രാധാമാധവന്റെ 'മാതൃകന്യാചരിതം' വീണ്ടും അരങ്ങിലേക്ക്
കോഴിക്കോട്: കൈക്കുഞ്ഞായ കർണനെ മാറോടണച്ച് നദീതീരത്ത് നിൽക്കുകയാണ് നിരാലംബയായ കുന്തി. സൂര്യദേവനിൽനിന്ന് പിറന്ന തന്റെ പൊന്നോമനയെ മതിവരുവോളം ലാളിക്കാനായില്ലല്ലോ എന്ന വേദനയാണ് ഉള്ളുനിറയെ. പക്ഷേ, അവിവാഹിതയായ താൻ അമ്മയായ വിവരം ലോകമറിഞ്ഞാലോ? പിതാവിനും കുലത്തിനുമത് മാനഹാനിയുണ്ടാക്കും. രാജ്യത്തിന്റെ ഐശ്വര്യമെന്ന് വാഴ്ത്തിയവർതന്നെ വെറുക്കും. ഒടുവിൽ അഭിസാരികയെന്ന് ലോകം മുദ്രകുത്തും...
ഇങ്ങനെ മാതൃത്വത്തിനും സമൂഹത്തിന്റെ സദാചാരസങ്കല്പങ്ങൾക്കും ഇടയിൽപ്പെട്ട് കുന്തി ഉഴറവേ, പതിയെ അണിയറയിൽ പദം നിലയ്ക്കുന്നു. മേളം ഉച്ചസ്ഥായിയിലെത്തുമ്പോൾ കുന്തീവേഷത്തിലെത്തിയ കലാമണ്ഡലം സാജന്റെ മുഖത്ത് മാതൃകന്യയുടെ ഉള്ളുപൊള്ളുന്ന അന്തഃസംഘർഷങ്ങൾ തെളിയുന്നു. ഒടുവിൽ, മനസ്സില്ലാമനസ്സോടെ പൈതലിനെ നദിയിലൊഴുക്കുന്ന കുന്തി കുറ്റബോധവും വേർപാടിന്റെ വേദനയും താങ്ങാനാകാതെ മോഹാലസ്യപ്പെട്ട് തിരനോക്കുതുണിക്കു പിന്നിലേക്ക് മറയുന്നു.
കളി അവസാനിക്കുമ്പോഴും കുന്തിയുടെ വിലാപം അരങ്ങൊഴിയുന്നില്ല. ‘താൻ പ്രസവിച്ച കുഞ്ഞിന്റെ പിതാവാരെന്ന ചോദ്യത്തിന് സമൂഹത്തോട് മറുപടി പറയേണ്ടിവരാത്ത ഒരു കാലം സ്ത്രീക്ക് എന്നെങ്കിലും ഉണ്ടാകുമോ?’ കുന്തിയുടെ ആത്മസംഘർഷം ഉയർത്തുന്ന ഈ ചോദ്യം മഹാഭാരതകാലത്തുനിന്ന് വർത്തമാനകാലത്തേക്കും പ്രതിധ്വനിക്കുന്നു. കാലംമാറിയിട്ടും സ്ത്രീയുടെ മാതൃത്വത്തിനുമേൽ സമൂഹം ചാർത്തുന്ന സദാചാരത്തിന്റെ കാവൽക്കാരെത്രമാത്രം മാറിയിട്ടുണ്ട് എന്ന ചോദ്യംകൂടിയാണ് രാധാമാധവന്റെ 'മാതൃകന്യാചരിതം' മുന്നോട്ടുവെക്കുന്നത്. ഒരാൾമാത്രം അരങ്ങിലെത്തുന്ന ഏകാഹാര്യ രീതിയിലാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.
മഹാഭാരതത്തെ ആസ്പദമാക്കിയുള്ള 'കർണശപഥം' എന്ന ആട്ടക്കഥയിലെ ഒരു ഭാഗത്തെ അടിസ്ഥാനമാക്കിയാണ് 'മാതൃകന്യാചരിതം' രചിച്ചത്.
പുരാണങ്ങളെയും ഇതിഹാസങ്ങളെയും പരമ്പരാഗതമായ ചട്ടക്കൂടുകളിൽമാത്രം അവതരിപ്പിച്ചുപോരുന്ന കഥകളിക്ക് ഇത്തരമൊരു വേറിട്ടതും വിപ്ലവകരവുമായ ആവിഷ്കാരമാനം നൽകിയത് കവയിത്രി രാധാമാധവനാണ്. പതിനഞ്ചിലേറെ ആട്ടക്കഥകൾ രചിച്ച അവർ എന്നും വേറിട്ട വഴികളിലൂടെയാണ് സഞ്ചരിച്ചത്. രാമായണത്തിലെയും മഹാഭാരതത്തിലെയും ഉപനിഷത്തുകളിലെയും കഥകൾക്കപ്പുറം മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും ത്യാഗരാജസ്വാമികളുടെയും രചനകളും യേശുദേവന്റെ ജീവിതവും ലിയനാർഡോ ഡാവിഞ്ചിയുടെ ജീവിതവും ചിന്തകളും അവരുടെ ആട്ടക്കഥകൾക്ക് വിഷയമായിട്ടുണ്ട്. 'സുയോധന വീരമൃത്യു', 'ദിവ്യകാരുണ്യചരിതം', 'ദാവിഞ്ചിപ്പൊരുൾ' തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കഥകളിയുടെ പാരമ്പര്യത്തെ മുറുകെപ്പിടിക്കുമ്പോഴും പ്രമേയത്തിലും ആവിഷ്കാരത്തിലും പുതിയ കാലത്തിന്റെ ചോദ്യങ്ങൾക്ക് ഇടം നൽകുകയാണ് ഈ രചനകൾ.
മാങ്കാവ് തൃശ്ശാല ഭഗവതീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഒൻപതിന് രാധാമാധവന്റെ 'മാതൃകന്യാചരിതം' വീണ്ടും അരങ്ങേറും. കുന്തിയായി കലാമണ്ഡലം സാജൻ വേഷമിടും. സംഗീതത്തിൽ ജിഷ്ണു ഒരുപുലാശ്ശേരിയും സാരംഗ് പുല്ലൂരും അണിനിരക്കും. ചെണ്ടയിൽ കലാമണ്ഡലം നന്ദകുമാറും മദ്ദളത്തിൽ ബിജു ആറ്റുപുറവും അകമ്പടിയേകും.
Published: 18 Nov 2026, 03:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented