‌നിക്കല്‍ ഗ്രൂപ്പ്  (2019);  ദേശീയ കുടുംബാരോഗ്യ സര്‍വ്വേ (2019-21); സാമ്പിള്‍  രജിസ്‌ട്രേഷന്‍  സിസ്റ്റം; നീതി ആയോഗ്.

 

  • പതിനായിരം  ആളുകള്‍ക്ക് കേരളത്തില്‍ 115  ആരോഗ്യ വിദഗ്ദരുടെ (ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മിഡ്-വൈഫ്സ്) സേവനം ലഭ്യമാകുമ്പോള്‍ യു.പിയില്‍ ഇത് 14 മാത്രമാണ്
  • മാനവിക വികസന സൂചികയില്‍ തുടര്‍ച്ചയായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുകേരളത്തിന്റെ മാനവിക വികസന സൂചിക മൂല്യം അന്താരാഷ്ട്ര തലത്തില്‍ ശ്രീലങ്കക്ക് (72 സ്ഥാനം) സമാനമാണ്. എന്നാല്‍, യു.പി സംസ്ഥാനങ്ങള്‍ക്കിടയില്‍ 35 സ്ഥാനവും ആഗോളതലത്തില്‍ കമ്പോഡിയയുടേതിന് തുല്യം (144 സ്ഥാനം)
  • കേരളത്തില്‍  നാലില്‍  മൂന്ന്  പേര്‍ക്ക് (77.47 ശതമാനം) ഡിജിറ്റൽ സൗകര്യങ്ങള്‍  ലഭ്യമാകുമ്പോള്‍ യു.പിയില്‍ ഇത് ഏകദേശം  മൂന്നില്‍  ഒരാള്‍ക്ക് (38.73 ശതമാനം) മാത്രം. 
noolppuzha health centre
നൂൽപ്പുഴ ഹെൽത്ത് സെന്ററിർ | ഫയൽ ഫോട്ടോ

ഒരു പ്രദേശത്തെ  ആരോഗ്യ രംഗത്തിന്റെ മികവ് പ്രകടമാക്കുന്ന രണ്ടു സൂചികകളാണ്  ശിശുമരണ നിരക്കും, മാതൃ മരണ  നിരക്കും. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ശിശു മരണനിരക്കില്‍ കേരളം അമേരിക്കയെക്കാള്‍  മെച്ചമായ  നിലയിലാണ്. അതെ സമയം, യു.പി  യിലെ ശിശുമരണ  നിരക്ക് (35.2) കേരളത്തിന്റേതിനേക്കാള്‍ (4.4) 8 മടങ്ങ് അധികമാണ്. യു.പി ദേശീയ ശരാശരിയേക്കാള്‍ (50.4) മെച്ചമായി എന്നത് മാത്രമാണ് ആശ്വാസം. മാതൃമരണനിരക്ക് യു.പിയില്‍ (197) കേരളത്തിനേക്കാള്‍ (43) നാലുമടങ്ങില്‍ അധികമാണ്.  പതിനായിരം  ആളുകള്‍ക്ക് കേരളത്തില്‍ 115  ആരോഗ്യ വിദഗ്ദരുടെ (ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മിഡ്-വൈഫ്സ്) സേവനം ലഭ്യമാകുമ്പോള്‍ യു.പിയില്‍ ഇത് 14 മാത്രമാണ്. മതിയായ ആരോഗ്യ  പ്രവര്‍ത്തകര്‍  ഇല്ലാത്തത്  ഈ മേഖലയുടെ  പ്രവര്‍ത്തനങ്ങളെ  തകിടം  മറിക്കുകയും സൂചികകളുടെ പുരോഗതിയെ  പിന്നോട്ടടിക്കുകയും ചെയ്യും. മാനവിക വികസന സൂചികയില്‍ തുടര്‍ച്ചയായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. കേരളത്തിന്റെ മാനവിക വികസന സൂചിക മൂല്യം അന്താരാഷ്ട്ര തലത്തില്‍ ശ്രീലങ്കക്ക് (72 സ്ഥാനം) സമാനമാണ്. എന്നാല്‍, യു.പി, സംസ്ഥാനങ്ങള്‍ക്കിടയില്‍ 35 സ്ഥാനവും ആഗോളതലത്തില്‍ കമ്പോഡിയയുടേതിന് (144 സ്ഥാനം) ഒപ്പവുമാണ്. പ്രതിശീര്‍ഷ ആഭ്യന്തര ഉല്പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ചയിലും സമാന  പ്രവണത ദൃശ്യമാണ്. രാജ്യം മുഴുവന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ രീതിയിലേക്ക് മാറുമ്പോഴും രാജ്യത്ത് രണ്ടില്‍  ഒരാള്‍ക്ക് മാത്രമേ (55.41 ശതമാനം) ഇന്റര്‍നെറ്റ്  സൗകര്യങ്ങള്‍  ലഭ്യമാകുന്നുള്ളു. കേരളത്തില്‍  നാലില്‍  മൂന്ന്  പേര്‍ക്ക് (77.47 ശതമാനം) ഈ സൗകര്യങ്ങള്‍  ലഭ്യമാകുമ്പോള്‍ യൂ.പിയില്‍ ഇത് ഏകദേശം  മൂന്നില്‍  ഒരാള്‍ക്ക് (38.73 ശതമാനം) മാത്രമായി  ചുരുങ്ങുന്നു. 

Nursesപതിനായിരം  ആളുകള്‍ക്ക് കേരളത്തില്‍ 115  ആരോഗ്യ വിദഗ്ദരുടെ (ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മിഡ്-വൈഫ്സ്) സേവനം ലഭ്യമാകുമ്പോള്‍ യു.പിയില്‍ ഇത് 14 മാത്രമാണ്

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് വിദ്യാഭ്യാസനയത്തില്‍ തിരുത്തലുകള്‍ വരുത്തി നയപരമായ ഇടപെടലുകളിലൂടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് നീതി ആയോഗിന്റെ സ്‌കൂള്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത്. പഠനനിലവാരം, പ്രവേശന നിരക്കുകള്‍, തുല്യതാ, അടിസ്ഥാന സൗകര്യങ്ങള്‍, ഗവേണന്‍സ് എന്നീ വിദ്യാഭ്യാസ മേഖലകളില്‍ സമൂലമായ മാറ്റം സാധ്യമാക്കുക എന്നതാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. കേരളം 2015-16 ല്‍  77.6 ശതമാനം നേടിയത് 2016-17 82.2 ശതമാനമായി ഉയര്‍ത്തി. ഇതേ കാലഘട്ടത്തില്‍ യു.പിയുടെ പ്രകടനം 32.8 ശതമാനത്തില്‍ നിന്നു 46.5 ശതമാനത്തിലേക്ക് ഉയര്‍ന്നു വന്നത് റാങ്കിലും പ്രതിഫലിച്ചു (18 ആം സ്ഥാനത്തു നിന്നും 17 ആം സ്ഥാനത്തേക്ക്). 

 

പത്താംതരം വരെയുള്ള ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോയില്‍ യു.പി കേരളത്തിന്റെയോ, ദേശീയ ശരാശരിക്കോ ഒപ്പമെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വിദ്യാഭ്യാസ മേഖലയിലെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉള്‍പ്പെടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളം വളരെക്കാലമായി ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും യു.പി ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. സെക്കൻഡറി തലത്തിലെ (9-10 ക്ലാസുകള്‍) ശരാശരി വാര്‍ഷിക കൊഴിഞ്ഞുപോക്കിന്റെ നിരക്ക് 15.51 ശതമാനമാണ് യു.പിയിലെങ്കില്‍ അത് കേരളത്തില്‍ 9.14 ശതമാനമാണ്. ഹയര്‍ സെക്കന്ററി തലത്തിലെ (11-12 ക്ലാസുകള്‍) കേരളത്തിലെ  ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (80.26 ശതമാനം) യു.പിയുടെ  നിരക്കിന്റെ (46.1ശതമാനം) ഇരട്ടിയുടെ സമീപത്തായി എത്തി നില്കുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെക്കെത്തുമ്പോള്‍ എന്റോള്‍മെന്റ് റേഷ്യോയിലുണ്ടായിരുന്ന അന്തരം ക്രമാതീതമായി കുറയുന്നതായി  മനസ്സിലാക്കാം.  ഉദാഹരണമായി, 18നും 23 വയസ്സിനുമിടയിലുള്ള ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ യു.പി യില്‍ 25.8 ശതമാനമാകുമ്പോള്‍  കേരളത്തില്‍  ഇത്  37 ശതമാനവുമാണ്.

placeholder
Photo : http://uphome.gov.in/maps-of-up.htm

വികസന മാതൃകകളിലെ പരിണാമം  

മറ്റു സംസ്ഥാനങ്ങളില്‍ ഒക്കെ തന്നെ വിദ്യാഭാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും  സ്ഥാപിക്കുന്നതിന്  മുന്‍പ് തന്നെ  കേരളം ഈ  മേഖലയില്‍ വളരെ മുന്‍പന്തിയിലായിരുന്നു എന്നത് ചരിത്ര സത്യമാണ്. ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി ക്രിസ്റ്റ്യന് മിഷണറിമാരും, രാജകുടുംബങ്ങളും നല്കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. സാമൂഹിക-സാംസ്‌കാരിക രംഗത്ത്  ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി തുടങ്ങിയ നവോത്ഥാന നായകര്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. കേരളത്തില്‍ കാലാകാലങ്ങളായി വന്ന സര്‍ക്കാറുകളും, സ്വകാര്യ  മേഖലകളും വിദ്യാഭാസ-ആരോഗ്യ മേഖലയുടെ താങ്ങും തണലുമായി നിലകൊണ്ടു. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതിയും ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റവും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക രംഗത്ത് ഒരു നവയുഗത്തിന് നാന്ദികുറിച്ചു. ഈ പരിശ്രമങ്ങള്‍ പിന്നീട് സംസ്ഥാനത്തിന്റെ മാനവിക വികസന സൂചികകളിലെ മുന്നേറ്റത്തിലേക്ക്  നയിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. എന്നിരുന്നാലും, കാര്‍ഷിക-വ്യാവസായിക-തൊഴില്‍ മേഖലകളില്‍ സംസ്ഥാനത്തിന് ഉദ്ദേശിച്ച പുരോഗതി നേടാതിരുന്നത് മുഖ്യ പോരായ്മയായി  സാമ്പത്തിക  വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.   

കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ യു.പി വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനമാണ്. അനേകം തത്ത്വജ്ഞാനികളെയും, സാംസ്‌കാരിക നായകരെയും രാജ്യത്തിന്  സംഭാവന നല്കിയ പ്രദേശമാണ് യൂ.പി. എങ്കില്‍ക്കൂടിയും കേരളത്തില്‍ സംഭവിച്ചതുപോലെ സമസ്തമേഖലകളിലും പ്രതിഫലനങ്ങള്‍ സൃഷ്ട്ടിക്കുന്ന തരത്തിലുള്ള സാമൂഹിക വിപ്ലവത്തിലേക്ക് യു.പിയെ നയിക്കാന്‍ അവിടുത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കായില്ല എന്ന് വേണം കരുതാന്‍. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ വ്യത്യസ്ത സാമൂഹിക- സാമ്പത്തിക-സാംസ്‌കാരിക മേഖലകളുമായി  ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ്. 

ഇതില്‍ തന്നെ, മുന്‍പ്  സൂചിപ്പിച്ചതു പോലെ, ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സംസ്ഥാനത്തിന്റെ ജനസംഖ്യാ വലിപ്പവും, ജനസംഖ്യാ വളര്‍ച്ചാ നിരക്കുമാണ്. 1952-ല്‍, ലോകത്തില്‍ ഇദംപ്രഥമമായി കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളിലൂടെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ച ചരിത്രമാണ് ഇന്ത്യയുടേത്. എന്നാല്‍  കേരളമുള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ച  നിയന്ത്രിക്കുന്നതില്‍ ലക്ഷ്യം കൈവരിച്ചപ്പോള്‍ യു.പി ഉള്‍പ്പെട്ട  സംസ്ഥാനങ്ങളില്‍ ഈ വിഷയത്തില്‍ ഉദ്ദേശിച്ച ഫലപ്രാപ്തി ഇനിയും നേടിയിട്ടില്ല എന്നതാണ് വാസ്തവം. കേരളം 80 കളുടെ അവസാനം നേടിയ ബിലോ റീപ്ലേസ്മെന്റ് ഫെര്‍ട്ടിലിറ്റി (TFR=2.1) നേടാന്‍ യു.പിക്ക് ഇനി ഒരു വ്യാഴവട്ടകാലത്തിലധികം കാത്തിരിക്കേണ്ടിവരുമെന്നാണ് ജനസംഖ്യാ വിദഗ്ധര്‍ നല്‍കുന്ന സൂചന.

populationജനസംഖ്യാ വളര്‍ച്ചാ നിയന്ത്രണ ലക്ഷ്യങ്ങള്‍ കേരളം യു.പിയേക്കാള്‍ നാല് ദശാബ്ദക്കാലം മുന്‍പ് തന്നെ നേടിയെടുത്തു എന്ന് ചുരുക്കം. ജനസംഖ്യാ വളര്‍ച്ചാ സ്ഥിരത (Population stabilization) അടക്കമുള്ള നേട്ടങ്ങള്‍  കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍  തമ്മിലുള്ള  അന്തരം  വീണ്ടും വര്‍ദ്ധിക്കാനാണ്  സാദ്ധ്യത.   

1951 മുതല്‍ 1991 വരെയുള്ള നാലു ദശാബ്ദക്കാലത്തില്‍ യു.പിയിലുണ്ടായ  ജനസംഖ്യാ വര്‍ദ്ധനവ് ഏകദേശം 120 ശതമാനമാണ്  (6  കോടിയില്‍ നിന്ന് 13.2 കോടി) വര്‍ദ്ധനവ്. എന്നാല്‍ 1991-2011 കാലഘട്ടത്തില്‍ ഇത്  50 ശതമാനത്തിലേക്ക് കുറഞ്ഞു (13.2 കോടിയില്‍ നിന്ന് 19.98 കോടി) എന്നത്  സംസ്ഥാനത്തെ  സംബന്ധിച്ച്  ശുഭസൂചകമാണ്. എന്നിരുന്നാലും,  ജനസംഖ്യാ വളര്‍ച്ചയുടെ  ആക്കം (Population momentum) അടക്കമുള്ള പ്രതിഭാസം മൂലം വരുംവര്‍ഷങ്ങളിലും സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പ്രൊഫ.ടിം ഡയസ്സണ്‍ അടക്കമുള്ള ജനസംഖ്യാ വിദഗ്ദരുടെ അഭിപ്രായം. നമുക്ക് അറിയുന്നതുപോലെ, ഉയര്‍ന്ന ജനസംഖ്യാ വര്‍ദ്ധനവ് സമ്പദ് വ്യവസ്ഥക്ക് വ്യത്യസ്ത കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം സൃഷ്ട്ടിക്കും. ഇതുകൂടാതെ, സാമ്പത്തിക-ജാതീയ ഉച്ചനീചത്വങ്ങളും, ലിംഗ വിവേചനവും, ദാരിദ്യ്രത്തിന്റെ വിഷമവൃത്തങ്ങളും, അഴിമതിയും, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വിലങ്ങുതടിയാകാവുന്ന അനേകം കാരണങ്ങളില്‍ ചിലതു മാത്രമാണ്. 

 ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും കഴിവുകളും പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള പൊതുജന പങ്കാളിത്തം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വരുമാനം കുറവാണെങ്കില്‍ പോലും സാമൂഹിക വികസനം നേടിയെടുക്കാം എന്നതിന് ഉത്തമോദാഹരണമാണ് കേരളമെന്ന് അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അവസ്ഥയിലും പൊതുജനാരോഗ്യത്തിലും വിദ്യാഭാസത്തിലുമുള്ള മുന്നേറ്റം സംസ്ഥാനത്തിന്റെ  സമസ്ത മേഖലക്കും ഊര്‍ജ്ജം പകര്‍ന്നു. സംസ്ഥാനം ആ നിലയിലേക്ക് ഉയര്‍ത്തപ്പെട്ടത് പൊതുമേഖലാ ചെലവിന്റെ ഏതാണ്ട് അഞ്ചില്‍ രണ്ടു ഭാഗവും വിദ്യാഭ്യാസം, ആരോഗ്യം, അനുബന്ധ സാമൂഹിക സേവന മേഖലക്കായി ചിലവിടുന്നതിന്റെ  പ്രതിഫലനമാണ്.  

ലേഖന പരമ്പര തുടരം.....

(ഡോ.ജെ. രത്‌നകുമാര്‍ ന്യൂഡെല്‍ഹിയിലെ സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും, ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ്  പ്രൊഫസറുമാണ്).