നാല് പാസഞ്ചർ വണ്ടികൾ മാത്രമാണ് ഇപ്പോൾ നിർത്തുന്നത്‌

To advertise here,

ചേമഞ്ചേരി : ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. സ്റ്റേഷൻ കെട്ടിടത്തിലേക്കുള്ള പ്രവേശന മാർഗം പുതുക്കിപ്പണിയുന്നുണ്ട്. നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരംകൂട്ടി യാത്രക്കാർക്ക് വണ്ടികളിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം കൂട്ടും. യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും കൂടുതൽ എൽ.ഇ.ഡി. ലൈറ്റുകളും സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും. സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ കവാടവും ടിക്കറ്റ് കൗണ്ടർ പരിസരവും നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി.

കഴിഞ്ഞദിവസം സ്റ്റേഷനിലെ കൗണ്ടർ കുത്തിത്തുറന്നു മോഷണം നടന്നിരുന്നു. അതിനുശേഷം റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചിരുന്നു. സ്‌റ്റേഷൻ കെട്ടിടത്തിന്റെ അവസ്ഥ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്നാണ് നവീകരണപ്രവൃത്തികൾക്ക് വേഗമേറിയത്.

ദേശീയപാതയോട് തൊട്ടുകിടക്കുന്ന റെയിൽവേ സ്‌റ്റേഷനായി കേരളത്തിൽ ചേമഞ്ചേരി മാത്രമാണുള്ളത്. ബാക്കി പ്രധാന സ്റ്റേഷനുകൾപോലും ദേശീയപാതയിൽനിന്ന് അകലെയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള അടിയന്തരസാഹചര്യങ്ങൾ വന്നാൽ ദേശീയപാതവഴി എളുപ്പം എത്തിച്ചേരാൻ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചാൽ സാധിക്കും. നാല് പാസഞ്ചർ വണ്ടികൾ മാത്രമാണ് ഈ സ്റ്റേഷനിൽ ഇപ്പോൾ നിർത്തുന്നത്. കോവിഡിനുമുൻപ്‌ മൊത്തം എട്ടു വണ്ടികൾ നിർത്തിയിരുന്നു. ഇപ്പോൾ രാവിലെ ഏഴുമണിക്കുള്ള ഷൊർണൂർ-കണ്ണൂർ മെമു, ഉച്ചയ്ക്ക് 2.30-നുള്ള കോഴിക്കോട്-കണ്ണൂർ പാസഞ്ചർ, വൈകീട്ട് 4.40-നുള്ള കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, 6.50-നുള്ള കണ്ണൂർ-ഷൊർണൂർ മെമു എന്നിവയാണ് ഇവിടെ നിർത്തുന്നത്. കോവിഡിനുമുൻപ്‌ ഓടിയിരുന്ന നാല് വണ്ടികൾ ഇപ്പോൾ ഇവിടെ നിർത്തുന്നില്ല. രാവിലെ 7.15-നുള്ള കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, വൈകീട്ട് 7.10-നുള്ള കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ, രാവിലെ 8.50-നുള്ള കണ്ണൂർ-കോഴിക്കോട് പാസഞ്ചർ, 10.20-നുള്ള തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ എന്നിവയ്ക്ക് ഇവിടെ സ്റ്റോപ്പില്ല. ഈ വണ്ടികൾ നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പുതുതായി നിർമിച്ച ആറുവരി ദേശീയപാതയിൽനിന്ന്‌ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള മാർഗം സുഗമമാക്കണം. ഇവിടെ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് നേരത്തേ വിവരമുണ്ടായിരുന്നു. സ്‌റ്റേഷനിലെത്തി വണ്ടി കയറാനും സ്‌റ്റേഷനിൽ ഇറങ്ങി പ്രധാന പാതയിലേക്ക് കയറാനും യാത്രക്കാർ പ്രയാസമനുഭവിക്കുന്നുണ്ട്. കനത്തമഴ പെയ്താൽ റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളമുയരും. അത്തരം സാഹചര്യത്തിൽ മലിനജലത്തിലൂടെ വേണം സ്റ്റേഷനിലേക്കെത്താൻ. പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് യാത്രക്കാർ പ്രധാനമായും ഉയർത്തുന്നത്. ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ കാപ്പാടിന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനാണിത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച പ്രദേശമാണ് ചേമഞ്ചേരി. ക്വിറ്റിന്ത്യാ സമരകാലത്ത് സമരസേനാനികൾ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് തീ കൊടുത്തിരുന്നു.