കോഴിക്കോട് : തളി ബ്രാഹ്‌മണസമൂഹത്തിനുമുന്നിലെ റോഡിൽ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാവുന്നു. മൂന്നുദിവസത്തോളമായി പൈപ്പ് പൊട്ടിയിട്ട്. ഇതോടെ രണ്ടുഭാഗത്തും മതിലുകളുള്ള ചെറിയറോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി നടക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിപ്പിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

To advertise here,

കെ.എസ്.ഇ.ബി.യുടെ കേബിളിടുന്ന ജോലികൾക്കിടയിലാണ് പൈപ്പ് പൊട്ടിയതെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വാൾവ് അടച്ചെങ്കിലും വെള്ളം ചോരുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ പണിക്കിടയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കെ.പി. കേശവമേനോൻ റോഡിലും പൈപ്പ് പൊട്ടിയിരുന്നു. ടാങ്കിലേക്കുള്ള വെള്ളം അടച്ചാണ് പൈപ്പ് നന്നാക്കിയത്.

ദിവസങ്ങൾക്കകം വീണ്ടും ടാങ്ക് അടയ്ക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. എങ്കിലും ചൊവ്വാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണികൾക്കായി ടാങ്ക് അടച്ചെങ്കിലും കോൺട്രാക്ടർമാരുടെ സമരംകാരണം പണി നടത്താനായില്ല. ബുധനാഴ്ചകൂടി കോൺട്രാക്ടർമാരുടെ സമരം തുടരും. ഇതിനുശേഷം എത്രയുംപെട്ടെന്ന് പൈപ്പ് നന്നാക്കി പ്രശ്‌നം പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.