സുൽത്താൻബത്തേരി: കേരള നെറ്റ്‌ബോൾ അസോസിയേഷനും വയനാട് ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സംസ്ഥാന സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ബത്തേരി സെയ്ന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. സംസ്ഥാനത്തെ 14 ജില്ലകളിലെ താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ നിന്നാണ് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.

To advertise here,

സ്‌കൂൾ അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോർജ് കോടാനൂർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് നിസാർ കമ്പ, പി.ടി.എ. പ്രസിഡന്റുമാരായ അരുൺകുമാർ, മനൂപ്, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. സാബിറ, സലീം കടവൻ, എൻ.സി. സാജിദ്, കെ. ദീപക്, കെ.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ടീമുകളും സെമിഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും.