ഗൂഡല്ലൂർ: ചേരമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനാൽ രോഗികൾക്ക് ദുരിതം. പ്രദേശത്തുതന്നെ ആശുപത്രിയുണ്ടായിട്ടും ദൂരസ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. മൂന്നു ഡോക്ടർമാരുടെ തസ്തികയുണ്ടായിട്ടും ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഡോക്ടർ മാത്രമല്ല മതിയായ ജീവനക്കാരുമില്ല. ആറുമാസം മുൻപാണ് പ്രാഥമികാ രോഗ്യകേന്ദ്രം വിപുലീകരിക്കുകയും പുതിയകെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങുകയുംചെയ്തത്. എന്നാൽ ഇതുവരെയായിട്ടും സ്ഥിരം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ലെന്നാണ് പരാതി.

To advertise here,

24 മണിക്കൂർ ചികിത്സാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആശുപത്രി നവീകരിച്ചത്. താത്കാലിക ജീവനക്കാരെവെച്ച് ആശുപത്രി തുറക്കുന്നുണ്ടെങ്കിലും ചികിത്സയോ മറ്റു സേവനങ്ങളോ ലഭ്യമല്ല. സ്ഥിരം ഡോക്ടർ ഇല്ലാത്ത സാഹചര്യത്തിൽ താത്കാലിക ഡോക്ടർമാരുടെ സേവനം പോലും ആശുപത്രിയിലില്ല.

ഇ.സി.ജി., രക്തപരിശോധന തുടങ്ങിയ പരിശോധനാ സൗകര്യങ്ങൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ലബോറട്രി സൗകര്യങ്ങൾ എന്നിവ ഒരുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതൊന്നും നടപ്പായില്ല. ചെറിയ പരിശോധനകൾക്കും ചികിത്സയ്ക്കുമെല്ലാം പന്തല്ലൂർ, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്.

ജനങ്ങൾക്ക് ഉപകാരമില്ല

ചേരമ്പാടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണം വലിയ പ്രതീക്ഷയായിരുന്നു. നാളിതുവരെ ഇവിടെ സ്ഥിരംഡോക്ടർമാരെയും മതിയായ ജീവനക്കാരെയും നിയമിക്കാത്തതു കാരണം ആശുപത്രി ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ രാത്രി ദൂരസ്ഥലങ്ങളിലെ ആശുപത്രിയിൽ പോവുക പ്രയാസമാണ്. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണം.

കെ.കെ. രവീന്ദ്രൻ,

പ്രദേശവാസി, ചേരമ്പാടി

ഡോക്ടറെയും ജീവനക്കാരെയും നിയമിക്കണം

ഡോക്ടർമാരെയും ആവശ്യത്തിന് നഴ്‌സുമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും ഉടൻ നിയമിക്കണം. പരിശോധനാ സൗകര്യങ്ങൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ലബോറട്രി സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കണം. ആവശ്യമുന്നയിച്ച് കളക്ടർക്കും ആരോഗ്യവിഭാഗത്തിനും നിവേദനംനൽകും.

കെ. ഹംസ,

ജില്ലാ പ്രസിഡന്റ്, പട്ടാളിമക്കൾ കക്ഷി, നീലഗിരി