പെരുമണ്ണ : പെരുമണ്ണ-മുണ്ടുപാലം റോഡിൽ, പനച്ചിങ്ങൽപ്പള്ളി മുതൽ കരിപ്പാൽത്താഴം വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തത് അപകടക്കെണിയാകുന്നു. പെരുമ്പട്ട വലിയപാടം-മാമ്പുഴത്തോടിനോട് ചേർന്നുള്ള, 168 മീറ്ററോളം റോഡിലാണ് സംരക്ഷണഭിത്തിയില്ലാത്തത്. ഇതോടെ, ഇരുചക്രവാഹനയാത്രക്കാരടക്കം ഒന്നരയാൾ താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഒട്ടേറെ ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയും ഈ തോട്ടിലേക്ക് പതിച്ചതായി സമീപവാസികൾ പറയുന്നു.
പെരുമണ്ണ അങ്ങാടിയിൽനിന്ന് പൊറ്റമ്മൽ-പുത്തൂർമഠം റോഡിലേക്കും കുറ്റിക്കാട്ടൂർ വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ വാഹനത്തിരക്കേറെയുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ.
പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാത്മിക പബ്ലിക് സ്കൂൾ, നെച്ചിയിൽത്താഴം അങ്കണവാടി, പനച്ചിങ്ങൽ ജുമാ മസ്ജിദ്, പെരുമണ്ണ എ.എൽ.പി. സ്കൂൾ, പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യകേന്ദ്രം, കൃഷിഭവൻ, കെ.എസ്.ഇ.ബി., എസ്.ബി.ഐ. അടക്കമുള്ള വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്കടക്കമുള്ളവർ ഈ റോഡിലൂടെയാണ് ദിവസേന യാത്രചെയ്യുന്നത്.
കാലവർഷം കനക്കുന്നതോടെ പെരുമ്പട്ട വലിയപാടം-മാമ്പുഴത്തോട് നിറഞ്ഞൊഴുകുന്ന അവസ്ഥയുമാണ്. ഇരുചക്രവാഹനയാത്രക്കാരടക്കം നിരന്തരമായി തോട്ടിലേക്ക് വീണ് അപകടത്തിൽപ്പെടുന്നതോടെ റോഡരികിലായി പ്ലാസ്റ്റിക് കയർ വലിച്ചുകെട്ടിയിരിക്കുകയാണ് നാട്ടുകാരിപ്പോൾ. പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഇടപ്പെട്ട് ഈ റോഡിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
Published: 14 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented