കോളേജ് ഹോസ്റ്റൽ ജീവിതം പലർക്കും ജീവിതത്തിലെ ഏറ്റവും സ്വതന്ത്രവും ഓർമ്മകളാൽ സമ്പന്നവുമായ ഒരു അധ്യായമാണ്. അത് താമസിക്കുന്ന വെറും സ്ഥലം എന്നതിലുപരി കുടുംബത്തിൽനിന്ന് ആദ്യമായി അകന്ന് നിൽക്കുന്ന അനുഭവം, സ്വയം തീരുമാനങ്ങൾ എടുക്കുന്ന ആദ്യകാലഘട്ടങ്ങൾ, ബന്ധങ്ങൾക്ക് ജീവിതത്തിലുണ്ടാകുന്ന പ്രാധാന്യം മനസ്സിലാക്കുന്ന കാലം, സ്വപ്നങ്ങൾക്ക് ചിറകു വിരിയുന്ന വേദി—ഇവയെല്ലാം ചേർന്നതാണ് ഹോസ്റ്റൽ ലൈഫ്. എന്നാൽ, ഈ ആവേശകരമായ ലോകം ഒരു ദിവസം അവസാനിക്കുമ്പോൾ, ക്യാമ്പസിലെ ചിരികളും രാത്രിയോളം നീണ്ട സംഭാഷണങ്ങളും പിന്നിലാക്കി ഓരോരുത്തരും സ്വന്തം വഴിയിലേക്ക് തിരിയുമ്പോൾ, പലർക്കും ‘റിയൽ ലൈഫ്’ ഒരു വെല്ലുവിളിയായി തോന്നി തുടങ്ങാറുണ്ട്.

To advertise here,

ഈ മാറ്റം എന്തുകൊണ്ടാണ് ഇങ്ങനെ പ്രയാസകരമാകുന്നത്? എന്തുകൊണ്ടാണ് ഹോസ്റ്റലിലെ സ്വാതന്ത്ര്യത്തിൽനിന്ന് യഥാർത്ഥ ജീവിതത്തിലേക്കുള്ള യാത്ര പലർക്കും മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നത്?

സുരക്ഷിതത്വത്തിന്റെ അവസാനമെന്ന ബോധവും ഏകാന്തതയുടെ തുടക്കവും

ഹോസ്റ്റൽ ജീവിതം ഒരു സുരക്ഷിതമായ സാമൂഹിക വലയമാണെന്ന് പലരും ചിന്തിക്കുന്നുണ്ട്. ചുറ്റും ഒരേ പ്രായക്കാരും സമാന സ്വപ്നങ്ങളുമായും സമാന ആശങ്കകളുമായും ജീവിക്കുന്ന കൂട്ടുകാർ. പരീക്ഷാഭയം, അസൈൻമെന്റ് സമ്മർദ്ദം, പ്രണയം, ബ്രേക്കപ്പ്, സാമ്പത്തിക കുഴപ്പങ്ങൾ… എന്ത് പ്രശ്നമുണ്ടായാലും പങ്കിടാൻ ആളുകൾ ഉണ്ടാകും. ഒരു വിഷമം ഒരാളുടേതായി തുടരാതെ അത് ഉടൻ കൂട്ടായ്മയിലേയ്ക്ക് മാറും.

ഈ കൂട്ടായ്മയിലൂടെയാണ് പലർക്കും മാനസിക സ്ഥിരത ലഭിക്കുന്നത്. “നമുക്ക് ഒന്നിച്ച് നോക്കാം” എന്ന വാചകം ഒരു വല്ലാത്ത ശക്തി നൽകുമെന്നത് തീർച്ച. എന്നാൽ കോളേജ് കഴിഞ്ഞാൽ ആ ‘നമുക്ക്’ പതിയെ ‘എനിക്ക്’ എന്നതിലേക്ക് ചുരുങ്ങുന്നു. ജോലി സ്ഥലങ്ങളിൽ ഓരോരുത്തരും സ്വന്തം ലക്ഷ്യങ്ങൾ പിന്തുടരുന്നു. ജീവിതം മത്സരാധിഷ്ഠിതമാകുന്നു. പരാജയങ്ങളെ തുറന്നു പങ്കിടാൻ ഇടയില്ലാത്ത സാഹചര്യങ്ങൾ വരാം. ഈ ഏകാന്തതയാണ് പലർക്കും ആദ്യത്തെ വലിയ മാനസിക വെല്ലുവിളി ഏർപ്പെടുത്തുന്നത്.

ആവേശത്തിൽ നിന്ന് ഉത്തരവാദിത്തത്തിലേക്ക്

ഹോസ്റ്റൽ ജീവിതത്തിൽ സ്വാതന്ത്ര്യം ആഘോഷമാണ്. ചിലയിടത്ത് കൃത്യനിഷ്ഠതകളാകുമ്പോൾ മറ്റ് ചിലയിടത്ത് അത് തോന്നിയപോലെ എഴുന്നേൽക്കാനുള്ള ഇഷ്ടാനുസൃത സ്വാതന്ത്ര്യം നൽകുന്നു. രാത്രി വൈകി ഉറങ്ങാം, രാവിലെ വൈകി എഴുന്നേൽക്കാം. അവസാന നിമിഷം പഠിച്ചാലും പരീക്ഷയെ നേരിടാം. ചെറിയ പിഴവുകൾ പോലും കണക്കാക്കാതെ ജീവിതം മുന്നോട്ട് പോകും.

എന്നാൽ, പ്രൊഫഷണൽ ജീവിതം തുടങ്ങുമ്പോൾ കൃത്യമായ സമയക്രമവും ഉത്തരവാദിത്തവുമാണ് ആവശ്യം. ഡെഡ്ലൈൻ, ടാർഗറ്റ്, റിപ്പോർട്ട്, അപ്രൈസൽ—ഇവയാണ് പുതിയ ദിനചര്യയുടെ ഭാഗങ്ങൾ. “ഇഷ്ടമുള്ളപ്പോൾ ചെയ്യാം” എന്ന സ്വാതന്ത്ര്യം “ചെയ്യേണ്ടതിനാൽ ചെയ്യണം” എന്ന നിർബന്ധമായി മാറുന്നു.

ഈ മാറ്റം പലർക്കും മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നു. കാരണം, സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന തോന്നൽ ഉണ്ടാകാം. യാഥാർത്ഥ്യത്തിൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല; അത് ഉത്തരവാദിത്തത്തോടൊപ്പം ചേർന്നുതന്നെ നിലനിൽക്കുന്നു. പക്ഷേ, ആ മാറ്റം സ്വീകരിക്കാൻ സമയം ആവശ്യമാണ്.

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഭാരവും യാഥാർത്ഥ്യബോധവും

ഹോസ്റ്റൽ കാലത്ത് ചെലവുകൾ നിയന്ത്രിതമാണ്. മെസ് ബിൽ, റീചാർജ്, ചെറിയ യാത്രകൾ- ഇവയാണ് പ്രധാന കാര്യങ്ങൾ. പലപ്പോഴും കുടുംബം തന്നെ സാമ്പത്തിക പിന്തുണ നൽകുന്നു.

എന്നാൽ, ജോലി ലഭിച്ചതോടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നു. ആദ്യ ശമ്പളം ആത്മവിശ്വാസം നൽകും. അതോടൊപ്പം EMI, വാടക, ഇൻഷുറൻസ്, കുടുംബച്ചെലവ്, നിക്ഷേപം തുടങ്ങിയ ഉത്തരവാദിത്തങ്ങളും വരുന്നു.

പണം സമ്പാദിക്കുന്നത് എളുപ്പമല്ല; സമ്പാദിച്ച പണം കാര്യക്ഷമമായി കൈകാര്യം ചെയ്യുക അതിലും പ്രയാസകരമാണ്. ഹോസ്റ്റൽ നമ്മെ ചെലവഴിക്കാൻ പഠിപ്പിച്ചേക്കാം. യാഥാർത്ഥ്യജീവിതം പദ്ധതിപൂർവ്വമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുന്നു. ഈ പുതിയ ഉത്തരവാദിത്തം പലർക്കും ഭാരം തോന്നുന്നു.

മാറുന്ന ബന്ധങ്ങൾ

ഹോസ്റ്റലിലെ സുഹൃത്തുക്കൾ കുടുംബം പോലെയാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്, ആഘോഷങ്ങൾ, ചെറിയ തർക്കങ്ങൾ, കണക്ഷൻ എല്ലാം പങ്കുവെക്കുന്ന അനുഭവമാണ്. ശ്രമിക്കാതെ വരുന്ന ബന്ധങ്ങളും കണക്ഷനുമാണ് അവിടെ കൂടുതൽ.

പക്ഷേ, കോളേജ് കഴിഞ്ഞ് ഇറങ്ങുമ്പോൾ സമയം കുറയുന്നു. ജോലി, യാത്ര, കുടുംബജീവിതം- ഇവയെല്ലാം സമയം വിഭജിക്കുന്നു. ഒരിക്കൽ ദിവസേന സംസാരിച്ചിരുന്ന സുഹൃത്തുമായി ഇപ്പോൾ മാസങ്ങൾ കൂടുമ്പോഴാണ് സംസാരിക്കാൻ സാധിക്കുക.

പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാൻ ശ്രമം ആവശ്യമാണ്. ജോലി സ്ഥലത്തെ ബന്ധങ്ങൾ പലപ്പോഴും പ്രൊഫഷണൽ സ്വഭാവമുള്ളവയാണ്. അതുകൊണ്ട് തന്നെ ആത്മാർത്ഥത പലപ്പോഴും അവിടെ അപൂർവമാണ്.

തിരിച്ചറിയുന്ന സമയം

കോളേജ് കാലത്ത് ഒരാളുടെ ഐഡന്റിറ്റി ‘വിദ്യാർത്ഥി’ എന്നതിലാണ്. അത് സമൂഹം എളുപ്പത്തിൽ അംഗീകരിക്കുന്ന ഒരു സ്ഥാനം. പരാജയങ്ങൾ ക്ഷമിക്കപ്പെടുന്ന ഘട്ടം കൂടിയാണ് അത്.

പ്രൊഫഷണൽ ജീവിതം ഐഡന്റിറ്റി എന്നത് വ്യക്തിപരമായ കഴിവുകളുമായി ബന്ധപ്പെട്ടു തുടങ്ങുന്നു. “നീ എന്താണ് ചെയ്യുന്നത്?” എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാവശ്യമാകും. “നിന്റെ ലക്ഷ്യം എന്താണ്?” എന്ന ചോദ്യം പുറത്തുനിന്നും ഉള്ളിൽ നിന്നുമാണ് ഉയരുന്നത്.

കോളേജിൽ മികച്ച വിദ്യാർത്ഥിയായിരുന്ന ഒരാൾ ജോലി സ്ഥലത്ത് ശരാശരിയായി കണക്കാക്കപ്പെടുമ്പോൾ ആത്മവിശ്വാസത്തിൽ നേരിയ കോട്ടം സംഭവിക്കാം. ഈ ഐഡന്റിറ്റി ക്രൈസിസ് പലർക്കും മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ട്.

സ്വപ്നങ്ങളും യാഥാർത്ഥ്യവും

കോളേജ് കാലത്ത് സ്വപ്നങ്ങൾ അതിരുകളില്ലാത്തവയാണ്. വലിയ കമ്പനികളിൽ ജോലി, വിദേശ ജീവിതം, സ്റ്റാർട്ടപ്പ് വിജയങ്ങൾ എല്ലാം സാദ്ധ്യമാണെന്ന് തോന്നും. യഥാർത്ഥത്തിൽ ജോലി ലഭിക്കാനുള്ള പോരാട്ടം, അനുഭവപരിമിതി, ശമ്പളപരിധി എന്നിവ സ്വപ്നങ്ങളെ കുറച്ച് പിന്നോട്ട് തള്ളും. “ഇതാണ് ഞാൻ ആഗ്രഹിച്ച ജീവിതമോ?” എന്ന ചോദ്യം ഉയരും.

ഈ സ്വപ്ന-യാഥാർത്ഥ്യ അന്തരമാണ് പലരെയും നിരാശയിലേക്ക് നയിക്കുന്നത്. എന്നാൽ, ഈ ഇടവേള തന്നെയാണ് വളർച്ചയുടെ ഇടം. സ്വപ്നങ്ങളെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്തുന്ന പ്രക്രിയയിലൂടെയാണ് വ്യക്തിത്വം പക്വമാകുന്നത്.

സോഷ്യൽ മീഡിയയും കമ്പാരിസൺ പ്രഷറും

ഇന്നത്തെ യുവതലമുറ സോഷ്യൽ മീഡിയയിലൂടെ പരസ്പരം നിരന്തരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സഹപാഠികൾ വിദേശത്ത് ജോലി നേടിയതും ഉയർന്ന ശമ്പളം ലഭിച്ചതും വലിയ നേട്ടങ്ങൾ കൈവരിച്ചതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ അറിയാം.

ഈ സ്ഥിരമായ താരതമ്യം സ്വന്തം ജീവിതത്തെ ചെറുതായി തോന്നിക്കാൻ ഇടയാക്കാം. ഒരേ ബെഞ്ചിൽ ഇരുന്നവർ വ്യത്യസ്ത ദിശകളിലേക്ക് പാഞ്ഞുപോകുമ്പോൾ, സ്വന്തം പുരോഗതി മന്ദഗതിയിലുള്ളതായി തോന്നാം. ഈ താരതമ്യബോധം ആത്മവിശ്വാസത്തെ ബാധിക്കുകയും അനാവശ്യമായ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു.

എന്നാൽ, ഇതെല്ലാം പരാജയമല്ല, വളർച്ചയുടെ അടയാളമെന്ന് പഠിക്കാൻ ശ്രമിക്കേണ്ടതായുണ്ട്. റിയൽ ലൈഫ് ബുദ്ധിമുട്ടാകുന്നത് അത് അന്യമായി തോന്നി തുടങ്ങുമ്പോഴാണ്‌. ഹോസ്റ്റൽ ജീവിതം ഒരു പരിശീലന വേദിയായിരുന്നു; യഥാർത്ഥ ജീവിതം പരീക്ഷണവേദിയാണ്.

ഹോസ്റ്റലിൽ നമ്മൾ ബന്ധങ്ങൾ സൃഷ്ടിക്കാൻ പഠിച്ചു. യഥാർത്ഥജീവിതം അവ സംരക്ഷിക്കാൻ പഠിപ്പിക്കുന്നു. ഹോസ്റ്റലിൽ സ്വാതന്ത്ര്യം ആസ്വദിച്ചു മുന്നോട്ട് പോകുമ്പോൾ യാഥാർത്ഥ്യത്തിൽ അത് ഉത്തരവാദിത്തമായി മാറുന്നു.

ഈ മാറ്റങ്ങളെ സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് യുവത്വം പക്വത കൈവരിക്കുന്നത്.

ഓർമ്മകളിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്

ഹോസ്റ്റൽ ജീവിതം ഒരു മനോഹരമായ അധ്യായമാണ്. പക്ഷേ, അത് ജീവിതത്തിന്റെ മുഴുവൻ കഥയല്ല. ആ അധ്യായം അവസാനിക്കുമ്പോൾ പുതിയൊരു അധ്യായം തുടങ്ങുന്നു. തുടക്കത്തിൽ ഇത് ബുദ്ധിമുട്ടായി തോന്നാം. എന്നാൽ, അതാണ് വ്യക്തിത്വം രൂപപ്പെടുന്ന ഘട്ടം.

ഓർമ്മകൾ നമ്മെ സന്തോഷിപ്പിക്കും; വെല്ലുവിളികൾ നമ്മെ ശക്തരാക്കും. ഹോസ്റ്റലിലെ സ്വാതന്ത്ര്യവും സൗഹൃദവും നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട്, യഥാർത്ഥജീവിതത്തിലെ ഉത്തരവാദിത്തങ്ങളെ ധൈര്യത്തോടെ ഏറ്റെടുക്കുമ്പോഴാണ് യുവത്വം യഥാർത്ഥ അർത്ഥം കണ്ടെത്തുന്നത്.

‘റിയൽ ലൈഫ്’ ബുദ്ധിമുട്ടല്ല; അത് വളർച്ചയുടെ മറ്റൊരു പേര് മാത്രമാണ് എന്ന ബോധവും പോസീറ്റീവ് ചിന്താഗതിയും വർധിപ്പിക്കേണ്ടതുണ്ട്.