പൊതുമരാമത്ത് അധികൃതർ വാക്കുപാലിച്ചില്ല

To advertise here,

പനമരം : ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം മഴയെത്തിയതോടെ പനമരം ടൗണിൽ വീണ്ടും വെള്ളക്കെട്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത മഴയിൽ പനമരത്തെ നടപ്പാതകൾ വീണ്ടും നിറഞ്ഞൊഴുകി. വെള്ളക്കെട്ടിന് പരിഹാരംകാണുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞെങ്കിലും വാക്കുപാലിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി.

ശക്തമായ മഴയെത്തുടർന്ന് ഒക്ടോബർ 23-ന് വൈകീട്ട് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറിയിരുന്നു. പനമരം ആശുപത്രിക്കവലയിലെ പത്തിലേറെ കടകളിലായിരുന്നു വെള്ളവും ചെളിയും ഇരച്ചെത്തിയത്. വെള്ളംകയറിയതിനാൽ പി.കെ. റഹീമിന്റെ റോയൽ സ്പൈസസ് മലഞ്ചരക്ക് കടയിലെ കാപ്പിയും കുരുമുളകും നശിച്ച് 35,000 രൂപയുടെ നഷ്ടമുണ്ടായിരുന്നു. വാർത്തയായതിന് പിന്നാലെ പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതരും വ്യാപാരി വ്യവസായി പനമരം യൂണിറ്റ് ഭാരവാഹികളും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനുള്ള നടപടികൾ കഴിഞ്ഞ ഒക്ടോബർ 26-ന് തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പും നൽകിയിരുന്നു. എന്നാൽ, പത്തുദിവസം പിന്നിട്ടിട്ടും ഒരുനടപടിയും സ്വീകരിക്കാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണം.

പനമരം പഴയ നടവയൽ റോഡിൽനിന്നും ആശുപത്രി റോഡിൽനിന്നും ഒലിച്ചെത്തുന്ന വെള്ളമാണ് ഇവിടത്തെ നടപ്പാതയിലേക്കെത്തുന്നത്. ഇതാണ് വലിയ വെള്ളക്കെട്ടിനും കടകളിൽ വെള്ളം കയറാനും പ്രധാന കാരണം. മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതോടെ ടൗണിൽ റോഡ് ഉയരുകയും നടപ്പാത താഴുകയും ചെയ്തതിന് പിന്നാലെയാണ് ടൗണിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടുതുടങ്ങിയത്. കൂടാതെ ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഇറങ്ങാത്തതും പ്രശ്നമായി. മഴവെള്ളം നടപ്പാതയിൽ തളംകെട്ടിക്കിടക്കുന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായി മാറുകയാണ്.

ഇപ്പോൾ ചെറിയമഴ പെയ്താൽപ്പോലും വെള്ളം ഇരച്ചെത്തുകയാണ്.

അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരംകാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധസമരങ്ങളുമായി ഇറങ്ങുമെന്ന് വ്യാപാരികളായ കെ.ടി. ഇസ്മായിൽ, കെ. അഷ്റഫ്, പി.കെ. റഹീം, കെ. മുഹമ്മദ് ഫസൽ, കെ.സി. ഹാരിസ്, കെ. റഹീം തുടങ്ങിയവർ പറഞ്ഞു.