ബോളിവുഡ് താരമായ ദീപിക പദുക്കോണ്‍ ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്നാണ്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ സിനിമയില്‍ തന്റെ ഭര്‍ത്താവും സിനിമയില്‍ നായകനുമായ രണ്‍വീര്‍ സിങ്ങിനൊപ്പം തന്നെ പ്രതിഫലം വേണമെന്ന ആവശ്യമാണ് ദീപിക ഉന്നയിച്ചത്. എന്നാല്‍ അവര്‍ ആ ആവശ്യം തള്ളുകയും ദീപികയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഏറെപ്പേരും കുറ്റം പറഞ്ഞത് ദീപികയെയാണ്. തുല്യജോലിക്ക് തുല്യവേതനമെന്നാണ് നമ്മുടെ രാജ്യത്തെ നിയമം. എന്നാല്‍ അതില്‍ ലിംഗപരമായ വിവേചനങ്ങള്‍ ഏറെയുണ്ടെന്നാണ് ദീപികയുടെ അനുഭവം സൂചിപ്പിക്കുന്നത്. 

'എന്റെ ജോലിയില്‍ ഞാന്‍ എത്ര മികച്ചയാളാണ് എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അയാളോട് താല്‍പര്യമില്ല എന്ന് പറയാന്‍ എനിക്ക് ഒരു വിഷമവും ഉണ്ടായില്ല.' എന്നാണ് ദീപിക ഇതേപറ്റി പ്രതികരിച്ചതും. 2018 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാതാരമായിരുന്നു ദീപിക. നടന്‍മാരും നടികളും തമ്മിലുള്ള പ്രതിഫലത്തിലെ അന്തരത്തെ പറ്റി പലപ്പോഴും ശബ്ദമുയര്‍ത്തിയ ആളാണ് ദീപിക. ഒരേ പോലെ തന്നെ ഒരു ചിത്രത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ തുല്യമല്ലാത്ത പ്രതിഫലം അനീതിയാണ് എന്ന് തുറന്നു പറയാനും താരം മടിച്ചില്ല. ദീപികയ്ക്ക് മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ നടിമാരുണ്ട്. ഷബാന ആസ്മി, സ്വര ഭാസ്‌കര്‍, അനുഷ്‌ക ശര്‍മ, കങ്കണ ' രണാവത്ത്, പ്രിയങ്ക ചോപ്ര എന്നീ താരങ്ങളെല്ലാം ലിംഗപരമായ പ്രതിഫല വിവേചനത്തെ ചോദ്യം ചെയ്തവരാണ്. 'സ്ത്രീകള്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമകള്‍ കാണാനും ധാരാളം പ്രേഷകരുണ്ട്, സിനിമ വിജയിക്കുന്നുമുണ്ട്, നായകന്‍ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്നില്ല. പിന്നെ എന്താണ് രണ്ട് പ്രതിഫലമെന്നാണ് പ്രിയങ്ക ചോപ്ര ഒരിക്കല്‍ ചോദിച്ചത്.' തെന്നിന്ത്യൻ സിനിമയില്‍ വിവേചനമൊന്നുമില്ല എന്ന് കരുതാന്‍ വരട്ടെ. നായകന് ഇരുപത് കോടി എങ്കില്‍ നായികയ്ക്ക് ഒരുകോടി എന്നതാണ് ഇവിടെ കണക്ക്. നടി റിമ കല്ലിങ്കല്‍ ഒരു  TEDx Talk ല്‍ ഈ വിവേചനത്തെ പറ്റി തുറന്ന് സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഏറ്റവും പോപ്പുലറായ സ്ത്രീ താരത്തിന് പോലും പ്രതിഫല വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് നടി പാര്‍വതി തിരുവോത്താണ്. 

സിനിമയില്‍ മാത്രമാണോ ഈ പ്രശ്‌നം എന്ന ചോദ്യമാണ് അടുത്തത്. അല്ല എന്നാണ് ഉത്തരം. നമ്മുടെ നാട്ടില്‍ റോഡ്പണികള്‍ പോലെ കഠിനമായ ജോലിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്ത്രീക്കും പുരുഷനും ഒരേ ജോലിക്കും വെവ്വേറെ കൂലിയാണെന്നത് പരസ്യമായ രഹസ്യമാണ്. സംസ്ഥാനത്തുള്ള  അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനവും വ്യത്യസ്തമാണ്. 'പെണ്ണുങ്ങളല്ലേ, കാശ് പകുതി മതി... ' എന്നത് നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളിലും നിര്‍മാണമേഖലയിലും സ്ത്രീതൊഴിലാളികളെ എത്തിക്കുന്നവരുടെ സര്‍വസാധാരണമായ വാമൊഴിയാണ്. 

ഇതൊന്നും ഗ്ലാമര്‍ ജോലി അല്ലെന്നാണോ, എന്നാല്‍  വിവേചനമുള്ള വേറെയും ഗ്ലാമര്‍ തൊഴിലിടങ്ങളുണ്ട്. ഫെമിനിസം ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ കായിക ഇനങ്ങളില്‍ പ്രതിഫലം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വലിയ അന്തരമാണ് ഉള്ളത്. വിജയങ്ങള്‍ നേടുമ്പോള്‍ ഇരുകൂട്ടര്‍ക്കും നല്‍കുന്ന സമ്മാനത്തുകയിലെ വ്യത്യാസം ഒരിക്കല്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ സ്‌ക്വാഷ് പ്ലയറായ ദീപിക പള്ളിക്കല്‍ 2015 ല്‍ കേരളത്തില്‍ നടന്ന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് ഈ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. പുരുഷ കളിക്കാര്‍ക്ക് തുല്യമായ പ്രതിഫലമല്ല സ്ത്രീകള്‍ക്ക്. ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തില്‍ ഒരു പുരുഷകായികതാരത്തിന് സമ്മാനമായി ഒരു ലക്ഷം രൂപവരെ നല്‍കുമ്പോള്‍ സ്ത്രീക്ക് അത് 50,000 രൂപയായി മാറുന്നു എന്നാണ്. പുരുഷന്മാരേക്കാള്‍ ഏറെ കഷ്ടതകളും എതിര്‍പ്പുകളും മറികടന്നാണ് സ്ത്രീകള്‍ പലപ്പോഴും മുന്‍നിരയിലേക്ക് എത്തുന്നത്. എന്നാല്‍ അവരുടെ അധ്വാനത്തിനും വിജയങ്ങള്‍ക്കും വേണ്ടത്ര വില നല്‍കാന്‍ ഇന്നും നമ്മുടെ സമൂഹം തയ്യാറാവുന്നില്ല എന്ന് ചുരുക്കം. 

വേള്‍ഡ് ഇക്കണോമിക്ക് ഫോറം നടത്തിയ പഠനത്തില്‍ 2021 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് അനുസരിച്ച് 156 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 140 ലാണ്. 2020 ല്‍ നിന്ന് വീണ്ടും 28 സ്ഥാനം താഴേക്ക് മാറിയാണ് ഇന്ത്യയുടെ ഈ 'നേട്ടം'. ആദ്യകാലത്ത് രാഷ്ട്രീയപരമായ കാര്യങ്ങളിലെ സ്ത്രീകളുടെ വളര്‍ച്ച മാത്രം കണക്കാക്കിയിരുന്ന ഈ സൂചിക ഇപ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി സമൂഹത്തിലെ എല്ലാമേഖലകളെയും ഉള്‍ക്കൊള്ളിച്ചാണ് തയ്യാറാക്കുന്നത്. 

രാഷ്ട്രീയമായി രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തില്‍ ഇന്ത്യയ്ക്ക് 13.5 ശതമാനം മാത്രമാണ് വളര്‍ച്ച. ഏറ്റവും ശ്രദ്ധേയം 2019 ല്‍ ഇത് 23.1 ശതമാനം ഉണ്ടായിരുന്നു എന്നതാണ്. രാജ്യത്തിന്റെ തൊഴിലിടങ്ങളില്‍ 22.3 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഉള്ളതെന്നും പഠനങ്ങളുണ്ട്. സാങ്കേതികപരമായ ജോലികളില്‍ 29.2 ശതമാനം സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. സീനിയര്‍, മാനേജരീയല്‍ തസ്തികകളില്‍ എത്തുന്ന സ്ത്രീകള്‍ 14.6 ശതമാനം മാത്രം. പെപ്‌സിക്കോയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദ്ര നൂയിയുടെ വാക്കുകള്‍ ഇവിടെ കടമെടുക്കാം.' പുരുഷന് അവന്റെ ഓഫീസ് വീട്ടില്‍ കൊണ്ടു വരാം, സ്ത്രീകള്‍ക്കോ'? കുഞ്ഞുണ്ടായതിന് ശേഷം ജോലിയ്ക്ക് പോകേണ്ട എന്ന് തീരുമാനിക്കുന്ന 46 ശതമാനത്തോളം സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ടെന്നാണ് മോണ്‍സ്റ്റര്‍ സാലറി സര്‍വേയുടെ കണക്ക്. നേതൃസ്ഥാനങ്ങളില്‍ സത്രീകള്‍ യോജിച്ചവരല്ല എന്ന് കരുതുന്ന ധാരാളം പേര്‍ ഇന്നും നമുക്കിടയിലുണ്ട്. അതില്‍ സ്ത്രീകളും ഉള്‍പ്പെടും. മെറ്റേണിറ്റി ലീവിന് ശേഷം മറ്റൊരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍ ജോലിയില്‍ ലഭിച്ച സ്ഥാനങ്ങളും അംഗീകാരങ്ങള്‍ക്കും ഒന്നും ഇനി താന്‍ അര്‍ഹയല്ലെന്ന് കരുതുന്ന സ്ത്രീകള്‍പോലും നമുക്കു ചുറ്റുമുണ്ട്.  

രാജ്യത്ത് പുരുഷന്മാരുടെ വേതനം ഒരാള്‍ക്ക്  242.49 എന്ന കണക്കാണെങ്കില്‍ സത്രീയ്ക്ക് 196.3 എന്നതാണ് എന്നാണ് പഠനം. എത്രവലിയ വ്യത്യാസമാണ് ഇതെന്ന് ഓര്‍ക്കണം. പത്ത് വര്‍ഷം ഒരു തൊഴിലില്‍ ഏര്‍പ്പെട്ട് വിദഗ്ധനായ പുരുഷന് കിട്ടുന്നതിനേക്കാള്‍ 20 ശതമാനത്തോളം കുറവാണ് അതേ മേഖലയില്‍ അതേ എക്‌സപീരിയന്‍സുള്ള സ്ത്രീയുടെ വേതനം. 

വിവാഹം കഴിഞ്ഞതുകൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്നവര്‍, കുഞ്ഞുണ്ടായതുകൊണ്ട് പ്രമോഷന്‍ നിഷേധിക്കപ്പെടുന്നവരും ജോലി പോലും ലഭിക്കാത്തവരും, തിരിച്ച് കരിയറിലേക്ക് വരാന്‍ കഴിയാത്തവര്‍, വേതനം കുറവുള്ളതുകൊണ്ട് മാത്രം ജോലി ഉപേക്ഷിക്കുന്ന പിന്നീട് ജോലിയിലേക്ക് തിരിച്ചുവരാതെ വീടിനുള്ളിലൊതുങ്ങുന്ന സ്ത്രീകള്‍... ഇവര്‍ക്കിടയില്‍ ഈ വിവേചനങ്ങള്‍ സഹിച്ച് മറ്റ് മാര്‍ഗങ്ങളില്ലാതെ ജോലിക്കെത്തുന്നവരും ധാരാളമുണ്ട്. മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡക്‌സ് സര്‍വേയുടെ പുതിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകള്‍ ജോലിയിലും വേതനത്തിലും വിവേചനം അനുഭവിക്കുന്നതായാണ് കണ്ടെത്തിയത്. 

Content Highlights: Deepika Padukone asked For Equal Pay, Gender pay gap high in India