തലപ്പുഴ : എടത്തനയിലേക്ക് ഓടിക്കൊണ്ടിരുന്ന ഏക ബസ് ഓട്ടം നിർത്തിയതോടെ സ്കൂൾ വിദ്യാർഥികളുടെ യാത്ര പ്രതിസന്ധിയിലായി. മാനന്തവാടിയിൽനിന്ന്‌ എടത്തനയിലേക്ക് ഓടിയിരുന്ന പ്രിയദർശിനി ബസാണ് കഴിഞ്ഞ ജൂലായ് മുതൽ ഓട്ടം നിർത്തിയത്. ജില്ലാ പട്ടികജാതി പട്ടികവർഗ സഹകരണ സംഘത്തിനു കീഴിലുള്ള ബസാണിത്. മാനന്തവാടിയിൽ നിന്നു എടത്തനയിലേക്കുള്ള ഏക ബസായിരുന്നു ഇത്.

To advertise here,

പൊതുഗതാഗതസൗകര്യം ഇല്ലാതായതോടെ വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ്. മാനന്തവാടിയിൽ നിന്നു വാളാടിലേക്ക് വരുന്ന ബസുകൾ മാത്രമാണ് സ്കൂളിലെത്താൻ ഇപ്പോൾ കുട്ടികൾക്ക് ആശ്രയം. വാളാട് നിന്ന് മൂന്നര കിലോമീറ്റർ ദൂരമുണ്ട് എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലേക്ക്. രാവിലെയും വൈകീട്ടും നടന്നു വരേണ്ടതിനാൽ പല കുട്ടികളും സ്കൂളിലെത്താൻ മടിക്കുന്നുണ്ട്. യാത്രാസൗകര്യമൊരുക്കിയില്ലെങ്കിൽ അടുത്ത വർഷത്തെ പ്രവേശനത്തെയും ബാധിക്കുന്ന സ്ഥിതിയാണുള്ളത്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും നാട്ടുകാരും ആർ.ടി.ഒ.ക്കും കളക്ടർക്കും പരാതി നൽകിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് ഉഷാ വിജയൻ എം.എൽ.എ.യെയും സമീപിച്ചിട്ടുണ്ട്.

ഇരുന്നൂറോളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ വലിയ പ്രയാസമാണ് വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്നത്. കുട്ടികൾക്ക് കൃത്യസമയത്ത് സ്കൂളിലും തിരിച്ച് വീട്ടിലും എത്താൻ കഴിയുന്നില്ല. പത്താംക്ലാസ് പരീക്ഷയിൽ തുടർച്ചയായി വർഷങ്ങളായി നൂറുശതമാനം വിജയം നേടുന്ന സ്കൂളാണ് എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ഏക സർക്കാർ സ്കൂൾ കൂടിയാണിത്. മികച്ച വിജയം വിദ്യാർഥികൾ നേടുമ്പോഴും യാത്രയ്ക്കുള്ള സൗകര്യമുൾപ്പെടെ ലഭിക്കാത്തതിനാൽ കുട്ടികൾ പ്രയാസത്തിലാണ്.

ബസ് നഷ്ടത്തിലായതിനാലാണ് ഓട്ടം നിർത്തിയതെന്ന് പ്രിയദർശിനി ബസ് അധികൃതർ പറഞ്ഞു. വരുമാന നഷ്ടത്തിനു പുറമേ നല്ല റോഡില്ലാത്തതും ബസ് ഓടുന്നതിനു തിരിച്ചടിയായി. ഈ റൂട്ടിൽ സർവീസ് നടത്തിയാൽ എല്ലാ ദിവസവും വർക്ക്‌ഷോപ്പിൽ കയറ്റേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. പ്രതിദിനം രണ്ടായിരത്തോളം രൂപ നഷ്ടത്തിൽ ഓടേണ്ടിയിരുന്ന അവസ്ഥയാണുണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യയാത്രയും അനുവദിച്ചതോടെ ബസ് അടിക്കടി നഷ്ടത്തിലായി തുടങ്ങി. തലപ്പുഴ, വാളാട് ഭാഗങ്ങളിൽനിന്ന് കയറിയിരുന്ന പല സ്ത്രീ യാത്രക്കാരും കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിച്ചതോടെ പ്രിയദർശിനി ബസിന്റെ വരുമാനം കൂപ്പുകുത്തി. ഇതും ബസിന്റെ ഓട്ടം നിർത്താനുള്ള കാരണമായി. സ്കൂളിൽ കുട്ടികൾ കുറഞ്ഞ് വരുന്നത് ആശങ്കാജനകമാണെന്നും ഇങ്ങനെ പോയാൽ ഈ സ്കൂൾ ഭാവിയിൽ അടച്ചുപൂട്ടേട്ടി വരുമെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും. സ്കൂൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും സഹായകമായ രീതിയിൽ എടത്തനയിലേക്ക് ബസ് ഓടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന ആവശ്യമാണുയരുന്നത്.

അടിയന്തരമായി ഇടപെടണം

: എടത്തനയിലേക്ക് ബസ് സൗകര്യമുറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ. എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നരക്കിലോമീറ്ററോളം ദൂരം രാവിലെയും വൈകീട്ടും നടന്നു വരേണ്ടി വരുന്നത് കുട്ടികളുടെ പഠനത്തെപ്പോലും ബാധിക്കുന്നുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. പി.ടി.എ. പ്രസിഡന്റ് മഹേഷ്‌ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ അബ്ദുൽ ജലീൽ, പ്രധാനാധ്യാപിക സജ്‌നകുമാരി എന്നിവർ സംസാരിച്ചു.