കോതമംഗലം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്ര സർക്കാർ സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷിവികാസ് യോജന (ആർ.കെ.വി.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഷിബു തെക്കുംപുറം എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, വനംവകുപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പദ്ധതി രൂപരേഖയ്ക്ക് അംഗീകാരം നൽകി. കുട്ടംപുഴ ഉൾപ്പെടെയുള്ള വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രത്യേകിച്ച്, ആദിവാസി മേഖലകളിലുള്ളവർക്ക് വന്യമൃഗശല്യത്തിൽനിന്ന് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയുന്നതിലൂടെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ മണ്ഡലത്തിൽ ആർ.കെ.വി.വൈ. പദ്ധതിയിൽ 1.66 കോടി രൂപയുടെ സൗരോർജവേലി നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 21 കിലോമീറ്റർ ദൂരത്തെ പ്രവൃത്തിക്ക് തുടക്കമിട്ടു. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളെ ഉൾപ്പെടുത്തി പെരിയാർ തീരത്ത് തട്ടേക്കാട് മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത സാമ്പത്തികവർഷത്തേക്കാണ്‌ വിപുലമായ പദ്ധതിക്ക് രൂപം നൽകുന്നത്. തയ്യാറാക്കിയ 15 കോടി രൂപയുടെ പദ്ധതി ജില്ല-സംസ്ഥാനതല സമിതികൾക്ക് സമർപ്പിച്ച് അടുത്ത സാമ്പത്തികവർഷം നിർമാണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

To advertise here,

കൃഷിവകുപ്പ് മുഖേന കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ആർ.കെ.വി.വൈ. പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഷിബു തെക്കുംപുറം എം.എൽ.എ. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജോർജുകുട്ടി, ഉമേഷ് ശിവകുമാർ, മേരി കുര്യാക്കോസ്, റീനാ ജോഷി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയാമോൾ തോമസ്, വിവിധ ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.