മദ്യപിച്ചിട്ടില്ലെന്ന് പി.ടി.എ. പ്രസിഡന്റിന്റെ വിശദീകരണം

To advertise here,

കല്പറ്റ : മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ വിനോദയാത്രാ വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടിക്കെതിരേ വിദ്യാർഥികളുടെ പ്രതിഷേധം. അകാരണമായി പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ പഠിപ്പുമുടക്കി പ്രതിഷേധിച്ചു.

അനുമതിയില്ലാതെ യാത്രപോയി, വിനോദയാത്രയിൽ പാലിക്കേണ്ട നിർദേശങ്ങൾ പാലിച്ചില്ല എന്നീ കാരണത്താലാണ് ഷിവി കൃഷ്ണനെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയത്. വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പ്രകാരം സ്കൂളുകളിലെ വിനോദയാത്രകളിൽ രാത്രിയാത്രാ വിലക്കുണ്ട്. കൂടാതെ രണ്ടുദിവസത്തിൽ കൂടുതൽ യാത്ര നീളാൻപാടില്ല.

എന്നാൽ, ഇവരണ്ടും പാലിച്ചില്ലെന്ന കാരണത്താലാണ് ഷിവി കൃഷ്ണനെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായത്.

പ്രിൻസിപ്പലിന് പിന്തുണയുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലാണ് ഷിവി കൃഷ്ണനെതിരേ ആരോപണങ്ങൾ ഉയർത്തിയതെന്നും പരാതി ഉന്നയിച്ചവർതന്നെ പിൻവലിച്ചിട്ടും സ്ഥലംമാറ്റാനുള്ള നടപടി തീർത്തും രാഷ്ട്രീയപരമാണെന്നും സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ അലി പറഞ്ഞു.

വിനോദയാത്ര പോകുന്നതിന് സ്കൂൾ അനുമതി തേടിയിരുന്നെന്നും എന്നാൽ, ഒരാഴ്ചകഴിഞ്ഞിട്ടും മറുപടി നൽകാത്തതിനാൽ അനുമതിയായിക്കണ്ട് യാത്രപോകുകയായിരുന്നെന്നും അലി കൂട്ടിച്ചേർത്തു. അതേസമയം താൻ മദ്യപിച്ചില്ലെന്ന വിശദീകരണവുമായി പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഉള്ളാടനും രംഗത്തെത്തി. മദ്യപിച്ചിട്ടില്ലെന്നും കഴിച്ച മരുന്നിന്റെ മണമാണ് വിദ്യാർഥികൾ മദ്യമെന്ന് തെറ്റിദ്ധരിച്ചതെന്നും ഹാജിസ് പറഞ്ഞു.

വിദ്യാർഥികൾ പരാതി ഉയർത്തിയ സമയത്ത് അവർക്ക് ബുദ്ധിമുട്ടുണ്ടാകേണ്ട എന്നുകരുതിയാണ് ബസിൽനിന്ന്‌ ഇറങ്ങിയതെന്നും ഹാജിസ് പറഞ്ഞു.