മാർച്ചോടെ ഫാക്ടറി പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് സബ് കളക്ടർ

To advertise here,

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിലുള്ള പ്രിയദർശിനി ടീ ഫാക്ടറിയുടെ ആധുനികവത്കരണത്തിനായി ലഭിച്ച 2.07 കോടി രൂപയുടെ സി.എസ്.ആർ. പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധി എം.പി.

പ്രിയദർശിനി ടീ എസ്റ്റേറ്റിൽ ഉഷാ വിജയൻ എം.എൽ.എ., പ്രിയദർശിനി എസ്റ്റേറ്റ് ചെയർമാനും കളക്ടറുമായ വി. ചെൽസാസിനി, എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ സബ് കളക്ടർ അതുൽ സാഗർ എന്നിവരെ ഉൾപ്പെടുത്തി പങ്കെടുത്ത അവലോകന യോഗത്തിലാണ് എം.പി. നീരസംപ്രകടിപ്പിച്ചത്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഫാക്ടറി സന്ദർശിച്ചപ്പോൾ ഫാക്ടറിയുടെ ശോച്യാവസ്ഥയും തൊഴിലാളികളുടെ ദുരവസ്ഥയും പ്രിയങ്ക ഗാന്ധി മനസ്സിലാക്കിയിരുന്നു. ലഭിച്ച 2.07 കോടി രൂപയുടെ പദ്ധതിരേഖപ്രകാരം എം.പി. മുൻകൈയെടുത്ത് മുഴുവൻ തുകയും കഴിഞ്ഞ മാർച്ചിൽ ലഭ്യമാക്കിയിരുന്നു. എട്ടു മാസം കഴിഞ്ഞിട്ടും പദ്ധതിയിൽ ഒരു പുരോഗതിയുമില്ലാത്തത് ഖേദകരമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പുതിയ മെഷീനുകൾക്കുള്ള റീ ടെൻഡർ ഈ മാസം 19-ന് തുറക്കുമെന്നും അടുത്ത മാർച്ച് മാസംകൊണ്ട് മെഷീനുകൾ സ്ഥാപിച്ച് ഫാക്ടറി പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും സബ് കളക്ടർ അറിയിച്ചു.

എസ്റ്റേറ്റ് ലാഭകരമാക്കാൻ ടൂറിസം സാധ്യതകൾ ഉൾപ്പടെ ഉപയോഗപ്പെടുത്താൻ പദ്ധതിയുള്ളതായും അദ്ദേഹംപറഞ്ഞു.

തൊഴിലാളികളുമായി കൂടി ആശയവിനിമയം നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കളക്ടർക്ക് എം.പി. നിർദേശംനൽകി. തൊഴിലാളികളുടെ പി.എഫ്. കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ തൊഴിലാളികൾ യോഗത്തിൽ ഉന്നയിച്ചു.