കോട്ടയം: ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചാര്‍ജെടുക്കുമ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്. വൈക്കം ഉദയനാപുരം പുഴക്കര കുടുംബാംഗമായ ജയശ്രീ പഠിച്ചതും വളര്‍ന്നതും തൃശ്ശൂരിലാണ്. അച്ഛന്‍ പരേതനായ പി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയില്‍ രജിസ്ട്രാറായിരുന്നതിനാല്‍ അവിടെയായിരുന്നു പഠനം.

അവധിക്കാലത്താണ് കുടുംബവീട്ടില്‍ വരിക. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പദവിയില്‍നിന്ന് കളക്ടറായി എത്തുമ്പോള്‍ കോവിഡ് പ്രതിരോധം തന്നെയാകും മുന്നിലുള്ള വെല്ലുവിളി. വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതോറും നടത്തിവന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടേ ജയശ്രീ വെല്ലുവിളിയെ കാണുന്നുള്ളൂ.

കോവിഡ് പ്രവര്‍ത്തനം?

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ആ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും.

ഏതുവിധമാകണം?

പ്രവര്‍ത്തനത്തിന് തുടക്കമിടേണ്ടത് വാര്‍ഡുതലത്തിലാണ്. വാര്‍ഡുതല സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. പഞ്ചായത്ത് ഭരണസമിതിക്ക് വലിയ പങ്കുണ്ട്. ക്വാറന്റീന്‍ മുതല്‍ വാക്‌സിനേഷന്‍ വരെയുള്ള കാര്യങ്ങളില്‍ ഈ സംവിധാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

സ്വന്തം നാട്?

കോട്ടയത്ത് ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തിട്ടുണ്ട്. അന്ന് ശര്‍മ്മിള മേരി ജോസഫായിരുന്നു കളക്ടര്‍. 14 മാസത്തെ പരിശീലനത്തിന്റെ ഭാഗമായി ചങ്ങനാശേരി താലൂക്ക് ഓഫീസറായും തഹസില്‍ദാരായും ജോലി െചയ്തിട്ടുണ്ട്.

കുട്ടിക്കാലത്ത് കോട്ടയത്തെത്തുമ്പോഴുള്ള ഗൃഹാതുരത്വമാണ് എനിക്കിപ്പോഴും. പറ്റുമ്പോഴൊക്കെ വൈക്കത്ത് അഷ്ടമി തൊഴാന്‍ വന്നിട്ടുണ്ട്. എന്‍.എസ്.എസ്. മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.നാരായണപ്പണിക്കരുടെ ഭാര്യയുടെ സഹോദരി പി.എം.രാധാമണിയാണ് ജയശ്രീയുടെ അമ്മ. മുന്‍ എസ്.ബി.ഐ. സീനിയര്‍ മാനേജര്‍ കാഞ്ഞങ്ങാട് പെരിയവേങ്ങയില്‍ പി.വി.രവീന്ദ്രന്‍ നായരാണ് ഭര്‍ത്താവ്. കാസര്‍കോട് കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി ആര്‍.നായര്‍, അപര്‍ണ ആര്‍. നായര്‍(സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍) എന്നിവരാണ് മക്കള്‍. മരുമകന്‍: ഹരികൃഷ്ണന്‍(സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍). കൊച്ചുമകള്‍: മേഘ.

Content Highlights: P.K Jayasree IAS kottayam collector