പനമരം: പനമരം ടൗണിന് സമീപത്തെ നീരട്ടാടി, ഓടക്കൊല്ലി ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. നീരട്ടാടി സ്വദേശികളായ ദിലീപിന്റെ മകൾ വേദിക (ഏഴ്), അൻസാറിന്റെയും കമറുന്നിസയുടെ മകൾ അൻസിയ (എട്ട്), ഓടക്കൊല്ലി ചെറുവത്ത് വീട്ടിൽ സാദിഖിന്റെയും ഫസീലയുടെയും മകൾ സമാഫാത്തിമ (10), ഓടക്കൊല്ലി സ്വദേശി സൽമ (27) എന്നിവർക്കാണ് പരിക്കേറ്റത്.

To advertise here,

ഇവരുടെ മുഖത്തും കൈക്കും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ ദിലീപിന്റെ മകൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. തുടർന്ന് അൻസാറിന്റെ മകളെയും ആക്രമിച്ചു. ഉച്ചകഴിഞ്ഞ് നീരട്ടാടി ഭാഗത്തുനിന്നും ഓടക്കൊല്ലിയിലേക്ക് എത്തിയാണ് സമാഫാത്തിമയെ തെരുവുനായ ആക്രമിച്ചത്. സമാഫാത്തിമയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് സൽമയ്ക്ക് പരിക്കേറ്റത്.

പരിക്കേറ്റവരെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം പനമരം ഗവ. എൽ.പി. സ്കൂളിൽ വെച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയതിരുന്നു.

പനമരത്തും പരിസരത്തും തെരുവുനായശല്യം അനുദിനം വർധിക്കുകയാണ്. ഒട്ടേറെ പേർക്ക് കടിയേറ്റു, ഗുരുതര പരിക്കുകളുമുണ്ടായി. കണിയാമ്പറ്റ, പനമരം പഞ്ചായത്ത് പരിധിയിലെ പനമരം, കമ്പളക്കാട്, കണിയാമ്പറ്റ, പച്ചിലക്കാട്, മില്ലുമുക്ക്, അരിഞ്ചേർമല തുടങ്ങിയ പ്രദേശങ്ങളിലാണ് നായകളുടെ ശല്യം കൂടുതൽ. കൂട്ടമായും ഒറ്റയ്ക്കും ഇവ ഭീതി പരത്തുകയാണ്. സ്കൂളുകളിൽ പോലും നായകൾ ശല്യക്കാരാവുന്നത് മാതൃഭൂമി നേര​േത്ത​ നൽകിയിരുന്നു.

പനമരം ടൗണിൽ പോലും തെരുവുനായകൾ വാഹനങ്ങൾക്ക് പുറകെ ഓടിയടുക്കു പതിവാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.