പനമരം : പ്രളയകാലത്ത് തകർന്ന കഴുക്കലോടിയിലെ ചെക് ഡാമിന് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പനമരം, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ കഴുക്കലോടി പാലത്തിനു താഴെയുള്ള ചെക് ഡാമാണ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പ്രളയകാലത്ത് തകർന്ന ചെക്‌ ഡാമിലെ തടയണ രണ്ടുവർഷംമുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

To advertise here,

എന്നാൽ, കഴിഞ്ഞ മഴയിൽ വീണ്ടും തകർന്നതോടെ ഇവിടത്തെ കർഷകർക്കും നൂറുകണക്കിന് കുടുംബങ്ങൾക്കും പ്രയാസം സൃഷ്ടിക്കുകയാണ്. വേനലിൽ ലിറ്റർ കണക്കിന് വെള്ളം കെട്ടിനിർത്തി കൃഷിയിടങ്ങളിലേക്കുള്ള ജലസേചനത്തിനും പ്രദേശത്തെ കിണറുകളിൽ ജലലഭ്യത ഉറപ്പാക്കാനും സഹായിച്ചിരുന്ന പദ്ധതിയാണ് മണ്ണിടിഞ്ഞും തടയണയിലെ കോൺക്രീറ്റുകൾ തകർന്നുപോയും ഇപ്പോൾ ഇല്ലാതായിമാറിയത്.

ഏക്കറുകളോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കഴുക്കലോടിയിലും സമീപത്തുമായുള്ളത്. ഇവിടങ്ങളിലെല്ലാം ജലലഭ്യത ഉറപ്പാക്കാൻ ഏറെ പ്രയോജനകരമായിരുന്നു ഈ തടയണ. എന്നാൽ, അറ്റകുറ്റപ്പണിചെയ്ത സമയത്ത് വേണ്ടരീതിയിൽ നിർമാണം നടത്താത്തതാണ് വീണ്ടും തകരാൻ ഇടയാക്കിയതെന്നാണ് കർഷകനായ ജെയ്‌സൺ പെരുങ്കുഴിയിൽ പറയുന്നത്.

മഴയുടെ ലഭ്യതക്കുറവുമൂലം കൊടുംവരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം തടയണകളും ചെക് ഡാമുകളും ജലസേചനപദ്ധതികളും യാഥാർഥ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എത്രയുംപെട്ടെന്ന് ഈ തടയണയുടെ തകർന്ന ഭാഗം പുനർനിർമിച്ച് മണ്ണിടിഞ്ഞഭാഗത്ത് സംരക്ഷണഭിത്തികൂടി ഒരുക്കി ചെക് ഡാം സംരക്ഷിക്കണമെന്നും ഇതുവഴി പ്രദേശത്തെ ജലലഭ്യത ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.