
ഒരുകാലത്ത് പ്രണയങ്ങളിൽ കാത്തിരിപ്പിന് സൗന്ദര്യമുണ്ടായിരുന്നു, കാത്തിരിപ്പ് പ്രണയത്തിന്റെ ഭാഗമായിരുന്നു. ഇന്ന് കാത്തിരിപ്പ് തന്നെ സംശയത്തിന്റെ തുടക്കമാണ്. കത്തുകൾക്കായി ദിവസങ്ങൾ കാത്തിരുന്ന കഥകൾ പഴയ കാലത്തെ ആളുകൾ പറയാറുണ്ട്. കാലക്രമേണ അത് ഫോൺവിളികളിലേക്ക് മാറി. മറുപടികൾ വൈകുന്നത് സാധാരണമാണ്. ഇന്ന് പക്ഷേ, ഒരു മെസേജിന് റിപ്ലൈ അഞ്ച് മിനിറ്റ് വൈകിയാൽ ബന്ധത്തിന്റെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
പേഴ്സണൽ സ്പേസ് ചോദ്യം ചെയ്യുന്ന ബന്ധങ്ങൾ
“ഓൺലൈൻ ആയിരുന്നല്ലോ… റിപ്ലൈ ചെയ്യാൻ എന്താ താമസം?”
“സ്റ്റോറി ഇടാൻ സമയമുണ്ട്… മെസേജ് കണ്ടില്ല?”
“ടൈപ്പിങ് കണ്ടു… പിന്നെ ഡിസപ്പിയർ ആയി.”
ഇത്തരം ചെറിയ ഡിജിറ്റൽ വൈകലുകൾ പോലും ഇന്ന് യുവാക്കളുടെയും യുവതികളുടെയും പ്രണയജീവിതത്തെയും മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട്. ആധുനിക ബന്ധങ്ങളിൽ സ്നേഹത്തേക്കാൾ കൂടുതൽ ആൻസൈറ്റി ഇൻസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഇമോഷണൽ പ്രഷറാണ്.
എനിക്ക് കുറച്ച് നാൾ ബ്രേക്ക് വേണം...ഇമോഷണലി ഞാൻ ഓക്കെയാകുമ്പോൾ കോണ്ടാക്ട് ചെയ്യാമെന്ന് പങ്കാളി പറയുമ്പോൾ അത് ബഹുമാനിക്കാൻ പഠിക്കാത്തവർ കൂടുതലാണ് ചുറ്റും. ചിന്തിക്കേണ്ടത് ഒരൊറ്റ കാര്യമാണ്, മീ ടൈം വേണമെന്ന് ഒരാളോട് യാചിക്കുന്നത് പോലും തെറ്റാണ്. അതിനർത്ഥം നമ്മുടെ സ്വാതന്ത്ര്യത്തിലേക്ക് ആ വ്യക്തി അത്രത്തോളം കടന്നു കയറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ്. കൂടെയിരിക്കുക എന്നതിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഒറ്റയ്ക്കിരിക്കണം എന്ന് പറയുമ്പോൾ അതിനെ ബഹുമാനിക്കേണ്ടതും.
നല്ല പങ്കാളിയെന്ന മിഥ്യാധാരണ
സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും മനുഷ്യരെ പരസ്പരം കൂടുതൽ കണക്ടഡ് ആക്കിയെങ്കിലും, അതോടൊപ്പം വൈകാരിക ആശ്രയത്വവും വർധിപ്പിച്ചു. 24X7 റീച്ചബിൾ ആയിരിക്കണം, ഇൻസ്റ്റന്റ് റിപ്ലൈ ഉണ്ടാകണം, വൈകാരികമായ അപ്ഡേറ്റ് നൽകണം, ഓൺലൈനിൽ എപ്പോഴും പ്രസൻസ് അറിയിക്കണം എന്നത് പലപ്പോഴും ടോക്സിക് ബന്ധങ്ങളിലേക്ക് വഴിവെക്കുന്നു. ഇതിലൂടെ നല്ല പങ്കാളി എന്നത് എപ്പോഴും അവെയിലബിളാകുന്ന വ്യക്തിയാണ് എന്ന മിഥ്യധാരണയും ഉടലെടുക്കുന്നു.
സാമൂഹിക മാധ്യമങ്ങൾ ബന്ധങ്ങളെ “ഓൾവേസ് അവെയിലബിൾ” മോഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ കണ്ടുവരുന്നത് റിപ്ലൈ വൈകിയാലുള്ള വിഷമം, ലാസ്റ്റ് സീൻ ഓഫ് ചെയ്താൽ സംശയം, മെസേജ് കണ്ടിട്ട് റിപ്ലൈ ഇല്ലെങ്കിൽ ഓവർ തിങ്കിങ്, സ്റ്റോറി ഇട്ടിട്ട് ചാറ്റ് റിപ്ലൈ ഇല്ലെങ്കിൽ ഇൻസെക്യൂരിറ്റി എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. സാങ്കേതികവിദ്യ ആശയവിനിമയം എളുപ്പമാക്കിയെങ്കിലും, വൈകാരിക പ്രതീക്ഷകൾ അതിനൊപ്പം വേഗത്തിൽ ഉയർന്ന് വരുന്നു.
സീൻ.. ടൈപ്പിങ്.. ഡിസപ്പിയറിങ്... റിപ്പീറ്റ്
ഒരു മെസേജ് അയച്ചിട്ട് കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫോൺ വീണ്ടും വീണ്ടും നോക്കുന്ന ഒരാൾ ഇന്നത്തെ ബന്ധങ്ങളിൽ അസാധാരണമല്ല. “സീൻ” ആയി, ‘ടൈപ്പിങ്…’ കാണിച്ച് അപ്രത്യക്ഷമാകുന്ന നിമിഷങ്ങൾ പോലും പലരിലും സ്വസ്ഥത കെടുത്തുന്നു. ഒരു മെസേജിന് റിപ്ലൈ വൈകുന്നത് പലപ്പോഴും വെറും കമ്മ്യൂണിക്കേഷൻ ഗ്യാപ് സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല. അത് വൈകാരികമായി നിരാകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നത് പോലെ തോന്നലുണ്ടാകുന്നു. കൂടാതെ തിരസ്കരിക്കപ്പെടുമോയെന്ന ഭയം, ഇൻസെക്യൂരിറ്റി, ഓവർതിങ്കിങ് എന്നിവയിലേക്ക് നയിക്കുന്നു. പലരും സ്വന്തം മൂല്യം പോലും മറ്റൊരാളുടെ റിപ്ലൈ ടൈമിനോട് ബന്ധിപ്പിക്കാൻ തുടങ്ങുന്നു.
മുൻഗണനയെന്നത് റിപ്ലൈ സ്പീഡിൽ വിലയിരുത്തുമ്പോൾ
“റിപ്ലൈ വൈകുന്നത് എനിക്ക് മുൻഗണന തരാത്തത് കൊണ്ടാണോ?”
“അവൻ അല്ലെങ്കിൽ അവൾക്ക് ഇന്ററസ്റ്റ് ഇല്ലാതയായോ?”
എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ?”
എന്നിങ്ങനെയുള്ള ചിന്തകൾ പല ബന്ധങ്ങളിലും വിള്ളൽ സൃഷ്ടിക്കുന്നു. ഡിജിറ്റലി ഉള്ള അടുപ്പം വൈകാരികമായി ദൂരത്തിലേക്ക് പലപ്പോഴും തള്ളിവിടുന്നു. രാവിലെ മുതൽ രാത്രി വരെ ചാറ്റ് ചെയ്താലും യാഥാർത്ഥ്യമായ വൈകാരിക അടുപ്പം ഉണ്ടാകണമെന്നില്ല. ഇത് പല കുഴപ്പങ്ങളിലേക്കും വഴിവെക്കുന്നു. ഒരു മെസേജിന് മറുപടി വൈകുന്നത് പലപ്പോഴും വെറും പ്രാക്ടിക്കൽ കാരണങ്ങളാൽ ആയിരിക്കും. ജോലിത്തിരക്ക്, മാനസികമായി ഉണ്ടാകുന്ന അകൽച്ച, കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കുന്നത്, സ്വയം സമയം ചെലവഴിക്കേണ്ട ആവശ്യകത ഇവയെല്ലാം അതിലുൾപ്പെടുന്നു.
വ്യത്യസ്തമായ കമ്മ്യൂണിക്കേഷൻ സ്റ്റൈൽ
ഫ്രണ്ട് സോൺ എന്ന് പറയുന്നത് പോലെ സീൻ-സോൺ എന്നതും ഇപ്പോൾ ഡിജിറ്റൽ ലോകത്ത് സാധാരണമാണ്. അതായത് നേരിട്ടുള്ള നിരാകരിക്കപ്പെടുകളിൽ വ്യത്യസ്തമായി ഇത് ഡിജിറ്റലിലേക്ക് നയിക്കുന്നു. കമ്മിറ്റ്മെന്റ് ഫോബിയ പോലെ ബുദ്ധിമുട്ടുള്ളവർക്ക് ഇത്തരം ഡിജിറ്റൽ സൈലൻസ് മനസിനെ തളർത്തുന്ന ഒന്നായി മാറുന്നു. ഇന്ന് പല ബന്ധങ്ങളിലും കമ്മ്യൂണിക്കേഷൻ ഫ്രീക്വൻസിക്കാണ് പ്രാധാന്യം. എത്ര വേഗം റിപ്ലൈ ചെയ്യുന്നു? എത്ര സമയം ഓൺലൈനിൽ ചെലവഴിക്കുന്നു? എത്ര അപ്ഡേറ്റ്സ് ഷെയർ ചെയ്യുന്നു? എത്ര റീൽസ് അയക്കുന്നു? എന്നിവയെല്ലാം സ്നേഹം അളക്കുന്ന മാനദണ്ഡങ്ങളായി മാറുന്നു. പക്ഷേ, മനസിലാക്കേണ്ട കാര്യമെന്തെന്നാൽ എല്ലാ ആളുകൾക്കും ഒരേ കമ്മ്യൂണിക്കേഷൻ സ്റ്റൈൽ ആയിരിക്കണമെന്നില്ല എന്നതാണ്.
സോഷ്യൽ മീഡിയയും കമ്പാരിസൺ ആൻസൈറ്റിയും
ഇൻസ്റ്റഗ്രാം കപ്പിൾ കൾച്ചർ ബന്ധങ്ങളിലെ ആധി വർധിപ്പിക്കാൻ പ്രധാന ഘടകങ്ങളിലൊന്നാണ്. പെർഫെക്ട് കപ്പിൾ എന്ന ആശയം ആളുകളുടെ തലയിലേക്ക് എളുപ്പത്തിലെത്തിക്കാൻ സോഷ്യൽ മീഡിയ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം ഷോ ഓഫ് കാണുന്ന ആളുകൾ സ്വന്തം ബന്ധങ്ങളെയും താരതമ്യം ചെയ്യാൻ തുടങ്ങുന്നു. അവർക്ക് സാധിക്കുന്നെങ്കിൽ, നമുക്ക് എന്തുകൊണ്ട് പറ്റില്ല? എന്ന ചിന്തകൾ ഇൻസെക്യൂരിറ്റി വർധിപ്പിക്കുന്നു. പക്ഷേ, സോഷ്യൽ മീഡിയയിൽ കാണുന്ന പല ബന്ധങ്ങളും ക്യുറേറ്റഡ് മൊമന്റ്‌സ് മാത്രമാണെന്ന സത്യം പലരും മറക്കുന്നു. അതുപോലെ തന്നെ ആൻഷിയസ് അറ്റാച്ച്മെന്റ് സ്റ്റൈലുള്ളവർക്ക് ഡിജിറ്റൽ ബിഹേവിയറുകൾ വളരെയധികം ബാധിക്കാറുണ്ട്. ഈ വ്യത്യസ്ത പാറ്റേണിലുള്ള ബന്ധങ്ങളിലെ വൈകാരികത പ്രശ്നങ്ങളൊഴിവാക്കുന്നു.
“നീ ഓൺലൈൻ ആയാൽ എന്നെ മാത്രമല്ലേ കോണ്ടാക്ട് ചെയ്യേണ്ടത്…” -പ്രൈവസി ഇല്ലാതാകുന്ന ബന്ധങ്ങൾ
ഡിജിറ്റൽ ഇന്റിമസി വർധിച്ചതോടെ പ്രൈവസിയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നു. ഇന്ന് പലരും പങ്കാളിയുടെ ലാസ്റ്റ് സീൻ, ആക്ടീവ് സ്റ്റാറ്റസ്, ഫോളോവേഴ്സ്, ലൈക്ക്സ്, ഓൺലൈനിൽ തുടരുന്ന സമയമെല്ലാം കണക്കെടുക്കുന്ന അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത് വിശ്വാസമില്ലായ്മയിലേക്കും ഒരുതരം സിസിടിവി കൾച്ചറിലേക്കും വഴിവെക്കുന്നു. സ്നേഹവും നിയന്ത്രണവും തമ്മിലുള്ള രേഖ പതിയെ മങ്ങിത്തുടങ്ങുന്നു. മുമ്പൊക്കെ ബന്ധങ്ങൾക്കുള്ളിൽ നിലനിന്നിരുന്ന സ്പേസ് ഇന്ന് ഇല്ലാതായിരിക്കുന്നു.
റിപ്ലൈ വൈകുന്നതിലൂടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നത് കുറ്റബോധത്തിലേക്ക് വഴിവെക്കുന്നു. എന്ത് കൊണ്ടാണ് താൻ ബിസിയായി പോയത് എന്നത് എക്സ്പ്ലെയിൻ ചെയ്യുന്നത് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. ഇതിലും വേദനാജനകമായ അവസ്ഥ പേഴ്സണൽ സ്പേസ് മീ ടൈം എന്നത് പോലുള്ള നോർമ്മലായിട്ടുള്ള കാര്യങ്ങൾ എപ്പോഴും ന്യായികരിക്കേണ്ടതായി വരുന്നു.
ഗോസ്റ്റിങ് കൾച്ചർ: വിശദീകരണമില്ലാതെ അവസാനിക്കുന്ന ബന്ധങ്ങൾ
ആധുനിക ബന്ധങ്ങളിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളിലൊന്നാണ് ഗോസ്റ്റിങ്. റിപ്ലൈ ചെയ്യുന്നത് അവസാനിപ്പിച്ച് പെട്ടെന്ന് കമ്മ്യൂണിക്കേഷൻ ഗ്യാപ് നിലനിർത്തികൊണ്ട് വൈകാരികമായി അൺഅവെയിലബിളാകുന്നു. ഇത് പൂർണ്ണമായ അടച്ചുപൂട്ടൽ എന്ന അവസ്ഥയുണ്ടാക്കാതെ തന്നെ വൈകാരികമായി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. കാരണം, ഡിജിറ്റൽ ബന്ധങ്ങളിൽ അപ്രത്യക്ഷമാകുന്ന ഓപ്ഷൻ കൈയകലെയാണ്. പലപ്പോഴും എപ്പോഴും അവെയിലബിളായിരിക്കുന്നത് വൈകാരിക തളർച്ചയിലേക്ക് നയിക്കുന്നു. പലപ്പോഴും ആളുകൾക്ക് ജെന്യൂവിനായി സംസാരിക്കുകയാണോ അല്ലെങ്കിൽ റിപ്ലൈ ചെയ്യണമെന്ന കടമ പൂർത്തീകരിക്കുകയാണോയെന്ന ചോദ്യങ്ങൾ ഉയർത്തുന്നു.
ഒരു ബന്ധം നിലനിർത്തുന്നതിൽ പ്രധാന ഘടകമാണ് കമ്മ്യൂണിക്കേഷൻ. പക്ഷേ, അത് മാത്രമല്ല ഒരു ബന്ധത്തെ നിർവചിക്കുന്നത്. റിപ്ലൈയിലുണ്ടാകുന്ന വേഗത വെച്ച് ഈ കാര്യം ഒരിക്കലും വിലയിരുത്തരുത്. പ്രൈവസി നിലനിർത്തി കൊണ്ടുള്ള തുറന്നുപറച്ചിലുകൾ അനിവാര്യമാണ്. പരസ്പരമുള്ള സ്പേസ് ഉറപ്പായും നിലനിർത്തി കൊണ്ട് ഓൺലൈൻ ആക്ടിവിറ്റി മാത്രം കൊണ്ട് ബന്ധങ്ങളെ അളക്കരുത്. സ്നേഹമെന്നത് ഓൺലൈൻ പ്രസൻസ് എന്നതിനേക്കാളും മനസിലാക്കുക എന്നതാണ്.
ഒരു നോട്ടിഫിക്കേഷൻ, സീൻ മാർക്ക്, റിപ്ലൈ ഡിലേ എന്നിവയൊക്കെ മനുഷ്യ വികാരങ്ങളുടെ പകരക്കാരായി മാറുന്ന കാലത്ത് ബന്ധങ്ങൾ തൊട്ടാൽ പൊട്ടിപ്പോകുന്ന കുമിള പോലെ മാറുന്നു. സ്നേഹം ഒരു ആപ്പിൽ കാണുന്ന “ആക്ടീവ് നൗ” സ്റ്റാറ്റസ് അല്ല. അത് മനസ്സിലാക്കലും വിശ്വാസവും സ്പേസും പ്രൈവസിയുമെല്ലാം ചേർക്കുന്ന മനോഹരമായ അനുഭവമാണ്.
Content Highlights: The transition from patient waiting to digital anxiety., Why instant reply culture creates toxic expectations., The danger of measuring love through online presence., How 'CCTV culture' erodes personal space and privacy., The psychological impact of ghosting and digital silence.
Published: 23 May 2026, 02:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented