ജെ. ഗീത എന്ന അമ്പതുകാരിയായ ഇന്ത്യന്‍ അധ്യാപിക മോഡലിങിലേക്കിറങ്ങുമ്പോള്‍ ഒരു കാര്യം മനസ്സില്‍ കുറിച്ചിരുന്നു. ചില കാര്യങ്ങള്‍ തിരുത്തണമെന്ന്. ഗീത മോഡലായെത്തിയത് അടിവസ്ത്ര വ്യാപാര വിപണിയിലാണ്. അവിടെ മെലിഞ്ഞ, ആകാരവടിവുള്ള, പ്രായം കുറഞ്ഞ മോഡലുകള്‍ക്ക് മാത്രമായിരുന്നു ഡിമാന്റ്. ഈ രീതിയെ തിരുത്തിക്കുറിക്കാനാണ് ഗീത ഇറങ്ങിത്തിരിച്ചത്. 

ഇന്നര്‍ വെയര്‍ വിപണിയിലെ വമ്പന്‍മാര്‍ അവരുടെ പരസ്യങ്ങളില്‍ പ്രായമായ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്നും ഇത്രയും കാലം പിന്തുടര്‍ന്ന രീതികളെ മാറ്റണമെന്നുമാണ് ഗീതയുടെ ആവശ്യം.

എന്തുകൊണ്ടാണ് ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഇന്നര്‍ വെയറുകളുടെ മോഡലുകളാവാന്‍ പറ്റാത്തത് എന്നാണ് അവരുടെ ചോദ്യം. ഇതിനെതിരെ #AgenotCage’ and ‘#LingerieHasNoAge’ എന്നീ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുത്തി Change.org യിലൂടെ വലിയൊരു പെറ്റീഷനും ഇവര്‍ സമര്‍പ്പിച്ചിരുന്നു. നിരവധിപ്പേരാണ് ഗീതയുടെ ഈ കാമ്പനിന് പിന്തുണയുമായി എത്തിയത്. ഇന്ത്യയിലെ പ്രസിദ്ധമായ ഇന്നര്‍ വെയര്‍ കമ്പനികള്‍ക്കാണ് ഈ പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതില്‍ ധാരാളം വിലക്കുകളുള്ള നമ്മുടെ സമൂഹത്തില്‍ നിന്നാണ് ഗീതയുടെ ഈ ശ്രമങ്ങള്‍. പ്രത്യേകിച്ചും നല്‍പതുകള്‍ കഴിഞ്ഞാല്‍ ഈ നിയന്ത്രണങ്ങളുടെ അളവ് കൂടുമെന്നും ഗീത റോയ്‌റ്റേഴ്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. 

നാല്‍പതുകള്‍ കഴിഞ്ഞാല്‍ സ്ത്രീകള്‍ എങ്ങനെ പെരുമാരണം എന്ത് ധരിക്കണം എന്നൊക്കെയുള്ള ആളുകളുടെ ചിന്തയില്‍ ഒരു മാറ്റം വരുത്താനാണ് തന്റെ ശ്രമമെന്ന് ഗീത പറയുന്നു. നാല്‍പതുകള്‍ കഴിഞ്ഞ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സൗന്ദര്യമത്സരത്തില്‍ വിജയിച്ചു കൊണ്ടാണ് ഗീത തന്റെ പോരാട്ടം ആരംഭിച്ചത്. പ്രായം പലപ്പോഴും ഇന്ത്യന്‍ വനിതകളെ പലപ്പോഴും പിന്നിലേക്കു വലിക്കുന്നുവെന്നാണ് ഗീതയുടെ അഭിപ്രായം. ഇത് തിരുത്തിക്കുറിക്കാനാണ് അവരുടെ ശ്രമം.

Content Highlights: Former teacher and Indian lingerie model, 52 year old, hopes to inspire inclusivity