'ഫ്രീലാൻസ് ഡിസൈനിങ്ങിൽനിന്ന് എനിക്ക് മാസം 15,000 രൂപ കിട്ടുന്നുണ്ട്. പക്ഷേ, 20-ാം തീയതി ആകുമ്പോഴേക്കും അക്കൗണ്ട് കാലിയാകും. ആ പണം എങ്ങോട്ട് പോകുന്നുവെന്ന് എനിക്കറിയില്ല.'' പുതിയ തലമുറയിലെ പലരും നേരിടുന്ന അവസ്ഥയാണിത്.

To advertise here,

കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ജെൻ സീ യുവാക്കൾ, പാർട്ട് ടൈം ജോലികൾ ചെയ്യുന്ന കോളേജ് വിദ്യാർത്ഥികൾ മുതൽ ആദ്യജോലിക്ക് കയറിയ ആളുകൾവരെ ഇന്റർനെറ്റ്, റിമോട്ട് വർക്ക് സഹായത്താൽ മുമ്പെന്നത്തേക്കാളും കൂടുതൽ സമ്പാദിക്കുന്നുണ്ട്. എന്നിട്ടും, അവരിൽ പലർക്കും സാമ്പത്തികമായി ആശയക്കുഴപ്പമോ സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നു.

അതെന്തുകൊണ്ടാണ്?

നമുക്ക് ചുറ്റുമുള്ള ലോകം മാറിയെങ്കിലും പണത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറിയിട്ടില്ല. സാമ്പത്തിക സാക്ഷരത എന്നത് കുറച്ച് രൂപ ലാഭിക്കുന്നത് മാത്രമല്ല. അത് മാനസിക സ്വാതന്ത്ര്യം, മികച്ചത് തിരഞ്ഞെടുക്കൽ, അതിവേഗം മാറുന്ന സമ്പദ്വ്യവസ്ഥയിൽ അതിജീവിക്കൽ എന്നിവയെക്കുറിച്ചു കൂടിയാണ്.

എന്താണ് യഥാർത്ഥത്തിൽ സാമ്പത്തിക സാക്ഷരത?

സാമ്പത്തിക സാക്ഷരത എന്നാൽ ഒരു സ്റ്റോക്ക് മാർക്കറ്റ് വിദഗ്ദ്ധനാകുകയല്ല. നിങ്ങളുടെ പണം വിവേകത്തോടെ എങ്ങനെ സമ്പാദിക്കാം, കൈകാര്യം ചെയ്യാം, ലാഭിക്കാം, നിക്ഷേപിക്കാം, സംരക്ഷിക്കാം എന്ന് മനസ്സിലാക്കുക മാത്രമാണ് ഇതിനർത്ഥം.

ഇതിൽ ഉൾപ്പെടുന്നവ:
ബജറ്റിങ്: വരുമാനവും ചെലവും ആസൂത്രണം ചെയ്യുന്നത്
സേവിങ് & ഇൻവെസ്റ്റിങ്: കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കൽ
കടം കൈകാര്യം ചെയ്യൽ: ഇഎംഐ, ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്.
ഇൻഷുറൻസ് & റിസ്‌ക്: അപ്രതീക്ഷിത സംഭവങ്ങളിൽനിന്ന് സ്വയം പരിരക്ഷിക്കൽ
നികുതികൾ: ആദായനികുതി, കിഴിവുകൾ, നിയമങ്ങൾ എന്നിവ അറിയൽ

മാസം ഒരു ലക്ഷം സമ്പാദിക്കുന്ന ഒരാൾ പോലും പെട്ടെന്ന് പാപ്പരായേക്കാം. എന്നാൽ, മാസം 20,000 സമ്പാദിക്കുന്ന ഒരാൾക്ക് കാലക്രമേണ മികച്ച രീതിയിൽ സമ്പത്ത് ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. അതൊരു സ്ട്രാറ്റജിയാണ്.

ജെൻ സീയും പണവും

ഒരുപക്ഷേ ജെൻ സീ ഡിജിറ്റലായി ഏറ്റവും ബുദ്ധിയുള്ള തലമുറയാണ്. യുപിഐ ഉപയോഗിച്ച് വളർന്നവരാണ് അവർ.

ഫ്രീലാൻസിങ്, ഇൻഫ്‌ളുവൻസിങ് അല്ലെങ്കിൽ ഓൺലൈൻ വഴി സമ്പാദിക്കുന്നു. ഡിജിറ്റലായി പണം ചെലവഴിക്കുന്നു. ഫുഡ് ആപ്പുകൾ, ഗെയിമിങ്, സ്ട്രീമിങ് ക്രെഡിറ്റ് കാർഡുകൾ, ബൈ നൗ പേ ലേറ്റർ, ഇഎംഐ ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നു. ഇവിടെ പ്രശ്‌നം ഈ ടൂളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പൂർണ്ണമായി മനസ്സിലാക്കാതെ ദിവസവും പണമിടപാട് നടത്തുന്നതാണ്.

ഒരു ചെറിയ ടെസ്റ്റ്:
ക്രെഡിറ്റ് സ്‌കോർ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?
കൂട്ടുപലിശ എന്താണെന്ന് വിശദീകരിക്കാമോ?
സ്വന്തമായി ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടോ?
എന്തുകൊണ്ട് സാമ്പത്തിക നിരക്ഷരത പ്രതിസന്ധിയാകുന്നു?

എളുപ്പമുള്ള ക്രെഡിറ്റ്, എളുപ്പമുള്ള കെണി

ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ, ഇഎംഐ എന്നിവ അദൃശ്യമായ കടത്തിലേക്ക് വീഴുന്നത് എളുപ്പമാക്കുന്നു. പണം പോകുന്നതിന്റെ പ്രയാസം അറിയാതെ സാധനങ്ങൾ വാങ്ങുന്നു. പക്ഷേ, പലിശ കുന്നുകൂടുന്നതായി കാണുന്നു.

''മാസം 1,800 രൂപയേ ആവൂ എന്ന് കരുതിയാണ് ഞാൻ ഒരു ഫോൺ ഇഎംഐയിൽ വാങ്ങിയത്. പക്ഷേ, പലിശ കാരണം ഒരു വർഷം കൊണ്ട് എനിക്ക് 5,000 രൂപ അധികം നൽകേണ്ടി വന്നു'' അഭിനവ്(24) ടെക്കി

സാമ്പത്തിക സമ്മർദ്ദം മാനസിക സമ്മർദ്ദം

കോവിഡിനു ശേഷം ഇന്ത്യൻ യുവാക്കൾക്കിടയിലെ ഏറ്റവും വലിയ മൂന്ന് സമ്മർദ്ദങ്ങളിൽ ഒന്നാണ് പണത്തെക്കുറിച്ചുള്ള ഉത്കണ്ഠ. സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് അപമാനം, ആശയക്കുഴപ്പം, അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുന്നു.

മ്യൂച്വൽ ഫണ്ടുകളിലെ ചെറിയ പ്രതിമാസ നിക്ഷേപങ്ങൾ പോലും നിബന്ധനകളോടെ മാർക്കറ്റിന് അനുസരിച്ച് 10-15 വർഷം കൊണ്ട് ലക്ഷങ്ങളായി വളരും. എന്നാൽ മിക്കവരും 'പിന്നീടാകട്ടെ' എന്ന് കരുതി ഇത് വൈകിപ്പിക്കുന്നു.

തട്ടിപ്പുകൾ, വഞ്ചനകൾ & വ്യാജ ആപ്പുകൾ

നിരവധി ഫിനാൻസ് ആപ്പുകൾ ഉള്ളതിനാൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായ സാമ്പത്തിക അവബോധമില്ലാതിരുന്നാൽ ഇരയാകാനുള്ള സാധ്യത കൂടുതലാണ്.

അപ്പോൾ ജെൻ സീ എന്തുചെയ്യണം?

1. ബജറ്റിങ് ആരംഭിക്കുക
ഗൂഗിൾ ഷീറ്റ്‌സ് പോലുള്ളവ ഉപയോഗിക്കുക. ഒരു മാസത്തെ എല്ലാ വരവും ചെലവും രേഖപ്പെടുത്തുക. ഫുഡ് ആപ്പുകൾ വഴിയും സബ്‌സ്‌ക്രിപ്ഷനുകൾ വഴിയും എത്രമാത്രം പണം പോകുന്നുവെന്ന് കണ്ടറിയാം.

2. എമർജൻസി ഫണ്ട് ഉണ്ടാക്കുക
കുറഞ്ഞത് മൂന്ന് മാസത്തെ ചെലവിനുള്ള പണം പ്രത്യേക സേവിങ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ, ജോലി നഷ്ടപ്പെടൽ, അല്ലെങ്കിൽ മറ്റ് അടിയന്തര സാഹചര്യങ്ങളിൽ ഇത് സുരക്ഷാവലയമാണ്.

3. എസ്‌ഐപിയുടെ ശക്തി
ഒരു മ്യൂച്വൽ ഫണ്ടിലെ എസ്‌ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) മാസം 500 രൂപ മുതൽ ആരംഭിക്കാം. കൂടുതൽ സമ്പാദിക്കുമ്പോൾ ആകാം എന്ന് കരുതാതെ ഇപ്പോൾതന്നെ തുടങ്ങുക.

അപകടകരമായ ക്രെഡിറ്റ്

ക്രെഡിറ്റ് കാർഡുകൾ അച്ചടക്കത്തോടെ ഉപയോഗിക്കണം. സാമ്പത്തികമായി താങ്ങാനാവാത്ത സാധനങ്ങൾ വാങ്ങരുത്. ക്രെഡിറ്റ് കാർഡ് ബിൽ മിനിമം തുകയല്ല, മുഴുവനായും അടയ്ക്കുക.

എന്തുകൊണ്ട് സ്‌കൂളുകൾ പണം പഠിപ്പിക്കണം

സ്‌കൂളുകളിൽ നമ്മളെ ഗണിതവും ആവർത്തനപ്പട്ടികയും പഠിപ്പിക്കുന്നു. പക്ഷേ, പലിശ എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ സാലറി സ്ലിപ്പ് എങ്ങനെ ശരിയായി മനസിലാക്കണമെന്നോ പഠിപ്പിക്കുന്നില്ല. ഇത് ഇന്ത്യൻ വിദ്യാഭ്യാസത്തിലെ ഒരു പ്രധാന വിടവാണ്.

മണി എജ്യുക്കേഷനായി കോളേജുകളും ഇൻഫ്‌ളുവൻസർമാരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതുവരെ, സ്വന്തം പഠനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നമ്മൾ തന്നെയാണ്.

പണം എന്നത് സ്വാതന്ത്ര്യവുമാണ്

ജെൻ സീയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സാക്ഷരത എന്നത് പണക്കാരനാവുക എന്നത് മാത്രമല്ല. മോശം ജോലിയോട് നോ പറയാൻ, യാത്ര ചെയ്യാനും പഠിക്കാനും, പുതിയ കാര്യങ്ങൾ കണ്ടെത്താൻ, മികച്ചത് തിരഞ്ഞെടുക്കാൻ, മാതാപിതാക്കളെയും സമൂഹത്തെയും സ്വപ്നങ്ങളെയും പിന്തുണയ്ക്കാൻ സമ്മർദ്ദം കുറഞ്ഞതും കൂടുതൽ സാധ്യതകൾ ഉള്ളതുമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നു.

കലാകാരനോ എഞ്ചിനീയറോ ഷെഫോ ആക്ടിവിസ്റ്റോ സംരംഭകനോ ആകാൻ ആഗ്രഹിക്കുന്നുവെങ്കിലും പണം എല്ലാ ഭാഗത്തും ഒരു ഘടകമാകും. ഇത് നേരത്തെ മനസ്സിലാക്കുക. അതിനനുസരിച്ച് ഭാവി രൂപപ്പെടുത്തുക.

ഇതൊക്കെ മനസ്സിലാക്കാൻ ജെൻ സീ പ്രായമാകുന്നതുവരെ കാത്തിരിക്കരുത്. ചെറുതായി തുടങ്ങുക, ചോദ്യങ്ങൾ ചോദിക്കുക, തെറ്റുകൾ മറികടക്കുക, തുടർച്ചയായി പഠിക്കുക. സാമ്പത്തിക സാക്ഷരത ഒരു ഓപ്ഷനല്ല, അത് അതിജീവനമാണ്.