പുല്പള്ളി : വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റിയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതി​േര പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതി പുല്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സൊസൈറ്റിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണനടത്തി.

To advertise here,

മതിയായ വാഹന പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഒരു ദേശസാത്കൃത ബാങ്ക് ഉപേക്ഷിച്ചുപോയ, കെട്ടിടത്തിലെ രണ്ടാംനിലയിലേക്കാണ് സൊസൈറ്റിയുടെ ഓഫീസ് മാറ്റിസ്ഥാപിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

വ്യാപാരി വ്യവസായി ഏകോപനസമിതി പുല്പള്ളി യൂണിറ്റിന്റെ കീഴിൽ 1997-ൽ രൂപവ്തകരിച്ച സഹകരണ സൊസൈറ്റി വ്യാപാരഭവൻ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. വ്യാപാരികൾക്ക് മാത്രം അംഗത്വമെടുക്കാൻ അർഹതയുള്ള സൊസൈറ്റി, നാമമാത്രമായ വാടകയ്ക്കാണ് പ്രവർത്തിച്ചുവരുന്നത്.

ഓഫീസ് കെട്ടിടം മാറ്റുന്നതിനെതി​േര സൊസൈറ്റിയിലെ അംഗങ്ങൾ സഹകരണവകുപ്പ് അധികൃതർക്ക് പരാതിനൽകിയിരുന്നതാണ്. എന്നാൽ സൊസൈറ്റിയുടെ ഭരണസമിതി സമ്മർദംചെലുത്തി ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള അനുവാദംനേടിയെടുക്കുകയായിരുന്നു.

ഈ വിഷയത്തിൽ സൊസൈറ്റിയുടെ അംഗങ്ങൾ ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ഭരണസമിതി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വലിയസംഘർഷത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും നേതാക്കൾ മുന്നറിയിപ്പുനൽകി.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷതവഹിച്ചു. കെ.എസ്. അജിമോൻ, കെ.വി. റഫീഖ്, സോഫിയ ഫ്രാൻസിസ്, അംബിക ശിവൻ, ബാബു രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ദുഷ്പ്രചാരണങ്ങൾക്കുപിന്നിൽ വ്യക്തിതാത്‌പര്യം

വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റിയുടെ ഓഫീസ് കെട്ടിടം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി. നിലവിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിലെ സ്ഥലപരിമിതിയും സുരക്ഷിതത്വവും ഇടപാടുകാരുടെ സൗകര്യങ്ങളും എല്ലാം കണക്കിലെടുത്താണ് പുതിയകെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. ചിലയാളുകളുടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് കോട്ടംതട്ടുമോയെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റിയ്‌ക്കെതി​േര പ്രവർത്തനങ്ങൾ നടത്തുന്നത്.

കേവലം 650 ചതുരശ്രയടി മാത്രം വലിപ്പമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി, സ്ഥലപരിമിതിയാൽ മറ്റൊരു കെട്ടിടത്തിൽ മുറിയെടുത്താണ് രേഖകൾ സൂക്ഷിക്കുന്നത്. ഇത് സൊസൈറ്റിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ രണ്ട് സ്ഥലത്തിനുമായി 25,000 രൂപയാണ് വാടകയായി നൽകേണ്ടിവരുന്നത്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനോ, ഇരുചക്രവാഹനങ്ങൾപോലും പാർക്ക് ചെയ്യാനോ, പൊതുജനങ്ങൾ കാണത്തക്കവിധത്തിൽ ഒരു ബോർഡ് സ്ഥാപിക്കാനോ നിലവിലുള്ള ഓഫീസ് കെട്ടിടത്തിൽ സൗകര്യമില്ല.

പുല്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത്, 2180 ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയകെട്ടടിടത്തിൽ സ്‌ട്രോങ് റൂം ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ട്. കേവലം ഒരു ചതുരശ്രയടിക്ക് 22 രൂപ നിരക്ക് വാടകയ്ക്കാണ് കെട്ടിടം ഏറ്റെടുത്തിട്ടുള്ളത്. പുതിയകെട്ടിടത്തിലേക്ക് സൊസൈറ്റിയുടെ ഓഫീസ് മാറ്റുന്നതിനായി നാലുലക്ഷം രൂപയിൽ താഴെമാത്രമേ ചെലവ് വരുന്നുള്ളൂ. സ്വകാര്യ താത്‌പര്യങ്ങൾക്കുവേണ്ടി ചിലർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.ടി. ബാബു അധ്യക്ഷതവഹിച്ചു.