വീടുകളുടെ ആകെ എണ്ണത്തിലും ആശയക്കുഴപ്പം

To advertise here,

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ടൗൺഷിപ്പിൽ സർക്കാർ നിർമിച്ചുനൽകുന്ന രണ്ടാംഘട്ട വീടുകളുടെ നിർമാണം അവസാനഘട്ടത്തിൽ. ഒക്ടോബർ 30- നറുക്കെടുപ്പ് പൂർത്തിയാക്കി ഗുണഭോക്താക്കളെ നിശ്ചയിച്ച 149 വീടുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. സോൺ ഒന്നിൽ 23, സോൺ മൂന്നിൽ ആറ്്‌, സോൺ നാലിൽ 14, സോൺ അഞ്ചിൽ 106 വീടുകളുമാണ് കൈമാറേണ്ടത്. രണ്ടാഴ്ചയായി മഴ വിട്ടുനിൽക്കുന്നത് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായകമായി.

വീടുകളുടെ പെയിന്റുപണി, മുറ്റത്തെ ഇന്റർലോക്ക്, അലമാരകളുടെ നിർമാണം എന്നിവയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, സോൺ അഞ്ചിലെ റോഡുപണി പൂർത്തിയായിട്ടില്ല. നവംബർ 20-നകം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് മന്ത്രി എ.പി. അനിൽകുമാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 20-നകം റോഡുനിർമാണം പൂർത്തിയാക്കാനാകില്ല. ദിവസവും 830 തൊഴിലാളികളാണ് നിലവിൽ ടൗൺഷിപ്പിൽ തൊഴിലെടുക്കുന്നത്.

16 വീടുകളുടെ നിർമാണവും പ്രതിസന്ധിയിൽ

ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിച്ചിരുന്ന നാല് തൊഴിലാളികുടുംബങ്ങൾ കേസുകൊടുത്തതോടെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് നിർമിക്കണമെന്ന് ഉദ്ദേശിച്ചിരുന്ന വീടുകളുടെ നിർമാണവും പ്രതിസന്ധിയിലായി. ലയത്തിൽനിന്ന് പടിയിറക്കപ്പെട്ട മൂന്നുകുടുംബങ്ങൾക്ക് 1.6 ലക്ഷം രൂപയും ഭൂമിയില്ലാത്ത ഒരു കുടുംബത്തിന് 4.6 ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും നഷ്ടപരിഹാരത്തുക കുറവാണെന്ന കാരണത്താൽ കുടുംബങ്ങൾ തുക വാങ്ങിയില്ല. എസ്റ്റേറ്റിന്റെ ലയങ്ങളിലെ താത്‍കാലിക താമസക്കാർക്ക് കൂടുതൽ തുക നൽകാനാകില്ലെന്നാണ് സർക്കാർ വാദം. ഹൈക്കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയത്തിൽ ഡിസംബറിൽ വാദംകേൾക്കും.

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കമ്പനി ആനുകൂല്യങ്ങൾ നൽകാനുള്ളതിനാൽ ഫാക്ടറി പൊളിച്ചുനീക്കുന്നതിനെതിരേയും മെഷീനുകൾ ലേലം ചെയ്യുന്നതിനെതിരേയും തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് ഫാക്ടറി നിൽക്കുന്നിടത്തെ നിർമാണത്തെയും ബാധിച്ചിട്ടുണ്ട്. കമ്യൂണിറ്റിഹാളും എയർ ഓപ്പൺ തിയേറ്ററുമാണ് ഇവിടെ നിർമിക്കേണ്ടത്.

അന്തിമഗുണഭോക്തൃപട്ടിക ഇനിയുമായില്ല

അതേസമയം, ടൗൺഷിപ്പിൽ നിർമിക്കുന്ന ആകെ വീടുകളുടെ എണ്ണത്തിലും അന്തിമ ഗുണഭോക്തൃപട്ടികയിലും അവ്യക്തത തുടരുകയാണ്. ആകെ 410 വീടുകൾ നിർമിക്കാനാണ് നിർമാണക്കമ്പനിയായ യു.എൽ.സി.സി.എസുമായി സർക്കാർ കരാറിലെത്തിയത്. കൂടാതെ, ദുരന്തബാധിതരായ പട്ടികവർഗവിഭാഗക്കാർക്കായി ചൂരൽമല പുതിയ വില്ലേജ് റോഡിൽ അഞ്ച് ഹെക്ടർ ഭൂമിയിൽ 13 വീടുകൾ നിർമിക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ, ഈ 13 വീടുകൾ ഉൾപ്പെടെയാണ് കല്പറ്റ ടൗൺഷിപ്പിലെ 410 വീടുകളെന്നാണ് ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി. രാകേഷ് പറയുന്നത്. ഇതോടെ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410 -ൽനിന്ന്‌ 397 ആയി കുറഞ്ഞു. എന്നാൽ, മുൻസർക്കാർ ടൗൺഷിപ്പിൽ 410 വീടുകളും ഉന്നതിയിലേക്ക് 13 വീടുകളുമാണ് തീരുമാനിച്ചതെന്നാണ് ദുരന്തബാധിതർ പറയുന്നത്. രണ്ടാംഘട്ട വീടുകൾ കൈമാറാനൊരുങ്ങുമ്പോഴും ഗുണഭോക്താക്കളുടെ അന്തിമപട്ടികയും പൂർണമായിട്ടില്ല. ദുരന്തബാധിതരായ പല കുടുംബങ്ങളും പട്ടികയിൽ ഉൾപ്പെടാതെ പുറത്തുനിൽക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.